ഹാഥ്രസ് നാം ഭയന്ന് ജീവിക്കണോ?

ലിഡ ജേക്കബ് ഐഎഎസ് (റിട്ട)
നമ്മുടെ സമൂഹത്തെ വളരെയധികം ഞെട്ടിച്ച ഒന്നാണ് ഉത്തര്‍ പ്രദേശിലെ ഹാഥ്രസില്‍ സംഭവിച്ചത്. ഹാഥ്രസിനെകുറിച്ച് ചിന്തിക്കുമ്പോള്‍ ഇതോടൊപ്പം തന്നെ ഉണ്ടായിട്ടുള്ള മറ്റു സംഭവങ്ങളും മനസില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒന്നുകൂടെ ഇന്ത്യ ഒട്ടാകെ തലകുനിക്കുകയാണ്.
ഹാഥ്രസിലെ പെണ്‍കുട്ടിക്കു സംഭവിച്ച കാര്യങ്ങള്‍ സമൂഹം വിശദമായി ചര്‍ച്ചചെയ്തുകഴിഞ്ഞു. അതിലേയ്ക്ക് ഇനി പോകുന്നില്ല. പക്ഷേ ഇന്ന് കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞുവരികയാണ് എന്നുകൂടി നമ്മള് മനസിലാക്കേണ്ടതായിട്ടുണ്ട്. വാദി പ്രതിയാകുന്ന ഒരു സാഹചര്യത്തിലേക്ക് വന്നെത്തുന്നുണ്ട്. ഹാഥ്രസ് സംഭവത്തിനെതിരെ പ്രതികരിക്കുന്നവരും ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ചെന്നെത്തുന്നവരും ഇതിനെക്കുറിച്ച് മനസിലാക്കാന്‍ ചെന്നെത്തുന്നവരുമൊക്കെ തന്നെ ആ സംസ്ഥാനത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നു എന്നുള്ള വ്യാഖ്യാനം പോലും വന്നിട്ടുണ്ട്. ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്ത, അല്ലെങ്കില്‍ നമ്മളറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്.
ഇത്രയും ഹീനമായ ഒരു സംഭവം ഉണ്ടായിട്ട് ആ കുടുംബത്തോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ഒരു അവസരം പോലും നിഷേധിക്കുന്ന സ്ഥിതിവിശേഷത്തില്‍ നാം എത്തിയിരിക്കുകയാണ്. ഇതു പതുക്കെ പതുക്കെ ഒരു നോര്‍മല്‍ ന്യൂനോര്‍മല്‍ ആയി വരുമോ എന്നു ഞാന്‍ ഭയക്കുന്നു. കാരണം ഇത് ഒരു ഹാഥ്രസ് മാത്രമല്ല. ഉന്നാവില്‍ നമ്മള് എന്താണു കണ്ടത്? അതിഭയങ്കരമായ, അതിദാരുണമായ പീഡനത്തോടൊപ്പം തന്നെ ആ കുടുംബത്തിന് ഏറ്റുവാങ്ങേണ്ടിവന്ന വളരെ വേദനാജനകമായ മരണം പോലും ഉണ്ടായി. രണ്ടു മരണങ്ങള് ആ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. തെലങ്കാനയില്‍ ഒരു പെണ്‍കുട്ടി ജീവനുവേണ്ടി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. വീട്ടുജോലിചെയ്യുന്നിടത്ത് ഒരംഗം ഈ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ആ കുട്ടി തടഞ്ഞു. അയാള്‍ അവളുടെമേല്‍ മണ്ണെണ്ണ കോരിയൊഴിച്ചു. ആ കുട്ടി ഇപ്പോള്‍ ജീവനുവേണ്ടി പോരാടുകയാണ്. ഹാഥ്രസില്‍ തന്നെ ഒരു പെണ്‍കുട്ടിക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. പത്തുവയസില്‍ താഴെയുള്ള പെണ്‍കുട്ടിയാണ്. ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നത് നമ്മുടെ രാജ്യത്താണ്. ഇത്തരമൊരു നാട്ടിലാണ് നാം ജീവിക്കുന്നത്. ഇത് മിക്കവാറും ഒരു തുടര്‍ക്കഥയായിട്ട് നീങ്ങുകയാണ്. നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ ദുരന്തമുണ്ടായപ്പോള്‍ നമ്മളെല്ലാവരുംകൂടി മെഴുകുതിരി കത്തിച്ച് കുറെയേറെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എന്നിട്ടും ഇതെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. വാളയര്‍ പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചത്? ആ അമ്മ ഇപ്പോഴും നീതിക്കുവേണ്ടി അലഞ്ഞുനടക്കുകയാണ്. നമ്മുടെ കേരളത്തില്‍ ആംബുലന്‍സില്‍ ഒരു കൊറോണ രോഗിയെ മാനഭംഗപ്പെടുത്തുന്നു. നമ്മള് ഓര്‍ക്കേണ്ടത്, എന്താണ് എവിടെയാണ് നമ്മുടെ മനസാക്ഷിയെന്നാണ്. ഇതൊക്കെ നമ്മള് കേള്‍ക്കും; മറക്കും. ഉന്നാവ് നമ്മള് മറന്നു; നിര്‍ഭയയെ നമ്മള് മറന്നു. ഇനി ഹാഥ്രസിനെയും നമ്മള് മറക്കും. ഇനിയും പുതിയ പുതിയ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
ഇതിന്റെ മൂലകാരണത്തിലേക്ക് നാം കടക്കേണ്ടതായിട്ടുണ്ട്. അത് ഒരു സാമൂഹിക മുന്നേറ്റമായിട്ടുതന്നെ ഏറ്റെടുക്കേണ്ടതുണ്ട്. ഒന്ന്, പുരുഷാധിപത്യത്തിന്റെ പാരമ്പര്യം. ഇതിന് മാറ്റമൊന്നും വന്നിട്ടില്ല. എത്രയോ വര്‍ഷമായി രാജ്യം സ്വതന്ത്രമായിട്ട്, ഇന്നും നമ്മുടെ കുടുംബങ്ങളില്‍, നമ്മുടെ പ്രസ്ഥാനങ്ങളില്‍ നമ്മുടെ രാഷ്ട്രീയമാകട്ടെ, നമ്മുടെ സാമൂഹിക, മതപരമായ കാര്യങ്ങളാകട്ടെ, എല്ലാ വേദികളിലും, എല്ലാ മേഖലകളിലും, ഈ പുരുഷാധിപത്യ മനോഭാവം നമുക്ക് വീണ്ടും വീണ്ടും കാണാന്‍ സാധിക്കും. നമ്മളെല്ലാവരും രാജ്യസ്നേഹത്തെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. പക്ഷേ സ്വതന്ത്രരാജ്യത്തെ അനീതികള്‍ മാറ്റിയെടുക്കാന്‍ നമുക്ക് തീര്‍ച്ചയായിട്ടും സാധിച്ചിട്ടില്ല.
