സ്മാരകങ്ങളില്ലാത്ത രക്തസാക്ഷികള്‍

സ്മാരകങ്ങളില്ലാത്ത രക്തസാക്ഷികള്‍

സ്മരിക്കപ്പെടാതെ പോകുന്ന നിരവധി രക്തസാക്ഷികളുണ്ട് ചരിത്രത്തില്‍. അനുസ്മരണങ്ങളും സ്മാരകങ്ങളും ഇല്ലാത്ത രക്തസാക്ഷികള്‍. അക്കൂട്ടത്തിലാണ് 1806ല്‍ കൊല്ലം മുതല്‍ കൊച്ചി വരെ കൊലചെയ്യപ്പെട്ട നിരപരാധികളായ ക്രൈസ്തവ സഹോദരങ്ങള്‍ ഉള്‍പ്പെടുന്നത്. ആദിമ ക്രൈസ്തവ സമൂഹം അനുഭവിച്ച പീഡനങ്ങള്‍ക്കുതുല്യം പീഡകള്‍ സഹിച്ചവര്‍. 1806ലെ വെട്ടിക്കൊലപ്പടയുടെ പ്രയാണത്തില്‍ ജീവനും സ്വത്തും ഭവനങ്ങളും നഷ്ടപ്പെട്ടവരുടെ പേരും എണ്ണവും കൃത്യമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് പുതിയ മാര്‍ഗക്കാരായി എന്ന കാരണമാണ് അവരുടെ ജീവന്‍ അപഹരിക്കാന്‍ ഇടയായത്. പിന്നെ വേലുത്തമ്പിദളവയുടെ മെക്കാളെയോടുള്ള ദേഷ്യവും.
കേരളചരിത്രത്തിലെ ഒരു വിവാദപുരുഷനാണ് തലക്കുളം വേലുത്തമ്പിദളവ. എ.ഡി. 1765-ല്‍ ജനിച്ച അദ്ദേഹം നാഞ്ചിനാട്ടിലെ കളരികളില്‍ പയറ്റിത്തെളിഞ്ഞ നേതാവായിരുന്നു. നാട്ടുക്കൂട്ടങ്ങളുടെ സഹായത്തോടെ അനന്തപുരത്തു സൃഷ്ടിച്ച അരാജകത്വം വേലുത്തമ്പിക്ക് ദളവ പദവിയിലേക്കുയരുന്നതിന് സഹായകമായി. മനുഷ്യജീവന്‍ അപഹരിച്ച നിരവധി അക്രമ സംഭവങ്ങളാണ് വേലുത്തമ്പിയെ വിവാദ നായകനാക്കുന്ന കാര്യങ്ങളില്‍ ഒന്ന്. തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ് 1805ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂര്‍ രാജാവും ഒപ്പുവെച്ച ഉടമ്പടി. തിരുവിതാംകൂര്‍ ദിവാനായ വേലുത്തമ്പിയും ഈസ്റ്റിന്ത്യാ കമ്പനിയുടെ റസിഡന്റായ മെക്കാളെയും ചേര്‍ന്നാണ് ഈ കരാര്‍ തയ്യാറാക്കിയത്. ഉടമ്പടി പ്രകാരം കമ്പനിക്കു നല്‍കേണ്ട കപ്പം കുടിശിക ആവുകയും അതു സ്ഥിരമായി കുടിശികയാകുകയും അതുതീര്‍ക്കാന്‍ സാധിക്കാതെ വന്ന ഘട്ടത്തില്‍ വേലുത്തമ്പിയും മെക്കാളെയുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. മേക്കാളെയെ വധിക്കാനുള്ള ശ്രമങ്ങള്‍ക്കു വേലുത്തമ്പി തുടക്കം കുറിച്ചു. പാലിയത്തച്ചന്റെ സഹകരണവും ഇക്കാര്യത്തിലുണ്ടായിരുന്നു. ഇതിനെക്കുറിച്ചു ചരിത്രകാരനായ ദളിത് ബന്ധു എന്‍.കെ.ജോസ് ഇങ്ങനെ എഴുതുന്നു: 1806 ഡിസംബര്‍ 29-ാം തീയതി വെളുപ്പിനു 2 മണിക്കു കല്‍വത്തിയില്‍നിന്നു സംയുക്തസൈന്യം നീങ്ങി. മെക്കാളെയുടെ വസതി വളഞ്ഞു. 