രാഷ്ട്രീയ അജന്‍ഡയുടെ കെണിയില്‍ വിശ്വാസികള്‍

രാഷ്ട്രീയ അജന്‍ഡയുടെ  കെണിയില്‍ വിശ്വാസികള്‍

സരയൂനദീതീരത്ത് മൂന്നു ലക്ഷം ദീപങ്ങളുടെ ഉത്സവക്കാഴ്ചയെക്കാള്‍ കണ്ണഞ്ചിക്കുന്ന ദീപാവലി രാഷ്ട്രീയ വെടിക്കെട്ടാണ് ഉത്തര്‍പ്രദേശിലെ BJP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരികൊളുത്തിവച്ചത്. ഭൂരിപക്ഷ ഹൈന്ദവ മതവികാരത്തിന്റെയും വര്‍ഗീയവിദ്വേഷത്തിന്റെയും പെരുമ്പറ മുഴക്കി അയോധ്യയിലെ രാമജന്മഭൂമി വീണ്ടെടുപ്പിനായി രാജ്യമെങ്ങും കര്‍സേവ പടപുറപ്പാടിന് കോപ്പുകൂട്ടിയ സംഘപരിവാര്‍ ശക്തികള്‍ 26 വര്‍ഷം മുന്‍പ് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പൊള്ളുന്ന ഓര്‍മകളും കരിയാത്ത മുറിവുകളും പേറുന്ന ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളെ വീണ്ടും പ്രകമ്പനം കൊള്ളിച്ച് അത്ഭുതപരതന്ത്രരാക്കുന്നതിന് രാമഭക്തിയുടെ അത്യുദാത്തമായ ദീപോത്സവമാണ് സരയൂതീരത്ത് അവതരിപ്പിക്കുന്നത്. ഫൈസാബാദ് ജില്ലയെ അയോധ്യ എന്നു പുനര്‍നാമകരണം ചെയ്തും അയോധ്യയില്‍ ശ്രീരാമന്റെ പേരില്‍ പുതിയ വിമാനത്താവളത്തിനും ശ്രീരാമന്റെ അച്ഛന്‍ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളജിനുമുള്ള പദ്ധതികളും അയോധ്യയില്‍ നിന്ന് നേപ്പാളിലെ ജനകപുരിയിലേക്ക് ലക്ഷ്വറി ബസ് സര്‍വീസും പ്രഖ്യാപിച്ചും 2019ലെ പൊതുതിരഞ്ഞെടുപ്പിന് രാമജന്മഭൂമി വര്‍ഗീയ അജന്‍ഡയുടെ കരിമരുന്നില്‍ വികസന രാഷ്ട്രീയത്തിന്റെ ലേസര്‍ പ്രഭാപൂരം കൂട്ടിച്ചേര്‍ക്കുകയാണ് കാവിധാരിയായ മുഖ്യമന്ത്രി. സരയൂ തീരത്ത് 151 മീറ്റര്‍ ഉയരമുള്ള രാമപ്രതിമ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദീപാവലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കുചേരാനെത്തിയ ദക്ഷിണ കൊറിയയുടെ പ്രഥമ വനിത കിം യുങ്‌സൂക്ക അയോധ്യയ്ക്ക് കൊറിയ ഉപദ്വീപുമായി രണ്ടായിരം വര്‍ഷം മുന്‍പുണ്ടായ (എഡി 48) ചരിത്രബന്ധത്തിന്റെ നവസാക്ഷ്യം വഹിക്കാനും രാജ്യാന്തര രാഷ്ട്രീയ നിയോഗമുണ്ടായി. അയോധ്യയിലെ രാജകുമാരിയായിരുന്ന സൂരീരത്‌ന കൊറിയയിലെ പുരാണകഥയിലെ കിം സുരോ രാജാവിന്റെ പത്‌നിയായി ഹെവോ ഹുവാങ് ഔക് രാജ്ഞി എന്ന പേരില്‍ അറിയപ്പെട്ടുവത്രെ. ഹുവാങ് രാജ്ഞിയുടെ സ്മാരകമന്ദിരത്തിന് അയോധ്യയില്‍ യുങ്‌സൂക്ക് ശിലാന്യാസവും നടത്തി.
ഈ നിറദീപക്കാഴ്ച കൊണ്ടൊന്നും രാമജന്മഭൂമി പ്രശ്‌നം തീരുന്നില്ല എന്ന് യോഗിയെ ഓര്‍മപ്പെടുത്താനെന്നോണം രാം ദര്‍ബാറിലെ സദസില്‍ നിന്ന് ഒരു ഈരടി മുഴങ്ങിക്കൊണ്ടിരുന്നു: യോഗീ ഏക് കാം കരോ, മന്ദിര്‍ കാ നിര്‍മാണ്‍ കരോ. അയോധ്യയിലെ രാമജന്മ•ഭൂമി ബാബരി മസ്ജിദ് ഭൂ ഉടമസ്ഥത സംബന്ധിച്ച കേസിന്റെ വാദം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് അവിടെ രാമക്ഷേത്രത്തിന്റെ പണി തുടങ്ങാനുള്ള തങ്ങളുടെ രാഷ്ട്രീയ അജന്‍ഡയ്ക്ക് സുപ്രീം കോടതി കൂട്ടുനില്‍ക്കുന്നില്ല എന്നതില്‍ അമര്‍ഷം പൂണ്ട് രാഷ്ട്രീയ സ്വയംസേവക് സംഘ് നേതൃത്വം മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയെയും മതേതര ജനാധിപത്യവ്യവസ്ഥയെയും കാത്തുപരിപാലിച്ചുകൊള്ളാമെന്നു സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള കേന്ദ്ര മന്ത്രിമാരും നീതിന്യായ സംവിധാനമൊന്നും നോക്കാതെ എത്രയും പെട്ടെന്ന് തര്‍ക്കഭൂമി ഏറ്റെടുത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ 1992ലെ കര്‍സേവയുടെ മാതൃകയില്‍ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് കളമൊരുക്കുമെന്ന് പരസ്യപ്രസ്താവന നടത്തിയിരിക്കയാണ്.
