തടയേണ്ടത് അമിത ചൂഷണവും കടല്‍ക്കൊള്ളയും

തടയേണ്ടത് അമിത ചൂഷണവും കടല്‍ക്കൊള്ളയും

പടിഞ്ഞാറന്‍ തീരത്ത് മത്സ്യപ്രജനനം നടക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കണക്കാക്കി കേരളതീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ട്രോളിംഗ് ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന മത്സ്യബന്ധന നിരോധനം ഇക്കുറി അഞ്ചു ദിവസം കൂടി കൂട്ടി 52 ദിവസമാക്കിയത് ഒരു ഒത്തുതീര്‍പ്പിന്റെ മട്ടിലാണ്. രാജ്യത്തെ ഒന്‍പത് ഇതര തീരസംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലും 61 ദിവസമാണ് യന്ത്രവത്കൃത യാനങ്ങള്‍ക്ക് നിരോധനം നിലനില്‍ക്കുന്നത് – പടിഞ്ഞാറന്‍ മേഖലയില്‍ ജൂണ്‍-ജൂലൈ കാലത്തും, കിഴക്കന്‍ തീരത്ത് ഏപ്രില്‍-മേയ് കാലയളവിലും. ട്രോളറുകള്‍ക്കു മാത്രമല്ല, 9.9 കുതിരശക്തിക്കുമേല്‍ ശേഷിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച എല്ലാ യാനങ്ങള്‍ക്കും ഈ നിരോധനം മറ്റിടങ്ങളില്‍ ബാധകമാണ്. മൂന്നു പതിറ്റാണ്ടു മുന്‍പ് ഇന്ത്യയില്‍ ആദ്യമായി ട്രോള്‍ വലകള്‍ ഉപയോഗിച്ചുള്ള കടലിലെ മീന്‍പിടുത്തത്തിന് മണ്‍സൂണ്‍ കാലത്ത് 45 ദിവസം അവധി പ്രഖ്യാപിച്ച കേരളത്തിന് ഇനിയും രണ്ടു മാസത്തെ പൂര്‍ണ നിരോധനമെന്ന ദേശീയ നയം നടപ്പാക്കാനുള്ള സമവായം ഉണ്ടാക്കാന്‍ കഴിയുന്നില്ല. ഉപരിതല മത്സ്യബന്ധനത്തില്‍ മുഴുകുന്നു എന്ന പേരില്‍ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ കൂടുതല്‍ കരുത്തുള്ള ചൈനീസ് എന്‍ജിനുകളുമായി ഇറങ്ങുന്ന വലിയ വള്ളങ്ങള്‍ ഈ സീസണിലും നിയന്ത്രണങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നത് വിവേചനമായി ട്രോളിംഗ് ബോട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

