ദൈവത്തിലുള്ള നിക്ഷേപം: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

ദൈവത്തിലുള്ള നിക്ഷേപം: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

      ഫാ. മിഥിന്‍ കാളിപ്പറമ്പില്‍

 

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

First Reading: 1 Kings 17:10-16

Responsorial Psalm: Psalm 146:7, 8-9, 9-10

Second Reading: Hebrews 9:24-28

Gospel Reading: Mark 12:38-44

വിചിന്തനം:- ദൈവത്തിലുള്ള നിക്ഷേപം (Mark 12:38-44)

ഇന്നത്തെ സുവിശേഷത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ആദ്യത്തെ ഭാഗത്ത് ഈശോ യഹൂദ നിയമജ്ഞരെ അവരുടെ ദുരാഗ്രഹങ്ങള്‍ക്കും കപടതയ്ക്കും നിശിതമായി വിമര്‍ശിക്കുകയും അവര്‍ക്ക് കൂടുല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കുമെന്ന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു. രണ്ടാമത്തെ ഭാഗത്ത് ദേവാലയ ഭണ്ഡാരത്തിനു എതിര്‍വശത്തിരുന്നുകൊണ്ട് അതില്‍ നാണയമിടുന്നവരെ ഈശോ ശ്രദ്ധിക്കുന്നു. എന്നിട്ട് ഭണ്ഡാരത്തില്‍ ഏറ്റവും വില കുറഞ്ഞ രണ്ടു ചെമ്പു നാണയങ്ങള്‍ ഇട്ട ദരിദ്ര വിധവ വലിയ തുകകള്‍ അതില്‍ നിക്ഷേപിച്ച ധനവാന്മാരെക്കാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു എന്നു അസന്നിഗ്ദമായി പ്രഖ്യാപിച്ചുകൊണ്ട് അവളെ പുകഴ്ത്തുന്നു. ഒറ്റ നോട്ടത്തില്‍ ഈ രണ്ടുഭാഗങ്ങളും തമ്മില്‍ ബന്ധമില്ലെന്നു തോന്നാം. എന്നാല്‍ നിയമം ക്രിത്യമായി പാലിക്കാത്ത നിയമജ്ഞര്‍ക്കുള്ള വിമര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടു വേണം വിധവയുടെ കാണിക്കയെയും യേശു പുകഴ്ത്തുന്ന സംഭവത്തെയും കാണുവാന്‍.

പഴയ നിയമം വളരെ വലിയ സംരക്ഷണം അനാഥര്‍ക്കും നിധവകള്‍ക്കും ദരിദ്രര്‍ക്കും ഒരുക്കുന്നുണ്ട്. പക്ഷെ അതൊന്നും ഈശോയുടെ കാലഘട്ടത്തില്‍ എത്തുമ്പോള്‍ പാലിക്കപ്പെടുന്നില്ല. സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ഉപദ്രവിക്കുന്ന അവസ്ഥ. ഏതാണ്ട് വേലി തന്നെ വിളവു തിന്നുന്ന സ്ഥിതി വിശേഷം. എന്താണ് പഴയ നിയമം അവര്‍ക്കു നല്‍കുന്ന കരുതല്‍. ദൈവം തന്നെ അവരെ നേരിട്ടു കരുതുന്നതായി നാം മനസിലാക്കുന്നു. നിയമാവര്‍ത്തന പുസ്തകത്തില്‍ അവിടുന്നു തന്നെ വിധവകള്‍ക്ക് നീതി നടത്തിക്കൊടുക്കുന്നതായി എഴുതുന്നു (നിയമ 10:18) ദൈവം വിധവകളുടെ സംരക്ഷകനാണെന്ന് സങ്കീര്‍ത്തനങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്നു. (സങ്കീ 68:5, 146:9) വിധവയുടെ അതിര് സംരക്ഷിക്കുന്നത് കര്‍ത്താവണെന്ന് സുഭാഷിതം അടിവരയിടുന്നു. (സുഭാ 15:25) . വിധവയെ ചൂഷണം ചെയ്യരുതെന്ന് ജറെമിയാ പ്രവാചകനും (ജറെ 7:6) വിധവകള്‍ക്കുവേണ്ടി വാധിക്കണമെന്നു ഏശയ്യാ പ്രവാചകനും പറയുന്നു (ഏശ 1:17).

