ഹൃദയം കഠിനമാക്കുന്ന ഫറവോമാര്‍

ഹൃദയം കഠിനമാക്കുന്ന ഫറവോമാര്‍

സാമ്രാജ്യങ്ങള്‍ ചരിത്രത്തില്‍ എന്നും ഉണ്ടായിട്ടുണ്ട്. അവ ഇന്നുമുണ്ട്. അവയെ നമ്മള്‍ തിരിച്ചറിയുന്നില്ല. അവയുമായി നമ്മള്‍ ഇടപഴകുകയാണ്. അവ നമ്മെ അടിച്ചമര്‍ത്തുന്നുവെന്ന് നമ്മള്‍ അറിയുന്നില്ല. അതുകൊണ്ടുതന്നെ ഒരു വിമോചനത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതുപോലുമില്ല. കാരണം നമ്മെ സേവിക്കാനായി നമ്മള്‍ തിരഞ്ഞെടുത്തവര്‍ ഒരു സാമ്രാജ്യശക്തിയായി നമ്മള്‍ വിഭാവനം ചെയ്ത ചക്രവാളങ്ങള്‍ക്കും അതീതമായി വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. അവരുടെ ശക്തിയും അധികാരവും അദൃശ്യമാണ്. പുറമേ അവര്‍ ഉദാരമതികളായി അവതരിക്കുകയും അകമേ ആര്‍ത്തിപ്പണ്ടാരങ്ങളായി പാവങ്ങളെ വിഴുങ്ങുകയും ചെയ്യുന്നു. ഹൃദയം കഠിനമാക്കിയ ഫറവോമാരാണവര്‍. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്തിന്റെ ആത്മീയവും ധാര്‍മികവുമായ ഉത്തരവാദിത്വം ഇങ്ങനെയുള്ള ഭരണാധികാരികളെ തിരിച്ചറിയുക, അവരുടെ സാമ്രാജ്യത്വമനോഭാവത്തിന്റെ അപകടം വെളിപ്പെടുത്തുക എന്നതാണ്. മഹാമാരികളെ ക്ഷണിച്ചുവരുത്തുന്ന ഇവരെ ചെറുത്തുനില്ക്കുകയെന്നതാണ് ഏറ്റവും വലിയ ധാര്‍മിക പോരാട്ടം. ആത്മീയ ബധിരതയുടെ മുന്‍പിലുള്ള അലമുറയായിരിക്കും അത്. ഒരിക്കലും അവര്‍ നമ്മുടെ സ്വരം ശ്രവിക്കില്ലായിരിക്കാം. അവര്‍ കാരണം നമ്മുടെ ചുറ്റിലും വലിയ വേദനകളും ഉണ്ടാകാം. എങ്കിലും പ്രത്യാശ കൈവിടരുത്. കാരണം, ചെങ്കടലിലേക്കുള്ള വഴി ആരംഭിക്കുന്നത് ഹൃദയം കഠിനമാക്കിയ എല്ലാ ഫറവോമാരുടെയും കൊട്ടാരങ്ങളില്‍ നിന്നാണ്.

പുറപ്പാടിലെ മഹാമാരികളെ കുറിച്ചുള്ള ആഖ്യാനം ദൈര്‍ഘ്യമേറിയതാണ് (7 മുതല്‍ 11 വരെയുള്ള അധ്യായങ്ങള്‍). ഒരു ഇതിഹാസ പ്രവാഹത്തില്‍ ഒത്തുചേരുന്ന വിവിധ പാരമ്പര്യങ്ങളെ എന്നപോലെ വ്യാഖ്യാനിക്കേണ്ട ഒരു ഭാഗമാണ് മഹാമാരികള്‍. പത്തു മാരികളാണ് അവിടെ വിവരിച്ചിരിക്കുന്നത്. അതിലൂടെ ഗ്രന്ഥകര്‍ത്താവ് ചില പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതെല്ലാം ”ഞാന്‍ കൈയുയര്‍ത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും” (6:6) എന്ന ദൈവ വാഗ്ദാനത്തിന്റെ വ്യാഖ്യാനമായി വര്‍ത്തിക്കുന്നു. ഈ വ്യാഖ്യാനത്തില്‍ പരിഗണിക്കാവുന്ന നിരവധി പ്രമേയങ്ങളില്‍ ഒരു കാര്യം മാത്രമാണ് നമ്മള്‍ വിചിന്തന വിഷയമാക്കുന്നത്: മാനുഷികബന്ധങ്ങള്‍. വേണമെങ്കില്‍ നമുക്ക് മാരികളുടെ സ്വഭാവവും അര്‍ഥവും നിര്‍വചിക്കാവുന്നതാണ്, പക്ഷേ പ്രാധാന്യം കൊടുക്കേണ്ടത് ആഖ്യാനത്തില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വങ്ങള്‍ക്കാണ്. എത്രത്തോളം ഫറവോ നമ്മുടെ ഉള്ളിലുണ്ട് എന്നതുതന്നെയാണ് വിഷയം. ഹൃദയം കഠിനമാക്കുന്ന ഫറവോമാര്‍ അധികാര കേന്ദ്രങ്ങളില്‍ മാത്രം വിരാജിക്കുന്നു എന്നു വിചാരിക്കരുത്. അവര്‍ നമ്മളിലുമുണ്ട്, നമ്മുടെയിടയിലുമുണ്ട്.