വ്യാപകമായ കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കടലിലെ മത്സ്യശേഖരം, തനത് ഇനങ്ങള്‍, അവയുടെ സഞ്ചാരപഥങ്ങള്‍, ജൈവസമൂഹ പരിസ്ഥിതിയുടെ ആവാസവ്യവസ്ഥ തുടങ്ങിയവയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ കാലവര്‍ഷത്തിലെ ഈ മത്സ്യബന്ധന നിരോധനംകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നും വാദിക്കുന്ന സമുദ്രപഠനവിദഗ്ധരുണ്ട്. ഏതാണ്ട് 300 ഇനം മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന കാലത്ത് കടലിന്റെ അടിത്തട്ടുവരെ ഉഴുതുമറിച്ചും അരിച്ചുപെറുക്കിയുമുള്ള മത്സ്യബന്ധനം 90 ദിവസത്തേക്ക് നിരോധിക്കണമെന്നു വാദിക്കുന്ന ചില സംഘടനകളും തീരമേഖലയിലുണ്ട്. അയല, മത്തി തുടങ്ങിയ ഉപരിതല മീനുകളുടെ പ്രജനനം നടക്കുന്നത് മണ്‍സൂണിലാണെങ്കിലും, ചെമ്മീന്‍, കണവ, കൂന്തല്‍, കിളിമീന്‍, അരണമീന്‍ തുടങ്ങി ആഴക്കടലില്‍ കാണുന്നവയുടെ പ്രജനനം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായതിനാല്‍ രണ്ടു ഘട്ടങ്ങളിലായി വേണം നിരോധനം ഏര്‍പ്പെടുത്തേണ്ടത് എന്ന വാദവുമുണ്ട്. എന്തായാലും ഇടതടവില്ലാതെ, 580 കുതിരശക്തിവരെയുള്ള ട്രോളറുകള്‍ ജോടിചേര്‍ന്ന് അടിത്തട്ടിലും ഇടവിതാനത്തിലും മേല്‍പ്പരപ്പിലുമുള്ള ചെറുമീനുകളും ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ കവചജന്തുവര്‍ഗങ്ങളും ഉള്‍പ്പെടെ സകലതിനെയും കോരിയെടുക്കുന്നതിന് താല്‍ക്കാലിക വിരാമമായെങ്കിലും ഈ ഇടവേള എന്തുകൊണ്ടും അഭികാമ്യമാണ്. പ്രതികൂല കാലാവസ്ഥയില്‍ ട്രോളറുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാതെ സുരക്ഷിതരായി കഴിയാമല്ലോ എന്ന ആശ്വാസവുമുണ്ട്. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ഈ മത്സ്യബന്ധന അവധിക്കാലത്ത് തൊഴിലാളികള്‍ക്ക് 5,000 രൂപ വരെ ആശ്വാസധനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. തൊഴില്‍നഷ്ടം മുന്‍നിര്‍ത്തി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനെക്കാളുപരി കൂടുതല്‍ സാമ്പത്തിക സഹായം ഉറപ്പാക്കേണ്ടതുണ്ട്.

കടലിന്റെ അടിത്തട്ടുവരെ തൂത്തുവാരുന്ന ട്രോളിംഗ് പൂര്‍ണമായി നിരോധിച്ചുകൊണ്ട് ശ്രീലങ്കയും ഹോങ്കോംഗും മറ്റും സമീപകാലത്തായി നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ഹോങ്കോംഗില്‍ മത്സ്യവരവിന്റെ 80 ശതമാനവും ട്രോളറുകളിലൂടെയായിരുന്നു. ഒറ്റയടിക്ക് അത് നിരോധിച്ചപ്പോള്‍ നഷ്ടപരിഹാര പാക്കേജിന് 1.7 ബില്യണ്‍ ഹോങ്കോംഗ് ഡോളര്‍ വേണ്ടിവന്നു. ശ്രീലങ്ക പാര്‍ലമെന്റ്  2017 ജൂലൈയില്‍ അടിത്തട്ടു കോരുന്ന ട്രോളറുകള്‍ നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവന്നപ്പോള്‍ – ലംഘനത്തിനു ശിക്ഷ രണ്ടു വര്‍ഷം തടവും 50,000 ശ്രീലങ്കന്‍ രൂപ വരെ പിഴയുമാണ് – 