600 നായര്‍ പടയാളികള്‍ റസിഡന്റിന്റെ കെട്ടിടത്തിലേയ്ക്ക് വെടിവെച്ചു. അപ്രതീക്ഷിതമായ ഈ ആക്രമണം മെക്കാളെയെ അമ്പരപ്പിച്ചു. മെക്കാളെ തന്റെ വസതിയിലെ നിലവറയിലുള്ള ഒരു മുറിയില്‍ കയറി ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. തിരുവിതാംകൂര്‍ പട്ടാളം റസിഡന്റിനെ അന്വേഷിച്ചു കിട്ടാതെവന്നപ്പോള്‍ പിടിച്ചടക്കിയ വസതിയിലെ എല്ലാ റെക്കോഡുകളും തീയിട്ട് നശിപ്പിച്ചു. ജയില്‍തുറന്ന് തടവുകാരെ മോചിപ്പിച്ചു. കൊച്ചിപ്പട്ടണം കൊള്ളയടിക്കാനും അവര്‍ മറന്നില്ല.
മെക്കാളെയെ കിട്ടാതിരുന്നതിനാല്‍ അവിടെ നിന്ന് കൊല്ലത്തേക്കു തിരിച്ചുപോന്ന സൈന്യം നടത്തിയ നരനായാട്ട് കുപ്രസിദ്ധമാണ്. ‘വെട്ടിക്കൊലപ്പട’ എന്നാണ് ഇത് അറിയപ്പെടുന്നത്. ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് കൊല ചെയ്തു. മെക്കാളെയോടുള്ള ദേഷ്യമാണ് ക്രിസ്ത്യാനികളോട് തീര്‍ത്തത്.
കൊച്ചി രാജ്യചരിത്രത്തിന്റെ രണ്ടാം വോള്യത്തില്‍ കെ.പി പത്മനാഭമേനോന്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘മെക്കാളേ സായ്പ് ക്രിസ്ത്യാനികള്‍ക്കു വളരെ അനുകൂലി ആയിരുന്നു. സായ്പിന്റെ ഉത്സാഹത്തിന്മേല്‍ ക്രിസ്ത്യാനിമതം തിരുവിതാംകൂറിലും കൊച്ചിയിലും പ്രചാരപ്പെടുത്തുന്നതിനു പാതിരിമാരെ വരുത്തി രണ്ടുരാജ്യത്തും ഇരുത്തി. അവര്‍വഴി വളരെപ്പേര്‍ ക്രിസ്ത്യാനികളായിത്തീര്‍ന്നു. ഇതു ഹിന്ദുക്കളായവര്‍ക്ക് എത്രയോ വിരോധമായിരുന്നു. ജനങ്ങളുടെ ഇടയില്‍ വലിയ ബഹളത്തിനു എടയാക്കി. ഇംഗ്ലീഷുകാരുടെ നേരെ ബഹുജനങ്ങള്‍ക്ക് വിരോധം ഉണ്ടാക്കിതീര്‍ക്കുവാന്‍ ഇതു നല്ലതായ ഒരു ആയുധമാണെന്നു കരുതി ദളവ അത് എടുത്തു പ്രയോഗിക്കുക എന്നു നിശ്ചയിച്ചു.
സാഹിത്യ നിപുണന്‍ ടി.എം. ചുമ്മാര്‍ ഈ സംഭവത്തെക്കുറിച്ച് തന്റെ കുടുംബചരിത്രമായ ‘അനുസ്മരണ’യില്‍ ഇങ്ങനെയാണ് വിവരിക്കുന്നത്: ‘ശക്തന്‍തമ്പുരാനുശേഷം കൊച്ചിയെ ഭരിക്കുവാന്‍ തുടങ്ങിയതു ദുര്‍ബ്ബലനായ ഒരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് പാലിയത്ത് മേനോന്‍ വീണ്ടും മന്ത്രിസ്ഥാനത്തെത്തിച്ചേര്‍ന്നു. വേലുത്തമ്പിദളവയും പാലിയത്തച്ചനും പരസ്പരം ആത്മമിത്രങ്ങളായിത്തീര്‍ന്നു. കാറ്റും തീയും തമ്മില്‍ ചേര്‍ന്നാല്‍ എങ്ങനെയോ അതുപോലെ…. മെക്കാളെയെ എന്നല്ല, ഇംഗ്ലീഷുകാരെ മുഴുവന്‍തന്നെ തുലയ്ക്കാനുള്ള ഗൂഢശ്രമവും തുടങ്ങി. ബ്രിട്ടീഷുകാരെ നിശേഷം ഇല്ലാതാക്കണമെങ്കില്‍ അവിടെയുള്ള ക്രിസ്ത്യാനികളെയും സംഹരിച്ചേ മതിയാവൂ എന്നു വേലുത്തമ്പി മുതല്‍പേര്‍ തീര്‍ച്ചപ്പെടുത്തി. സാഹസികന്മാര്‍ക്കു ഭാവിയെപ്പറ്റി ചിന്തയില്ലല്ലോ. റസിഡണ്ടു മെക്കാളേയുടെ വാസം അന്ന് (ഫോര്‍ട്ടു)കൊച്ചിയിലായിരുന്നതുകൊണ്ടു കലാപകേന്ദ്രം കൊച്ചിക്കോട്ടയും, അതിന്റെ പരിസരങ്ങളുമായിത്തീര്‍ന്നു. 984 ധനു 4-ാം തീയതി വേലുത്തമ്പിയുടെ പട്ടാളം കൊച്ചിക്കോട്ടയിലെത്തി പാലിയത്തച്ഛന്റെ പട്ടാളത്തോടുചേര്‍ന്നു. കോട്ടയിലുണ്ടായിരുന്ന മെക്കാളെയുടെ നേരെ വെടിയും ആരംഭിച്ചു.
വേലുത്തമ്പിദളവയുടെ സൈന്യത്തിനു പിടികൊടുക്കാതെ ഒരു പോര്‍ച്ചുഗീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ മെക്കാളെ സായിപ്പ് രക്ഷപ്പെട്ടു. പിന്നീട് വഞ്ചിയില്‍ കയറി കടലിലുണ്ടായിരുന്ന ‘പിമന്റ്’ എന്ന കപ്പലില്‍ അദ്ദേഹം സുരക്ഷിതനായെത്തി. വേലുത്തമ്പിയുടെയും പാലിയത്തച്ചന്റെയും ദേഷ്യം കൊച്ചിയിലുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ നേരെയായി. ടി.എം. ചുമ്മാര്‍ തുടര്‍ന്നു എഴുതുന്നു: അദ്ദേഹം അവരുടെ കയ്യും കാലും കൂട്ടിക്കെട്ടി അവരെ തുണ്ടംതുണ്ടമാക്കി കടലില്‍ എറിഞ്ഞുകളഞ്ഞു. കേണല്‍ മെക്കാളെ എങ്ങനെയോ കടലില്‍പോയി രക്ഷപ്പെട്ടു. അനേകായിരം ക്രിസ്ത്യാനികളുടെ ശവങ്ങള്‍ കൈകാലുകള്‍ കെട്ടപ്പെട്ടു അഴിമുഖത്തും കായലിലും ഒഴുകി നടക്കുന്നതു കണ്ടിട്ടു തനിക്കുണ്ടായ മനസ്സുരുക്കത്തെപ്പറ്റി ആഗുര്‍ പ്രസ്താവിച്ചിരിക്കുന്നു. അവയാകട്ടെ, കൊച്ചിയിലേയും തിരുവിതാംകൂറിലേയും ദിവാന്‍ജിമാരുടെ പ്രത്യേക ഉത്തരവുകള്‍ അനുസരിച്ചു അതിവേദനപ്പെടുത്തിക്കൊന്നു കടലില്‍ എറിയപ്പെട്ട പാവപ്പെട്ട ക്രിസ്ത്യാനികളുടെ ശവശരീരങ്ങളായിരുന്നു.’ (അനുസ്മരണ പുറം -20).
ബ്രദര്‍ ലിയോപ്പോള്‍ഡ് ഒസിഡി എഴുതിയ ലത്തീന്‍ കത്തോലിക്കരുടെ ചരിത്രത്തില്‍ ‘പള്ളുരുത്തിക്കടുത്തുള്ള തോപ്പുംപടിയില്‍ വച്ച് അമ്മറാണിയെക്കണ്ട് സങ്കടവും പ്രലാപവും അറിയിക്കാന്‍ പോയ ക്രിസ്തീയവനിതകളെ പാലിയത്തച്ചന്റെ പടയാളികള്‍ കൂട്ടക്കൊല നടത്താന്‍ തയ്യാറായതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ച ആയതിനാല്‍ ‘മഹാശാപം’ ഉണ്ടാവുമെന്ന് ഒരു സന്യാസി പ്രവചിച്ചതിനാല്‍ ആ ശ്രമം അവര്‍ ഉപേക്ഷിച്ചു.’
