നിലവിളി കേൾക്കുന്ന ദൈവം: ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

നിലവിളി കേൾക്കുന്ന ദൈവം: ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

ഫാ. മിഥിന്‍ കാളിപ്പറമ്പില്‍

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

First Reading: Jeremiah 31:7-9

Responsorial Psalm: Ps 126:1-2,2-3,4-5,6

Second Reading: Hebrews 5:1-6

Gospel Reading: Mark 10:46-52

 

വിചിന്തനം:- നിലവിളി കേൾക്കുന്ന ദൈവം (മർക്കോ 10: 46 – 52)

ഈശോ ജറീക്കോയില്‍ സുവിശേഷ പ്രഘോഷണം നടത്തിയ ശേഷം വലിയൊരു ജനാവലിയോടും ശിഷ്യരോടും കൂടെ അവിടെ വിട്ടുപോകുമ്പോള്‍ വഴിയരികിലുള്ള തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകനെ സുഖപ്പെടുത്തുന്ന സുവിശേഷ ഭാഗമാണ് ഇന്നത്തെ വചനഭോജ്യമായി തിരുസഭാമാതാവ് നമുക്ക് നല്‍കിയിരിക്കുന്നത്. നസറായനായ ഈശോയാണ് ആ വഴി കടന്നുപോകുന്നതെന്നറിഞ്ഞ് വലിയ സ്വരത്തില്‍ വിളിച്ചപേക്ഷിച്ച് തന്റെ സൗഖ്യത്തെ ബര്‍തിമേയൂസ് ബലമായി യേശുവില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കുകയായിരുന്നുവെന്ന് പറയാം.
‘ഒരു ചോസന്‍’ (The Chosen) വെബ് സീരിസ് ഇക്കാലഘട്ടത്തില്‍ ഉള്ളതിനു സമമായി 1996-98 കാലഘട്ടത്തില്‍ ‘ദയാ സാഗര്‍’ എന്ന പേരിലുള്ള ക്രിസ്തുവിന്റെ ജീവിതത്തെ ആധാരമാക്കി 50 എപ്പിസോഡുകള്‍ ഉള്ള ഒരു സീരിയല്‍ മലയാളത്തിലേക്ക് മൊഴിമാറ്റി സംപ്രേഷണം ചെയ്യുമായിരുന്നു. അതില്‍ ഈ ജെറീക്കോയിലുള്ള അന്ധനെ സുഖപ്പെടുത്തുന്ന ഭാഗം കണ്ടത് ഇന്നും മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. ഏതാണ്ട് നാലഞ്ചു മീറ്റര്‍ വീതിയില്‍ ആളുകളങ്ങനെ തിങ്ങി രാഷ്ട്രീയ ജാഥ നടത്തുന്നതുപോലെ വിധത്തില്‍ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ഈശോയ്ക്കും ശിഷ്യന്മാര്‍ക്കും പിന്നാലെ പോകുകയാണ്. ഈശോ കടന്നുപോയ ശേഷം മാത്രമാണ് ബര്‍തിമേയൂസ് അറിയുന്നത് കടന്നുപോയത് ഈശോയാണെന്ന്. ആ തിരിച്ചറിവ് ഉണ്ടായ നിമിഷം മുതല്‍ അയാള്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുവാന്‍ തുടങ്ങുന്നു. എന്നിട്ടും അത്രയ്ക്ക് ആള്‍ക്കൂട്ടത്തിന്റെ സ്വരത്തില്‍ മുങ്ങിപ്പോകേണ്ട അയാളുടെ വലിയ സ്വരം കുറച്ചു ദൂരം കൂടി മുന്നോട്ടു പോയശേഷമാണ് ഈശോ ശ്രവിക്കുന്നതും അടുത്തുവിളിച്ച് പുതുകാഴ്ചകളുടെ വര്‍ണലോകത്തിലേക്ക് അയാളുടെ കണ്ണുകള്‍ തുറക്കുന്നതും.
ഇവിടുത്തെ ആദ്യത്തെ അത്ഭുതമെന്നു പറയുന്നത് ആള്‍ക്കൂട്ടത്തിന്റെ ബഹളങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കുമിടയിലും ഈശോ ബര്‍തിമേയൂസിന്റെ നിലവിളി കേള്‍ക്കുന്നു എന്നുള്ളതാണ്. ഈശോ ദൈവമായതിനാലാണ് ഇത് സാധ്യമായത്. എത്രവലിയ ജനക്കൂട്ടത്തിനിടയിലാണെങ്കിലും എന്റെ പ്രാര്‍ഥനയുടെ സ്വരം എന്റെ നാഥന്‍ കേള്‍ക്കുന്നുണ്ടെന്നത് നമ്മെ ഏവരേയും സന്തോഷിപ്പിക്കേണ്ടതാണ്.

