ഹൃദയപൂര്‍വം പെരുമാറുമ്പോള്‍

നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും മികവുറ്റവരാണെന്ന് അറിയുമ്പോള്‍ നമ്മള് സന്തുഷ്ടരും സംതൃപ്തരും ഉയര്‍ന്നതോതിലുള്ള അത്മവിശ്വാസം അനുഭവിക്കുന്നവരുമായിത്തീരുന്നു. എന്താണിതിനു കാരണം? ഭാഗ്യവശാല്‍ നാം ചെയ്യുന്നതെന്താണോ അതില്‍ മികവുറ്റവരായിത്തീരാനും നമ്മുടെ ജീവിതത്തിലും ഉന്നതമായ പ്രകടനം കാഴ്ചവയ്ക്കാനും നമുക്കും മറ്റെല്ലാ മനുഷ്യര്‍ക്കും സഹജമായ കഴിവുണ്ട്. പ്രധാനപ്പെട്ട ഏതു മേഖലയില്‍ പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കാനും നൈപുണ്യം നേടാനും നമുക്കു ശേഷിയുണ്ട്. ഒരു ഹൃദയം ഉള്ളതുകൊണ്ടാണ് ഇതെല്ലാം നേടാനാകുന്നത്.
മിക്കവരുടെയും തോന്നല്‍ തീരുമാനമെടുക്കുന്നതില്‍ ഹൃദയത്തിനും വികാരങ്ങള്‍ക്കും അത്ര വലിയ സ്ഥാനമില്ലെന്നാണ്. എന്നാല്‍ അതങ്ങനെയാണോ? ചില വ്യക്തികള്‍ നേട്ടത്തിനായി സ്നേഹമില്ലാതെ, കണക്കുകൂട്ടി പ്രവര്ത്തിക്കുന്നതരത്തില് നീങ്ങുന്നതു കണ്ടിട്ടില്ലേ? അതിനര്‍ത്ഥം വികാരങ്ങളില്ലാത്ത, ഹൃദയമില്ലാത്ത ആളുകള്‍ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കാമെന്നാണ്.
നാമെടുക്കുന്ന ഓരോ തീരുമാനവും ആരെയെങ്കിലും എങ്ങനെയെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നുണ്ട്. അതിനാല്‍ തീരുമാനങ്ങള്‍ എടുക്കുംമുമ്പ് ഹൃദയപൂര്‍വ്വം ആലോചിക്കണം.
ഞാന്‍ വായിച്ച അതിമനോഹരമായ ഒരു യക്ഷിക്കഥയാണ് ‘ദി വണ്ടര്ഫുള് വിസര്‍ഡ് ഓഫ് ഓസ്.’ അമേരിക്കന്‍ സാഹിത്യകാരനായ ഫ്രാങ്ക് ബോം എഴുതിയതാണിത്.
1900-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിക്കു പിന്നാലെ ഈ കൃതിയിലെ കഥയ്ക്കു തുടര്‍ച്ച എന്നവണ്ണം 13 പുസ്തകങ്ങള്‍കൂടി ബോം പുറത്തിറക്കുകയുണ്ടായി. 1919-ല്‍ ബോം മരിച്ചതിനുശേഷവും ഓസിനോടു ബന്ധപ്പെട്ട നിരവധി കഥാപുസ്തകങ്ങള്‍ പലരും പുറത്തിറക്കി. ആയിരത്തിത്തൊള്ളായിരത്തി എഴുപതോടുകൂടി ഇരുപതാംനൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളുടെ ലിസ്റ്റില്‍ ബോമിന്റെ മാസ്റ്റര്‍പീസായി കരുതപ്പെടുന്ന ‘ദി വണ്ടര്ഫുള് വിസര്‍ഡ് ഓഫ് ഓസും’ ഏറെ മുന്നില്‍ നില്ക്കുന്നു.
