ഹൃദയമിടിപ്പിന്റെ താളം

ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു.
നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ ഉറങ്ങുക. ഓരോ ഡോക്ടറും രോഗിയോട് പറയാതെ പറയുന്ന വാചകമായിരിക്കുമിത്. നിങ്ങളുടെ ജീവിതത്തില്‍ പ്രത്യാശയുടെ പൊന്കിരണങ്ങള് വിരിയിക്കാന്‍ ദൈവത്തെ കഴിഞ്ഞ് ഒരാളേയുള്ളൂ; അതാണ് ഡോക്ടര്‍. ജീവിതത്തിലെന്നുമവര്ക്ക് മരുന്നിന്റെ മണമായിരിക്കും. പ്രഫഷനോടുള്ള കമ്മിറ്റ്മെന്റും അതിനുവേണ്ടി തയ്യാറാക്കിയ ഹൃദയവുമാണ് ഒരു ഭിഷഗ്വരന്റെ ജീവിതം പൂര്‍ണമാക്കുന്നത്. ഒരു ഡോക്ടര്‍ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം കാണുന്നത് തന്റെ കുടുംബാംഗങ്ങളെയല്ല, രോഗികളെയാണ്. തങ്ങളുടെ ജീവിതത്തിലെ സുഖദുഃഖങ്ങള്‍ക്ക് അവധി നല്‍കിയാണ് പലപ്പോഴുമവര്‍ നിങ്ങളുടെ നെറ്റിത്തടത്തില്‍ കൈപ്പടമമര്ത്തുന്നതും ഹൃദയമിടിപ്പിന്റെ താളം ശ്രവിക്കുന്നതും.കൈപ്പിഴയും ചികിത്സാപ്പിഴവുമാരോപിച്ച് അവരെ പീഡിപ്പിക്കുന്നത് ഇപ്പോള്‍ നിത്യസംഭവങ്ങളായിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായ അറിവില്ലാതെയാണ് ജനക്കൂട്ടം ആശുപത്രികള്‍ തല്ലിത്തകര്‍ക്കുന്നതും ആതുരശുശ്രൂഷകരെ മര്‍ദ്ദിക്കുന്നതും. കൊവിഡ് മഹാമാരിയില്‍ ഇന്ത്യയില്‍ മാത്രം ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മരണത്തിനു കീഴടങ്ങിയെന്ന വസ്തുത ഇവിടെ അടിവരയിട്ട് ഓര്‍മിക്കേണ്ടതാണ്. പ്രതിസന്ധി കാലത്ത് ഒരുമടിയും കൂടാതെ തങ്ങളുടെ കടമ നിര്‍വഹിച്ച ഡോക്ടര്‍മാര്‍ക്ക് ഡോക്ടേഴ്സ് ഡേയില്‍ ആദരമര്‍പ്പിക്കാം.
തങ്ങളുടെ പാന്ഥാവില് കണ്ടുമുട്ടിയ ചില ജീവിതങ്ങളെയും സാഹചര്യങ്ങളെയും ഓര്‍ത്തെടുക്കുകയാണ് ഈ ഡോക്ടര്‍മാര്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നല്ല തിരക്കുള്ള ഒരു ഇഎന്‍ടി ഒപി ദിവസം. 70 വയസ്സ്
പ്രായം തോന്നിക്കുന്ന ഒരു അമ്മ രണ്ട് ആണ്മക്കളുമായി ഒപിയിലേക്ക് കടന്നുവന്നു. പതിഞ്ഞ സ്വരത്തില്‍ അമ്മ തന്റെ പ്രശ്നം അവതരിപ്പിച്ചു. അമ്മയുടെ മുഖം അടുത്തുകണ്ടപ്പോള്‍ മദര്‍ തെരേസയെപ്പോലെ തോന്നി. മൂത്തമകന് 50 വയസ്സും ഇളയമകന് 45 വയസ്സും പ്രായം.