ഇവിടെ പ്രാര്‍ഥനയുടെ സ്വരം കേട്ടിട്ടും എന്തുകൊണ്ടാവും ഈശോ അയാളെ അടുത്തേക്ക് വിളിക്കുവാന്‍ വൈകിയത്. ബര്‍തിമേയൂസ് അറിയാതെ തന്നെ ആ അന്ധയാചകന്റെ പ്രാര്‍ഥനയുടെ ആഴവും പരപ്പും പരിശോധിച്ചറിയുകയായിരുന്നു അവിടുന്ന്. അയാള്‍ ‘ഉച്ചത്തിലാണ്’ ദാവീദിന്റെ പുത്രാ, എന്നു വിളിച്ചു പറഞ്ഞു പ്രാര്‍ഥിച്ചത് എന്നു വച്ചാല്‍ എന്റെ ഈ നിലവിളിച്ചുള്ള പ്രാര്‍ഥനകൊണ്ട് മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന് അയാള്‍ ചിന്തിച്ചില്ല. കൂടുതല്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ച് സൗഖ്യം അവകാശമാക്കുകയായിരുന്നവിടെ.

ഇത്തരത്തില്‍ ഒരു നാണവും മടിയുമില്ലാതെ ദൈവത്തെ ആത്മാര്‍ത്ഥമായി ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന ഇടങ്ങളിലായതിനാലാവണം ഒരു പക്ഷേ ധ്യാന കേന്ദ്രങ്ങളില്‍ വലിയ ദൈവീക ഇടപെടല്‍ നടക്കുന്നത്. ഉയര്‍ന്ന സ്വരത്തില്‍ ദൈവത്തെ പാടി സ്തുതിക്കുമ്പോള്‍ ജയിലറകളില്‍ പൗലോസിന്റെയും സീലാസിന്റെയും ചങ്ങലകള്‍ അഴിഞ്ഞു വീഴുന്നതും കാരാഗൃഹ വാതിലുകള്‍ തുറക്കപ്പെടുന്നതും അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ നാം കാണുന്നുണ്ട്. അതിനാല്‍ ഉച്ചത്തില്‍ സ്തുതിക്കുവാനും പ്രാര്‍ഥിക്കുവാനും ആത്മാവ് തോന്നിപ്പിക്കുന്നുവെങ്കില്‍ അതിന് മടി കാണിക്കേണ്ടതില്ല. നിരന്തരമായ നിരുത്സാഹപ്പെടുത്തല്‍ നേരിടേണ്ടിവന്നിട്ടും തന്റെ പ്രാര്‍ഥനയിലുള്ള ബര്‍തിമേയൂസിന്റെ സ്ഥിരത എടുത്തുപറയേണ്ടതാണ്.

അവിടെയുള്ള ഒരാള്‍ പോലും ബര്‍തിമേയൂസിനെ സഹായിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. മറിച്ച് നിശബ്ദനാകുവാന്‍ പറഞ്ഞ് ശകാരിക്കുകയാണ് ചെയ്യുന്നത്. രണ്ട് കാര്യങ്ങള്‍ നമുക്കിതില്‍ നിന്നും മനസിലാക്കാം. നാം നന്നായി പ്രാര്‍ഥനാ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചാല്‍ നമ്മുടെ പ്രിയപ്പട്ടവര്‍ പോലും നമ്മെ പ്രോത്സാഹിപ്പിക്കണമെന്നില്ല. അതൊരു പക്ഷേ അപ്പനാകാം, അമ്മയാകാം, സഹോദരങ്ങളാകാം, ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം. പിന്നെ ജീവിത ക്ലേശങ്ങള്‍, ലോകത്തിന്റെ ബഹളങ്ങള്‍, രോഗങ്ങള്‍, ജോലിത്തിരക്ക് തുടങ്ങി നിരവധി പ്രതിബന്ധങ്ങളും പ്രാര്‍ഥനയ്ക്ക് നേരിടേണ്ടി വന്നേക്കും, എന്നാല്‍ വിചാരിച്ചാല്‍ ഏതു പ്രതികൂല സാഹചര്യത്തിലും നമുക്ക് പ്രാര്‍ഥിക്കുവാനാകും. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കമെന്നേ. രണ്ടാമത്തേത് നാം ഒരിക്കലും മറ്റുള്ളവരുടെ പ്രാര്‍ഥനയെ നിരുത്സാഹപ്പെടുത്തുന്നവരോ അവരുടെ പ്രാര്‍ഥനയ്ക്ക് തടസം സൃഷ്ടിക്കുന്നവരോ ആകാതിരിക്കുക, പിന്നെയോ പ്രാര്‍ഥനയ്ക്ക് പ്രോത്സഹാനം നല്‍കുന്നവരും പറ്റുമെങ്കില്‍ അവരോടൊപ്പം പ്രര്‍ഥനയിലും അവര്‍ക്കു കിട്ടുന്ന അനുഗ്രഹങ്ങളിലും പങ്കുചേരുന്നവരായി മാറുക.

