2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷാചരണം പ്രഖ്യാപിച്ചു

by admin | March 5, 2021 3:03 am

 

എറണാകുളം: കത്തോലിക്കാസഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ തന്നെ കുടുംബവര്‍ഷാചരണം കൂടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) അറിയിച്ചു. സ്നേഹത്തിന്റെ സന്തോഷം എന്ന ചാക്രിക ലേഖനത്തിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെയായിരിക്കും കുടുംബവര്‍ഷമായി ആചരിക്കുക. സ്നേഹത്തിന്റെ സന്തോഷം എന്ന ചാക്രികലേഖനം ലോകത്തിനു നല്‍കിയ സ്നേഹത്തിന്റെ സാക്ഷികളായി കുടുംബങ്ങള്‍ മാറണം എന്ന മഹത്തായ ആഹ്വാനം കുടുംബവര്‍ഷ പ്രഖ്യാപനത്തിലൂടെ പാപ്പ അടിവരയിട്ടുറപ്പിക്കുന്നു.

സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ക്കു വലിയ പ്രസക്തിയുണ്ട്. ലോകം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ പ്രതിസന്ധികള്‍ക്കു പരിഹാരം കുടുംബത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന് തന്റെ ഓരോ നിലപാടുകളിലൂടെയും പ്രബോധനങ്ങളില്‍കൂടിയും പാപ്പ ഈ ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. ഈ വര്‍ഷാചരണത്തിലൂടെ സ്നേഹം ആഴത്തില്‍ പങ്കുവയ്ക്കുന്ന ബലിവേദികളായി ഓരോ കുടുംബവും മാറണമെന്നു സഭ ആഗ്രഹിക്കുന്നു.

2020 ഡിസംബര്‍ എട്ടിന് ആരംഭിച്ച് 2021 ഡിസംബര്‍ എട്ടിന് അവസാനിക്കുന്ന വിശുദ്ധ യൗസേപ്പ് പിതാവിന്റെ വര്‍ഷത്തോട് ചേര്‍ത്താണു പാപ്പ കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ പേരിലുള്ള വര്‍ഷാചരണത്തോടു കുടുംബവര്‍ഷാചരണവും ചേര്‍ന്നുപോകുന്നത് ഉചിതമാണെന്നു പാപ്പാ ചിന്തിക്കുന്നു. അതുപോലെ തന്നെ പ്രായമായവര്‍ക്കും മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കും (Elderly and Grandparents) വേണ്ടി ആഗോളസഭയില്‍ ഒരു ദിവസം ആചരിക്കുവാനും പാപ്പ തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയായിരിക്കും ഈ പ്രത്യേക ദിനാചരണം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/2021-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-19-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-2022-%e0%b4%9c%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-26/