ഹൃദയത്തില്‍ ജീവിക്കുന്ന ജോണ്‍സണ്‍ മുത്തപ്പനച്ചന്‍

by admin | February 1, 2021 7:06 am

 

സ്‌നേഹം നിറഞ്ഞ ജോണ്‍സണ്‍ മുത്തപ്പനച്ചന്‍ യാത്രയായി. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ വിടവാങ്ങല്‍. മരിക്കുന്നതിന് തലേദിവസവും അദ്ദേഹം അര്‍പ്പിച്ച ദിവ്യബലിയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. അതിനുശേഷം അദ്ദേഹത്തോട് സംസാരിച്ചു. എപ്പോഴും പ്രസന്നവദനനായിരുന്ന ജോണ്‍സനച്ചന്‍ ഒരിക്കലും ദേഷ്യമോ അല്ലെങ്കില്‍ നീരസമോ പ്രകടിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. തികച്ചും എളിയ ജീവിതമാണ് നയിച്ചുപോന്നത്.

പുതിയതായി ആരംഭിച്ച പാളയം ഇടവകയുടെ സബ്‌സെന്ററായ ഫാത്തിമമാതാ ചാപ്പലില്‍ കൃത്യസമയത്ത് അദ്ദേഹം ദിവ്യബലി അര്‍പ്പിക്കുവാനായിട്ട് വരുമായിരുന്നു. തുടര്‍ന്ന് എല്ലാ ദിവസവും അദ്ദേഹം പത്തുപതിനഞ്ചുമിനിറ്റോളം ഞങ്ങളുമായി പ്രത്യേകിച്ച് കുട്ടികളുമായിട്ട് സംസാരിച്ച് അവരെ സ്‌നേഹിച്ച് അവരോടൊപ്പം സമയം ചെലവഴിച്ച് സന്തോഷത്തോടെ പിരിയുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ആ ചെറിയ സമൂഹത്തിനു വല്ലാത്തൊരുഷോക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

വിശുദ്ധിയുള്ള ജീവിതം നയിച്ചിരുന്ന ഒരച്ചനായിരുന്നു ജോണ്‍സനച്ചന്‍. വളരെ ദാരിദ്ര്യമുള്ള ഒരു കുടുംബത്തില്‍ നിന്നും അദ്ദേഹം വന്നു. തിരുവനന്തപുരം നഗരത്തിലെ ആരോരുമില്ലാത്തവരെ പാര്‍പ്പിക്കുന്ന ശ്രീചിത്രപുവര്‍ഹോമിലെ അന്തേവാസിയായി വളര്‍ന്നു. അദ്ദേഹം നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഫുട്‌ബോള്‍ സെലക്ഷന്‍ കിട്ടാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ പിന്നീട് റെസ്ലിങ്ങിലേക്ക് തിരിഞ്ഞു. കോട്ടയത്തുവച്ചു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്നാമതെത്തി. അദ്ദേഹം ഒന്‍പതാം ക്ലാസില്‍ പഠിച്ചത് കണ്ണൂര്‍ ജി.വി.രാജ സ്‌കൂളിലാണ്. എനിക്ക് അദ്ദേഹം ജീവിതം പറഞ്ഞുതന്നു. അദ്ദേഹത്തിന് തന്റെ സ്വന്തമായ കാര്യങ്ങളെപ്പറ്റി പറയുന്നതില്‍ ലജ്ജയോ നാണക്കേടോ തോന്നിയിട്ടില്ല. തന്റെ പച്ചയായ ജീവിതം ആരുടെ മുമ്പിലും പറയും.

ഞാനിങ്ങനെ ഈ വഴികളിലൂടെയാണ് കടന്നുവന്നത്, ഞാന്‍ പൂവര്‍ ഹോമില്‍ നിന്നാണ് പഠിച്ചത് എന്നൊക്കെ. അതൊന്നും പറയാനോ തന്റെ പഴയ കാലം വെളിപ്പെടുത്താനോ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. അച്ചന്‍ നല്ലൊരു പാട്ടുകാരനായിരുന്നു. നല്ലതുപോലെ വെസ്റ്റേണ്‍ ഡാന്‍സ് കളിക്കും. നല്ലൊരു ഫുട്‌ബോള്‍ താരവുമായിരുന്നു. അങ്ങനെ എല്ലാ നിലയിലും പ്രതീക്ഷയുണ്ടായിരുന്ന വൈദികനായിരുന്നു.

കുട്ടികളോട് വളരെ ഇന്നസെന്റായി ഇടപെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതു നികത്താനാവുകയില്ല. ഫാത്തിമമാത ചാപ്പലില്‍ സിഎല്‍സി സൊഡാലിറ്റിയുടെ യൂണിറ്റ് തുടങ്ങി കുട്ടികള്‍ക്കുവേണ്ടി. ആ യൂണിറ്റു തുടങ്ങുന്നതിന് നേതൃത്വം നല്‍കിയതൊക്കെ അച്ചനാണ്. അദ്ദേഹം മീറ്റിംഗില്‍ പങ്കെടുക്കുകയും നല്ല ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കെസിവൈഎം യൂണിറ്റ് രൂപീകരിക്കാന്‍ മുന്‍കൈ എടുത്തതും അച്ചനായിരുന്നു.

ഇങ്ങനെയുള്ള തീക്ഷ്ണമായ ജീവിതം അദ്ദേഹത്തിന് ഏതാണ്ട് എട്ടോ ഒന്‍പതോ മാസമേ നയിക്കാന്‍ സാധിച്ചുള്ളുവെങ്കിലും ഈ ചുരുങ്ങിയ കാലയളവില്‍ യേശുവിനുവേണ്ടി അനേകരുടെ ഹൃദയങ്ങളിലേക്ക് കടന്നുവന്ന ഒരു വൈദികനാണ് ഫാ. ജോണ്‍സണ്‍ മുത്തപ്പന്‍.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

Source URL: https://jeevanaadam.in/%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8/