“ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16) ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

“ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16) ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

മാർട്ടിൻ N ആന്റണി

 

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

 

First Reading: Genesis 2:18-24

Responsorial Psalm: Ps 128:1-2,3,4-5,6

Second Reading: Hebrews 2:9-11

Gospel Reading: Mark 10:2-16 (or 10:2-12)

 

 

വിചിന്തനം:- “ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16)

യേശുവിനെ പരീക്ഷിക്കാനാണ് ഫരിസേയർ ഒരു ചോദ്യം ഉന്നയിക്കുന്നത്: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? ഉത്തരം എളുപ്പമാണ്: അതെ, നിയമാനുസൃതമാണ്. അതാണ് മോശ അനുവദിച്ചിരിക്കുന്നത്. പക്ഷേ, അവന്റെ ഉത്തരം വ്യത്യസ്തമാണ്: “നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ്‌ മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്‌” (v.5). യേശു വിഭാവനംചെയ്യുന്ന ആത്മസംഘർഷത്തിലേക്കാണ് നമ്മൾ ഇനി കടക്കാൻ പോകുന്നത്. ഹൃദയചോദന വേണോ, നിയമം വേണോ? ഇതാണ് നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന ചോദ്യം. അവൻ തന്റെ മറുപടിയിലൂടെ ഒരു വലിയ കാര്യം സ്ഥിരീകരിക്കുന്നു: എല്ലാ നിയമങ്ങൾക്കും ദൈവീക ഉൽഭവമില്ല, ചിലപ്പോൾ അത് ഹൃദയകാഠിന്യത്തിന്റെ പ്രതിഫലനമാകാം. മനുഷ്യത്വത്തിന് മുകളിൽ നിയമം വന്നാൽ ആ നിയമം ദൈവനിന്ദയാണ്. അങ്ങനെ വരുമ്പോൾ നിയമത്തിന്റെ അക്ഷരത്തിനോട് അവിശ്വസ്തനായി അതിന്റെ ആത്മാവിനോട് വിശ്വസ്തനാകാൻ നമുക്ക് സാധിക്കണം. കാത്തുസൂക്ഷിക്കേണ്ടതും ആരാധിക്കേണ്ടതും മാനവികതയുടെ തീയേയാണ്, ചാരത്തെയല്ല. ഓർക്കണം എപ്പോഴും, കണ്ണടച്ചു ഉൾക്കൊള്ളാൻ വിശുദ്ധഗ്രന്ഥം ഒരു മന്ത്രത്തകിടല്ല, അതിന് ബുദ്ധിയും ഹൃദയവും ആവശ്യമാണ്.

മനസ്സിനെ മനസ്സിലാക്കലാണ് വ്യാഖ്യാനം. അക്ഷരങ്ങളിൽ നിന്നും ആത്മാവിലേക്കുള്ള സഞ്ചാരമാണത്. വരികളിൽ മാനവികത ഇല്ലാതെ വരുമ്പോൾ വരികൾക്കപ്പുറത്തുള്ള ഹൃദയസ്പന്ദനത്തെ കണ്ടെത്തലാണ് യഥാർത്ഥ വ്യാഖ്യാനം. അപ്പോൾ സ്രഷ്ടാവിന്റെ മനസ്സ് മനസ്സിലാകും. യേശു ചെയ്യുന്നതും അതുതന്നെയാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ഉണ്ടായിരുന്ന ദൈവമനസ്സിനെയാണ് അവൻ അന്വേഷിക്കുന്നത്. അത് നിയമങ്ങൾക്കതീതമായ യുക്തിയാണ്. ആ യുക്തിയിൽ പുരുഷനും സ്ത്രീയും രണ്ടല്ല, ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ വിഭജനത്തിന്റെയോ ഉപേക്ഷാപത്രത്തിന്റെയോ നിയമമില്ല.

ഭാര്യയെ ഉപേക്ഷിക്കാമോ എന്ന ചോദ്യത്തിന് മനുഷ്യനെ പുരുഷനും സ്ത്രീയും ആയിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്ന ഉത്തരമാണ് അവൻ നൽകുന്നത്. അസമത്വത്തിന്റെ പുരുഷ ഭാവനയ്ക്ക് വിരുദ്ധമായിട്ട് ദൈവ മുമ്പിലെ സമത്വചിത്രമാണ് അവൻ ചൂണ്ടിക്കാണിക്കുന്നത്. ഭാര്യയെ തള്ളിക്കളയാൻ അവൾ നിനക്ക് താഴെയല്ല, നീ അവൾക്കു മുകളിലുമല്ല. നിങ്ങൾ ഒറ്റ ശരീരമാണ്. ഭാര്യ ഒരു ബാഹ്യപ്രശ്നമല്ല, അവൾ നിന്റെ ആന്തരിക ഉള്ളടക്കമാണ്; അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും (ഉത്‌പ 2:3). ആ ഉള്ളടക്കത്തെ സ്വത്വത്തിൽ നിന്നും പിഴുതെറിയുകയെന്നത് പൈശാചികമായ പ്രവർത്തിയാണ്. അതുകൊണ്ടാണ് ഒരു കല്പനയെന്നപോലെ അവൻ പറയുന്നത്: “ദൈവം സംയോജിപ്പിച്ചത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ” (v.9).