തമിഴ്‌നാട് തീരത്തെ ധനുഷ്‌കോടിക്കും ശ്രീലങ്കയിലെ മാന്നാറിനും മധ്യേയുള്ള ഉള്‍ക്കടലില്‍ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിവന്ന തമിഴ് മത്സ്യത്തൊഴിലാളികള്‍ അങ്കലാപ്പിലായി. ട്രോളറുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ മൂന്നു കൊല്ലത്തെ സാവകാശം തമിഴ്‌നാട് ആവശ്യപ്പെട്ടു. അതിനിടെ ട്രോളറുകള്‍ പാടെ ഉപേക്ഷിച്ച് ഗില്‍നെറ്റും (ഒഴുക്കുവല) ചൂരമീന്‍ പിടിക്കാനുള്ള ചൂണ്ടയും മറ്റുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേക്കു മാറാനുള്ള ബൃഹദ്പദ്ധതിയും അവര്‍ തയാറാക്കി. പരിസ്ഥിതി ആഘാതം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ആഴക്കടല്‍ മത്സ്യബന്ധനം. 1,600 കോടി രൂപ ചെലവില്‍ 2,000 ആഴക്കടല്‍ മീന്‍പിടുത്തബോട്ടുകള്‍ മൂന്നുവര്‍ഷത്തിനകം ഇറക്കാനുള്ള പദ്ധതികള്‍ക്കാണ് രാമേശ്വരത്ത് തുടക്കം കുറിച്ചത്. ഗില്‍നെറ്റ് ട്യൂണ ലോങ്‌ലൈനര്‍ ബോട്ടിന് 80 ലക്ഷം രൂപ മുതല്‍മുടക്കു വരും. ഇതില്‍ 50 ശതമാനം കേന്ദ്ര ഗവണ്‍മെന്റിന്റെയും 20 ശതമാനം സംസ്ഥാനത്തിന്റെയും വിഹിതമാണ്; 20 ശതമാനം സാമ്പത്തികസ്ഥാപനങ്ങളില്‍ നിന്നു ലഭിക്കും. ഗുണഭോക്താവ് മുടക്കേണ്ടത് 10 ശതമാനമാണ് – എട്ടു ലക്ഷം രൂപ. 15 ദിവസം മുതല്‍ നാലാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഓരോ ട്രിപ്പിനും എട്ടു-പത്തു ടണ്‍ വരെ ഉയര്‍ന്ന മൂല്യമുള്ള സമുദ്രവിഭവം കിട്ടും. ഓരോ പോക്കിലും ഏഴ്-എട്ടു ലക്ഷത്തിന്റെ നേട്ടം. നോര്‍വേ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്വയം ഉപേക്ഷിച്ച് നമുക്കു സമ്മാനിച്ച ട്രോളറുകള്‍ ഘട്ടംഘട്ടമായെങ്കിലും ഉപേക്ഷിക്കാന്‍ നമുക്കും കഴിയേണ്ടതല്ലേ?

മത്സ്യസമ്പത്തിന്റെ പരിപോഷണത്തിനായി കേരളത്തില്‍ 58 ഇനം ചെറുമത്സ്യങ്ങള്‍ പിടിക്കുന്നത് നിരോധിക്കണമെന്ന കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നിര്‍ദേശം ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കോഴിത്തീറ്റ, മത്സ്യത്തീറ്റ, വളം എന്നിവ ഉത്പാദിപ്പിക്കുന്ന അയല്‍സംസ്ഥാനങ്ങളിലെ ഫിഷ്മീല്‍ ഫാക്ടറികളിലേക്ക് കേരളത്തില്‍ നിന്ന് ടണ്‍ കണക്കിന് ചെറുമത്സ്യങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നതിന് ഒരു കുറവുമില്ല. കൊച്ചി-മുനമ്പം ഭാഗത്ത് ചെറുമീന്‍ പിടിച്ചതിന്റെ പേരില്‍ ബോട്ടുടമകളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും തമ്മില്‍ ചിലപ്പോഴൊക്കെ സംഘര്‍ഷമുണ്ടായിട്ടുണ്ട്. എന്നാല്‍ ബേപ്പൂരിലും മറ്റും ചെറുമീന്‍ പിടിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ള മത്സ്യബന്ധനം നിര്‍ബാധം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ 113 ഇനം ചെറുമീനുകളും, കര്‍ണാടകത്തില്‍ 72 ഇനങ്ങളും ആന്ധ്രപ്രദേശില്‍ 68 ഇനങ്ങളും ഈ നിരോധന പട്ടികയിലുണ്ട്. വലക്കണ്ണിയുടെ വലുപ്പം കൂട്ടി ചതുരാകൃതിയിലാക്കുക എന്നതാണ് ചെറുമീന്‍ സംരക്ഷണത്തിന് മിക്ക രാജ്യങ്ങളും പ്രാഥമികമായി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. ഇവിടെ ഡയമണ്ട് ആകൃതിയിലാണ് വലക്കണ്ണി. വല വലിക്കുമ്പോള്‍ കണ്ണി ചുരുങ്ങും; കുഞ്ഞുമത്സ്യങ്ങള്‍ക്ക് രക്ഷപ്പെടാനാവില്ല. മത്സ്യഫെഡിന്റെ വലനിര്‍മാണ ഫാക്ടറികളില്‍ പോലും ‘കൊതുകുവല’ പോലെ ചെറിയ കണ്ണികളുള്ള വലകള്‍ നിര്‍മിക്കുമ്പോള്‍ ബോട്ടുകാരെ പഴിച്ചിട്ട് എന്തു കാര്യം!

