‘ഒരു പഴയ ബോംബ് കഥ’ നായകൻ ബിബിൻ ജോർജുമായി സിബി ജോയ് നടത്തിയ അഭിമുഖം
ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’ തീയറ്ററുകള്‍ നിറഞ്ഞ സദസില്‍ കയ്യടികള്‍ ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുമ്പോള്‍ ഒരു മിമിക്രി കലാകാരനില്‍ നിന്നും മലയാള സിനിമയിലെ നായകനിലേക്കുള്ള ബിബിന്റെ ഉയര്‍ച്ച സ്വപ്നം കണ്ട ഒരു നാടും കുറച്ച് ചങ്ക്ബ്രോസും അതിന്റെ സന്തോഷ നിമിഷങ്ങളിലാണ്. സ്വന്തം പരിമിതികള്‍ ദൃഢനിശ്ചയം കൊണ്ടു മറികടന്ന് കഴിവുകള്‍ തേച്ചുമിനുക്കി മിമിക്രി, ടെലിവിഷന്‍, സിനിമ മേഖലകളില്‍ തിരക്കഥാരചനയിലും അഭിനയരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബിബിന്‍ സാധിച്ചിട്ടുണ്ട്. മലയാള സിനിമ ലോകത്ത് ചിരിയുടെ, ചിന്തയുടെ, പ്രണയത്തിന്റെ പുതിയ ബോംബുമായി വന്ന ബിബിന്‍ ജീവനാദത്തോട് സംസാരിക്കുന്നു.
? എങ്ങനെയായിരുന്നു സിനിമാരംഗത്തേയ്ക്കുള്ള ചുവടുവയ്പ്.
ചെറുപ്പം മുതലേ സിനിമ മേഖലയോട് എനിക്ക് താല്പര്യം ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അഭിനയിക്കാന്‍ വേണ്ടിയാണ് എഴുതി തുടങ്ങിയത് എന്നു പറയാം. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ മിമിക്രി പഠിക്കാന്‍ കലാഭവനില്‍ ചേര്‍ന്നു. പ്രേംനസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം, സലിംകുമാര്‍ എന്നിങ്ങനെയുള്ള ജനകീയരായ നടന്മാരെ അവതരിപ്പിക്കും. ക്ഷേത്ര ഉത്സവ വേദികളിലും പള്ളി തിരുനാള്‍ അവസരങ്ങളിലും നിരവധി മിമിക്രി പരിപാടികള്‍ നടത്തി. മിമിക്രികള്‍ക്ക് വേണ്ടി ധാരാളം സ്ക്രിപ്റ്റുകള്‍ എഴുതുമായിരുന്നു. അങ്ങനെയാണ് കഥകളും തിരക്കഥകളുമൊക്കെ എഴുതാന്‍ ധൈര്യം ലഭിച്ചത്. പിന്നെ ടെലിവിഷന്‍ പരിപാടികളിലേക്ക് അവസരങ്ങള്‍ ലഭിച്ചു. രസികരാജ, ബഡായി ബംഗ്ലാവ് തുടങ്ങിയ പരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് തുടങ്ങിയ സിനിമകളുടെ തിരക്കഥ വിഷ്ണു ഉണ്ണികൃഷ്ണുമായി ചേര്‍ന്ന് എഴുതിയതോടെ കരിയറില്‍ ബ്രേക്ക് ലഭിച്ചു.
? ചെറുപ്പത്തില്‍ ഇത്തരം മോഹങ്ങള്‍ക്ക് പ്രചോദനവും പിന്തുണയും ലഭിച്ചിരുന്നോ. ആരൊക്കെയാണ് പ്രോത്സാഹനം നല്‍കിയത്.
ചെറുപ്പം മുതലേ എന്റെ അപ്പച്ചനും അമ്മച്ചിയും രണ്ടു ചേച്ചിമാരും എനിക്കു നല്‍കിയിരുന്ന പിന്തുണ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്റെ ഒരു കാലിന് സ്വാധീനക്കുറവുണ്ടെങ്കിലും കുഞ്ഞുനാളുമുതല്‍ വീട്ടുകാര്‍ എവിടെ പോയാലും എന്നെയും കൊണ്ടുപോകുമായിരുന്നു. വയ്യാത്ത കുട്ടിയാണ്, അടങ്ങി ഒതുങ്ങിയിരുന്നാല്‍ മതി എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. സ്കൂളിലെ ഒരു സഹപാഠി വഴക്കിട്ടപ്പോള്‍ കളിയാക്കി വിളിച്ച പരിഹാസ വാക്കില്‍ നിന്നാണ് ഞാന്‍ എന്നെ തിരിച്ചറിഞ്ഞത്. പക്ഷേ അവിടെ തളരാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ഉള്ളിലെ കലാബോധം എനിക്ക് ധൈര്യം തന്നു. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം പല സന്ദര്‍ഭങ്ങളിലും പിന്തുണയായി കൂടെ നിന്നിട്ടുണ്ട്. ബന്ധുകൂടിയായ വിനു ജോര്‍ജാണ് സംവിധായകന് ലോഹിതദാസിനെ കാണാന്‍ ആദ്യമായി എന്നെ കൊണ്ടുപോകുന്നത്.
? പല നടന്മാര്ക്കു വേണ്ടിയും കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. എന്നെങ്കിലും ഒരു നായകനടനാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നോ.
പല തിരക്കഥകളും എഴുതുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു നായകനടനാകണമെന്ന് ആഗ്രഹിച്ചിരുന്നു.അതിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നില്ല എന്നതാണ് സത്യം. പക്ഷേ എന്റെ മനസറിഞ്ഞപ്പോള്‍ ദൈവം അത് നടത്തിത്തന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദൈവത്തിന്. അമര്‍ അക്ബര്‍ അന്തോണിയില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രം എനിക്കുവേണ്ടി എഴുതിയതാണ്. മറ്റുള്ളവരുടെ തൂലികയില്‍ എനിക്കുവേണ്ടി ഒരു റോള്‍ രചിക്കപ്പെടില്ല എന്ന തോന്നലില്‍ നിന്നാണ് ആ കഥാപാത്രം ജനിക്കുന്നത്. ജയസൂര്യ ആ വേഷം നന്നായി ചെയ്തു. തിരക്കഥ രചിച്ച രണ്ടു സിനിമകളും ശ്രദ്ധിക്കപ്പെട്ടുവെന്നത് ദൈവാനുഗ്രഹം തന്നെയാണ്.
? തിരക്കഥാ രചനയില്‍ ആരാണ് നിങ്ങളുടെ റോള്‍ മോഡല്‍.
സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ സിനിമകള്‍ കണ്ടാണ് ഞാനും വിഷ്ണു ഉണ്ണികൃഷ്ണനും തിരക്കഥാരചന പഠിച്ചത്. സിനിമ കാണുന്ന പ്രേക്ഷകര്‍ എവിടെ എങ്ങനെ ചിരിക്കും, ഏതു രംഗത്ത് പ്രതികരിക്കും ഇതൊക്കെ മനസിലാക്കാനുള്ള പാഠശാലയാണ് ആ സിനിമകള്‍.
? തുടര്‍പദ്ധതികള്‍ എന്തൊക്കെയാണ്.
തീയറ്ററുകളില്‍ ബോംബ് കഥ സൃഷ്ടിക്കുന്ന പ്രകമ്പനം ഏറെ സന്തോഷം തരുന്നുണ്ട്. ഈ കയ്യടികള്‍ അല്പം ബാധ്യതയായി മാറുന്നുമുണ്ട്. ഇനിയും കുറച്ചുകൂടി നല്ല കഥാപാത്രങ്ങള്‍ അവര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ദൈവം അനുഗ്രഹിച്ചാല്‍ അതെല്ലാം നടക്കും. ദൈവവിശ്വാസവും കുടുംബത്തിന്റെ പിന്തുണയുമാണ് ഇവിടം വരെ എന്നെ എത്തിച്ചത്. നമുക്കു ചുറ്റുമുള്ള സാധാരണക്കാര്‍ക്ക് സ്വന്തം കുറവുകളെ അതിജീവിക്കാന്‍ എന്തെങ്കിലുമൊക്കെ പ്രചോദനമാകണമെന്ന ആഗ്രഹം ഉള്ളിലുണ്ട്.