ഓരോ മൂന്നാം വര്‍ഷത്തിന്റെയും അവസാനം ആ കൊല്ലം ലഭിച്ച ഫലങ്ങളുടെയെല്ലാം ദശാംശം കൊണ്ടുവന്ന് പട്ടണത്തില്‍ സൂക്ഷിക്കണമെന്നും അത് ലേവ്യരോടൊപ്പം പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും നല്‍കണമെന്നും നിയമം രണ്ടുതവണ അനുശാസിക്കുന്നുണ്ട് (നിയമ 14:2829, 26:1213) ഏഴ് ആഴ്ചകളുടെ തിരുനാള്‍ ആഘോഷിക്കുമ്പോഴും അനാഥനും വിധവയും സമൃദ്ധമായി ഊട്ടണമെന്നും (നിയമ 16:914) വിധവയുടെ വസ്ത്രം പണയം വാങ്ങരുതെന്നും (നിയമ 24:17) വയലില്‍ വിളവു കൊയ്യുമ്പോള്‍ ഒരു കറ്റ മറന്നുപോയാല്‍ അത് അനാഥര്‍ക്കും വിധവകള്‍ക്കുമുള്ളതാണെന്നും (നിയമ 24:19) നിയമം നിഷ്‌കര്‍ഷിച്ചിരുന്നു. കൂടാതെ ഫലങ്ങള്‍ കൊയ്ത ശേഷം കൊണ്ടുപോകുമ്പോള്‍ താഴത്ത് വീണുപോകുന്നതും വിധവയ്ക്കും അനാഥര്‍ക്കും അവകാശപ്പെട്ടതായിരുന്നു. (നിയമ 24:21).

ഈ നിയമങ്ങള്‍ മനസിലുണ്ടായിരുന്നതുകൊണ്ടാവണം യുദ്ധങ്ങള്‍ക്കുശേഷം പിടിച്ചെടുത്ത കൊള്ള മുതലിന്റെ ഓഹരി യൂദാസ് മക്കബേയൂസ് അനാഥര്‍ക്കും വിധവകള്‍ക്കുമായി പങ്കിട്ടു നല്‍കുന്നത് (2 മക്ക 8:28, 30) ഒന്നിലേറെ തവണ നാം കാണുന്നത്. ഈശോയുടെ കാലത്ത് ഇത്തരത്തിലുള്ള സംരക്ഷണം ദരിദ്രര്‍ക്കും വിധവകള്‍ക്കും ലഭിക്കുന്നില്ല എന്നു മാത്രമല്ല ഇക്കാര്യങ്ങള്‍ ശരിക്കറിയാവുന്ന നിയമജ്ഞര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുക കൂടി ചെയ്തിരുന്ന അവസ്ഥയിലേക്കെത്തി. ഇതിനെ ഈശോ ഇന്നത്തെ സുവിശേഷത്തില്‍ വിമര്‍ശിക്കുന്നത്. പല കാര്യങ്ങളും ചെയ്യാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ എങ്ങനെയും സ്വത്ത് കുന്നുകൂട്ടണമെന്ന ലക്ഷ്യത്തോടുകൂടിയോ മറ്റു സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പേരിലോ അടിസ്ഥാനപരമായി ചെയ്യേണ്ട നന്മകള്‍ പോലും ചെയ്യാത്ത അവസ്ഥ ഇന്ന് കാണപ്പെടുന്നുണ്ട്. അത് വലിയ ദുരന്തത്തിലേക്കാകും നയിക്കുക. കാരണം ഈ ലോകത്തില്‍ എന്തൊക്കെ സമ്പത്ത് സ്വരുക്കൂട്ടിയാലും എത്രവലിയ സമ്പത്ത് ദാനം ചെയ്താലും എത്ര വലിയ മഹിമ നേടിയെന്നു ചിന്തിച്ചാലും അതൊന്നും ഒന്നുമല്ലെന്നും യഥാര്‍ത്ഥ സമ്പത്ത് ദൈവമാണെന്നും നമ്മുടെ ദാനത്തിനു മഹിമയും വിലയും നിശ്ചയിക്കുന്നത് കര്‍ത്താവണെന്നും ഇന്നത്തെ സുവിശേഷത്തില്‍ ദരിദ്ര വിധവയുടെ കാണിക്കയെ ഈശോ പുകഴ്ത്തുമ്പോള്‍ നമുക്ക് മനസിലാകുന്നുണ്ട്.