നമ്മുടെ രാജ്യത്തെ ഒരു മതം മാത്രമാണ് ഏറ്റവും പ്രധാനമെന്നു കരുതുന്ന ഒരു വലിയ വിഭാഗമുണ്ട്. മതത്തിനും ജാതിക്കും മാത്രം പ്രാധാന്യം കൊടുക്കുന്നവര്‍ നമ്മുടെ കേരളത്തിലും ഇന്ത്യയിലുമുണ്ടെന്നും നാം ഓര്‍ക്കണം. ഇതു മാറ്റിയെടുക്കാന്‍ നമുക്കിതുവരെ സാധിച്ചിട്ടില്ല. വലിയ വലിയ നേതാക്കന്മാര് നമുക്കുണ്ടായിട്ടുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ഇതുവരെ നമുക്ക് മാറ്റിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതുപോലെയുള്ള സംഭവങ്ങള്‍ വരുമ്പോള്‍ എവിടെയാണ് നമ്മള് ശ്രദ്ധകൊടുക്കേണ്ടത്? ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സമൂഹത്തില്‍ അവബോധമുയര്‍ത്തുക മാത്രമല്ല ചെയ്യേണ്ടത്. ഇത്തരം കൊള്ളരുതായ്മകള്‍ തുടച്ചുനീക്കാനുള്ള ഒരു സിസ്റ്റം, ഒരു മെക്കാനിസം ഉണ്ടാക്കിയെടുക്കണം. ഇതിനെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
നമ്മുടെ നിയമങ്ങളുടെ ബലഹീനത തുറന്നുകാണിക്കുന്ന കേസുകൂടിയാണിത്. എഫ്ഐആറില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രത്യക്ഷത്തില്‍ മുറിവുകളുണ്ടെന്നും അവള് ബലാത്കാരത്തിന് വിധേയയായി എന്നുള്ളതും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ അപ്പോഴും നിയമത്തിന്റെ മുന്നില്‍ അതൊരു ബലാത്കാരമാകുന്നില്ലെന്നാണ് കോടതി നടപടികളില്‍ നിന്നു മനസിലാക്കുന്നത്. പൊലീസ് സേനയില്‍ ജാതീയതയും ദളിതരോടുള്ള അവജ്ഞയും കൊടികുത്തിവാഴുകയാണ്. ദളിതരെ മനുഷ്യരായികാണാനുള്ള വല്ലാത്ത പ്രയാസം ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്നു. നമ്മുടെ ഗ്രാമങ്ങളിലായാലും പട്ടണങ്ങളിലായാലും ദളിത ജനവിഭാഗം ഇപ്പോഴും ചൂഷണവും വിവേചനവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഈ സാമൂഹ്യമാറ്റങ്ങള്‍ താഴെത്തട്ടു മുതല്‍ ഉയര്‍ന്ന തട്ടുവരെ എല്ലാ തലങ്ങളിലേക്കും എത്താനുള്ള മാര്‍ഗങ്ങള്‍ നമ്മള് നോക്കേണ്ടതായിട്ടുണ്ട്.
ഇപ്പോള്‍ പുതിയ വിദ്യാഭ്യാസ നയം വന്നിട്ടുണ്ട്. അതിലൊന്നും ജാതി വിവേചനത്തിനെതിരെ പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. പുരുഷന്മാരെക്കാള് കൂടുതല്‍ സ്ത്രീകളുള്ള സ്ഥലമാണ് കേരളം. എന്നിട്ടുപോലും നമുക്കിവിടെ ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും ധാരാളം നടക്കുന്നു. ബിഹാര്‍, യുപി പോലുള്ള സംസ്ഥാനങ്ങളില്‍ ഇന്നും സ്ത്രീപുരുഷാനുപാതം കുറവാണ്. പെണ്‍കുട്ടികളെ ജനിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ്. ജനിച്ചാലോ അവരെ ശരിക്ക് ശുശ്രൂഷിക്കുന്നില്ല. ശിശുമരണനിരക്ക് കൂടുതല്‍ പെണ്‍കുട്ടികളിലാണ്. അങ്ങനെയുള്ള ആണ്‍പെണ്‍ ജനസംഖ്യാനുപാതക്രമത്തില് ഒരു വൈകല്യം ഉണ്ടായിവരുന്നു. പുരുഷന്മാര് കൂടുതല്‍, സ്ത്രീകള്‍ കുറവ്. എല്ലാ വീടുകളിലും ഇപ്പോഴും ശൗചാലയങ്ങളും കുടിവെള്ളവുമില്ല. വിറകില്ല. എല്‍പിജി കണക്ഷന് കിട്ടിയാലും വാങ്ങിക്കുവാനുള്ള സാമ്പത്തികശേഷിയില്ല. വീണ്ടും വിറകുകള്‍ ശേഖരിക്കാന്‍ പോകേണ്ട ഗതികേട്. പെണ്‍കുട്ടികള്‍ പാടങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. കുടിവെള്ളം ശേഖരിക്കാന്‍ പോകുന്നു. വീട്ടിലുള്ള മൃഗങ്ങളെ വളര്‍ത്തലും സ്ത്രീകളുടെ ചുമതലയാണ്. ഈ ഒരസ്ഥയില് അവര്‍ക്കെവിടെയാണ് സുരക്ഷിതത്വം എന്നാലോചിക്കുമ്പോള്‍ വളരെയധികം ഭയാനകമായ ചിത്രങ്ങളാണ് കാണാന്‍ സാധിക്കുന്നത്.