രാമജന്മഭൂമി വികാരം ഹിന്ദി ഹൃദയഭൂമിയില്‍ കത്തിപ്പടരുമ്പോള്‍ ഇങ്ങു കേരളത്തില്‍ നിലയ്ക്കല്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്ന് വര്‍ഗീയ ധ്രൂവീകരണത്തിന്റെ ആദ്യ സ്ഫുരണങ്ങള്‍ കണ്ട് ഉന്മാദംകൊണ്ടവര്‍, ബാബരി മസ്ജിദ് തകര്‍ത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് രാജ്യമെങ്ങും വഴിമരുന്നിട്ട രാഷ്ട്രീയ കൊടുങ്കാറ്റിനെതിരെ സ്വയംപ്രതിരോധം തീര്‍ത്ത ഇവിടത്തെ ന്യൂനപക്ഷ സമുദായങ്ങളുടെയും മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ പതറിപ്പോയിരുന്നു. സ്വത്വരാഷ്ട്രീയത്തിന്റെയും മതമൗലിക തീവ്രവാദത്തിന്റെയും അലയൊലിയും രാഷ്ട്രീയവൈരത്തിന്റെ കൊലവെറിയും മാറ്റിമറിച്ച അന്തരീക്ഷത്തിലും പൊതുവെ സാമുദായിക മൈത്രിയും രാഷ്ട്രീയ പ്രബുദ്ധതയും ജനാധിപത്യ മര്യാദകളും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞ കേരളം പക്ഷെ ഇന്ന് കൊടിയ ആപല്‍സന്ധിയിലാണ്. ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ദര്‍ശനത്തിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ മൂല കാരണം ആചാരസംരക്ഷണത്തിനായുള്ള സാധാരണക്കാരായ ഹൈന്ദവവിശ്വാസികളുടെ തീവ്രമായ ഉത്കണ്ഠയും ആധ്യാത്മിക ആകുലതയുമല്ല, രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെയും സംഘപരിവാര്‍ ശക്തികളുടെയും രാഷ്ട്രീയ അജന്‍ഡ തന്നെയാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ അസന്ദിഗ്ധമായ സ്ഥിരീകരണം വിശ്വാസിസമൂഹത്തെയാകെ ഞെട്ടിച്ചിരിക്കയാണ്. കേരളത്തിലെ മാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും മഹിമയേറിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ, മതമൈത്രിയുടെയും സമത്വഭാവനയുടെയും മാനവസാഹോദര്യത്തിന്റെയും സംഘശരണത്തിന്റെയും ആധ്യാത്മിക സാധനയുടെയും വ്രതശുദ്ധിയുടെയും മറ്റും ഉദാത്ത പ്രതീകമായ ശബരിമല സന്നിധാനത്തിലെ പവിത്ര സങ്കേതത്തില്‍ പോലും രാഷ്ട്രീയ അജന്‍ഡയുടെ പേരില്‍ കലുഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ മടിക്കാത്തവരെ പൊതുസമൂഹം തിരിച്ചറിയണം.
ഭൂരിപക്ഷ ഹൈന്ദവ വികാരത്തിന്റെ പേരില്‍ തങ്ങളുടെ ജനകീയ അടിത്തറ ഉറപ്പിക്കാനും വിപുലപ്പെടുത്താനുമായി രഥമുരുട്ടുന്നവരും, സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തോടെ പുരോഗമന നവോത്ഥാന നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ പ്രതിപക്ഷത്തെ ഹിന്ദുവോട്ടുകള്‍ കഴിയുന്നത്ര ചോര്‍ത്തിക്കളയാന്‍ ലക്ഷ്യമിട്ട് ശബരിമല വിഷയത്തില്‍ സാമുദായിക ചേരിതിരിവിന് ആക്കംകൂട്ടുന്നവരും, ദേശീയ നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായി ശബരിമല സ്ത്രീപ്രവേശനത്തിന്റെ കാര്യത്തില്‍ വിശ്വാസികളുടെ വികാരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വികാരപ്രകടനത്തിന് തെരുവിലിറങ്ങാന്‍ മടിച്ചുനില്‍ക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ മുഖ്യ പരമ്പരാഗത ജനാധിപത്യകക്ഷിയും മഹാപ്രളയാനന്തര കേരളത്തിന്റെ രാഷ്ട്രീയ ദുരന്തമുഖത്തേക്ക് സാധാരണക്കാരെ വലിച്ചിഴയ്ക്കുകയാണ്.
