ഹൂ ഈസ് ദാറ്റ് ഓള്‍ഡ് മാന്‍?

ഹൂ ഈസ് ദാറ്റ് ഓള്‍ഡ് മാന്‍?

വലിയ വിദ്യാഭ്യാസം ഒന്നുമില്ലാതിരുന്ന ഒരാള്‍ക്ക് ഒരിക്കല്‍ ഒരു ലോട്ടറി അടിച്ചു. വലിയൊരു തുക സമ്മാനമായി ലഭിച്ചു. അതോടുകൂടി അയാളുടെ ജീവിതശൈലി ആകെ മാറി. വലിയ വീട്, കാര്‍, ജോലിക്കാര്‍ ഒക്കെയുണ്ടായി. ആരു കണ്ടാലും അസൂയപ്പെടുന്ന തരത്തിലുള്ള വീട്. വീടിനകം മോഡേണ്‍ രീതിയില്‍ ഫര്‍ണിഷ് ചെയ്യാന്‍ ഒരു ഏജന്‍സിയെ ഭരമേല്‍പ്പിച്ചു. ഏജന്‍സി എല്ലാ മുറികളും വളരെ നന്നായി അലങ്കരിച്ചു. അത്യാധുനിക സോഫ സെറ്റ്, മെത്ത, ലൈറ്റിംഗ്‌സ്, വാഷ് ബേസിന്‍സ്, കാര്‍പെറ്റ് മുതലായവയാണ് ഉപയോഗിച്ചത്. മതിലാണെങ്കില്‍ നാടന്‍ തേക്കുകൊണ്ടുള്ള വുഡ് പാനലിംഗ്, തറയില്‍ നല്ല ഗ്രാനൈറ്റ് പാളികള്‍, ബെല്‍ജിയത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് വര്‍ക്ക്‌സ്, ഇറ്റാലിയന്‍ കിച്ചണ്‍ എന്നിവകൊണ്ട് എല്ലാം ഭംഗിയാക്കി. കൂടാതെ ഓരോ മുറിയിലും വലിയ പെയ്ന്റിംഗ്‌സ്, ഛായാചിത്രങ്ങള്‍, ആര്‍ട്ട് വര്‍ക്ക്‌സ് മുതലായവ ഉണ്ടായിരുന്നു. സ്വീകരണമുറി അലങ്കരിച്ചത് പ്രശസ്ത ചിത്രകാരനായ വിന്‍സെന്റ് വാന്‍ഗോഗിന്റെ സെല്‍ഫ് പോര്‍ട്രെയ്റ്റ് ചിത്രമായിരുന്നു. പെയിന്റിംഗിനെക്കുറിച്ചും ആര്‍ട്ടിനെക്കുറിച്ചും അറിവുള്ള ആര്‍ക്കും അതിന്റെ മൂല്യം അറിയാമായിരുന്നു.
വീടിന്റെ ഫര്‍ണിഷിംഗ് എല്ലാം കഴിഞ്ഞ് വീട്ടുടമസ്ഥനെ വിളിച്ച് ഓരോ മുറിയിലും ഉള്ള സൗകര്യങ്ങളെക്കുറിച്ച് ഏജന്‍സി മാനേജര്‍ വിവരിച്ചു. സ്വീകരണ മുറിയിലെത്തിയപ്പോഴാണ് വിലപിടിപ്പുള്ള വാന്‍ഗോഗ് ചിത്രം കാണുന്നത്. ആര്‍ട്ടിനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്ന അയാള്‍ ചിത്രം കണ്ട ഉടനെ ചോദിച്ചത് – ഹൂ ഇൗസ് ദാറ്റ് ഓള്‍ഡ് മാന്‍ എന്നായിരുന്നു.
1890ല്‍ തന്റെ 70-ാമത്തെ വയസില്‍ മരിച്ച വിന്‍സെന്റ് വാന്‍ഗോഗ് യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ ചിത്രകാരനാരിലൊരാളാണ്. രണ്ടായിരത്തിലധികം ചിത്രങ്ങളാണ് അദ്ദേഹം വരച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒരു പെയിന്റിംഗ് ലഭിക്കാന്‍ ലക്ഷങ്ങള്‍ മുടക്കാന്‍ മടിക്കാത്തവരാണ് കലാപ്രേമികള്‍.
ലോട്ടറിയടിച്ച് ധനവനായ വ്യക്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആയാള്‍ക്ക് അത്രയ്ക്കുള്ള വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്നത്തെ തലമുറയ്ക്ക് പല പ്രശസ്തരായ വ്യക്തികളും വെറും ഓള്‍ഡ്‌മെന്‍ ആണ്. ഒരുപക്ഷേ നാളെ മഹാത്മാഗാന്ധിയുടെ ചിത്രം കാണുന്ന ഒരു യുവാവ് ചോദിച്ചെന്നുവരാം, ഹൂ ഈസ് ദാറ്റ് ഓള്‍ഡ്മാന്‍? ലോക ചരിത്രത്തില്‍ കഴിഞ്ഞുപോയ തലമുറകളിലെ മഹദ്‌വ്യക്തികള്‍ക്ക ഇന്നത്തെ തലമുറ അത്ര വലിയ സ്ഥാനമെന്നും കല്‍പിക്കുന്നില്ല. അവര്‍ക്ക് സിനിമാനടന്മാരുടെയും ക്രിക്കറ്റ്, ഫുട്‌ബോള്‍ കളിക്കാരുടെയും കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി.
ഇലക്ട്രോണിക് ഗാഡ്ജറ്റിലും കമ്പ്യൂട്ടറിലും മാത്രം കണ്ണും നട്ടിരിക്കുന്നവര്‍ക്ക് ലോകചരിത്രം ഇന്ന് എന്തു സംഭവിക്കുന്നോ അതുമാത്രമാണ് പ്രധാനം. ബ്രിട്ടീഷുകാരുടെ അടിമത്വത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെ മോചിപ്പിക്കുവാന്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച നേതാക്കന്മാരെ ആരാണ് ഓര്‍ക്കുന്നത്? സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഗവണ്‍മെന്റ് തലത്തില്‍ ചില ആഘോഷങ്ങളൊക്കെ ഉണ്ടെങ്കിലും വ്യക്തിപരമായിട്ട് അതൊന്നും ആരെയും സ്വാധീനിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം.