ചില സ്ഥലങ്ങളില്‍ ക്രിസ്ത്യാനികളെ കൂട്ടമായി വധിച്ചു. അങ്ങനെ വധം നടന്ന പല ‘കൊലപ്പറമ്പുകളും’ ഇന്നറിയപ്പെടുന്നുണ്ട്. വൈദികരേയും, ഈ വെട്ടിക്കൊലപ്പട ഒഴിവാക്കിയില്ല. ‘അവരുടെ പള്ളികള്‍, ധനം എന്നിവ മാത്രമല്ല വൈദികരേയും ശെമ്മാശന്മാരെയും വിലയേറിയ അനേകം വസ്തുക്കളും ഈ വെട്ടിക്കൊലപ്പട നിശ്ശേഷം അഴിമതിപ്പെടുത്തി’ (ലിയോപ്പോള്‍ഡ് – ലത്തീന്‍ ക്രിസ്ത്യാനികള്‍, പേജ് -191).
കൊല്ലത്തുമാത്രം മൂവായിരം കത്തോലിക്കരും ഒമ്പത് അച്ചന്മാരും വധിക്കപ്പെട്ടതായി ലിയോപ്പോള്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. കാന്റര്‍ വിഷറുടെ കത്തുകളും ഈ സത്യത്തെ ബലപ്പെടുത്തുന്നു.
വേലുത്തമ്പി ദളവയെക്കുറിച്ചുള്ള ജോസഫ് ചാഴിക്കാടന്റെ പുസ്തകത്തിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്. ‘അനവധി സ്ത്രീപുരുഷന്മാരെ കൈകാല്‍ ബന്ധിച്ചു കായലില്‍ എറിഞ്ഞു. അവരുടെ ഭവനങ്ങളും പള്ളികളും കൊള്ളചെയ്തു. മാര്‍ഗക്കാര്‍ അവരുടെ കുടുംബങ്ങളെ പടവുകളില്‍ കയറ്റി പുറംകടലില്‍ കൊണ്ടുപോയി രക്ഷപ്പെടുത്തി. അനേകം ക്രിസ്തീയ പുരോഹിതന്മാരെ അവര്‍ അഗ്നിക്കിരയാക്കി.’
ചരിത്രകാരനായ ഫ്രാന്‍സിസ് തങ്കശ്ശേരിയുടെ കുറിപ്പുകളും (ചരിത്ര സുരഭികള്‍) ഈ വിഷയത്തിലുണ്ട്. കൊല്ലത്തെ കൂട്ടക്കൊലയ്ക്കു നഷ്ടപരിഹാരം കര്‍മ്മലീത്ത മിഷനറിമാര്‍ രാജസ്ഥാനത്തോട് ആവശ്യപ്പെട്ടതിനാല്‍, സര്‍ക്കാരില്‍ നിന്നു വലിയ തുകയും കുറെ അധികം സ്ഥലങ്ങളും ന്യൂനപക്ഷ വികാരങ്ങളെ സാന്ത്വനമാക്കുവാന്‍ നല്‍കുകയുണ്ടായി. തുയ്യംപള്ളിയും ഹൈസ്‌കൂളും സ്ഥാപിതമായത് ഈ സ്ഥലത്താണത്രേ. കൂടാതെ തേവള്ളി കൊട്ടാരത്തിനു വാനം തോണ്ടിയപ്പോള്‍ കണ്ടുകിട്ടിയ കര്‍മ്മലമാതാവിന്റെ സുദീര്‍ഘ സുന്ദരസ്വരൂപം ബിഷപ് ബന്‍സിഗര്‍ അലോഷ്യസിനെ തിരച്ചേല്‍പ്പിക്കുകയും ചെയ്തു. ഇന്നത്തെ ഓവിക്കര പാലസിന്റെ ഉമ്മറത്തു ആ സ്വരൂപം കാണ്മാനുണ്ട്.
212 വര്‍ഷങ്ങള്‍ക്കു മുമ്പ് കുരുതിചെയ്യപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മ അത്ര തീവ്രമായൊന്നും നമുക്ക് അനുഭവപ്പെടില്ല. അതുകൊണ്ട് അവരുടെ മഹത്വം കുറയുന്നില്ല. ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവന്‍നഷ്ടപ്പെടുത്തിയ രക്തസാക്ഷികളാണ് അവര്‍. സ്മാരകങ്ങള്‍ ഇല്ലാത്ത രക്തസാക്ഷികള്‍.


Related Articles

ഭാരതത്തിന്റെ അല്മായ രക്തസാക്ഷി ദേവസഹായം വിശുദ്ധഗണത്തിലേക്ക്

നാമകരണം 2022 മേയ് 15ന് വത്തിക്കാനില്‍ വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ (ലാസറസ്) സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള തിരുക്കര്‍മങ്ങള്‍ 2022 മേയ് 15ന്

നാലു പതിറ്റാണ്ടിന്റെ കവിതക്കാലം

കുഞ്ഞുണ്ണി മാഷിനുശേഷം മലയാള ബാലസാഹിത്യ ലോകത്തില്‍ ഇളം മനസുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സാഹിത്യകാരനില്ല. സിപ്പി പള്ളിപ്പുറമെന്ന കുഞ്ഞുങ്ങളുടെ മഹാകവിക്ക് ഇക്കഴിഞ്ഞ മാസം 75 വയസ് തികഞ്ഞു.

വിമോചന സദ്‌വാര്‍ത്തയാവുക

വിശുദ്ധ ലൂക്കായുടെ സുവിശേഷമനുസരിച്ച് നാലാം അധ്യായം മുതലാണ് ഈശോ തന്റെ സുവിശേഷ ദൗത്യം ആരംഭിക്കുന്നത്. മരുഭൂമിയിലെ സാത്താന്റെ പരീക്ഷയ്ക്കു നൂറില്‍ നൂറു മാര്‍ക്കും വാങ്ങി ഫുള്‍ എപ്ലസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*