ഹിജാബില്‍ നിന്ന് വര്‍ഗീയധ്രുവീകരണ കോഡിലേക്ക്

ഹിജാബില്‍ നിന്ന് വര്‍ഗീയധ്രുവീകരണ കോഡിലേക്ക്

ജെക്കോബി

തട്ടമിട്ടതിന്റെ പേരില്‍ ഒരു മാസത്തിലേറെയായി കര്‍ണാടകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ വക പ്രീയൂണിവേഴ്‌സിറ്റി കോളജില്‍ എട്ടു മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസ്സില്‍ കയറ്റാത്തതിനെചൊല്ലി ഉടലെടുത്ത പ്രശ്‌നങ്ങള്‍ ദേശീയതലവും കടന്ന് രാജ്യാന്തര നയതന്ത്ര ഇടര്‍ച്ചകളിലേക്കു വരെ ചെന്നെത്തിയിരിക്കുന്നു. ഹിജാബ് നിരോധനത്തിനെതിരേ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമ്പോഴും, സംസ്ഥാനത്ത് പലയിടങ്ങളിലും ഹിജാബ് കോലാഹലം ആളിപ്പടരുകയാണ്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ വേഷം പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥാപനങ്ങളെ ഉദ്ദേശിച്ചായിരുന്നെങ്കിലും, അത് എല്ലായിടത്തും കര്‍ശനമായി നടപ്പാക്കാനുള്ള ഉറച്ച നിലപാടിലാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍. ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ ബോര്‍ഡ് പരീക്ഷകള്‍ക്കു മുന്നോടിയായുള്ള മോഡല്‍ പരീക്ഷ എഴുതാന്‍ പോലും അനുവദിക്കുന്നില്ല.

ഫുള്‍കൈ ഉടുപ്പും ശിരോവസ്ത്രവും ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ചുകൊണ്ട് 2015-ല്‍ കേരള ഹൈക്കോടതി, സിബിഎസ്ഇ നടത്തുന്ന അഖിലേന്ത്യാ പ്രീമെഡിക്കല്‍ ടെസ്റ്റിന് അരക്കൈ സല്‍വാര്‍ കുര്‍ത്ത എന്ന ഡ്രെസ് കോഡില്‍ നിന്ന് രണ്ട് മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ഇളവ് അനുവദിക്കുകയുണ്ടായി. ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ പരീക്ഷ എഴുതാനാവില്ല എന്ന നിലപാട് സ്വീകാര്യമല്ല എന്ന് കോടതി അന്നു വ്യക്തമാക്കുകയുണ്ടായി. പിന്നീട് ഡിവിഷന്‍ ബെഞ്ച് ഖുര്‍ആനിലും ഹദീസിലും ഹിജാബിനെക്കുറിച്ചു പറയുന്നതെന്തെന്നു പരിശോധിക്കുകയും, അത് ഇസ്ലാമിക മതവിശ്വാസത്തിന്റെ അടയാളമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. എങ്കിലും, വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോള്‍, മൂന്നു മണിക്കൂര്‍ നേരം ആ വേഷം മാറ്റിവച്ചാലെന്താണ് കുഴപ്പം എന്നാണ് കോടതി ചോദിച്ചത്. ഹിജാബിന്റെ കാര്യത്തില്‍ പരമോന്നത കോടതിയില്‍ നിന്ന് തീര്‍പ്പൊന്നുമുണ്ടായില്ല.

മുസ്ലിം പെണ്‍കുട്ടികള്‍ ഇത്രയും കാലം യൂണിഫോമിനോടൊപ്പം ശിരോവസ്ത്രവും അണിയുന്നതില്‍ ആര്‍ക്കെങ്കിലും പ്രത്യേകിച്ച് എതിര്‍പ്പുള്ളതായി കേട്ടിട്ടില്ല. ദക്ഷിണേന്ത്യയില്‍ സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കര്‍ണാടക തീരമേഖലയിലെ ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും ബിജെപിയും വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, ഹിന്ദു ജാഗരണ്‍ വേദികെ തുടങ്ങിയ പ്രസ്ഥാനങ്ങളും മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങളെ ആശങ്കയിലും അരക്ഷിതാവസ്ഥയിലുമാക്കുന്ന സംഘടിത കടന്നാക്രമണങ്ങള്‍ നടത്തുന്നുണ്ട്. ബിജെപി ഭരണനേതൃത്വംതന്നെ മറയില്ലാതെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ദേശത്ത്, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ വിഭാഗങ്ങള്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ക്യാമ്പസ് ഫ്രണ്ടുമൊക്കെ മംഗലാപുരം മേഖലയിലേക്കു വളര്‍ന്നുപടരുകയുണ്ടായി. ഉഡുപ്പിയില്‍ ബിജെപി എംഎല്‍എ അധ്യക്ഷനായ കോളജ് വികസന സമിതിയുടെ നിയന്ത്രണത്തിലുള്ള പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ യൂണിഫോം പ്രശ്‌നത്തില്‍ ക്യാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകളുടെ ഇടപെടലുണ്ടായിട്ടുണ്ട് എന്നതില്‍ സംശയമൊന്നുമില്ല.

മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമാധാനപരമായി സമരം ചെയ്തപ്പോള്‍ കാവിഷാളും തലപ്പാവുമൊക്കെ ധരിച്ച് അവരെ നേരിടാന്‍ ക്യാമ്പസുകളിലേക്ക് ഹിന്ദുത്വവാദികള്‍ ഇരച്ചുകയറിയത്, ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചാരണം മൂര്‍ധന്യത്തിലെത്തുമ്പോഴാണ്. ലൗ ജിഹാദ്, ഗോവധം തുടങ്ങി മതവിദ്വേഷത്തിന്റെ പേരിലുള്ള വര്‍ഗീയധ്രുവീകരണത്തിന്റെ ഉപാധികളുടെ കൂട്ടത്തില്‍ പുതിയ ഇന്ധനമായി ഹിജാബ് വിഷയം കൂടി പൊതുമണ്ഡലത്തിലേക്ക് എടുത്തിടാന്‍ ”ഗൂഢാലോചന” നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ഇന്റലിജന്‍സ് വകുപ്പിന്റെ സഹായം തേടേണ്ടതുണ്ടോ!

ഐക്യവും സമത്വവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനായി യൂണിഫോം നിര്‍ബന്ധമാക്കുന്നതിന്റെ പേരില്‍ കോളജുകളിലും സ്‌കൂളുകളിലും ഹിജാബ് നിരോധിച്ചുകൊണ്ട് കഴിഞ്ഞ അഞ്ചാം തീയതി കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഭരണഘടനാവിരുദ്ധമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ യൂണിഫോം ചട്ടത്തെക്കാള്‍ വലുതാണ് ഇന്ത്യയിലെ ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും വിശ്വാസാചാരാനുഷ്ഠാനങ്ങളുടെയും മൗലികാവകാശങ്ങള്‍. ബുര്‍ഖയും ഹിജാബും നിഖാബുമൊക്കെ മതപരവും സാമൂഹികവുമായ വേര്‍തിരിയലിന്റെയും തന്മയുടെയും സ്വത്വബോധത്തിന്റെയും അടയാളമായി നമ്മുടെ നാട്ടില്‍ കൂടുതല്‍ വ്യാപകമായത് ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ ജീവിതശൈലി പരിവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. സ്ത്രീക്ക് സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ലിംഗസമത്വം, സാംസ്‌കാരിക അവകാശങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട ഈ വിഷയത്തിലും മതതീവ്രവാദത്തിന്റെയും താലിബനിസത്തിന്റെയും ഇരുണ്ട നിറങ്ങള്‍ വ്യവച്ഛേദിച്ചെടുക്കുന്നവരുണ്ട്.

രാജ്യത്ത് വിവിധ മതവിശ്വാസികള്‍ എന്തെല്ലാം മതചിഹ്നങ്ങള്‍ ധരിച്ചുകൊണ്ടാണ് പൊതുമണ്ഡലത്തില്‍ വര്‍ത്തിക്കുന്നത്! തലപ്പാവ്, താലി, കുരിശ്, വളകള്‍, കളഭക്കുറി, ലലാടത്തിലെ നാമധാരണം തുടങ്ങി കന്യാസ്ത്രീകളുടെയും മറ്റു സന്ന്യസ്തരുടെയും ഹാബിറ്റു വരെ മതത്തിന്റെയും വംശത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും വൈവിധ്യമാര്‍ന്ന സൂചകങ്ങള്‍. ഹിജാബ് ഒരു ന്യൂനപക്ഷ മതവിശ്വാസത്തിന്റെ ഏറ്റവും പ്രകടമായ ഒരു അടയാളമാണ്. വാസ്തവത്തില്‍, ഹിജാബുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രശ്‌നം യൂണിഫോമിന്റെയോ അച്ചടക്കത്തിന്റെയോ സമത്വത്തിന്റെയോ ഐക്യത്തിന്റെയോ ക്രമസമാധാനത്തിന്റെയോ കാര്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുംപോലെ ”വസ്ത്രം നോക്കി തിരിച്ചറിയാവുന്ന” ഒരു പ്രത്യേക മതന്യൂനപക്ഷത്തെ ലക്ഷ്യമാക്കിയുള്ള വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രശ്‌നം തന്നെയാണിത്.