ചില നിയമങ്ങളുണ്ട് അതിനെ പുരുഷകാഴ്ചപ്പാടിലൂടെയാണ് ചരിത്രം ഇത്രയും നാളും വ്യാഖ്യാനിച്ചിട്ടുള്ളത്. അങ്ങനെയുള്ള വ്യാഖ്യാനത്തിൽ പുരുഷൻ സ്വയം മാറി നിൽക്കുകയാണ് പതിവ്. അതിലൊന്നാണ് വ്യഭിചാരത്തെ കുറിച്ചുള്ള നിയമം. വിവാഹത്തിന്റെ ചിന്താപരിസരങ്ങളിൽ കടന്നുവരുന്ന നിയമമാണിത്. വ്യഭിചാരം എന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നത് സ്ത്രീമാത്രമാണ്. പുരുഷനോ? അവൻ ശിക്ഷകനാണ്. ഈയൊരു പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ശിഷ്യന്മാര്‍ വീട്ടില്‍വച്ച്‌ വീണ്ടും അവനോടു ചോദിക്കുന്നത് (v.10). യേശു നൽകുന്ന മറുപടി ശ്രദ്ധേയമാണ്; വ്യഭിചാരം ഒരു നിയമവിഷയം മാത്രമല്ല, അതൊരു ധാർമികവിഷയം കൂടിയുമാണ്. അത് ബാഹ്യം എന്നതിനേക്കാളുപരി ആന്തരികമായ യാഥാർത്ഥ്യമാണ്. ധാർമികമായ കാഴ്ചപ്പാടിൽ വ്യഭിചാരത്തിൽ പുരുഷനും സ്ത്രീയ്ക്കും തുല്യസ്ഥാനമാണുള്ളത്. അതുകൊണ്ട് ഉപേക്ഷയുടെ പ്രത്യയശാസ്ത്രം ദാമ്പത്യത്തിൽ ഒത്തുപോകില്ല.

ദാമ്പത്യത്തെക്കുറിച്ച് പറയുമ്പോൾ മാറ്റി നിർത്താൻ പറ്റാത്ത ഒരു ഘടകമാണ് കുഞ്ഞുങ്ങൾ. അതുകൊണ്ടാണ് കുഞ്ഞുങ്ങൾ കഥാപാത്രങ്ങളായി ഈ സുവിശേഷഭാഗത്തിൽ കടന്നുവരുന്നത്. ശിഷ്യരിൽ ആരൊക്കെയോ കുഞ്ഞുങ്ങളെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നു. അതു കണ്ട് യേശു കോപിക്കുന്നു. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമേ കോപിക്കുന്ന യേശുവിനെ നമുക്ക് കാണാൻ സാധിക്കു. ഇന്നിതാ, അവൻ കോപിക്കുന്നു. കാരണം, നമ്മൾ തടഞ്ഞുനിർത്തുന്നത് ദൈവരാജ്യത്തിന്റെ പ്രതിനിധികളെയാണ്. നമ്മുടെ ഭവനങ്ങളെ ദൈവരാജ്യമാക്കിമാറ്റുന്നവരാണ് കുഞ്ഞുങ്ങൾ. അവരോടുള്ള എല്ലാ നിഷേധാത്മകമായ പ്രവർത്തികളും ഭൂമിയെ നരകതുല്യമാക്കും. ശിശുമനസ്സ് അറിയുന്നവർ ഉപേക്ഷയുടെ ചിന്തകളെ ഊട്ടി വളർത്തില്ല, മറിച്ച് കുടുംബത്തെ ദൈവരാജ്യമായി പടുത്തുയർത്തും.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

പാവങ്ങളുടെ ഇടയന് ആലപ്പുഴയുടെ ആദരം

ആലപ്പുഴ: എഴുപത്തിയഞ്ചുവയസിന്റെ നിറവില്‍ പൗരോഹിത്യത്തിന്റെ സഫലമായ അന്‍പതുവര്‍ഷത്തിലെത്തിയ ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന് ആലപ്പുഴ പൗരാവലിയുടെ പ്രൗഢോജ്വല സ്വീകരണം. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കെ.സി.

സാമ്പത്തിക സംവരണത്തിന് എന്തിനിത്ര തിടുക്കം?

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസം, 2019 ജനുവരി എട്ടിന്, നരേന്ദ്ര മോദി ഗവണ്‍മെന്റ് തിടുക്കത്തില്‍ അവതരിപ്പിച്ച് ഒരു ചര്‍ച്ചയും കൂടാതെ

പോള്‍ ആറാമന്‍ പാപ്പാ ഉള്‍പ്പെടെ ഏഴുപേര്‍ വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 14ന് ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ പൊതുവേദിയില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലിമധ്യേ സാര്‍വത്രിക സഭയിലെ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്ത്യയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*