Breaking News

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

 

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

First Reading: Isaiah 53:10-11

Responsorial Psalm: Ps 33:4-5,18-19,20,22

Second Reading: Hebrews 4:14-16

Gospel Reading: Mark 10:35-45 (or 10:42-45)

 

വിചിന്തനം:- ദാസനാകുന്ന ദൈവം (മർക്കോ 10:35-45)

 

യേശുവിനെ ആദ്യം അനുഗമിച്ച രണ്ട് തീരദേശ യുവാക്കളാണ് സെബദീപുത്രന്മാർ: യാക്കോബും യോഹന്നാനും. ഗുരു തന്റെ മാനസ ശിഷ്യരായി കരുതിയിരുന്നവരാണവർ. മറ്റു ശിഷ്യന്മാരെക്കാൾ കൂടുതൽ അവന്റെ രഹസ്യ നിമിഷങ്ങളിൽ പങ്കുചേർന്നവർ. അവരിതാ, ആദ്യസ്ഥാനം മോഹിച്ച് ഗുരുവിനു മുമ്പിൽ അപേക്ഷയുമായി വന്നിരിക്കുന്നു. ജെറുസലേമിൽ എത്തി കഴിയുമ്പോൾ തനിക്ക് സംഭവിക്കാനിരിക്കുന്ന നൊമ്പരങ്ങളെ കുറിച്ച് ഗുരുനാഥൻ പ്രവചിച്ചു കഴിഞ്ഞതേയുള്ളൂ. പറഞ്ഞതെല്ലാം പതിരായി പോകുന്ന അവസ്ഥ. ചേർന്നുനിൽക്കുന്ന ശിഷ്യർക്ക് പോലും അവനെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. അവന്റെ നൊമ്പരങ്ങൾക്ക് മുകളിൽ അവർ സ്ഥാനമാനങ്ങൾ വയ്ക്കുന്നു. “അവര്‍ പറഞ്ഞു: അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്‌ടരാകാന്‍ അനുവദിക്കണമേ!” (v.37)

അസമയത്തുള്ള ഒരു അപേക്ഷയാണിത്. എങ്കിലും ഗുരുനാഥൻ അവരെ കുറ്റപ്പെടുത്തുന്നില്ല. അവൻ പറയുന്നു: “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങൾ അറിയുന്നില്ല”. അതെ, അറിയില്ല നിങ്ങൾക്ക്, പ്രബലസ്ഥാനം മോഹിച്ച് ഏതു തീരത്തിലേക്കാണ് നീന്തി കയറുന്നതെന്ന്; അധികാരലഹരിയിൽ നിന്നും നുരഞ്ഞു പൊങ്ങുന്ന കറുത്ത ശക്തികൾ നിങ്ങളെ തകർക്കുമെന്ന്. ഓർക്കുക, മഹത്വത്തിലേക്കുള്ള വഴി കുരിശിന്റെ വഴിയാണ്. മീറ കലർത്തിയ പാനപാത്രമുണ്ടവിടെ. സങ്കടപെരുമഴയിൽ കുതിരുന്ന സ്നാനമുണ്ട്. അതിലൂടെ നടക്കാൻ നിങ്ങൾക്ക് കഴിയുമോ? അവർ പറയുന്നു കഴിയും. ശരിയാണ്, അതിലൂടെ നടന്നു മുന്നിലോട്ടു നീങ്ങി ഒന്നാമനായി എത്തിയാലും, ഓർക്കണം ഒരു കാര്യം, ആത്യന്തികമായി എല്ലാം ദൈവദാനമാണ്.

എന്നിട്ടും അമർഷത്തിന്റെ ഒരന്തരീക്ഷം ശിഷ്യരുടെ ഇടയിൽ ഉണ്ടാകുന്നു. “ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്ക്‌ യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി” (v.41).

ലോകത്തിന് അതിന്റെതായ ഒരു ചിന്താരീതിയുണ്ട്. ആധിപത്യത്തിനെ അനുപമമായി കാണുന്ന യുക്തിയാണത്. മാത്സര്യത്തിന്റെയും കൈക്കരുത്തിന്റെയും യുക്തി. എങ്ങനെയെങ്കിലും ഒന്നാമനാകണമെന്ന അഭിലാഷം. അത് യേശുവിന്റെ യുക്തിയല്ല. അവൻ പറയുന്നു; “നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്”. അത് അസംതൃപ്തിയുടെ ഒറ്റ തുരുത്തിലേക്ക് നമ്മെ നയിക്കും. സഹജരുടെമേൽ യജമാനത്വം പുലർത്താൻ ആഗ്രഹിക്കുന്നവർ അസ്വസ്ഥമായ ഹൃദയം പേറുന്നവരായിരിക്കും. അവർക്ക് തങ്ങളുടെ ചുറ്റും വസന്തമൊരുക്കാൻ സാധിക്കില്ല. ഒരു കള്ളിമുള്ള് ചെടിയെ പോലെ അവർ മരുഭൂമിയിൽ തല ഉയർത്തി നിൽക്കുക മാത്രമേ ചെയ്യൂ. ചുറ്റിനും മുള്ളുകളുള്ള, ഒരു കിളി കുഞ്ഞിന് പോലും കൂടൊരുക്കുവാൻ അനുവദിക്കാത്ത അങ്ങനെയുള്ളവരെ യേശു തന്റെ രാജ്യത്തിൽ ആഗ്രഹിക്കുന്നുമില്ല.