രാഷ്ട്രപതി അല്ലെങ്കില്‍ ഉപരാഷ്ട്രപതി സ്ഥാനമോഹം കൊണ്ടാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹിജാബ്, ഏക സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തി പ്രമുഖ ദൃശ്യശ്രവ്യമാധ്യമങ്ങള്‍ക്ക് പ്രത്യേക അഭിമുഖങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നതെന്ന് ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം ഹിജാബ് നിരോധനത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. ഏകീകൃത സിവില്‍ കോഡിലൂടെ വിവാഹനിയമങ്ങള്‍ ഏകീകരിക്കപ്പെടുമെന്നും ആരുടെയും അവകാശവും സ്വത്വവും ഹനിക്കപ്പെടുകയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഹിജാബ് വിഷയം എടുത്തിട്ട് ഉടന്‍ ഏകീകൃത സിവില്‍ കോഡിലേക്കു പോകാന്‍ ചില ആര്‍എസ്എസ് നേതാക്കളും ബിജെപി ഫെഡറല്‍ മന്ത്രിമാരും ശ്രമിക്കുന്നതിനിടെ, ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമിയും, തിരഞ്ഞെടുപ്പ് ജയിച്ചാലുടന്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അവസാന വോട്ടെടുപ്പിനു തലേന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഉത്തരാഖണ്ഡിലെ ബിജെപി തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ എന്തായാലും സിവില്‍ കോഡ് ഏകീകരണത്തെക്കുറിച്ച് സൂചനയൊന്നുമില്ലായിരുന്നു. ഹിജാബാണ് ഇതിനെല്ലാം പ്രേരണ!

മതനിരപേക്ഷതയുടെയും വിവേചനമില്ലായ്മയുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നമ്മുടെ പ്രധാനമന്ത്രിക്ക് ഹരിദ്വാറിലും വാരണാസിയിലും ഹൈന്ദവ പൂജാരിയുടെ വേഷമണിഞ്ഞ് പരസ്യമായി, ദേശീയ മാധ്യമശൃംഖലകളുടെ ദീപ്തപ്രഭയില്‍ ഹോമവും പൂജയും നടത്താമെങ്കില്‍, നമ്മുടെ നാട്ടിന്‍പുറത്തെ സരസ്വതീക്ഷേത്രത്തില്‍ ശിരോവസ്ത്രം പോലുള്ള ഒരു മതചിഹ്നമണിഞ്ഞ് പെണ്‍കുട്ടികള്‍ കയറുന്നത് എങ്ങനെ വിലക്കാനാകും. ബേട്ടീ ബചാവോ, ബേട്ടീ പഠാവോ എന്നു മോദി പറയുന്നത് ഹിജാബ് കാണാഞ്ഞിട്ടാവില്ലല്ലോ!

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി

പത്ത് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ അടച്ചിടും തിരുവനന്തപുരം: ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും

നമ്പ്രാടത്ത് ജാനകിയെന്ന അമ്മയുടെ കാല്‍ക്കല്‍ നമസ്‌കരിച്ച്

റവ. ഡോ. ഗാസ്പര്‍ കടവിപറമ്പില്‍ ”ഇന്ത്യന്‍ പേസ്ബൗളര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു ഓവര്‍ എറിയുന്ന സമയത്തിനിടക്ക്, നാലുമാലിന്യവണ്ടികള്‍ നിറക്കാന്‍ മാത്രമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ വലിച്ചെറിയപ്പട്ടിരിക്കും”. 2018ലെ

പുതുക്കുറിച്ചിയിലെ മിന്നാധാരത്തിന് നൂറുമാര്‍ക്ക്

തിരുവനന്തപുരം: യുവജനദിനത്തോടനുബന്ധിച്ച് പരോപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കെസിവൈഎം പുതുക്കുറിച്ചി ഫൊറോനയിലെ യുവജനങ്ങളുടെ മനസില്‍ ഉടലെടുത്തപ്പോഴാണ് ഒരു നാടിന്റെ നന്മ പൂവണിഞ്ഞത്. നിര്‍ധനരായ രണ്ടു സഹോദരിമാരുടെ വിവാഹച്ചെലവുകള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*