ആരാണ് ഫറവോ? പുറപ്പാട് പുസ്തകത്തിന്റെ കാഴ്ചപ്പാടില്‍ സൗമ്യനായ മനുഷ്യനാണ് അയാള്‍. ഒപ്പം ബുദ്ധിമാനും കഴിവുള്ളവനും കൗശലക്കാരനുമാണ്. വേണമെങ്കില്‍ ഒരു ജനാധിപത്യവാദി എന്നും വിളിക്കാം അയാളെ. മോശയും അഹറോനും കൂടി മഹാമാരിയെക്കുറിച്ച് അയാളോടു പറയുന്ന രംഗം ശ്രദ്ധിക്കുക. അയാള്‍ അവരെ ശ്രവിക്കുകയും അവരുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ നിയമങ്ങള്‍ അറിയാവുന്നവനാണ് അയാള്‍. എല്ലാം ലളിതമായി കാണുന്ന ഒരു മനുഷ്യന്‍. ഉദാഹരണത്തിന് മോശയും അഹറോനും അയാളെ ആദ്യം കാണുന്ന രംഗം നോക്കുക: ”ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു: മരുഭൂമിയില്‍വന്ന് എന്റെ ബഹുമാനാര്‍ഥം പൂജാമഹോത്സവം ആഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക.”

അപ്പോള്‍, ഫറവോ ചോദിച്ചു: ”ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? ഞാന്‍ കര്‍ത്താവിനെ അറിയുന്നില്ല, ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കുകയുമില്ല” (5:12). അടിസ്ഥാനപരമായി ഫറോവയുടെ യുക്തി ശരിയാണ്. ”നിങ്ങള്‍ നിങ്ങളുടെ ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു. അത് നിങ്ങളുടെ മതമാണ്. ആ മതത്തെ നിങ്ങള്‍ എന്റെമേല്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ല. എനിക്ക് എന്റേതായ തത്ത്വങ്ങളുണ്ട്” എന്നല്ലേ അയാള്‍ പറയുന്നത്? എത്ര തന്ത്രപൂര്‍വമാണ് അയാള്‍ ഒരു വിഷയം കൈകാര്യം ചെയ്യുന്നത്! പാവപ്പെട്ടവരുടെ നൊമ്പരങ്ങളുടെ കാര്യങ്ങള്‍ വരുമ്പോള്‍ നമ്മിലെ ഫറവോയും ചിന്തിക്കുന്നത് ഇങ്ങനെതന്നെയാണ്.

പിന്നീട് ഈച്ചകളുടെ ബാധയ്ക്കു ശേഷം പുറപ്പാടിലെ ഫറവോ മോശയെയും അഹറോനെയും വിളിപ്പിച്ചു പറയുന്നുണ്ട്. ”നിങ്ങള്‍ പോയി ഈ രാജ്യത്തിനുള്ളില്‍ എവിടെയെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചു കൊള്ളുവിന്‍” (8:25). പക്ഷെ മോശ അതിനു സമ്മതിക്കുന്നില്ല. അപ്പോള്‍ അയാള്‍ തന്ത്രം മാറ്റുന്നു. ”നിങ്ങളുടെ ദൈവമായ കര്‍ത്താവിനു മരുഭൂമിയില്‍ ബലിയര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. എന്നാല്‍, നിങ്ങള്‍ വളരെ അകലെ പോകരുത്. എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും വേണം” (8:28). അയാള്‍ ചര്‍ച്ചകള്‍ നടത്തി ഒരു കരാറിലെത്താന്‍ ശ്രമിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എത്ര വൈദഗ്ധ്യമേറിയ വിലപേശല്‍! ആദ്യം അയാള്‍ പറയുന്നു, ”ഇവിടെ ബലിയര്‍പ്പിക്കുക.” പിന്നീട് പറയുന്നു, ”മരുഭൂമിയില്‍ ബലിയര്‍പ്പിക്കുക, പക്ഷെ വളരെ അകലെ പോകരുത്. എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും വേണം.” ഇതേ തന്ത്രങ്ങള്‍ തന്നെ എട്ടാമത്തെ മാരിക്കും പത്താമത്തെ മാരിക്കും ശേഷവും അയാള്‍ ഉപയോഗിക്കുന്നുണ്ട്. ”ദൈവത്തിനെതിരായി ഞാന്‍ പാപം ചെയ്തു പോയി” എന്നുപോലും അയാള്‍ പറയുന്നുണ്ട് (10:16).