ഇതുതന്നെയല്ലേ വിശ്വാസതലത്തിലും നടക്കുന്നത്? വിശ്വാസത്തിനുവേണ്ടി ജീവന്‍ ത്യജിച്ച എത്രപേരെ നമ്മള്‍ ഓര്‍ക്കുന്നുണ്ട്? ചില പോപ്പുലറായ വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കാറുണ്ടെങ്കിലും അവരുടെ ജീവിതം എന്തായിരുന്നു എന്ന് നമ്മള്‍ ചിന്തിക്കാറില്ല.
പ്രായം ചെന്നവരെയൊക്കെ ‘ഓള്‍ഡ് മാന്‍’, ‘കണ്‍ട്രീസ്’ എന്നൊക്കെ പറഞ്ഞ് പുച്ഛിച്ച് തള്ളുന്നവരുണ്ട്. മഹാന്മാരുടെ മഹത്വം മനസ്സിലാക്കാതെ അവരെ തിരസ്‌ക്കരിക്കുകയാണ് സമൂഹം. യേശുനാഥന്‍ തന്നെ തന്റെ സ്വന്തം ജനങ്ങളാല്‍ തിരസ്‌ക്കരിക്കപ്പെട്ടവനാണ്. ഇവന്‍ ആ തച്ചന്റെ മകനല്ലേ എന്നാണ് പുച്ഛത്തോടെ അവിടത്തെ നാട്ടുകാര്‍ ചോദിച്ചത്. ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെ നിന്ന് എന്നാണ് അവര്‍ അത്ഭുതത്തോടെ ചോദിച്ചത്.
ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശാസ്ത്രജ്ഞനും മാത്തമാറ്റിഷനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ഗലീലിയോയെ അന്നത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ കവിയായിരുന്ന ജോണ്‍ കീറ്റ്‌സിനെ ലോകം ആദരിക്കാന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ മരണശേഷമാണ്. നാടകകൃത്തായ ഓസ്‌കര്‍ വൈല്‍ഡിനും സാഹിത്യകാരനും ഫിലോസഫറുമായിരുന്ന ഹെന്‍ട്രി ഡേവിസ് തൊറോയ്ക്കും ഇതേ ഗതി തന്നെയാണുണ്ടായത്.
ചില മഹത്‌വ്യക്തികളെ അവരുടെ മരണശേഷമാണ് തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്നതെങ്കില്‍ മറ്റു ചിലരെ സമൂഹം പിന്നീട് മറന്നുകളയുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ നേതാക്കളെയും മതസ്ഥാപകരെയും പിന്നീട് വേണ്ട രീതിയില്‍ ബഹുമാനിക്കാത്തതും നമ്മള്‍ കാണുന്നുണ്ട്. ഇന്നത്തെ പത്രങ്ങളിലും ടിവിയിലും നിന്നെടുത്ത ചിലരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടാല്‍ അന്നത്തെ തലമുറ ചോദിച്ചെന്നും വരും, ഹൂ ഈസ് ദാറ്റ് ഓള്‍ഡ് മാന്‍?
മരിച്ചുകഴിഞ്ഞാല്‍ നമ്മള്‍ നേടിയതും സമ്പാദിച്ചതും ഒന്നും ആരും ഓര്‍ക്കാന്‍ പോകുന്നില്ല, കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മറ്റുള്ളവരുടെ സ്മരണയില്‍ നിന്നുതന്നെ നമ്മള്‍ മാഞ്ഞുപോകും എന്ന ധാരണയുണ്ടായാല്‍ നമ്മളിത്ര അഹങ്കരിക്കില്ല.
അടുത്ത ലക്കം
കുരങ്ങന്മാരുടെ ഉപവാസം


Related Articles

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തില്‍; ഇനി സമരമാര്‍ഗം…

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ജിയോ ട്യൂബ് ഉഎയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തിലായി. ഏപ്രിലിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെല്ലാനം ഇത്തവണയും കടലേറ്റ ഭീഷണിയിലാകും. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തി

റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍

എറണാകുളം: ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ നിയമിതനായി. 1998 മുതല്‍ അദ്ദേഹം സെമിനാരിയില്‍ ബൈബിള്‍ അദ്ധ്യാപകനാണ്. 2015

മക്കള്‍ ലഹരിവഴികള്‍ തേടാതിരിക്കാന്‍

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS ‘ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചുനോക്കാത്തത്”; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വെറുതെവിടണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*