പുസ്തകപ്രസാധനരംഗത്തു മാത്രമല്ല ബോമിന്റെ ഈ കൊച്ചുപുസ്തകം അദ്ഭുതം സൃഷ്ടിച്ചത്. 1902-ല്‍ പുസ്തകത്തിന്റെ ആദ്യത്തെ സംഗീതനാടകാവിഷ്കരണമുണ്ടായി. 1910-ല്‍ ഈ കൃതിയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ നിശ്ശബ്ദസിനിമ പുറത്തിറങ്ങി. 1914-ല്‍ ഗ്രന്ഥകാരന്‍തന്നെ മുന്‍കൈയെടുത്ത് ഓസിന്റെ കഥയെ ആസ്പദമാക്കി ഒന്നിലേറെ സിനിമകള്‍ നിര്‍മിച്ചു.
എന്നാല്‍, ‘ദ വിസര്‍ഡ് ഓഫ് ഓസിനെ’ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത് ഇതേ പേരില്‍ത്തന്നെ 1939-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു. ജൂഡി ഗാര്‍ലന്‍സ് എന്ന ബാലികയെ ഒരു സൂപ്പര്‍താരമാക്കി മാറ്റിയ ഈ ഹോളിവുഡ് ചിത്രം ഇന്നും ആളുകള്‍ക്കു ഹരമാണ്. ഈ സിനിമയുടെ ഡിജിറ്റല്‍ പ്രിന്റ് 1998 നവംബര്‍ ആറിന് അമേരിക്കയിലെ രണ്ടായിരം തിയേറ്ററുകളില്‍ ഒരേസമയത്തു പ്രദര്ശനത്തിനെത്തിയെന്നുപറഞ്ഞാല് ഈ ചിത്രത്തിന്റെ മഹിമയെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.
ഈ പുസ്തകത്തിന്റെ കഥ ഇങ്ങനെയാണ്: അമേരിക്കയിലെ കാന്‍സസില്‍ ജീവിച്ചിരുന്ന ഡോരതി എന്ന കൊച്ചുപെണ്‍കുട്ടി ഒരു ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് അവള് താമസിച്ചിരുന്ന വീടോടുകൂടി ഏതോ അജ്ഞാതലോകത്തു ചെന്നുവീഴുന്നു. അദ്ഭുതങ്ങള്‍ നിറഞ്ഞ പുതിയ ലോകത്തെത്തിയ അവള്‍ക്ക് എത്രയുംവേഗം നാട്ടില്‍ തിരിച്ചെത്തണം. പക്ഷേ വഴിയറിയില്ല.
കാന്‍സസിലേക്കുള്ള വഴി അവള് തിരക്കി. എമറാള്‍ഡ് സിറ്റിയില്‍ താമസിക്കുന്ന ഓസിനെ പോയി കണ്ടാല്‍ കാന്‍സസിലേക്കുള്ള വഴി അദ്ദേഹം പറഞ്ഞുതരുമെന്ന് അവള് മനസിലാക്കി. അതനുസരിച്ച് ആ പെണ്‍കുട്ടി യാത്ര തുടങ്ങി. ആ യാത്രയ്ക്കിടയിലാണ് തലച്ചോറില്ലാത്തതിനാല്‍ വിഷമിച്ചിരുന്ന കച്ചി മനുഷ്യനെയും ഹൃദയമില്ലാത്തതിനാല്‍ കണ്ണീരൊഴുക്കിയിരുന്ന ടിന് മനുഷ്യനെയും ധൈര്യമില്ലാത്തതിനാല്‍ വിലപിച്ചിരുന്ന സിംഹരാജനെയും ഡോരതി കണ്ടുമുട്ടുന്നത്. അവരോടു കരുണ തോന്നിയ ഡോരതി അവരെക്കൂടി ഓസിന്റെ അരികിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചു. തനിക്കു കാന്‍സസിലേക്കുള്ള വഴി പറഞ്ഞുതരുന്നതിനോടൊപ്പം കച്ചിമനുഷ്യന് തലച്ചോറും ടിന് മനുഷ്യനു ഹൃദയവും സിംഹരാജനു ധൈര്യവും ഓസ് നല്കുമെന്നു ഡോരതി വിശ്വസിച്ചു. അങ്ങനെ അവര്‍ ഒരുമിച്ച് യാത്രതിരിച്ചു. ആ യാത്രയ്ക്കിടയില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും
അവസാനം എമറാള്‍ഡ് സിറ്റിയിലെത്തി ഓസിനെ കാണുന്നതും അവര്‍ ആഗ്രഹിച്ചതുപോലെ കാര്യങ്ങളൊക്കെ നടക്കുന്നതുമാണ് കഥയിലെ പ്രമേയം. കഥയുടെ മറ്റു വിശദാംശങ്ങളിലേക്കു കടക്കാതെ ഹൃദയമില്ലാത്ത ടിന് മനുഷ്യനെക്കുറിച്ചുമാത്രം പരാമര്‍ശിക്കാം.
