എലിയുടെ പിന്നാലെ പായുന്നവര്‍

പണ്ട് പണ്ട് ഒരാള്‍ക്ക് ഫോക്സ്ഹൗണ്ട് ഇനത്തില്‍പ്പെട്ട ഒരു നായക്കുട്ടിയുണ്ടായിരുന്നു. വേട്ടയാടാന്‍ മിടുക്കരാണ് ഫോക്സ്ഹൗണ്ട് ശ്വാനന്മാര്. ഏതു മാളത്തില്‍ ഒളിച്ചിരിക്കുന്ന മൃഗത്തെയും മണത്തറിഞ്ഞ് അവയെ പുറത്തു ചാടിച്ച് പിടിച്ചുകൊണ്ടുവരും.
ജാസ്ഫര്‍ എന്നു പേരിട്ട ആ നായ്ക്കുട്ടിയുടെ ട്രെയ്നിംഗ് കഴിഞ്ഞയുടനെ ഉടമസ്ഥന് അതിനെയും കൊണ്ട് അടുത്തുള്ള കുറ്റിക്കാട്ടിലേക്കു പോയി. അതാ, കുറച്ചുദൂരം പോയപ്പോള്‍ ഒരു കുറ്റിച്ചെടിയുടെ അടുത്തുനിന്ന് മേയുന്ന കലമാന്‍. കലമാനെ കണ്ടയുടനെ ജാസ്ഫര്‍ കുരച്ചുകൊണ്ട് അതിന്റെ പിന്നാലെ പാഞ്ഞു. പക്ഷേ, പിടിക്കൊടുക്കാതെ ഓടി. അപ്പോഴാണ് ഈ ബഹളം കേട്ട് ഒരു മുയല് പൊന്തക്കാട്ടില്‍ നിന്ന് തലയുയര്‍ത്തി നോക്കിത്. മുയലിനെ കണ്ടപ്പോള്‍ ജാസ്ഫറിന്റെ ശ്രദ്ധ അതിലേക്കായി. ആ സമയം കൊണ്ട് കലമാന്‍ രക്ഷപ്പെട്ടു.
മുയല് ചാടി മുന്നോട്ടു പോയി. ജാസ്ഫര്‍ കുരച്ചുകൊണ്ട് അതിന്റെ പിന്നാലെയും. അപ്പോഴേക്കും അടുത്തുള്ള മാളത്തില്‍ നിന്ന് ഒരു പെരുച്ചാഴി പുറത്തേയ്ക്കു വന്നു. എലിയെ കണ്ടയുടനെ ജാസ്ഫറിന്റെ ശ്രദ്ധ അതിലേക്കായി. അവന് എലിയുടെ പിന്നാലെ ഓടാന്‍ തുടങ്ങി. അപ്പോഴേയ്ക്കും മുയല് രക്ഷപ്പെട്ടു.
എലിയെ ഇപ്പോള്‍ പിടിക്കും എന്നായപ്പോഴാണ് മൂഷികന് അടുത്തു കണ്ട മാളത്തിലേക്ക് പാഞ്ഞു പോയത്. ജാസ്ഫറിന് കടക്കുവാനുള്ളത്ര വലുപ്പം ആ മാളത്തിനില്ലായിരുന്നു. നിരാശയോടെ, കാലുകള്‍ കൊണ്ട് തറ മാന്തിയതു കൊണ്ടും കുറെനേരം കുരച്ചതുകൊണ്ടും ഫലമുണ്ടായില്ല. കലമാനിനെയും കിട്ടിയില്ല; മുയലും പോയി. അവസാനം എലിയെയും നഷ്ടപ്പെട്ടു.
ഇതുതന്നെയല്ലേ നമ്മുടെയും അവസ്ഥ? വലിയ വലിയ ലക്ഷ്യത്തിലെത്തിച്ചേരേണ്ടവര് അപ്രധാനവും അസ്ഥിരവുമായ വസ്തുക്കളുടെ പിറകെ പോയി നിരാശയോടെ നഷ്ടപ്പെട്ടുപോയ അവസരങ്ങളെയോര്‍ത്ത് വിലപിക്കുന്നു. ബുദ്ധിയുണ്ടായിട്ടും പഠിക്കേണ്ട സമയത്ത് പഠിക്കാതെ കളിച്ചും, ടിവികണ്ടും, ക്ലാസ് കട്ട് ചെയ്തും സമയം കളയുമ്പോള്‍ ഉന്നത വിജയം നേടാനാകാതെ പഠിപ്പു നിര്‍ത്തേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍.
സാമ്പത്തികമായ കഴിവുണ്ടായിട്ടും പാര്‍ട്ടി നടത്തിയും, ടൂറിനു പോയും സ്റ്റാര്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചും, വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങിയും പണമെല്ലാം നഷ്ടപ്പെടുത്തുന്ന സമ്പന്നര്‍. സമ്പത്ത് വേണ്ട രീതിയില്‍ ഇന്‍വെസ്റ്റ് ചെയ്യാതെ ധൂര്‍ത്തും ശ്രദ്ധയില്ലായ്മയും മൂലം മക്കളുടെ ഭാവി തുലയ്ക്കുന്ന മാതാപിതാക്കള്‍.