വിശുദ്ധി എന്നത് കെട്ടടങ്ങിയ ഒരു അഭിനിവേശമല്ല, പരിവർത്തിതമായ ഒരു ആവേശമാണ്. “വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം” എന്ന ഗുരു വചനത്തിൽ പരിവർത്തനത്തിന്റെ ഒരു പരിണാമമുണ്ട്. അത് എളുപ്പമുള്ള കാര്യമാണെന്ന് വിചാരിക്കരുത്. ചെറിയവനാകുക എന്ന പുണ്യത്തിലേക്ക് വളരണമെങ്കിൽ ആത്മധൈര്യം എന്ന മൂലധനം നമുക്കുണ്ടായിരിക്കണം. കെനോസിസ് അഥവാ ശൂന്യവൽക്കരണം എന്നും ആ മൂലധനം അറിയപ്പെടും. അതുണ്ടെങ്കിൽ മാത്രമേ ദാസനെന്ന തലത്തിലേക്ക് നമുക്ക് പരിവർത്തനം ചെയ്യാൻ സാധിക്കൂ. നോക്കുക, ഏശയ്യാ പ്രവാചകൻ ക്രിസ്തുവിനു നൽകുന്ന ഒരു പേരുണ്ട്, സഹനദാസൻ എന്നാണ്. ശൂന്യവൽക്കരണം അതിന്റെ അടിത്തട്ടിൽ എത്തുമ്പോൾ നമുക്കും കിട്ടും ഈ നാമം.

ഒരു സേവകനാകാനാണ് ഞാൻ വന്നിരിക്കുന്നതെന്ന് ദൈവപുത്രൻ പറയുന്നു. എല്ലാ ചിന്തകളെയും തകിടംമറിക്കുന്ന ദൈവസങ്കല്പമാണിത്. അവൻ പ്രപഞ്ച നാഥനല്ല, പ്രഭുക്കന്മാരുടെ കർത്താവല്ല, രാജാക്കന്മാരുടെ രാജാവുമല്ല, അവൻ എല്ലാവരുടെയും സേവകനാണ്. സ്നേഹമാകുന്ന ദൈവത്തിന് ദാസനാകാതെ പിന്നെന്താകാൻ സാധിക്കും? സ്നേഹം എന്ന സങ്കല്പത്തിന്റെ മനുഷ്യരൂപമാണ് ദാസൻ എന്ന പദം. സ്നേഹം ദാസന്റെ രൂപം സ്വീകരിക്കുമ്പോൾ ശിക്ഷകളുടെ ചിന്തകളവിടെ കടന്നു വരില്ല, മറിച്ചു നൊമ്പരങ്ങളെല്ലാം ചുമലിൽ പേറി സ്വയം ഒരു ബലിയായി കുരിശിൽ കയറും. അവനു വേണ്ടിയല്ല, അവൻ സ്നേഹിക്കുന്നവർക്ക് വേണ്ടി. ആ യുക്തി ലോകത്തിന് ഉണ്ടാകണമെന്നില്ല, കാരണം സ്നേഹത്തിന്റെ യുക്തി വലുതാകലിന്റെതല്ല, ചെറുതാകലിന്റെതാണ്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

‘സഭയും നാസി-ഫാസിസവും; തേലക്കാട്ടചന്‍ പറയാത്ത ചരിത്രങ്ങള്‍”

  ഫാ.മെട്രോ സേവൃര്‍ OSA ”നിങ്ങള്‍ എന്തെന്കിലും അറിയാന്‍ ആഗ്രഹിക്കുന്നെന്കില്‍ അതിന്റെ ആരംഭവും വികാസവും നിരീക്ഷിക്കുക”. തത്വചിന്തകനായ അരിസ്റ്റോട്ടില്‍ പറഞ്ഞതാണ്.ചരിത്രത്തെ അപഗ്രഥിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട മനോഭാവമാണിത്.ചരിത്രസംഭവങ്ങളെ വൃാഖൃാനിക്കുന്പോഴോ,വിധിക്കുന്പോഴോ,അതിന്റെ

മൂലമ്പിള്ളി: വല്ലാര്‍പാടം ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി

എറണാകുളം: വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ പുനരധിവാസപ്പാക്കേജിന് 10 വയസ് തികയുന്നതിനോടനുബന്ധിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. പുനരധിവാസ

എത്രമാത്രം ക്ഷമിക്കാം…

കഴിഞ്ഞവര്‍ഷം കെനിയയിലാണ് ഈ സംഭവം നടക്കുന്നത്. പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നു അവര്‍. പക്ഷേ മൂന്നു കുട്ടികളായപ്പോഴേയ്ക്കും സ്‌നേഹം വിദ്വേഷത്തിന് വഴിമാറി. തെറ്റായ കൂട്ടുകെട്ടുകളില്‍പ്പെട്ട് പെനിയയുടെ ഭര്‍ത്താവ് സാമുവല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*