എന്തായിരുന്നു യേശുവിനെ അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ച ബര്‍തിമേയൂസിന്റെ പ്രാര്‍ഥന ”ദാവീദിന്റെ പുത്രനായ യേശുവേ എന്നില്‍ കനിയേണമേ” എന്നായിരുന്നു അത്. ഇതാദ്യമായാണ് വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഒരാള്‍ പരസ്യമായി ദാവിദിന്റെ പുത്രനെന്ന് യേശുവിനെ അഭിസംബോധന ചെയ്യുന്നത്. അങ്ങനെ വിളിക്കുന്നതിലൂടെ യേശുവിനെ വരാനിരിക്കുന്ന രക്ഷകനായി പരസ്യമായി ഏറ്റുപറയുകയും തന്റെ ജീവിതത്തിന്റെ നാഥനും കര്‍ത്താവുമായി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ബര്‍തിമേയൂസ് ചെയ്തത്. അന്ധനായ അയാള്‍ കാഴ്ചയുള്ള ജനക്കൂട്ടത്തേക്കാള്‍ നന്നായി യേശുവിനെ കണ്ടു. എന്നര്‍ത്ഥം. ജീവിതത്തില്‍ സാരമായ മാറ്റം വരുത്താന്‍ തക്കവിധം ഉള്‍ക്കണ്ണുകള്‍ തുറക്കെപ്പെട്ട ഒരാളുടെ ബാഹ്യനേത്രങ്ങള്‍ ഈശോ തുറന്നത് സ്വാഭാവീകം. പ്രാര്‍ഥനയുടെ ആഴങ്ങളില്‍ ഇറങ്ങി നിന്ന് ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ എന്ന് നമുക്കും പ്രാര്‍ഥിക്കാം അങ്ങനെ നമ്മുടെ ആന്തരിക നേത്രങ്ങള്‍ തുറക്കപ്പെടട്ടെ.

 

 

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക



Related Articles

റീറ്റ ജോര്‍ജ് രചിച്ച ‘ആരുമറിയാതെ പെയ്ത മഴ’ പ്രകാശനം ചെയ്തു

എറണാകുളം: റീറ്റ ജോര്‍ജ് രചിച്ച ‘ആരുമറിയാതെ പെയ്ത മഴ’ എന്ന പന്ത്രണ്ട് ചെറുകഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. അംബികാപുരം സന്ദേശനിലയത്തില്‍ ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരിയാണ് പ്രകാശനകര്‍മ്മം

ആരാണ് നിന്റെ അയല്‍ക്കാരന്‍?

മുംബൈയില്‍ നിന്ന് പൂനയിലേക്ക് കാറില്‍ പോവുകയായിരുന്നു ലിന്‍ഡ. ഡ്രൈവ് ചെയ്യാന്‍ നല്ല കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നതുകൊണ്ട് അവര്‍ തനിയെയാണ് യാത്ര ചെയ്തിരുന്നത്. പക്ഷേ, ഏതാണ്ട് പകുതി വഴി പിന്നിട്ടപ്പോള്‍

മഞ്ചേരിയില്‍ ചികിത്സയ്ക്കിടെ മരിച്ച വ്യക്തിയുടെ കൊവിഡ് ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*