യാത്രയ്ക്കിടയില്‍ ഡോരതി കണ്ടുമുട്ടിയ ടിന് മനുഷ്യന് ആരംഭത്തില്‍ ഒരു യഥാര്‍ഥ മനുഷ്യനായിരുന്നു. ഒരു ദുര്‍മന്ത്രവാദിനിയുടെ കോപം മൂലമാണ് അയാള്‍ ഒരു ടിന് മനുഷ്യനായി രൂപപ്പെടാനിടയായത്. മാംസവും രക്തവും നഷ്ടപ്പെട്ടു ടിന് മനുഷ്യനായതില്‍ അയാള്‍ക്ക് അത്രയധികം ദുഃഖമില്ലായിരുന്നു. എന്നാല്‍, തനിക്കു ഹൃദയമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്കു തന്റെ ദുഃഖം താങ്ങാനായില്ല.
ഡോരതിയുമായുള്ള ആദ്യ സംഭാഷണത്തില്‍ത്തന്നെ ടിന് മനുഷ്യന് പറയുകയാണ്: ”എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എനിക്കു ഹൃദയം ഇല്ലാതായി എന്നതാണ്. ഹൃദയം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ ലോകത്തിലെ ഏറ്റവും സൗഭാഗ്യവാനായ മനുഷ്യനായിരുന്നു. ഹൃദയമില്ലാതെ ആര്‍ക്ക് എങ്ങനെ മറ്റൊരാളെ സ്നേഹിക്കാന്‍ സാധിക്കും?”
ടിന് മനുഷ്യന് ചോദിക്കുന്നതു ശരിയല്ലേ? ഹൃദയമില്ലാതെ മറ്റാളുകളെ നമുക്കു സ്നേഹിക്കാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. നമുക്കെല്ലാവര്‍ക്കും ഹൃദയമുണ്ടെന്നു നാം പലപ്പോഴും അവകാശപ്പെടാറില്ലേ? എങ്കിലും ചിലപ്പോഴെങ്കിലും നമ്മുടെ പെരുമാറ്റം കണ്ടാല്‍ നമുക്കു ഹൃദയമുണ്ടോ എന്നു മറ്റുള്ളവര്‍ സംശയിക്കുന്ന സാഹചര്യം ഉണ്ടാകാറില്ലേ? അതുപോലെ മറ്റുള്ളവര്‍ ചെയ്യുന്ന ചില പ്രവൃത്തികള്‍ കാണുമ്പോള്‍ അവര്‍ ഹൃദയമില്ലാത്തവരാണെന്നു നാം പറയാറില്ലേ?
ടിന് മനുഷ്യനു ഹൃദയമുണ്ടായിരുന്നകാലത്ത് അയാള്‍ മറ്റുള്ളവരെ സ്നേഹിച്ചിരുന്നു. അങ്ങനെ സനേഹിക്കാന്‍ സാധിച്ചതുവഴിയാണ് അയാള്‍ തന്റെ ജീവിതസൗഭാഗ്യം കണ്ടെത്തിയത്. നാമും നമ്മുടെ ജീവിതസൗഭാഗ്യം കണ്ടെത്തുന്നത് മറ്റുള്ളവരെ സ്നേഹിക്കുന്നതുവഴിയല്ലേ? മറ്റുള്ളവര്‍ക്കു സ്നേഹപൂര്‍വം നന്മ ചെയ്യുമ്പോഴല്ലേ നാം യഥാര്‍ഥത്തില്‍ സംതൃപ്തി അനുഭവിക്കുന്നത്?