വളരെ സമര്‍ഥമാണ് ഫറവോയുടെ ഓരോ നീക്കവും. എല്ലാ മാരിക്കുശേഷവും അയാള്‍ ചര്‍ച്ച നടത്തുന്നു, ചില വിട്ടുവിഴ്ച്ചയ്ക്ക് ശ്രമിക്കുന്നു, പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ ചിന്തയെ പുനര്‍നിര്‍ണയിക്കുന്നു. യഹൂദരുടെ ദൈവത്തെകുറിച്ച് തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞ അയാള്‍തന്നെ ”എനിക്കുവേണ്ടി പ്രാര്‍ഥിക്കണമേ” എന്ന് മോശയോട് ആവശ്യപ്പെടുന്നു. അപ്പോഴും അവസാന തീരുമാനത്തില്‍ വരുമ്പോള്‍ പാവങ്ങളുടെ നൊമ്പരത്തിന് പുല്ലുവിലയാണ് അയാള്‍ കൊടുക്കുന്നത്. അതുതന്നെയാണ് ഹൃദയകാഠിന്യം.

ചില ഭരണാധികാരികളുണ്ട്. അവര്‍ പരസ്യമായി പാവങ്ങളോടു പക്ഷംചേരുന്ന തത്ത്വങ്ങള്‍ പ്രഖ്യാപിക്കും. പക്ഷേ യാഥാര്‍ഥ്യത്തെ നേരിടുമ്പോള്‍ ആമയെപ്പോലെ അവര്‍ സ്വയം പിന്‍വലിയും. അവര്‍ ഫറവോയെ പോലെ ആത്മഗതം ചെയ്യും; ”പാവങ്ങളുടെ യാതനകളുടെ മുന്നില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും തത്ത്വത്തില്‍ ഞാന്‍ ചെയ്യുന്നതാണ് ശരി.” എന്താണിത്? മനുഷ്യനൊമ്പരങ്ങളുടെ മുന്നില്‍ ഇരുന്നുകൊണ്ട് നിഷ്‌ക്രിയതയെ താത്വീകരിക്കുന്ന ജല്പനമാണിത്. ഇങ്ങനെയുള്ള ഭരണാധികാരികള്‍ ജനങ്ങളുടെ നൊമ്പരങ്ങളെ മറച്ചുനിര്‍ത്തുന്ന നിഴല്‍പ്രദേശങ്ങള്‍ സൃഷ്ടിക്കാന്‍ കപടഭക്തിയെ ഒരു ഉപകരണമാക്കി മാറ്റും. ”എനിക്കുവേണ്ടി പ്രാര്‍ഥിക്കണമേ” എന്നു പറഞ്ഞുകൊണ്ട് സഹജരുടെ മതത്തെയും ദൈവത്തെയും ബഹുമാനിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുകയും ഒപ്പം അവരുടെമേല്‍ മര്‍ദ്ദനതന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യും. വാക്കുകളില്‍ മധുരം പുരട്ടി പ്രവൃത്തികളില്‍ വിഷം കലര്‍ത്തുന്നവരാണവര്‍. സ്വയം നിര്‍മിച്ച ചില്ലുമേടയിലെ വിഗ്രഹങ്ങളെപ്പോലെ സങ്കടങ്ങളുടെ മുന്നില്‍ ബധിരരായി നില്ക്കും.