രണ്ടുപേരും ഭിന്നശേഷിക്കാരാണ്. മൂത്തമകന് മിക്കപ്പോഴും തൊണ്ടവേദനയും ജലദോഷവും. അതായിരുന്നു പ്രശ്നം. അതിന് ഇത്രയും ദൂരെ മെഡിക്കല്‍ കോളജില്‍ വരേണ്ട കാര്യമുണ്ടോ? ഇളയ മകന് ന്യൂമോണിയ കടുത്തുപോയതിനാല് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവന്നതായിരുന്നു. കൂട്ടത്തില്‍, മൂത്ത മകന് ഇഎന്‍ടി പരിശോധനയാകാമെന്നു കരുതി. ഒന്നുരണ്ട് ഗുളിക മാത്രം എഴുതി ഫാര്‍മസിയിലേക്ക് പറഞ്ഞയച്ചു. പോകുന്നതിനു മുമ്പേ മൃദുലശ്രുതിയില് അമ്മ ആരാഞ്ഞു, മോന്റെ പേരെന്തേ? ചെറുപുഞ്ചിരിയില്‍ ആ മുഖത്തെ പ്രകാശം ജ്വലിച്ചു. ഒറ്റ വാക്യത്തില്‍, പ്രായത്തെ വെല്ലുന്ന തേജസ്സും വാക്കുകളില്‍ ഒരായുസ്സിന്റെ സ്നേഹവും ഒളിപ്പിച്ച നന്മ നിറഞ്ഞ അമ്മച്ചി.
കുഞ്ഞുസംഭാഷണത്തിന് ഇടയില്‍ അമ്മ ഇരുവരോടും കൂടെ തനിച്ച് ഒരു വീട്ടിലാണ് താമസം എന്നു മനസ്സിലാക്കി. പക്ഷേ ഒറ്റക്ക് ഇരുവരെയും എങ്ങനെ? തെല്ലു വിഷമത്തോടെ ഞാന്‍ ചോദിച്ചു. ദൈവം നടത്തുന്നു മോനെ, ഇനി എന്ത് എന്നോര്‍ത്ത് ഒരിക്കലും നിരാശപ്പെട്ടിട്ടില്ല, യഹോവ വഴി കാണിക്കും എന്ന് ആത്മവിശ്വാസത്തോടെ മറുപടി. പ്രത്യാശയുടെ അടിത്തട്ടിലേക്കുള്ള പാതയിലേക്ക് ആ വാക്കുകള്‍ വെളിച്ചമായി. ഞാന്‍ അതുവരെ കണ്ട സഹനങ്ങളൊന്നും ഒന്നുമല്ലെന്നു
പിന്നീടുള്ള സംഭാഷണം തെളിയിച്ചു.
അമ്മച്ചിക്ക് മറ്റു രണ്ടു മക്കള്‍ കൂടി ഉണ്ടെങ്കിലും അവരും കുടുംബമായി ഒത്തിരി കഷ്ടപ്പാടിലായിരുന്നു. മൂത്തമകന് ആറാം ക്ലാസുകാരന്റെ ഐക്യുവേ ഉണ്ടായിരുന്നുള്ളൂ. ഇളയ ആളിന് ഐക്യു നന്നേ കുറവായതിനാല്‍, കുഞ്ഞുകുട്ടികളുടെ സ്വഭാവമാണ്. പൊടുന്നനെ കൈവിട്ട് ഓടുകയും വാശിപിടിക്കുകയും കരയുകയുമൊക്കെ ചെയ്യും. എന്നിരുന്നാലും, അമ്മയുടെ മുഖത്ത് പരിഭവമില്ല, കുറ്റപ്പെടുത്തലുകളില്ല, പത്തരമാറ്റ് സ്നേഹവും പ്രത്യാശയും മാത്രം. ചിലപ്പോഴൊക്കെ അത് എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. അതാണല്ലോ ഒരു അമ്മയുടെ ശക്തിയും മാഹാത്മ്യവും!
