നേരിന്റെ മൂര്‍ച്ചയില്‍ വെട്ടിതിളങ്ങിയ വാക്കുകള്‍

by admin | September 24, 2021 7:39 am

സാധാരണക്കാര്‍ക്കുവേണ്ടി ചിന്തിക്കാനും നിലകൊള്ളാനും കഴിഞ്ഞിരുന്ന കെ.എം റോയ് എന്ന പത്രപ്രവര്‍ത്തകന്‍ ഇനിയില്ല. എട്ടു വര്‍ഷം മുമ്പ് പക്ഷാഘാതത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ശയ്യാവലംബനാകുന്നതുവരെ ചുറുചുറുക്കിന്റെ പര്യായമായിരുന്നു റോയ്. മലയാളത്തിലും ഇംഗ്ലീഷിലും സ്വായത്തമാക്കിയ മനോഹരഭാഷയില്‍ നിര്‍ഭയനായി ഒരു പോരാളിയുടെ വീറും വാശിയുമോടെ എഴുതി. അതിനെക്കാള്‍ ശക്തമായ ഭാഷയില്‍ പ്രഭാഷണങ്ങള്‍ നടത്തി. അതിന് സാക്ഷ്യം വഹിച്ച കുറെ പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അടുത്തുനിന്ന് ആ ചൂടും ചൂരും അനുഭവിച്ചറിയാന്‍ എനിക്ക് കഴിഞ്ഞു എന്ന് അഭിമാനത്തോടെ ഓര്‍ത്തുപോകുന്നു.

കാലം 1994. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കിയ ഒന്നാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. മാലിയില്‍ നിന്നു ചാരവൃത്തിക്കുവന്ന മറിയത്തിനും ഫൗസിയായ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ രഹസ്യങ്ങള്‍, രാജ്യത്തെ ഒറ്റിക്കൊടുത്തുകൊണ്ട് നമ്പി നാരായണനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ വെറും ദ്രവ്യമോഹത്തിന്റെ പേരില്‍ നല്‍കിയെന്നതായിരുന്നു ചാരക്കേസ്. എന്നാല്‍ ഈ ചാരക്കേസുതന്നെ കെട്ടുകഥയാണെന്നും നമ്പി നാരായണന്‍ മുതല്‍ മറിയം റഷീദ വരെയും കെ. കരുണാകരന്‍ മുതല്‍ രമണ്‍ ശ്രീവാസ്തവ വരെയും തീര്‍ത്തും നിരപരാധികളാണെന്നും മംഗളം പത്രത്തിലൂടെ നിരന്തരമായി കെ.എം റോയ് എഴുതിക്കൊണ്ടിരുന്നു. മറ്റു പത്രങ്ങള്‍ തിരിച്ചും!

ഈ പൊരുത്തക്കേടിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോടു നേരിട്ടുതന്നെ ചോദിച്ചു: ”സാറെന്താണ് രാജ്യത്തെ ഒറ്റുന്നവരോട് ചേര്‍ുന്നുനില്‍ക്കുകയാണോ? സാറിനോടെനിക്ക് എന്തെന്നില്ലാത്ത ബഹുമാനം ഉള്ളതുകൊണ്ട് ചോദിക്കുന്നതാണ്. പൊതുസമൂഹം സാറിനെക്കുറിച്ചു പറഞ്ഞുനടക്കുന്നത് ഇങ്ങനെയൊക്കെയാണ്.”

”ശരിയാണെടോ, ഇതിന്റെ പേരില്‍ ഞാന്‍ നിത്യേന കേട്ടുകൊണ്ടിരിക്കുന്നത് അതിക്രൂരമായ വിമര്‍ശനങ്ങള്‍ തന്നെയാണ്. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ വ്യഭിചരിക്കുന്നവന്‍ എന്നുവരെ ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. എനിക്കതില്‍ വിഷമമില്ല. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ അസത്യത്തിന്റെ പിറകെ പോകരുത്. അന്വേഷിച്ചറിയണം. സത്യമറിഞ്ഞെഴുതണം. എന്തായാലും ഒരുനാള്‍ ഈ സത്യങ്ങള്‍ പുറത്തുവരും.” തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം അതു പറഞ്ഞത്. അതോടെ ഞാന്‍ ചാരക്കേസിനെ മറ്റൊരു ആങ്കിളിലൂടെ കാണാന്‍ ശ്രമിച്ചു.