അധികാരത്തിന് ശക്തി വേണം; ഫറവോ ഫറവോയാണ്. അതുകൊണ്ടുതന്നെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിവരാന്‍ അയാളോട് ആവശ്യപ്പെടാന്‍ അയാളുടെ ഉപദേശകവൃന്ദങ്ങള്‍ നമ്മെ അനുവദിക്കില്ല. കാരണം ഒരു അധികാരി എന്ന നിലയില്‍ സാധാരണതയിലേക്ക് ഇറങ്ങിവരികയെന്നത് അയാള്‍ സൃഷ്ടിച്ചെടുത്ത വിശേഷാവകാശത്തെ വിട്ടു
വീഴ്ച ചെയ്യുന്നതിനു തുല്യമാണ്. ആ വിശേഷാവകാശത്തെ നിലനിര്‍ത്തുക എന്നത് ഒരു നാടകമാണ്. ആ നാടകം രാഷ്ട്രീയ ഇടങ്ങളില്‍ മാത്രമല്ല, മതകേന്ദ്രങ്ങളിലും സുഗമമായി നടക്കുന്നുണ്ട്. അത് ഫറവോയുടെ ശക്തിയാണ്. ആ ശക്തി എല്ലായിടത്തേക്കും തുളച്ചുകയറുകയും എല്ലാവരെയും സ്പര്‍ശിക്കുകയും ചെയ്യും. ബാഹ്യമായ കാഴ്ചപ്പാടില്‍ ഈ അധികാരവും ശക്തിയും ഒരു വൃത്തികേടല്ല. നോക്കുക, എത്ര മാന്യമായാണ് ഫറവോ മോശയോടും അഹറോനോടും പെരുമാറുന്നത്! വളരെ വിവേകത്തോടുകൂടെയാണ് അയാള്‍ സംസാരിക്കുന്നത്. അയാള്‍ അവരെ ശ്രദ്ധയോടെ ശ്രവിക്കുന്നു. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നു. എന്നിട്ട് അവസാനം ഒരു തീരുമാനത്തിലേക്ക് വരുമ്പോള്‍ അത് നിഷേധാത്മകമാണ്: ”ഇല്ല, അത് ചെയ്യാന്‍ കഴിയില്ല.” അതാണ് ഫറവോ.

എല്ലാവരിലുമുണ്ട് ഒരു ഫറവോ. ആ ഫറവോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ മര്‍ക്കോസ് 7: 21-22 ഒന്നു ധ്യാനിച്ചാല്‍ മാത്രം മതി. അത് ഇങ്ങനെയാണ്: അശുദ്ധത – അത് ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്. ഉദ്ദേശ്യദുഷ്ടതയാണ് നമ്മിലെ ഫറവോ. അതുതന്നെയാണ് ”ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത” എന്നിവ. അത് പുറത്തുനിന്നു വരുന്നതല്ല, ഹൃദയത്തില്‍ നിന്നു വരുന്നതാണ്. സ്വയം പ്രതിരോധം സൃഷ്ടിച്ച് സഹജരെ ഇരകളാക്കി ചൂഷണം ചെയ്യുന്ന തിന്മകളാണത്. ഇവയെ ചിലരുടെ മാത്രം സവിശേഷതയായി കരുതരുത്, ഇവ എല്ലാവരുടെയും ഉള്ളിലുണ്ട്. മറ്റുള്ളവരെ കീഴടക്കാനും കൈവശപ്പെടുത്താനും സ്വന്തമാക്കാനുമുള്ള പ്രവണത നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ട്. അസൂയയുടെ ഒരു ചെറുവാക്ക്, അല്ലെങ്കില്‍ ഒരു പരദൂഷണം – അത്രമാത്രം മതി സഹജര്‍ കെട്ടിപ്പൊക്കിയ ഒരു ചെറുകൂടാരത്തെ തകര്‍ത്തുകളയാന്‍. ഉള്ളില്‍ ഫറവോ വളരുമ്പോള്‍ കണ്‍മുന്നിലെ സഹജരുടെ നൊമ്പരങ്ങളും നന്മകളും തീരെ ചെറുതായി തോന്നും. അവരെ വെറും ഉപഭോഗവസ്തുവായി കരുതുകയും ചെയ്യും. അതാണ് ഇന്നിന്റെ ദുരിതം. ‘മാന്യരായ ഫറവോമാര്‍’ വര്‍ധിച്ചുവരുന്നു എന്നതാണ് നമ്മുടെ സംസ്‌കാരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കടലോരത്തെ ആന്റിയസ്

  ചാൾസ് ജോർജ് അങ്ങനെ അവനും പോയി. ടി. പീറ്ററിനെ കൊവിഡ് കൊണ്ടുപോയി. എന്നെക്കാള്‍ മൂന്നു വയസ്സ് മൂപ്പുണ്ടെങ്കിലും വാടാ, പോടാ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. മത്സ്യമേഖലയില്‍

കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

മലപ്പുറം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന യു.കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക്

ബിജോ സിൽവേരിയുടെ മാതാവ് റോസി സിൽവേരി നിര്യാതയായി

ഒാലപ്പുറത്ത് നിര്യാതനായ സിൽവേരിയുടെ ഭാര്യ റോസി സിൽവേരി നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 14/8/2018 തീയതി രാവിലെ 10.30യ്ക്ക് മതിലകം, സെൻറ് ജോസഫ് പള്ളി സിമിത്തേരിയിൽ. പരേത ചാലക്കുടി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*