ഏതു സാഹചര്യത്തിലും പള്ളിയിലും പ്രാര്ഥനാകൂട്ടായ്മയിലും മുടങ്ങാതെ അമ്മച്ചി പങ്കെടുത്തിരുന്നു. ആത്മാവില്‍ കുറിക്കുന്ന വചനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചിരുന്നു. ക്രൈസ്തവ മൂല്യങ്ങള്‍ക്കു വിലകല്പിക്കാതെ, പ്രാര്‍ഥനയ്ക്ക് അര്‍ത്ഥം ഇല്ലെന്നു പറയുന്നവര്‍ ഇതു കേട്ടിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. സഹനങ്ങളുടെ ജീവിതം ആയിരുന്നു കഴിഞ്ഞുപോയ 50 വര്‍ഷങ്ങള്‍. അതായിരിക്കാം ആ മുഖത്ത് പ്രായത്തെ വെല്ലുന്ന പ്രസരിപ്പ്. ചില ജീവിതങ്ങള്‍ നമുക്ക് നിഴല്‍ നാടകം കണക്കെ മുഖ്യധാരയില്‍ നിന്ന് അജ്ഞാത തിരശീലകൊണ്ടു മറയപ്പെട്ടുപോകുന്നു. സഹനറോസായില് വിടര്‍ന്ന വിശുദ്ധ റോസാ കണക്കെ…
പിന്നീട് കുറേ നാളുകള്‍ കഴിഞ്ഞാണ് അമ്മച്ചിയെ കാണുന്നത്. അപ്പോഴും ഒറ്റയ്ക്ക് ആയിരുന്നു, മക്കളോടൊപ്പം…പ്രായം തളര്‍ത്താതെ, വാടാത്ത ഹൃത്തുമായി.
കഴിഞ്ഞ 15 വര്‍ഷത്തെ എന്റെ സേവനകാലയളവില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തിയും സന്തോഷവും നല്കിയ ഒരു കേസ് 2021 ജനുവരി 23-ന് അസ്സീസി ആശുപത്രിയില്‍ വന്ന തൊടുപുഴ സ്വദേശിനി സോണിയ എന്ന രോഗിയുടേതാണ്. സോണിയക്ക് 40 വയസ്സ് പ്രായമായിരുന്നു. മൂന്നു വര്‍ഷമായി കടുത്ത വയറുവേദന മൂലം അവര്‍ ഒരുപാട് പ്രയാസപ്പെട്ടിരുന്നു. പല ആശുപത്രികളിലും കയറിയിറങ്ങി; രോഗം പിത്താശയകല്ല് മൂലമാണെന്നാണ് എല്ലാ ഡോക്ടര്‍മാരും പറഞ്ഞത്.
സര്‍ജറി ചെയ്യാനാണ് അവരെല്ലാം നിര്‍ദേശിച്ചത്. എന്നാല്‍ ശസ്ത്രക്രിയ മൂലം കുഴപ്പങ്ങളുണ്ടാകുമെന്ന ഭയം കാരണം ചികിത്സാവിധി ഒരുപാട് വൈകി. ഈ അവസ്ഥയിലാണ് അവര്‍ എന്നെ കാണാന്‍ വരുന്നത്. ഞാന്‍ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി. അവരുടെ പേടിയൊക്കെ മാറ്റി. കൊളിസിസ്റ്റോറ്റൊമി ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു. ചില കോംപ്ലിക്കേഷന്‍സും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടായിട്ടും വളരെ വിജയകരമായി ആ സര്‍ജറി പൂര്‍ത്തിയാക്കാനായി.
സര്‍ജറിക്കുശേഷം മൂന്നു ദിവസം കഴിഞ്ഞ് സോണിയയും കുടുംബവും വീട്ടിലേക്കു തിരിച്ചുപോയി. പിന്നീട് അവര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു. നേരത്തെ ചെയ്തിരുന്ന പണികളൊക്കെ ചെയ്യാമെന്നായി. സോണിയയും കുടുംബവും വളരെയധികം സന്തോഷത്തോടെ പിന്നീട് ഒരു ദിവസം എന്നെ കാണാന്‍ വന്നിരുന്നു. സര്‍ജറി കഴിഞ്ഞ് ഇന്നുവരെ അവര്‍ക്ക് ഇതു സംബന്ധിച്ച യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നു പറയുകയും ചെയ്തു.