? ദൈവവിശ്വാസത്തില്‍ അടിയുറച്ച ജീവിതമാണ് നയിച്ചുപോരുന്നതെന്നറിയാം. ദൈവത്തിന്റെ മറക്കാനാവാത്ത കൈത്താങ്ങ് ലഭിച്ച അനുഭവം വിവരിക്കാമോ.
ജീവിതത്തില്‍ ഓരോ നിമിഷവും ദൈവത്തിന്റെ സാമീപ്യം തൊട്ടറിയുന്ന വ്യക്തിയാണ് ഞാന്‍. ഈ സിനിമ തന്നെ ദൈവത്തിന്റെ പദ്ധതിയാണ്. തിരക്കഥാരചനയായാലും അഭിനയമായാലും ഓരോ ജോലി ആരംഭിക്കുന്നതിനു മുന്‍പും പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവാലയത്തില്‍ പോയാലും വീട്ടിലാണെങ്കിലും ദൈവത്തോട് നേരിട്ടു സംസാരിക്കുന്ന രീതിയാണ് എന്റെ പ്രാര്‍ത്ഥന. ഞാന്‍ മുമ്പു താമസിച്ചിരുന്ന സ്ഥലത്തെ ഇടവകയായ കാക്കനാട് അത്താണി സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ചെറുപ്പം മുതലേ കലാപരിപാടികളിലും മറ്റും പങ്കെടുക്കുമായിരുന്നു. അന്നത്തെ കലാപ്രകടനങ്ങളാണ് പൊതുവേദികളെ അഭിമുഖീകരിക്കാനുള്ള സഭാകമ്പം മാറ്റിയത്. കാക്കനാട് നിലംപതിഞ്ഞിമുകളിലെ കൂട്ടുകാരും ക്ലബുകളും എന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
വരാപ്പുഴ അതിരൂപത നീറിക്കോട് സെന്റ് ജോസഫ്സ് ഇടവകാംഗമാണ് ബിബിന്‍ ജോര്‍ജ.് ഭാര്യ ഗ്രേഷ്മ. അപ്പച്ചന് വിന്‍സെന്റ് ആറു വര്‍ഷം മുന്‍പ് മരിച്ചു. അമ്മ ലിസിയും സഹോദരിമാരായ ലിന്സിയും റിന്‍സിയും പിന്തുണയുമായി എന്നും കൂടെയുണ്ട്. മലയാള സിനിമാരംഗത്ത് മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനാകാന്‍ ഈ യുവാവിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം-തികച്ചും വ്യത്യസ്തനായൊരു നായകനാകാന്‍.
Related
Related Articles
ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍
2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപങ്ങളെക്കുറിച്ച് ഇരകളും അന്വേഷണ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും പങ്കുവയ്ക്കുന്ന ചില അനുഭവങ്ങളാണ്. കലാപം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണന് മോഹന്‍ലാല്‍ ഗുജറാത്തിലൂടെ
സഞ്ജു വി. സാംസണിനു ശേഷം ഷോണ്‍ റോജര്‍ ദേശീയ നിരയിലേക്ക്
ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന് കിട്ടിയ ഷോണ്‍ റോജറുമായി തിരുവനന്തപുരം അതിരൂപത മീഡിയാ കമ്മീഷനു വേണ്ടി ജെന്നിഫര്‍ ജോര്‍ജ് നടത്തിയ അഭിമുഖം. മികച്ചൊരു ക്രിക്കറ്റ്
ഈ.മ.യൗ: വില്ലന്‍ ഇപ്പോഴും/അപ്പോഴും അച്ചന് തന്നെ!
റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