കോടതിവിധികളെയും നീതിനിര്‍വഹണ സംവിധാനങ്ങളെയും അട്ടിമറിക്കാന്‍ ഒരു മടിയുമില്ലാത്തവരെയും പുരോഗമനവാദത്തിന് ഊര്‍ജം പകരുന്ന കോടതിവിധി രണ്ടുംകല്‍പിച്ച് നടപ്പാക്കുന്നതിന് പമ്പയിലും നിലയ്ക്കലും എരുമേലിയിലും ഇലവുങ്കലും നിരോധനാജ്ഞ പ്രഖ്യാപിച്ചും സന്നിധാനത്ത് കനത്ത പൊലീസ് സാന്നിധ്യം ഉറപ്പാക്കിയും നിയമവാഴ്ച നടപ്പാക്കുന്ന ഭരണകൂടത്തെയും ഒരേ തട്ടില്‍ നിര്‍ത്താനാവുകയില്ലെങ്കിലും ഫലത്തില്‍ മതവിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ അരങ്ങേറുന്ന അനിഷ്ടസംഭവങ്ങളില്‍ ഇരുകൂട്ടരുടെയും പങ്ക് നിശിതമായി വിലയിരുത്തപ്പെടണം. അനുരഞ്ജന ചര്‍ച്ചയ്‌ക്കോ രാഷ്ട്രീയ സമന്വയത്തിനോ ഇടനല്‍കാതെ, എതിരഭിപ്രായക്കാരെ മുഴുവന്‍ ആക്ഷേപിച്ചും അടിച്ചമര്‍ത്തിയും വെല്ലുവിളിച്ചും അധികാരത്തിന്റെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന ഭരണാധികാരി നവോത്ഥാന നായകന്റെ പരിവേഷം അണിയാന്‍ ശ്രമിക്കുമ്പോഴും ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിനിന്ന് ആര്‍എസ്എസ് നേതാക്കള്‍ ആചാരലംഘനത്തിനെതിരെ അണികളെ ആവേശംകൊള്ളിക്കുന്നത് കേരളം കാണുന്നുണ്ട്. സന്നിധാനത്ത് മാളികപ്പുറങ്ങളോടൊപ്പം കാക്കി ധരിച്ച സ്ത്രീകളുടെ ഒരു അപൂര്‍വനിര ഉള്‍പ്പെടെ പൊലീസിന്റെ കനത്ത കോട്ടയും ഇടത്താവളങ്ങളിലെ നിരോധനാജ്ഞ നിയന്ത്രണവും സുരക്ഷാപരിശോധനയുമൊക്കെയുണ്ടായിട്ടും യഥാര്‍ഥ ഭക്തന്മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും തങ്ങളുടെ തൊഴിലിനോടു നീതിപുലര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും ഇക്കുറിയും ശബരിമലിയില്‍ മര്‍ദനമേല്‍ക്കേണ്ടിവന്നതും പൊലീസിന്റെ മെഗഫോണ്‍ ആര്‍എസ്എസ് നേതാവിന്റെ കൈവശം എങ്ങനെ എത്തിയെന്നതും കോടതിയോടെങ്കിലും സംസ്ഥാനഭരണകൂടം വിശദീകരിക്കേണ്ടതുണ്ട്.


Related Articles

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം 31 വരെ നീട്ടി.

കൊച്ചി: 2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വേട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രത്യേക

വിശുദ്ധ കുര്യാക്കോസച്ചന്‍ അന്തരിച്ചത് കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തിലോ?

ഫാ. തോമസ് പന്തപ്ലാക്കന്‍ സിഎംഐ എഡിറ്റ് ചെയ്ത് 2014 നവംബര്‍ 23ന് കാക്കനാട് ചാവറ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും പ്രസിദ്ധീകരിച്ച ‘ഒരു നല്ല അച്ചന്റെ ചാവരുള്‍’ എന്ന

കരുതലും താങ്ങുമായി റ്റി. എസ്. എസ്. എസ്

കൊവിഡ് പ്രതിരോധഅതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനാവശ്യമായ കരുതലും കരുത്തുമായി കൂടെ നിന്ന തിരുവനന്തപുരം അതിരൂപത അധികാരികളോടൊപ്പം സാമൂഹികശുശ്രൂഷാവിഭാഗവും ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വിവിധ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*