മനുഷ്യര്‍ക്കു നന്മ ചെയ്യാന്‍ പറ്റിയ ഒരു സേവന മേഖലയാണ് വൈദ്യശാസ്ത്രമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കഴിഞ്ഞ 36 വര്‍ഷമായി വൈപ്പിന്‍, പറവൂര്‍ മേഖലകളിലായി ഞാന്‍ കുട്ടികളെ ചികിത്സിച്ചുവരുന്നു. ചികിത്സയുടെ ഭാഗമായി ധാരാളം അഭിനന്ദനങ്ങളും ഒപ്പം വിമര്‍ശനങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലാ ഡോക്ടര്‍മാരുടെ കരിയറിലും ഇതു സാധാരണമാണ്. അതുകൊണ്ടു തന്നെ ചികിത്സാമേഖലക്കു പുറമേ എന്നെ സ്പര്‍ശിച്ച ഒരു കാര്യമാണ് ഞാനിവിടെ ലഘൂകരിച്ച് പറയാന്‍ ഉദ്ദേശിക്കുന്നത്.
ഒരു ദിവസം ഡോണ്‍ബോസ്കോ ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ ഞാനിരിക്കുമ്പോള്‍ കേരളത്തിലെ വിദഗ്ദ്ധ ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ ഡോക്ടറും അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമായി വന്നു. ഡോക്ടര്‍ എന്നെ ഒന്നു സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ വൈക്കത്തു നിന്നു ഗുരുവായൂര്‍ക്ക് അവരുടെ മകളുടെ കല്യാണത്തിനു പോവുകയാണ്. വഴിക്കുവെച്ചു വണ്ടി ഒരു സൈക്കിളില്‍ മുട്ടി. സൈക്കിളില്‍ സഞ്ചരിച്ചിരുന്നയാള്‍ക്ക് ചെറിയ പരിക്കു പറ്റി. പരിക്ക് നിസാരമാണെങ്കിലും സൈക്കിളുകാരന് അവരെ പോകാന്‍ അനുവദിക്കുന്നില്ല. ഡോക്ടറും കുടുംബവുമാണെങ്കില്‍ വലിയ ടെന്‍ഷനിലും. ഞാന്‍ കാര്യമന്വേഷിച്ചു. ഡോക്ടറുടെ അമ്മ അത്യാസന്ന നിലയിലാണ്. ഏതുനിമിഷവും മരണം സംഭവിച്ചേക്കാം. മരണമുണ്ടായാല്‍ കുറെ നാളത്തെക്ക് കല്യാണം നടത്താന്‍ സാധിക്കുകയില്ല. അതാണ് ഡോക്ടറുടേയും കുടുംബത്തിന്റേയും ടെന്‍ഷന്റെ പ്രധാന കാരണം. ഈ കാര്യത്തിനാണ് ഞാന്‍ സഹായിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞത്. ഞാന്‍ സൈക്കിളുകാരനോടു സംസാരിച്ചു. അയാളെ അനുനയിപ്പിച്ചു. നിങ്ങളുടെ ചികിത്സയുടെ കാര്യം ഞാന്‍ നോക്കാം. നിങ്ങള്‍ ഇവരെ വിട്ടയക്കണമെന്ന് അയാളോട് അഭ്യര്‍ഥിച്ചു. അയാളതു സമ്മതിച്ചു. ഞാന്‍ പരിക്കുപറ്റിയയാള്ക്ക് ശുശ്രൂഷ നല്കി. ഡോക്ടറും കുടുംബവും പോകാനൊരുങ്ങി. ഡോക്ടര്‍ എന്നോടു ഒരു വാക്കു പറഞ്ഞു, വൈക്കത്തപ്പനെ കണ്ടതുപോലെയാണ് ഡോക്ടറെ കാണാന്‍ കഴിഞ്ഞതെന്ന്. ഞാന്‍ ഞെട്ടിപ്പോയി. കാരണം ഈശ്വരനെ പോലെയാണ് അദ്ദേഹം അപ്പോഴെന്നെ കണ്ടതെന്നാണ് പറഞ്ഞത്. വൈക്കത്തപ്പന് എന്നു പറഞ്ഞാല്‍ ഹൈന്ദവരുടെ ദൈവമാണ്. ദൈവത്തെ കാണുന്നപോലെയാണ് ആ ഡോക്ടര്‍ എന്നെ കണ്ടത്.