എത്രവേണമെങ്കിലും നിയമങ്ങള്‍ നമുക്കില്ലേ! നിര്‍ഭയ കേസിനു ശേഷം സിആര്‍പിസിയില്‍ തന്നെ ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടികളെയും പതിനെട്ടു വയസുവരെയുള്ള കുട്ടികളെയും ലൈംഗിക ചൂഷണത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുവാനുള്ള വകുപ്പുകള്‍ സിആര്‍പിസിയില്‍ ഉണ്ട്. സ്ത്രീകളെ ഗാര്‍ഹികപീഡനത്തില്‍ നിന്നു സംരക്ഷിക്കുന്നതിനുള്ള നിയമമുണ്ട്. നിയമത്തിന്റെ കുറവു കൊണ്ടല്ല, ഇതു നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവരുടെ മനോഭാവമാണ് നമുക്ക് പ്രശ്നം. ഇതൊക്കെ നടക്കും, ഇതൊക്കെതന്നെയാണ് എല്ലായ്പ്പോഴും സംഭവിക്കുന്നത് എന്നൊരു മനോഭാവം നമുക്കുണ്ടായിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കാന്‍ ആളുകള്‍ക്ക് മടിയാണ്. എന്തിനാണ് ഇതിനൊക്കെ പോകുന്നത്, ഇതൊക്കെ നടക്കും! ഒരു നേതാവ് ഒരിക്കല്‍ പറയുകയുണ്ടായി: ‘ആണ്പിള്ളേര് ആണ്പിള്ളേരായിരിക്കും; ആണുങ്ങള് ആണുങ്ങളായിരിക്കും!’ ഇതിന്റെ അര്‍ത്ഥം എന്താണ്? ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് എന്ന്. ഇതെങ്ങനെ നമുക്ക് അംഗീകരിക്കാനാകും?
സമൂഹത്തിലാകെ ഒരു മാറ്റമുണ്ടാകണമെങ്കില്‍ മൂലകാരണങ്ങളിലേക്ക് നമ്മള് പോകണം. കെഎല്സിഎയെപോലുള്ള സംഘടനകള്‍ക്ക് ഏറ്റെടുക്കാവുന്ന വലിയൊരു ദൗത്യം ഇതാവട്ടെ: ചെറിയ ഒരു ഗ്രൂപ്പുണ്ടാക്കി പ്രശ്നങ്ങള്‍ പഠിക്കുക. എങ്ങനെയാണ് നമ്മുടെ നിമയങ്ങള്‍ നടപ്പിലാക്കി വരുന്നതെന്ന് പരിശോധിക്കുക. ഇതിന്റെ നടത്തിപ്പിന്റെ പോരായ്മകളെന്തൊക്കെയാണ് എന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കണം. ഇതു മനസിലാക്കിക്കഴിഞ്ഞാല്‍, എങ്ങനെയാണിതില് മാറ്റങ്ങളുണ്ടാക്കേണ്ടത്, എവിടെയൊക്കെയാണ് കുടുതല്‍ ശ്രദ്ധയും പരിശീലനവും കൊടുക്കേണ്ടത് എന്നു വ്യക്തമാകും.