യൂദിത്തിനെയോ താമാറിനെയോ പോലെ ഒരു സമ്പന്നയല്ല ഇന്നത്തെ സുവിശേഷത്തിലെ വിധവ അവള്‍ ദരിദ്രയാണെന്ന് നാലു വാക്യങ്ങള്‍ക്കുള്ളില്‍ മൂന്നു തവണ ആവര്‍ത്തിച്ചു പറയുന്നുണ്ട്. തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങള്‍ തനിക്കു ചുറ്റും ഉണ്ടായിട്ടും അവള്‍ ദൈവത്തില്‍ നിന്ന് അതലുകയോ തനിക്കുവേണ്ടി എന്തെങ്കിലും മാറ്റി വയ്ക്കുകയോ ചെയ്യാതെ പൂര്‍ണ്ണമായി തന്നെ തന്നെ ആ കാണിക്ക സമര്‍പ്പണത്തിലൂടെ ദൈവത്തിന് നല്‍കുകയാണ് ചെയ്യുന്നത്. ഇനി നമ്മളെ പരിപാലിക്കേണ്ട ഉത്തരവാദിത്വം ദൈവത്തിനാണ്.

സാഹചര്യങ്ങള്‍ പ്രതികൂലമായി സഹായിക്കേണ്ടവര്‍ സഹായിക്കാതിരുന്നാല്‍ നമ്മില്‍ എത്രപേര്‍ പരാതി കൂടാതെ ദൈവത്തിനു തന്നെ തന്നെ സമര്‍പ്പിച്ച് അവിടുന്നില്‍ ആശ്രയിക്കാനുള്ള ധൈര്യം കാണിക്കുമെന്ന് ചിന്തിക്കേണ്ടതു തന്നെയാണ്. പട്ടിണിയോ, നഗ്‌നതയോ, ആപത്തോ, ദാരിദ്രമോ, വാളോ ഒന്നും തന്നെ നമ്മെ ദൈവത്തില്‍ നിന്നോ അകറ്റാതിരിക്കട്ടെ. മറിച്ച് എല്ലാം ദൈവം തന്നതാണെന്ന ബോധ്യത്തില്‍ സര്‍വ്വം ദൈവത്തിനു ഹൃദയ വിശാലതയോടെ സമര്‍പ്പിക്കുവാനുള്ള അവസരമായി നമുക്കിതിനെ മാറ്റാം. അങ്ങനെ മറ്റാരെയുംകാള്‍ കൂടുതല്‍ നമുക്ക് ദൈവത്തില്‍ നിക്ഷേപിച്ചു തുടങ്ങാം. ഓര്‍ക്കണം നിക്ഷേപം എന്നത് പണമിടപാട് മേഖലയിലെ (Banking) ഒരു വാക്കാണ്. നിയമജ്ഞര്‍ നിക്ഷേപിച്ചത് നശിച്ചുപോകുന്ന ഈ ലോക സമ്പത്തിലാണു ദരിദ്രവിധവയോ ദൈവത്തിലും. എവിടെ നിക്ഷേപിക്കണമെന്ന് എനിക്കു തീരുമാനിക്കാം. ഭൂമിയിലോ സ്വര്‍ഗത്തിലോ.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 



Related Articles

നാലു കോടിയുടെ സാമ്പത്തിക സഹായവുമായി പ്രഭാസ്

ഹൈദരാബാദ്: കൊവിഡ്-19 മഹാമാരിയുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ‘ബാഹുബലി’യിലൂടെ പ്രശസ്തനായ തെന്നിന്ത്യന്‍ താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്‍കി. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്പത് ലക്ഷം

അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ദിവ്യബലി അര്‍പ്പിച്ചു

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ദൈവദാസന്‍ സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍ അച്ചന്‍ അനുസ്മരണ ദിവ്യബലി ജപ്പാനിലെ അപ്പസ്‌തോലിക്ക നുണ്‍ഷ്യോയും ചേര്‍ത്തല കോക്കമംഗലം സ്വദേശിയുമായ ആര്‍ച്ച്ബിഷപ് ഡോ.

മാലാഖയുടെ ത്രാസ്

ഗ്രേറ്റ്ഫാദര്‍ എന്ന ഒറ്റചിത്രം കൊണ്ട് കൊതിപ്പിച്ചു തുടങ്ങിയ ആളാണ് അദേനി. മമ്മൂട്ടിയുടെ മാസ് അപ്പിയറന്‍സും കലക്കന്‍ ബാക്ഗ്രൗണ്ട് മ്യൂസിക്കും ചേര്‍ന്ന് ആളത്ര നിസ്സാരനല്ല എന്ന് ഒരിക്കല്‍ തെളിയിച്ചതാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*