സൗന്ദര്യവും പണവും മാത്രം മാനദണ്ഡമായി കരുതി തങ്ങളുടെ കുടുംബത്തിന് ഒട്ടും യോജിക്കാത്ത ഒരാളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതു വഴി ജീവിതകാലം മുഴുവന്‍ പരിതപിക്കേണ്ടി വരുന്നവര്‍. വിവേകമില്ലാത്ത വികാര പ്രകടനങ്ങള്‍ മൂലം ഉന്നതമായ പൗരോഹിത്യാന്തസ്സും പാവനമായ സന്യാസ ദൈവവിളിയും നഷ്ടപ്പെടുത്തുന്നവരും നമ്മുടെ ചുറ്റിലുമുണ്ട്.
അല്പം ലാഭത്തിനു വേണ്ടി തട്ടിപ്പു നടത്തി അവസാനം ഉള്ള ജോലിയും നഷ്ടപ്പെട്ട് മാനഹാനിയോടെ പടിയിറങ്ങേണ്ടി വരുന്നവരുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി മനുഷ്യ വ്യക്തിത്വം കളഞ്ഞുകുളിച്ചു മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാകുന്നവരും നിരാശയോടെ പടുകുഴിയില്‍ താഴുന്നവരും ഉണ്ട്.
ദൈവത്തിന്റെ സാദൃശ്യത്തിലും ച്ഛായയിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മള് ആ മഹത്വം മനസ്സിലാക്കാതെ വരുമ്പോഴാണ് മൃഗങ്ങളേക്കാള്‍ താഴ്ന്ന തരത്തില്‍ പെരുമാറുന്നത്. ഏറ്റവും വലിയ വിജ്ഞാനിയായിരുന്ന സോളമന് രാജാവുപോലും അന്യസ്ത്രീകളുമായുള്ള സമ്പര്‍ക്കത്താല്‍ ദൈവമഹത്വം കളഞ്ഞുകുളിച്ച് ദൈവകോപത്തിനിരയായി. പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട യൂദാ സ്കറിയോത്ത മുപ്പതു വെള്ളിക്കാശിനുവേണ്ടി ഗുരുവിനെ ഒറ്റികൊടുത്ത് അവസാനം നിരാശനായി കെട്ടിഞാന്നു ചത്തു. മറ്റ് അപ്പസ്തോലന്മാരെപ്പോലെ ദേവാലയത്തില്‍ വണങ്ങപ്പെടേണ്ടിയിരുന്നവനാണ് ഗുരുവിനെ ഒറ്റിക്കൊടുത്ത ശപിക്കപ്പെട്ടവന്‍ എന്ന നിലയിലേക്ക് താഴ്ന്നത്.
നിന്റെ മഹത്വം എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുക. നിന്റെ അന്തിമമായ ലക്ഷ്യത്തിന് വിഘാതമായി വരുന്നതിനെയെല്ലാം അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ അവസാനം എലിയുടെ പിന്നാലെ പോയ ജാസ്ഫറിന്റെ അനുഭവമായിരിക്കും നമ്മുടേതും.
അടുത്ത ലക്കം
ഒരു തുള്ളി പെരുവെള്ളം
Related
Related Articles
വ്യത്യസ്തനായ ദൈവം: ഓശാന ഞായർ
ഓശാന ഞായർ വിചിന്തനം :- വ്യത്യസ്തനായ ദൈവം (ലൂക്കാ 22:14 – 23:56) യഥാർത്ഥ സ്നേഹത്തിൽ മുഖസ്തുതി ഇല്ല, പുകഴ്ത്തിപ്പാടലും ഉണ്ടാകില്ല. കൂടെ നടക്കാനുള്ള അഭിലാഷം മാത്രമേ
ഒരു പിതാവിന്റെ ഹൃദയത്തോടെ…
”ഒരു പിതാവിന്റെ ഹൃദയത്തോടെ ജോസഫ് ഈശോയെ സ്നേഹിച്ചു” എന്ന മനോഹരമായ വാക്യത്തോടെയാണ് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ പാത്രിസ് കോര്‍ദെ എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനം ആരംഭിക്കുന്നത്.
നിസ്വരുടെ ദൈവം (ലൂക്കാ 4: 14-21): ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ വിചിന്തനം :- നിസ്വരുടെ ദൈവം (ലൂക്കാ 4: 14-21) ലൂക്കായാണ് പുതിയനിയമത്തിലെ ഏറ്റവും നല്ല രചയിതാവ്. ഒരു സംഭവത്തെ എങ്ങനെ വിവരിക്കണമെന്നും എവിടെയൊക്കെ