ജുഡീഷ്യറി, പ്രോസിക്യൂഷന്, അഭിഭാഷകര്‍, അധ്യാപകര്‍, കൗണ്‍സലിംഗ് നല്കുന്നവര് തുടങ്ങി നമ്മുടെ എല്ലാ പ്രൊഫഷണലുകളെയും ഇതിലേക്ക് എത്തിക്കേണ്ടതായിട്ടുണ്ട്. സമഗ്രമായ അവലോകനത്തെക്കാളുപരി, സൂക്ഷ്മതലത്തിലുള്ള പരിശോധനയും പഠനവും ഇതിലൂടെ സാധ്യമാകും. ഇതില്‍ നിന്ന് ഉരുത്തിരിയുന്ന ശുപാര്‍ശകളും പ്രായോഗിക നിര്‍ദേശങ്ങളും ഉന്നതതലങ്ങളിലെത്തിക്കാന് സാധിക്കും. നമ്മുടെ സാമൂഹികജീവിതത്തില്‍ ഒരുപാട് വിവേചനങ്ങളുണ്ട്. നല്ല വിദ്യാഭ്യാസം കിട്ടി ജീവിതനിലവാരം മെച്ചപ്പെട്ടുകഴിഞ്ഞവര്ക്ക് മറ്റുള്ളവരെക്കുറിച്ച് ഉത്കണ്ഠയും കരുതലുമുണ്ടോ? നിര്‍ഭാഗ്യവശാല്‍ ഇതിനുള്ള മറുപടി ഇല്ല എന്നാണ്. ഈ കരുതലാണ് സത്യത്തില്‍ ഈ കൊവിഡ് കാലത്ത് നമ്മള് കൂടുതല്‍ ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതെന്നാണ് എനിക്കു തോന്നുന്നത്.
ഈ കൊവിഡ് കാലത്ത് കൂടുതല്‍ സമയം നമുക്ക് ചിന്തിക്കാം. ചിന്തിക്കാന്‍ യേശു നമ്മളെ പഠിപ്പിച്ചതുപോലെ, മറ്റുള്ളവരെപറ്റി ചിന്തിക്കാനുള്ള ഒരു ആഹ്വാനം ഈ കൊവിഡ് നമുക്കു തരുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
(ഹാഥ്രസ് സംഭവം സംബന്ധിച്ച് കെഎല്‍സിഎ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം)
Related
Related Articles
തീപാറുന്നത് ഏതു വറചട്ടിയില്‍
ഇരുപത് ലോക്സഭാ സീറ്റുള്ള കേരളത്തില്‍ ഒന്‍പത് എംഎല്‍എമാര്‍ മത്സരത്തിനിറങ്ങുന്നു എന്നത് രാഷ്ട്രീയ നേതൃനിരയില്‍ ജനവിധിയെ അഭിമുഖീകരിക്കാന്‍ കരുത്തുള്ളവരുടെ എണ്ണം എത്രമേല്‍ ശുഷ്കമാണെന്നതിന്റെ സൂചനയാണ്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആറ്
തീരസംരക്ഷണത്തിനും പുനരധിവാസത്തിനും മുന്‍ഗണന – മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: വളരെ അപകടകരമായ സാഹചര്യത്തിലാണ് തീരദേശജനത കഴിഞ്ഞുവരുന്നതെന്ന് സമുദായസമ്മേളനത്തില്‍ ജിവനാദം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഓഖി
പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍-കോടിയേരി
തിരുവനന്തപുരം: വിവരശേഖരണ വിഷയത്തില്‍ വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതില്‍ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്ട്ടിവിലയിരുത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനങ്ങളുടെ ജീവന് രക്ഷിക്കുക എന്നതിലുപരിയായി സര്‍ക്കാരിനേയും