ഞാന്‍ 2012-ല്‍ മുണ്ടക്കയം എംഎംടി ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ സേവനമനുഷ്ഠിക്കുന്ന കാലം. ഒരു രാത്രിയില്‍ നെറ്റിയില്‍ വലിയൊരു മുറിവുമായി കരഞ്ഞുകൊണ്ടിരുന്ന ആറുവയസ്സുള്ള പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവള് ഏതോ അനാഥമന്ദിരത്തിലെ അന്തേവാസിയായിരുന്നു. ബൈസ്റ്റാന്‍ഡര്‍ ആയി ഉണ്ടായിരുന്നത് അമേരിക്കന്‍ പൗരത്വമുള്ള വിദേശ വനിതയാണ്. അവര്‍ ഇന്ത്യയില്‍ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു.
അവര്‍ ഇപ്രകാരം പറഞ്ഞു: ഞാന്‍ ഈ കുട്ടിയെയും കൊണ്ട് ഇപ്പോള്‍ നാലാമത്തെ ആശുപത്രിയിലാണ് കയറിയിറങ്ങുന്നത്. ഈ കുട്ടി എച്ച്ഐവി പോസിറ്റീവാണ്. അതിനാല്‍ ഇവളുടെ മുറിവില്‍ സ്റ്റിച്ചിടാനോ ഇവളെ ചികിത്സിക്കാനോ മൂന്നിടത്തും ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. അവര്‍ക്കെല്ലാം ഭയമാണ്. എനിക്ക് ഇത് ഡോക്ടര്‍മാരില്‍ നിന്ന് മറച്ചുവയ്ക്കാം, പക്ഷേ ഞാനത് ചെയ്യുന്നില്ല.
കുട്ടിയുടെ കരച്ചിലും ദയനീയ അവസ്ഥയും കണ്ട ഞാന്‍ നഴ്സിങ് സ്റ്റാഫിനോട് മുറിവ് തുന്നിക്കെട്ടുന്ന സ്യൂച്ചറിങ് ചെയ്യാന്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഭയംകാരണം അവരും അതിന് തയ്യാറല്ലായിരുന്നു. പിന്നീട് അവര്‍ തയ്യാറാക്കി തന്ന മൈനര്‍ ഒടിയില്‍ വച്ച് അല്പംഭയത്തോടെയാണെങ്കിലും ഡബിള്‍ ഗ്ലൗസ് ഇട്ടുകൊണ്ട് ആരും സഹായിക്കാനില്ലാതെ ഞാന്‍ ആ മുറിവ് സ്റ്റിച്ച് ഇട്ട് കൊടുത്തു. പോകുന്നതിന് മുമ്പുള്ള ആ കുട്ടിയുടെ ചിരിക്കുന്ന മുഖം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എന്റെ ഇതുവരെയുള്ള മെഡിക്കല്‍ കരിയറിലെ ഏറ്റവും സംതൃപ്തമായൊരു അനുഭവമായിരുന്നു അത്.