കെ.എം. റോയിയെ കൂടാതെ ബി.ആര്‍.പി ഭാസ്‌ക്കറും സക്കറിയായും മാത്രമാണ് ചാരക്കേസ് കെട്ടുകഥയാണെന്ന് തറപ്പിച്ചെഴുതിയിരുന്നുള്ളൂ. കാലങ്ങള്‍ക്കുശേഷം ഈ മൂന്നൂപേര്‍ പറഞ്ഞതാണ് സത്യമെന്ന് തെളിഞ്ഞുവല്ലോ!

മത്തായി മാഞ്ഞൂരാനായിരുന്നു റോയിയുടെ റോള്‍ മോഡല്‍. എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ റോയിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമേറി. കോളജില്‍ വച്ച് തിരഞ്ഞെടുപ്പ് നോട്ടീസും ലഘുലേഖകളും തയ്യാറാക്കിയാണ് എഴുത്തിലേക്ക് കടക്കുന്നത്. അത് ഏറെ പ്രസിദ്ധമായി തീരുകയും ചെയ്തു. വയലാര്‍ രവി, എ.കെ ആന്റണി തുടങ്ങിയിങ്ങോട്ടുള്ളവര്‍ റോയിയുടെ നോട്ടീസിന്റെ മാതൃകയാണ് പിന്‍തുടര്‍ന്നിരുന്നതത്രെ!

1961ല്‍ എം.എയ്ക്കു പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ എറണാകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന മത്തായി മാഞ്ഞൂരാന്റെ ‘കേരളപ്രകാശം’ എന്ന പത്രത്തിന്റെ സഹപത്രാധിപരായിരുന്നു. കുറച്ചുകാലം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ അധ്യാപകനുമായിരുന്നു റോയ്. പിന്നീട് കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ദേശബന്ധു,’ ‘കേരളഭൂഷണം’ എന്നീ പത്രങ്ങളില്‍ ജോലിനോക്കി. തുടര്‍ന്ന് ‘ഇക്കണോമിക് ടൈംസ്,’ ‘ദ ഹിന്ദു’ എന്നീ ദേശീയ മാധ്യമങ്ങളിലേക്കു ചേക്കേറി.

പരിശീലനത്തിന്റെ മികവാണ് പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും വലുതാക്കുന്നതെന്ന് ഉറച്ചുവിശ്വസിച്ച റോയ് അതിനുവേണ്ടി കൈക്കൊണ്ട ശ്രമങ്ങള്‍ നിരവധിയാണ്. ചെറുകിട പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിദേശത്ത് പരിശീലനം ലഭ്യമാക്കേണ്ടത് തന്റെ കടമയാണെന്ന് ഉറച്ചുവിശ്വസിച്ച വ്യക്തി. പത്ര പ്രവര്‍ത്തകരുടെ ദേശീയ സംഘടനയായിരുന്ന ഐഎഫ്ഡബ്ല്യുജെയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തിരുന്ന കാലയളവില്‍ ഇത് യാഥാര്‍ഥ്യമാക്കുന്നതിന് ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒടുവിലതിന് ഫലം കണ്ടു. സോവിയറ്റ് ചേരിയിലുള്ള രാജ്യങ്ങള്‍ ഇതിന് അവസരം നല്‍കി. അങ്ങനെ കേരളത്തിലെ ഇടത്തരം പത്രസ്ഥാപനങ്ങളിലെ ഒട്ടേറെ പത്രപ്രവര്‍ത്തകര്‍ക്ക് പ്രാഗിലും മോസ്‌കോയിലും സോഫിയയിലും മറ്റും സ്‌കോളര്‍ഷിപ്പോടെ പരിശീലനം ലഭ്യമായി.