ഡോരതിയോടൊപ്പം വനത്തില്‍ നടക്കുമ്പോള്‍ ടിന് മനുഷ്യന് പറഞ്ഞു: ”നിങ്ങള്‍ക്കു ഹൃദയമുള്ളതുകൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാന്‍ നോക്കും. എന്നാല്‍ എനിക്കു ഹൃദയമില്ലല്ലോ. അതുകൊണ്ട് മറ്റുള്ളവര്‍ക്കു ഞാന്‍ വഴി ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എനിക്കു കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരുന്നു.” ഹൃദയമില്ലാത്ത ടിന് മനുഷ്യന്റെ ഹൃദയമുള്ള ചിന്താരീതി ശ്രദ്ധിക്കുകതന്നെ വേണം. ഹൃദയമില്ലാഞ്ഞിട്ടുപോലും എത്ര ഹൃദയപൂര്‍വമാണ് അയാള്‍ പെരുമാറുന്നത്! എന്നാല്‍, നമുക്കു ഹൃദയമുണ്ടായിട്ടുപോലും ഹൃദയമില്ലാത്തവരെപ്പോലെയല്ലേ പലപ്പോഴും നാം പെരുമാറുക?
ഹൃദയമില്ലാത്ത ടിന് മനുഷ്യന് ഹൃദയമുണ്ടെന്നവകാശപ്പെടുന്ന നമുക്കെല്ലാം ഒരു മാതൃകയായിട്ടാണ് ഡോരതിയോടൊപ്പം ‘ദി വിസര്‍ഡ് ഓഫ് ഓസി’ല്‍ പ്രത്യക്ഷപ്പെടുന്നത്.
മറ്റുള്ളവരെ സ്നേഹിക്കാനും അവര്‍ക്കു നന്മ ചെയ്യാനുംകിട്ടുന്ന ഒരവസരവും പാഴാക്കരുത്. ഹൃദയപൂര്‍വം മറ്റുള്ളവരെ സ്നേഹിക്കാം. അതുവഴി നമുക്കു ഹൃദയമുണ്ടെന്ന് ഉറപ്പുവരുത്താം.
ഹൃദയത്തിന്റെ കാരണങ്ങള്‍ യുക്തിക്ക് മനസ്സിലാവുകയില്ല. – ബ്ലയിസ് പാസ്ക്കല്‍
Related
Related Articles
കലയും കലാപവും
ധാര്‍ഷ്ട്യക്കാരനും കുഴപ്പക്കാരനും കൊലപാതകിയും-ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ കലാകാരന് അറിയപ്പെട്ടിരുന്നത് ഇപ്രകാരമായിരുന്നു. കാര്‍വാജിയോ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ മൈക്കെലാഞ്ചലോ മെറിസിയോ ഡാ കാര്‍വാജിയോ കാലത്തോടും ചുറ്റുപാടുകളോടും സന്ധിചെയ്യാതെ ജീവിച്ചു.
യു എന്‍ വിമണ്‍ ഉം ജെന്‍ഡര്‍ പാര്‍ക്കും തമ്മിലുള്ള എംഒയു ഒപ്പുവെച്ചു.
തിരുവനന്തപുരം:കേരളത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കേരളാ ഗവണ്മെന്റ്ന്റെ ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ ക്ലിഫ്ഹൗസില്‍ ജെന്‍ഡര്‍ പാര്‍ക്ക്
ചരിത്രം സൃഷ്ടിക്കുന്ന സിനഡ് -ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍
ആലപ്പുഴ: ആഗോള സഭയുടെ സിനഡില്‍ പങ്കാളിയായി ആലപ്പുഴ രൂപതാ സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം. ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ബിഷപ് ഡോ. ജയിംസ്