മയ്യനാട്ട് ജോസഫ് എന്ന വിചാരശില്പി

മയ്യനാട്ട് ജോസഫ് എന്ന വിചാരശില്പി

അപൂര്‍ണ്ണതകള്‍ കൊഴിഞ്ഞുപോയ അറിവിന് പുതിയ തളിരുകള്‍ വരും. അറിവും അത് ഉല്പാദിപ്പിക്കുന്ന ചിന്തയും വ്യക്തികളേയും സമൂഹത്തേയും പുതിയ വഴികളില്‍ മുന്നേറാന്‍ പ്രേരിപ്പിക്കും. സമൂഹത്തിന് അറിവ് പകര്‍ന്ന് നവോത്ഥാനമാര്‍ഗത്തിന് ശക്തി പകര്‍ന്ന വിചാരശില്പിയാണ് മയ്യനാട്ട് ജോസഫ്.
സമുദായ പരിഷ്‌കര്‍ത്താവും തിരുവിതാംകൂറിലെ ക്രൈസ്തവ സമുദായത്തിന് റീത്തുകള്‍ക്കതീതമായി നേതൃത്വം നല്‍കുകയും ചെയ്ത മയ്യനാട്ട് ജോസഫ് 1870-ല്‍ മയ്യനാട്ട് കോരുവിള വീട്ടില്‍ വറീതിന്റെയും വറീതയുടെയും മകനായി ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പഌഡര്‍ പരീക്ഷ ജയിച്ച് പരവൂര്‍ കോടതിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ടു. അഭിഭാഷക വൃത്തിയോടൊപ്പം സമുദായ രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധചെലുത്തി. കത്തോലിക്കരെ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ അദ്ദേഹം ബദ്ധശ്രദ്ധ പതിപ്പിച്ചു. സമൂദായത്തിന്റെ അവകാശങ്ങള്‍, സാമൂഹികനീതി എന്നീ വിഷയങ്ങളിലുള്ള ലേഖനങ്ങളും ക്രിസ്തുമതാദര്‍ശങ്ങളെയും വിശ്വാസങ്ങളെയും ലളിതമായി വിവരിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങളും മയ്യനാട് ജോസഫ് രചിച്ചു.
കേരളത്തിലെ കത്തോലിക്കര്‍ സംഘടിച്ച് അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ പൊരുതണമെന്ന അഭിപ്രായക്കാരനായിരുന്നു മയ്യനാട്ട് ജോസഫ്. അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്ന കാലഘട്ടത്തില്‍ മലയാളി മെമ്മോറിയല്‍ സമര്‍പ്പണ പ്രക്ഷോഭണമായിരുന്നു തിരുവിതാംകൂറില്‍ നടന്നുകൊണ്ടിരുന്നത്. തിരുവിതാംകൂറില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിച്ചു തമിഴ് ബ്രാഹ്മണന്‍മാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചുകൊണ്ടിരുന്ന വ്യവസ്ഥ മാറ്റിയെടുക്കുകയെന്നതായിരുന്നു ഈ മെമ്മോറിയലിന്റെ പ്രധാന ലക്ഷ്യം. തമിഴ്‌നാട്ടുകാരായ ദിവാന്മാരുടെ ദുര്‍ഭരണം, സര്‍ക്കാരുദ്യോഗങ്ങളില്‍ വിദേശികള്‍ക്ക് മുന്‍ഗണന, പിന്നോക്കവിഭാഗങ്ങളോടുള്ള അവഗണന, ഭരണത്തില്‍ ജനപങ്കാളിത്തം തിരസ്‌ക്കരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മലയാളി മെമ്മോറിയലില്‍ ഉന്നയിച്ചു. എന്നാല്‍ മലയാളി മെമ്മോറിയലുകൊണ്ട് ക്രിസ്ത്യാനികള്‍ക്ക് പൊതുവിലും ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കു പ്രത്യേകിച്ചും യാതൊരു പ്രയോജനവും ലഭിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആവശ്യമണെന്ന് മയ്യനാട് ജോസഫ് അഭിപ്രായപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണല്ലോ കേരളത്തില്‍ സമുദായ സംഘടനകള്‍ പിറവിയെടുക്കുന്നത്. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം, സാധുജന പരിപാലനസംഘം, കേരളീയ നായര്‍ സമാജം, മുസ്ലിം സമാജം, നമ്പൂതിരി യോഗക്ഷേമസഭ തുടങ്ങിയ സംഘടനകളെപോലെ കത്തോലിക്കര്‍ക്കും സമുദായസംഘടന വേണമെന്ന ചിന്ത അദ്ദേഹം പങ്കുവെച്ചു. നിയമസഭയില്‍ പ്രാതിനിധ്യം നേടുക, റവന്യൂ-ദേവസ്വം വകുപ്പ് വിഭജിച്ച് സര്‍ക്കാര്‍ ജോലി ക്രൈസ്തവര്‍ക്ക് ലഭിക്കുന്നതിനുള്ള അവസരം സംജാതമാക്കുക എന്നീ ആവശ്യങ്ങള്‍ സംഘടന എന്ന ആശയത്തിന് ശക്തി പകര്‍ന്നു. മയ്യനാട് ജോസഫ്, സി.അന്തപ്പായി, ഐ.സി.ചാക്കോ, സിറിയക് നിധീരി എന്നീ യുവാക്കള്‍ സമുദായസംഘടനാ രൂപീകരണത്തിനായി മാന്നാനം തിരഞ്ഞെടുത്തു. മാന്നാനത്ത് തീര്‍ത്ഥാടകരെത്തുന്ന നാല്‍പതുമണി ആരാധാനയുടെ സമാപനത്തിലാണ് യോഗം ചേരാന്‍ നിശ്ചയിച്ചത്.
അങ്ങനെ ഒരു പൊതു സമുദായ സംഘടനകെട്ടിപ്പടുക്കുന്നതിനെപ്പറ്റിയുള്ള ആലോചന 1905 മെയ് 13-ാം തീയതി മാന്നാനത്തു നടന്നു. പ്രസ്തുത സമ്മേളനം ‘കത്തോലീക്കാ ക്രിസ്തീയ മഹാജനസഭ’ രൂപീകരിച്ചു. മലയാളക്കരയില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഘടിതരൂപം അവിടെ പിറവിയെടുത്തു. സമ്മേളനത്തിന്റെ പ്രധാന തീരുമാനം അന്‍പത്തിയാറാം ദിവസം ആലപ്പുഴ മങ്ങാടപ്പള്ളി മാളികയില്‍ കത്തോലിക്കാ ക്രിസ്തീയ മഹാജനസഭയുടെ പ്രഥമ സമ്മേളനം ചേരണമെന്നുള്ളതായിരുന്നു. ആ യോഗതീരുമാനമനുസരിച്ച് ആലപ്പുഴയില്‍ ചേര്‍ന്ന സമ്മേളനത്തിലെ മുഖ്യപ്രസംഗകന്‍ മയ്യനാട് ജോസഫായിരുന്നു. പാറയില്‍ വര്‍ക്കി തരകന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ കത്തോലിക്കാ സമുദായ സംഘടനയുടെ ചരിത്രത്തില്‍ വിസ്മരിക്കപ്പെടാന്‍ പാടില്ലാത്ത നേതാവാണ് മയ്യനാട് ജോസഫ്. മോണ്‍. ഫെര്‍ഡിനാന്‍ഡ് കായാവില്‍ 1992-ല്‍ എഴുതിയ ‘അല്മായധര്‍മ്മം’ പുസ്തകത്തിലാണ് മയ്യനാട് ജോസഫിനെക്കുറിച്ച് വിവരിച്ചിട്ടുള്ളത്. പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ‘ശതവര്‍ഷ സാക്ഷ്യം’ ലേഖനത്തില്‍ പ്രസാധകനും എഴുത്തുകാരനുമായ ജോണ്‍ പെല്ലിശ്ശേരി കേരളത്തിലെ ക്രൈസ്തവ നേതാക്കളുടെയും സമുദായ സംഘടനകളുടെയും ചരിത്രം വിവരിക്കുന്നുണ്ട്. അല്മായധര്‍മ്മം വായിച്ച കാലം മുതല്‍ മയ്യനാട് ജോസഫിനെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ പുസ്തകങ്ങളും ഛായാചിത്രവും സംഘടിപ്പിക്കാന്‍ എനിക്കായില്ല. അത് ഒരു ദുഃഖമായി ഈ അനുസ്മരണം എഴുതുമ്പോഴും എന്റെ മനസിലുണ്ട്. ഒരുപക്ഷെ സഭാചരിത്രം രേഖപ്പെടുത്തുന്ന താല്‍പര്യം സമൂദായ ചരിത്രം രേഖപ്പെടുത്തുന്നതില്‍ നാം പ്രകടിപ്പിച്ചിട്ടില്ല. കൊല്ലത്തുള്ളവര്‍പോലും മയ്യനാടു ജോസഫിനെ അറിയാത്ത അവസ്ഥ ഇന്നുണ്ട്. ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കണമെങ്കില്‍ സമുദായ സംഘടനയുടെ രൂപികരണത്തിനുവേണ്ടി അദ്ദേഹമെഴുതിയ പുസ്തകങ്ങളെക്കുറിച്ചറിയണം. ഒപ്പം അക്കാലത്ത് ഇതര സമുദായങ്ങളിലുണ്ടായ പ്രസിദ്ധീകരണങ്ങളും പഠനവിഷയമാക്കണം.
മയ്യനാട് ജോസഫ് 1906-ല്‍ ‘കേരളീയകത്തോലിക്കരുടെ ആധുനികാവസ്ഥ’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മയ്യനാട്ട് വര്‍ണ്ണപ്രകാശം പ്രസ്സില്‍ അച്ചടിച്ച ഈ ഗ്രന്ഥം സമുദായത്തിന്റെ സാമൂഹ്യപ്രശ്‌നങ്ങളെ ശരിക്കും വിലയിരുത്തുന്നതായിരുന്നു. 1907-ല്‍ പ്രസിദ്ധീകരിച്ച ‘ലോകപരിഷ്‌കാരം’ എന്നകൃതി ലോകഗതിയെക്കുറിച്ചും മനുഷ്യപ്രയത്‌നം കൊണ്ട് അതിനുണ്ടാകുന്ന നേട്ടങ്ങളെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നതായിരുന്നു. 1911-ല്‍ പ്രസിദ്ധീകരിച്ച ‘സത്യവേദ ദര്‍പ്പണം’ എന്ന കൃതി റവ. ജെ. ഹിപ്പോളിറ്റസിന്റെ കൃതിയുടെ ഭാഷാന്തരം ആണ്. സത്യവേദത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഉള്ളടക്കം. ക്രിസ്തുമതാദര്‍ശങ്ങളെയും വിശ്വാസങ്ങളെയും ലളിതമായി ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. ചിറയത്ത് അന്തപ്പായിയുടെ ‘സാന്മാര്‍ഗ്ഗപ്രകാശിക’ ഗ്രന്ഥത്തോടാണ് ഷെവലിയര്‍ ഐ.സി. ചാക്കോ ഈ കൃതിയെ തുലനംചെയ്തത്. കത്തോലിക്കാ മഹാജനസഭയുടെ മാന്നാനം, ആലപ്പുഴ, എറണാകുളം സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുത്ത് സമൂദായ സംഘടനയെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷെ ആ ശ്രമങ്ങള്‍ക്കിടയില്‍ 1915-ല്‍ തന്റെ 45-ാംമത്തെ വയസ്സില്‍ അദ്ദേഹം ദിവംഗതനായി. എസ്.എന്‍.ഡി.പി.യുടെ രൂപീകരണത്തില്‍ കുമാരനാശാന്‍ നല്‍കിയ നേതൃത്വത്തിനു സമാനമാണ് മയ്യനാട് ജോസഫിന്റെ നേതൃത്വവും.
1903-ല്‍ എസ്.എന്‍.ഡി.പി. രൂപീകരിച്ചതിനെതുടര്‍ന്ന് ആ സമുദായത്തിലുണ്ടായ നവോത്ഥാനം ചരിത്രത്തിന്റെ ഭാഗമാണ്. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം 1904-ല്‍ ആരംഭിച്ച വിവേകോദയം മാസിക ഈഴവ സമൂദായത്തിന്റെ സമൂഹ്യവിഷയങ്ങള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ചു. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ ആദ്ധ്യത്മിക നേതൃത്വത്തിന്റെ പിന്‍ബലത്തില്‍ സമുദായസംഘടന രൂപീകരിക്കാന്‍ ഡോ. പല്‍പ്പുവിനെ ഉപദേശിച്ച സ്വാമി വിവേകാന്ദനോടുള്ള ആദരസൂചകമായിട്ടാണ് മാസികക്ക് ‘വിവേകോദയം’ എന്ന പേര് യോഗം നല്‍കിയത്. മഹാകവി കുമാരനാശാന്‍ 1904- മുതല്‍ പതിനഞ്ചുവര്‍ഷക്കാലം മാസികയുടെ പത്രാധിപരായിരുന്നു. അക്കാലത്ത് ഈഴവസമുദായത്തെക്കുറിച്ചുള്ള ആകുലതകള്‍ കുമാരനാശാന്‍ വിവേകോദയത്തില്‍ പത്രാധിപക്കുറിപ്പുകളിലൂടെ രേഖപ്പെടുത്തി. 1080 മിഥുനമാസത്തില്‍ വിവേകോദയത്തില്‍ കുമാരനാശാന്‍ എഴുതി: ”തിരുവിതാംകൂറില്‍ 30 ലക്ഷം ജനങ്ങളും 13181 സര്‍ക്കാര്‍ ജീവനങ്ങളുമാണുള്ളത്. ഹിന്ദുപ്രജകളില്‍ ആറുലക്ഷം ഉള്ളവരാകയാല്‍ സംഖ്യകൊണ്ടു ഒന്നാമതായി നില്‍ക്കുന്നതു നായന്മാരും രണ്ടാമത്തേതു അഞ്ചുലക്ഷം ഈഴവരുമാകുന്നു. മേല്‍പ്പറഞ്ഞ ജീവനങ്ങളില്‍ 8906 (അല്ലെങ്കില്‍) നൂറ്റിനു അറുപതില്‍ അധികവും നായന്മാര്‍ അനുഭവിക്കുന്നു. ഈഴവര്‍ക്കു ഒക്കപ്പാടെ ഇന്നുവരെ ഉള്ളതു 86 ചില്ലറ ജീവനനങ്ങള്‍ മാത്രമാണെന്നു പറയേണ്ടിവരുന്നതില്‍ ഞങ്ങള്‍ക്കു ലജ്ജയേക്കാള്‍ വ്യസനമാണുള്ളത്.” കുമാരനാശാന്റെ പഠനങ്ങളുടെ മാതൃകയില്‍ ക്രൈസ്തവരുടെ സാമൂഹ്യാവസ്ഥ വിശകലനം ചെയ്ത് മയ്യനാട് ജോസഫ് തയ്യാറാക്കിയ ‘കേരളീയ കത്തോലിക്കരുടെ ആധുനിക അവസ്ഥ’ എന്ന ഗ്രന്ഥം 1906ല്‍ പ്രസിദ്ധീകരിച്ച കാര്യം മുന്‍പ് കുറിച്ചല്ലോ. വിസ്മരിക്കപ്പെട്ട ഈ ഗ്രന്ഥം കണ്ടെടുത്ത് നമ്മുടെ ചരിത്രശേഖരത്തിലെ പ്രമുഖ സ്ഥാനത്ത് പ്രതിഷ്ഠിക്കണം. അതുതന്നെയാണ് ഈ മഹാത്മാവിന് തീര്‍ക്കാവുന്ന സ്മാരകവും.


Tags assigned to this article:
abhijnanammayyantu josephshaji george

Related Articles

പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍. എക്സൈസ് തീരുവയില്‍ മൂന്ന് രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. അന്താരാഷ്ട്ര വിപണിയില്‍ വില

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു:ട്രൂഡോ ഐസൊലേഷനില്‍

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ്

അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം

കൊടുങ്ങല്ലൂര്‍: തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശമേഖലയിലെ പ്രധാന യാത്രാമാര്‍ഗവുമായ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടനെ പുനരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) മുന്നറിയിപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*