എന്തിനേറെ, ഇപ്പോഴുള്ള കേരള മീഡിയ അക്കാദമി എന്ന പ്രസ് അക്കാദമി രൂപംകൊണ്ടതിന്റെ പിന്നിലും ഈ മനുഷ്യന്റെ പ്രേരണ ചെറുതല്ല. പ്രൊഫഷണല്‍ പരിശീലനമെന്നത് വല്ലപ്പോഴും നടത്തേണ്ട ഒന്നല്ലെന്ന തിരിച്ചറിവായിരുന്നു അതിനു പിന്നില്‍. ഒരിക്കല്‍ ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച ഒരു പരിശീലനക്കളരിയിലാണ് ആദ്യമായി പ്രസ് അക്കാദമി എന്ന ആശയം ചര്‍ച്ചചെയ്യപ്പെട്ടത്. ടി.കെ.ജി. നായര്‍, കെ.എം. റോയ്, ടി. വേണുഗോപാല്‍, തോമസ് ജേക്കബ്, പി. രാജന്‍, എന്‍.വി. പൈലി, മലപ്പുറം പി.മൂസ, വി.കെ.ബി, തോട്ടം രാജശേഖരന്‍, എന്‍.എന്‍. സത്യവ്രതന്‍ തുടങ്ങിയവരാണ് ഈ ആശയത്തിന് വിത്തുപാകിയത്. അവരത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചെവിയില്‍ എത്തിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ് 1976 മാര്‍ച്ചില്‍ പാലക്കാട്ട് പത്രപ്രവര്‍ത്തക യൂണിയന്റെ സമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍. അന്ന് പബഌക് റിലേഷന്‍സ് ഡയറക്റ്ററായിരുന്നു തോട്ടം രാജശേഖരന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിറങ്ങും മുമ്പേ കരുണാകരന്റെ പതിവു ചോദ്യം, ”പുതിയതെന്തുണ്ട്?” ചരല്‍ക്കുന്നിലും മറ്റും നടത്തിവന്ന പത്രപ്രവര്‍ത്തക ശില്പശാലകള്‍ ഒരു സ്ഥിരം സംവിധാനമാക്കാന്‍ കഴിയുമോ എന്ന ചിന്തയിലായിരുന്നു തോട്ടം. അതേക്കുറിച്ചുള്ള സുഹൃത്ചര്‍ച്ചകള്‍ മുറയ്ക്കു നടന്നതില്‍ നിന്നാണ് പ്രസ് അക്കാദമി എന്ന ആശയം ഉരുത്തിരിഞ്ഞത്. ആ ഘട്ടത്തിലാണ് കരുണാകരന്റെ ചോദ്യം. അപ്പോള്‍ പ്രസ് അക്കാദമിയെക്കുറിച്ചും പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ എന്ന ആശയത്തെക്കുറിച്ചും അദ്ദേഹം കരുണാകരനു വിശദീകരിച്ചുകൊടുത്തു. ഈ രണ്ടു കാര്യങ്ങളും കരുണാകരന്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

തിരുവനന്തപുരത്തു തിരിച്ചെത്തിയ ഉടന്‍ കരുണാകരന്‍ ചോദിച്ചു, ”എവിടെ അക്കാദമിയുടെ പ്രൊപ്പോസല്‍?”

അന്നു രാത്രിയിലിരുന്ന് പ്രസ് അക്കാദമിയുടെ കരടുരൂപം തോട്ടം തയ്യാറാക്കി. പിറ്റേന്ന് അത് കരുണാകരന് സമര്‍പ്പിച്ചു. അക്കാദമി രൂപവല്‍ക്കരിക്കാന്‍ കരുണാകരന്‍ ചുമതലപ്പെടുത്തിയത് തോട്ടം രാജശേഖരനെ തന്നെയായിരുന്നു. പിന്നീട് പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അക്കാദമി രൂപം കൊണ്ടത്.

സംസ്ഥാനത്തെ പത്രപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ രൂപവല്‍ക്കരണം മുതല്‍ അതിന്റെ ശക്തിപ്പെടുത്തലില്‍ മാത്രമല്ല പത്രപ്രവര്‍ത്തനം ഒരു പ്രൊഫഷന്‍ എന്ന നിലയ്ക്ക് വളര്‍ത്തിയെടുക്കുന്നതിലും പത്രപ്രവര്‍ത്തക ക്ഷേമനിധി മുതല്‍ പെന്‍ഷന്‍, വേജ് ബോര്‍ഡ് തുടങ്ങിയവയുടെ രൂപവല്‍ക്കരണത്തിലും കെ.എം. റോയി എന്ന സംഘാടകന്റെ അര്‍പ്പണബോധം എടുത്തുപറയേണ്ടതാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തന്നെയാണ് അദ്ദേഹത്തിന് ഹിന്ദു പത്രത്തില്‍നിന്നു പിരിയേണ്ടിവന്നത്.