എല്ലാ മേഖലയിലുമെന്ന പോലെ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി പുതുതായി സ്റ്റെതസ്കോപ് അണിഞ്ഞവരും പഠനം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നവരും കഠിനപാതയിലൂടെയാണ് കടന്നുപോകുന്നതെന്നു പറയേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിഭാരം കൂടിയതുമൂലം മാനസിക നില തകരാറിലായ ജൂനിയര്‍ ഡോക്ടര്‍മാര്‍ പോലുമുണ്ട്. ഒരു രോഗി അഡ്മിറ്റ് ആകുന്നതു മുതല്‍ ഡിസ്ചാര്‍ജ് ആകുന്നതുവരെ അയാളുടെ ആരോഗ്യനില സംബന്ധിച്ച എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത് ജൂനിയര്‍ ഡോക്ടര്‍മാരാണ്. ഒപിയിലും അത്യാഹിതവിഭാഗത്തിലും അവരുടെ സേവനം അത്യന്താപേക്ഷിതമാണ്. തിരക്കുകൂടുതലുള്ള ദിവസങ്ങളില്‍ ഉറങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള സമയം പോലും അവര്‍ക്കു കിട്ടാറില്ല. പഠിപ്പ് പൂര്ത്തിയാക്കാത്തവര്ക്കാകട്ടെ സ്വാഭാവികമായും പഠിക്കാനുള്ള സമയവും കിട്ടുന്നില്ല.
വൈദ്യശാസ്ത്രമേഖല ഓരോ ദിവസം കഴിയുന്തോറും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. പഴയതലമുറയെ അപേക്ഷിച്ച് പുതിയവര്‍ക്ക് സാങ്കേതികവിദ്യ വളരെ നന്നായി ഉപയോഗിക്കാന്‍ കഴിയുന്നു. രോഗനിര്‍ണ്ണയത്തില്‍ ലക്ഷണങ്ങളുടെയും സൂചനകളുടെയും അടിസ്ഥാനത്തെക്കാള്‍ പരിശോധനാ ഫലങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. കൈപുണ്യത്തിനു പകരം യന്ത്രങ്ങളുടെ മേന്മയാണ് ഇന്ന് രോഗത്തെ മറികടക്കാന്‍ ഉപയോഗിക്കുന്നത്. കാലാനുസൃതമായ മാറ്റം എന്ന് ഇതിനെ പറയാനാകും. ഇതേ മാറ്റങ്ങള്‍ പക്ഷേ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്ക്കുമുണ്ടാകുന്നു എന്നതാണ് രസകരം. മധ്യവര്‍ഗത്തില്‍ പെട്ട ഒരു രോഗി ഇക്കാലത്ത് ഡോക്ടറെ സന്ദര്‍ശിക്കാന്‍ എത്തുന്നതിനു മുമ്പ് ഇന്റര്‍നെറ്റ് വഴി തന്റെ രോഗവും അതിന്റെ ചികിത്സകളും മരുന്നുകളും വരെ അറിഞ്ഞിരിക്കും. ഡോക്ടറെ കാണുന്നത് ഒരു സെക്കന്‍ഡ് ഒപ്പീനിയന് എടുക്കാനെത്തുന്നതിനു തുല്യമാണ്. ഇന്റര്‍നെറ്റ് വഴി അറിഞ്ഞ വിവരങ്ങളില്‍ തെറ്റോ അപാകതകളോ ഉണ്ടെങ്കില്‍ ഡോക്ടറുമായി വാക്കുതര്‍ക്കം വരെ നടക്കും. പഴയ കാലത്തെ അപേക്ഷിച്ച് ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണുകഴിഞ്ഞു. വൈകാരികമായ, സ്ഥിരമായ ഒരു ബന്ധം കാത്തുസൂക്ഷിക്കാന്‍ ഇരുകൂട്ടര്‍ക്കും താല്പര്യമില്ല. ആശുപത്രികളില്‍ പലപ്പോഴായി നടക്കുന്ന ആക്രമണസംഭവങ്ങള്‍ ഇതിന്റെ പ്രത്യക്ഷസൂചനയാണ്. അടിസ്ഥാന മെഡിക്കല്‍ ബിരുദം മാത്രം സമ്പാദിച്ച ഒരു ഡോക്ടറുടെ കരിയര്‍ ഇക്കാലത്ത് ശോഭനമല്ല. സര്‍ക്കാര്‍ ആശുപത്രികള്‍ പരിമിതമായ ഇവിടെ സര്‍ക്കാര്‍ ജോലിയെന്നത് എല്ലാവര്ക്കും ലഭ്യമാകുന്നില്ല. ചൈനപോലുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ബിരുദം സമ്പാദിക്കുന്നവരുടെ സ്ഥിതി ഇതിലും മോശമാണെന്നുതന്നെ പറയാം. ജോലി സ്ഥിരതയോ മികച്ച ശമ്പളമോ ഇവര്‍ക്കു ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനാണ് എല്ലാവരും തയ്യാറെടുക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ വിവിധ വിഭാഗങ്ങളില്‍ സ്പെഷലൈസേഷനാണ് അവര്‍ക്കു മുന്നിലുള്ള മാര്‍ഗം. മികച്ച സ്വകാര്യആശുപത്രികളില്‍ തൊഴില്‍ നേടുകയോ വിദേശത്തേക്കു പോകുകയോ ആണ് പലരും തിരഞ്ഞെടുക്കുന്ന വഴി.
പല മാരക രോഗങ്ങളെയും കീഴടക്കാനും പിടിച്ചുനിര്‍ത്താനും മരണനിരക്ക് കുറയ്ക്കാനും ആധുനികവൈദ്യശാസ്ത്രത്തിന് കഴിഞ്ഞുവെന്ന് അഹങ്കരിച്ചിരിക്കുമ്പോഴാണ് കൊവിഡ് പോലുള്ള മഹാമാരികള്‍ പടര്‍ന്നുപിടിച്ച് വൈദ്യശാസ്ത്രത്തെ അസ്തപ്രജ്ഞമാക്കിയത്. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതെ ഭിഷഗ്വരന്മാരും അവരുടെ സഹായികളും മഹാമാരിക്കെതിരേ ശക്തമായ പോരാട്ടം തന്നെ കാഴ്ചവച്ചു. നിരവധി പേര്‍ക്ക് ഈ പോരാട്ടത്തില്‍ ജീവഹാനി സംഭവിച്ചു.
പൊതുജനാരോഗ്യത്തിന്റെ ശക്തി ഡോക്ടര്‍മാരുടെ രോഗികളുമായുള്ള ഫലപ്രദമായ ഇടപെടലുകളും ബന്ധങ്ങളുമാണ്. യുവതലമുറ ഡോക്ടര്‍മാരെ ഈ രീതിയില്‍ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. യുവ ഡോക്ടര്‍മാരുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റേയും ഭാഗത്തു നിന്ന് ഉചിതമായ നടപടികള്‍ ഉണ്ടായേ തീരൂ.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സെപ്റ്റംബര്‍ 22ന് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള സാര്‍വ്വദേശീയ ദിനം
സ്വന്തം ദേശത്ത് കുടിയൊഴിപ്പിക്കപ്പെട്ട്- യേശുക്രിസ്തുവിനെപ്പോലെ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട മനുഷ്യരെ സ്വീകരിക്കുക, പരിരക്ഷിക്കുക, വളര്‍ത്തുക, അനുരൂപണം ചെയ്യുക എന്ന സഭയുടെ ദൗത്യമാണ് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള 106-ാമത് സാര്‍വദേശീയ
ബിജെപി എംപി ഭരത്സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി
എറണാകുളം: ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കെഎല്‍സിഎ സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ.
കൊല്ലരുതേ!
സഹായരായ ശിശുക്കളെ അമ്മയുടെ ഉദരത്തില്‍ തന്നെ വധിക്കുന്നതിനുള്ള നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള ഭേദഗതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ഗര്‍ഭഛിദ്രം