ശക്തിയേറിയ എല്‍ഇഡി ലൈറ്റുകള്‍ കടലിന്റെ ആഴങ്ങളില്‍ ഇറക്കിയും ബോട്ടില്‍ ഘടിപ്പിച്ചും മത്സ്യക്കൂട്ടത്തെ ആകര്‍ഷിച്ച് കോരിയെടുക്കുന്ന രീതി കേരളതീരത്തും അനിയന്ത്രിതമായി വര്‍ധിച്ചിട്ടുണ്ട്. കരയിലെ ഹൈവേകളിലേതിനെക്കാള്‍ കൂടുതല്‍ വെളിച്ചം രാത്രികാലങ്ങളില്‍ ചിലപ്പോള്‍ തീരക്കടലില്‍ കാണാമെന്നു പറയുന്നത് അതിശയോക്തിയല്ല.

മത്സ്യബന്ധനത്തിലെ ഈ ചെറിയ അവധിക്കാലം കഴിയുന്ന മുറയ്ക്ക് വര്‍ധിത വീര്യത്തോടെ വന്‍ ട്രോളറുകളും വിദേശ മീന്‍പിടുത്ത കപ്പലുകളും പഴ്‌സീന്‍ ബോട്ടുകളും ഏറെ കരുത്തുള്ള മറ്റു യന്ത്രവത്കൃത യാനങ്ങളും വീണ്ടും ആഴപ്പരപ്പുകള്‍ ഇളക്കിമറിക്കും. മത്സ്യ വംശവര്‍ധന നിലനിര്‍ത്താന്‍ കടലിനും കടലോര ജീവിതങ്ങള്‍ക്കും സ്ഥായിയായ സൗഖ്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന, വിഭവസ്രോതസുകള്‍ അക്ഷയ സംവര്‍ധക രീതിയില്‍ പരിപോഷിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് തേടേണ്ടത്. തീരദേശത്തിന് അന്യമായ അമിതചൂഷണത്തിന്റെയും അത്യാര്‍ത്തിയുടെയും ലാഭക്കൊതിയുടെയും കച്ചവടസംസ്‌കാരത്തിന്റെ ഇരകളാണ് കടല്‍മീനുകളും കടലിന്റെ മക്കളും. ആദ്യം പ്രതിരോധിക്കേണ്ടത് കടല്‍ക്കൊള്ളയുടെ ആ സംസ്‌കാരത്തെയാണ്.


Related Articles

എതിര്‍ശബ്ദങ്ങളെ ചോരയില്‍ മുക്കുമ്പോള്‍

പ്രത്യയശാസ്ത്രപരമായ ഭിന്നാഭിപ്രായങ്ങളെ മൃഗീയശക്തികൊണ്ട് അടിച്ചൊതുക്കുന്ന കിരാതവാഴ്ചയുടെ ഭയാനക ദൃശ്യങ്ങളാണ് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് അരങ്ങേറിയത്. മുഖംമൂടിയണിഞ്ഞ വലിയൊരു അക്രമിസംഘം ഇരുമ്പുദണ്ഡുകളും കൂടങ്ങളും ഹോക്കിസ്റ്റിക്കും

തിരിച്ചെത്തുന്ന മാനവശേഷിയുടെ നിനവില്‍ നവകേരളം

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി പ്രതിഗമനത്തിന് (റിവേഴ്സ് മൈഗ്രേഷന്‍) കൊവിഡ് കാലം ആക്കംകൂട്ടിയിരിക്കയാണ്. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിറന്ന നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന

കിഴക്കന്‍ യൂറോപ്പില്‍ യുദ്ധഭീതി പടരുമ്പോള്‍

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് എട്ടു ദശാബ്ദത്തിനുശേഷം യൂറോപ്യന്‍ ഭൂഖണ്ഡം ഏറ്റവും വലിയ യുദ്ധഭീഷണി നേരിടുകയാണ്. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി റഷ്യന്‍ഭാഷ സംസാരിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*