ആയിടയ്ക്കാണ് കേരളത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി മത്സരം യു.എന്‍.ഐക്കുവേണ്ടി റിപ്പോര്‍ട്ടു ചെയ്യാന്‍ റോയിയെ ചുമതലപ്പെടുത്തിയത്. അതിനുശേഷം അദ്ദേഹം യു.എന്‍.ഐയുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്നു. പിന്നീട് റോയിയെ ഹൈദരാബാദിലേക്ക് സ്ഥലംമാറ്റി. അതും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞുകേട്ടിരുന്നു. താമസിയാതെ റോയ് ആ ജോലിയും ഉപേക്ഷിച്ചു.

കൊച്ചിന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയുള്ള സ്വതന്ത്രനായി റോയ് ഒരുവട്ടം മത്സരിച്ചു ജയിക്കുകയുണ്ടായി. അങ്ങിനെ കോര്‍പറേഷന്‍ കൗണ്‍സിലറായി പൊതുരംഗത്തും ഒരു ടേമില്‍ റോയ് സജീവമായിരുന്നു. 1997ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സെബാസ്റ്റ്യന്‍ പോളിനെ പരിഗണിക്കും മുന്‍പേ പാര്‍ട്ടി കെ.എം റോയിയെ ആണ് സമീപിച്ചത്. അദ്ദേഹമത് നിരസിച്ചപ്പോഴാണ് സെബാസ്റ്റ്യന്‍ പോളിന് നറുക്കുവീണത്. കോണ്‍ഗ്രസും പലവട്ടം റോയിയെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. ”ഞാന്‍ നിങ്ങളെയൊക്കെ ഇക്കണ്ട കാലമത്രയും നിശിതമായി വിമര്‍ശിച്ചുനടന്നിട്ട് ഒടുവില്‍ നിങ്ങളോടൊപ്പം ചേര്‍ന്നുനിന്നാല്‍ ജനം എന്നെ പരിഹസിക്കില്ലേ? വെറുതെയെന്തിന് ഒരു പരിഹാസപാത്രമാകണം!” ഇതായിരുന്നു റോയിയുടെ പ്രതികരണം. ഇന്ത്യയില്‍ പത്രപ്രവര്‍ത്തന രംഗത്ത് ഇതേ ചങ്കൂറ്റം പ്രകടിപ്പിച്ച മറ്റൊരു പത്രപ്രവര്‍ത്തകന്‍ കൂടിയേ ഉണ്ടായിരുന്നുള്ളൂ. അത് വിനോദ് മേത്ത ആയിരുന്നു.

ഒരു ദിനപത്രം തുടങ്ങണമെന്ന ആശയം മംഗളം പത്രാധിപര്‍ എം.സി. വര്‍ഗീസ് പ്രകടിപ്പിച്ചപ്പോള്‍ കെ.എം. റോയ് അതിനെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. പത്രം ചെറിയ കളിയല്ലെന്നും അതിന് ദീര്‍ഘനാളത്തെ ക്ഷമയും കാത്തിരിപ്പും പ്രതിജ്ഞാബദ്ധതയും വേണമെന്നും ഉപദേശിച്ചു. എന്നാല്‍ സമൂഹത്തിലെ സാധാരണക്കാര്‍ക്കുവേണ്ടി പത്രം നടത്തുമെന്ന തീരുമാനം വര്‍ഗീസ് അറിയിച്ചപ്പോള്‍ അതിനൊപ്പം നില്‍ക്കാനും റോയ് തയ്യാറായി. 1987ല്‍ ‘മംഗളം’ ദിനപത്രത്തില്‍ ജനറല്‍ എഡിറ്ററായി ചേര്‍ന്നു. അഞ്ചു പതിറ്റാണ്ടോളം നീണ്ട ഇദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ മംഗളത്തില്‍ കിട്ടിയ സ്വാതന്ത്ര്യം മറ്റെങ്ങുനിന്നും കിട്ടിയിട്ടില്ലെന്ന് തുറുപറഞ്ഞിട്ടുണ്ട് റോയ്. മംഗളം പത്രത്തിലും വാരികയിലും വര്‍ഷങ്ങളോളം റോയ് എഴുതിക്കൊണ്ടിരുന്ന സ്ഥിരം പംക്തികളില്‍ വര്‍ഗീസിന്റെ ഉറ്റസുഹൃത്തുക്കളായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും, എന്തിന്, അദ്ദേഹത്തിന്റെ മതവിശ്വാസങ്ങളെ സ്പര്‍ശിക്കുന്ന വിധവും കടുത്ത വിമര്‍ശനങ്ങള്‍ വരെ റോയ് എഴുതി. എന്നാല്‍ ആ എഴുത്തുകളില്‍ നിന്ന് ഒരു വരിയോ വാക്കോ തിരുത്തണമെന്ന് വര്‍ഗീസ് പറഞ്ഞില്ല. അതില്‍ നേരിയ നീരസം പോലും പ്രകടിപ്പിച്ചിട്ടില്ലെന്നത് അവിശ്വസനീയമായ യാഥാര്‍ത്ഥ്യമാണെന്ന് റോയ് പറയുമായിരുന്നു.

അദ്ദേഹത്തിന്റെ പംക്തികളും പുസ്തകങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്നു പതിറ്റാണ്ട് മംഗളം വാരികയില്‍ എഴുതിയ ‘ഇരുളും വെളിച്ചവും,’ കാലികസംഭവങ്ങളോടുള്ള പ്രതികരണമായ ‘തുറന്ന മനസ്സോടെ’ എന്നിവ വായനക്കാരെ ആകര്‍ഷിച്ചു. 2002ല്‍ മംഗളത്തില്‍ നിന്നു വിരമിച്ചശേഷം വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. ഒരേസമയം ഇരുപതിലേറെ പത്രങ്ങള്‍ക്ക് എഴുതി മറ്റുള്ളവരെ വിസ്മയിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം.

മത്തായി മാഞ്ഞൂരാനെ നേതാവായി കരുതിയ റോയ് എക്കാലവും സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവും കുടുംബവാഴ്ചയുടെ കടുത്ത വിമര്‍ശകനുമായിരുന്നു. അടിയന്തരാവസ്ഥയുടെ നിശിത വിമര്‍ശകനായിരുന്നു. ചന്ദ്രശേഖര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, വി.പി. സിങ് തുടങ്ങിയവരുടെ ഉറ്റസുഹൃത്തുമായിരുന്നു റോയ്.

ഒടുവില്‍ ജീവിതം തന്നില്‍നിന്ന് ഓര്‍മ്മയുടെ അറകളെ അടര്‍ത്തിമാറ്റുന്നത് അദ്ദേഹത്തിന് നിസംഗതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കൊറോണ മഹാമാരി വളരെ രൂക്ഷമാകുന്ന നാളുകള്‍ വരെ, ആഴ്ചയിലൊരിക്കലെങ്കിലും പനമ്പിള്ളിനഗറിലെ വാക്വേയ്ക്കരുകില്‍ ഒരു വീല്‍ചെയറില്‍ റോയിയെ കാണാമായിരുന്നു. അതുവഴി പോകുന്ന ആളുകളോട് കുശലം പറഞ്ഞുകൊണ്ട് അദ്ദേഹം അങ്ങനെ ഇരിക്കും. കുറെനേരം നഗരത്തിന്റെ കാഴ്ചകള്‍ കണ്ട് സുപരിചിതര്‍ വാക്കുകളാല്‍ ചൊരിയുന്ന സ്നേഹം നുകര്‍ന്നങ്ങനെയിരിക്കും. പിന്നീട് അതും നഷ്ടമായി.

ഇതിനിടെ അദ്ദേഹത്തിന്റെ പത്നി ലീലയും മരണപ്പെട്ടു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മാനേജര്‍ ആയിരുന്നു ലീല എന്ന എലിസബത്ത് റോയ്. ഇപ്പോള്‍ അനന്യ എന്ന കൊച്ചുകടവന്ത്രയിലെ റോയിയുടെ ഭവനത്തില്‍ ഒരു ശൂന്യത നിഴലിക്കുന്നുണ്ടാകാം. കാരണം മകന്‍ മനുവും, മരുമകള്‍ ദീപയും ഈ നാളുകളത്രയും തങ്ങളുടെ പിതാവിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിച്ചിരുന്നു. ജീവിതകാലത്ത് ഇരുളും വെളിച്ചവും എന്ന പംക്തിയിലൂടെ അനേകര്‍ക്ക് ആശയും പ്രചോദനവുമേകിയതിന്റെ പുണ്യമായിരിക്കാം ഇതൊക്കെ!

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

Source URL: https://jeevanaadam.in/10330-2/