പ്രതിസന്ധിയിലായ നവകേരള പുനര്‍നിര്‍മാണം

പ്രതിസന്ധിയിലായ നവകേരള പുനര്‍നിര്‍മാണം

കേരളം മഹാപ്രളയത്തെ എങ്ങിനെ നേരിട്ടുവെന്ന് വ്യക്തമാക്കുന്ന ഒരു പ്രത്യേക പരിപാടി ഡിസ്‌കവറി ചാനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്നു. പ്രകൃതി ദുരന്തഅതിജീവനത്തിന് കേരളം ലോകത്തിന് മാതൃകയാകുന്നതെങ്ങിനെയെന്നാണ് പരിപാടിയില്‍ വിശദീകരിച്ചത്. ദുരന്തംവിതച്ചെങ്കിലും എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഒന്നായും പ്രളയം മാറിയെന്നാണ് ചുരുക്കം.
ഒരു കൂറ്റന്‍ പാമ്പ് ഇരയെ വിഴുങ്ങിയിട്ട് കുറേനേരം കഴിഞ്ഞ് പുറത്തേക്ക് ഛര്‍ദിക്കുന്നതിന് തുല്യമായിരുന്നു മഹാപ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ സ്ഥിതി. ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത പരുവം. വെള്ളപ്പാച്ചിലിനെ നേരിടാന്‍ ഏതാനും ദിവസം നാട്ടുകാരെല്ലാം ഒന്നിച്ചുനിന്നെന്നതു മാത്രമായിരുന്നു ഈ കൊച്ചുഭൂമിയുടെ ജീവന്‍ നിലനിര്‍ത്തിയതില്‍ പ്രധാന ഘടകമായത്. എന്നാല്‍ 2018 ആഗസ്ത് 15 നു തുടക്കമിട്ട വെള്ളപ്പൊക്കത്തിന്റെ സ്മരണയ്ക്ക് 100 ദിവസമാകുമ്പോഴും രണ്ടുകാലിലും എഴുന്നേറ്റു നില്ക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. നവകേരള പുനര്‍ നിര്‍മാണത്തിന്റെ ഒരു ഘട്ടവും ശരിയാംവണ്ണം തുടങ്ങാനായിട്ടില്ല. ജലപ്രളയത്തിന്റെ അലയൊലികള്‍ അവസാനിക്കും മുമ്പ് വിശ്വാസത്തിന്റെ പേരിലുള്ള മറ്റൊരു മഹാപ്രളയത്തെ നേരിടേണ്ട ഗതികേടുമുണ്ടായി.
പുനരുദ്ധാരണ പ്രവര്‍ത്തന ഘട്ടത്തിലെത്തിയപ്പോള്‍ എല്ലാവരുടെയും തനിനിറം പുറത്തായി-സര്‍ക്കാരിന്റെ രാഷ്ട്രീയനിറം, പ്രതിപക്ഷത്തിന്റെ മുതലെടുപ്പ്‌നിറം, കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയുടെ നിറം. നവോത്ഥാന മാതൃകകളെ കരിതേയ്ക്കലും മതനിരപേക്ഷ പാരമ്പര്യത്തെ പരസ്യമായി വെല്ലുവിളിക്കലും അക്രമരാഷ്ട്രീയത്തിന് മതത്തിന്റെ പിന്‍ബലം നല്കലുമായപ്പോള്‍ ഇത്രയും മോശം മാതൃക 100 ദിവസത്തിനുള്ളില്‍ തന്നെ അവതരിപ്പിക്കുവാന്‍ മലയാളിക്കു മാത്രമേ കഴിയൂ എന്നും ലോകത്തിനു ബോധ്യപ്പെടും. ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ വടം വലികള്‍ മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കാനുള്ള ഗൂഢശ്രമം കൂടിയാണെന്ന് സാധാരണക്കാര്‍-എല്ലാ വിശ്വാസികളും അവിശ്വാസികളും-തിരിച്ചറിയണം.
ളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 40,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ആദ്യദിവസങ്ങളില്‍ തുകസമാഹരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. എന്നാല്‍ തീരുമാനങ്ങളെടുക്കുന്നതിന്റെ കമ്യൂണിസ്റ്റ് ഏകാധിപത്യരീതികളായിരിക്കണം സര്‍ക്കാരുമായി തോളുരുമ്മി നില്ക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതിപക്ഷത്തെ ഈ ശ്രമങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തിയത്. അതല്ലെങ്കില്‍ പിണറായി അങ്ങനെ ആളാകേണ്ടയെന്ന അഹംബോധമായിരിക്കാം. ഏതായാലും സാലറിചാലഞ്ച് തകര്‍ത്തു കയ്യില്‍ കൊടുക്കുകയും മറ്റെല്ലാ സര്‍ക്കാര്‍ സംരംഭങ്ങളോടും ഇടഞ്ഞുനില്ക്കുകയും ചെയ്ത് സര്‍ക്കാരിനെ മാത്രമല്ല പാവപ്പെട്ട ദുരിതബാധിതരെയും പ്രതിപക്ഷം വെല്ലുവിളിച്ചു. പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിച്ചസമയത്തു തന്നെ പ്രളയം സര്‍ക്കാരുണ്ടാക്കിയതാണെന്ന പ്രചരണവും ആരംഭിച്ചു. അതോടെ കയ്യയച്ച് സഹായിക്കാന്‍ മുതിര്‍ന്നവര്‍ പലരും മടിശീല മുറുക്കി.
എട്ടിന്റെ പണി കൊടുത്തത് പക്ഷേ കേന്ദ്രമാണ്. കേന്ദ്രം ഇതുവരെ കേരളത്തിന് നല്‍കിയത് 600 കോടി രൂപ മാത്രമാണ്. പുനര്‍നിര്‍മാണത്തിനായി കണക്കുകൂട്ടിയതിന്റെ 1.5 ശതമാനം. ഇനി കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനയും നല്കിക്കഴിഞ്ഞു.
പണം ആവശ്യത്തിന് നല്കിയില്ലെന്നു മാത്രമല്ല കേരളത്തിലേക്ക് പണമെത്താനുള്ള വഴികളില്‍ തടസങ്ങളുണ്ടാക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ ഉത്സാഹം കാണിച്ചു. വിദേശസഹായങ്ങളുടെ മേല്‍ ആവശ്യമില്ലാത്ത സാങ്കേതികതടസമുയര്‍ത്തുകയും വിദേശമലയാളികളുടെ സഹായമഭ്യര്‍ഥിക്കാനായി വിദേശ രാജ്യങ്ങളില്‍ പോകാനിരുന്ന മന്ത്രിമാരുടെ വഴിമുടക്കുകയും ചെയ്തു. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പലതരം സഹായങ്ങള്‍ ആവശ്യമാണെന്നിരിക്കെ ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം ഏറെ ഫലപ്രദമാണ്. ഇതിനായി വിവിധ പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ വിദേശ മലയാളികള്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, അതിനാവശ്യമായ സൗകര്യമൊരുക്കുന്നതിന് പകരം കേരളം നടത്തുന്ന എല്ലാ നീക്കങ്ങളുടെയും വഴിമുടക്കുകയാണ് കേന്ദ്രം ചെയ്തത്. തീര്‍ന്നില്ല- നിലവില്‍ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം കൊണ്ടുമാത്രം കേരളത്തിന്റെ പുനഃസൃഷ്ടിക്കായുള്ള വലിയ തുക കണ്ടെത്താനാകില്ലെന്ന് ഉറപ്പാണല്ലോ. പ്രവാസി മലയാളികളുടെയും ഇതര ഏജന്‍സികളുടെയും സഹായം, ദുരിതാശ്വാസനിധി, വായ്പ തുടങ്ങിയ വഴികളിലൂടെ കഴിയുന്നത്ര തുക സമാഹരിക്കാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. നിലവില്‍ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി. ഈ പരിധി നടപ്പുവര്‍ഷത്തില്‍ 4.5 ശതമാനവും അടുത്ത വര്‍ഷം 3.5 ശതമാനവുമായി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഇതുവഴി 15,175 കോടി രൂപ അധികമായി വായ്പയെടുക്കാനാകുമായിരുന്നു. എന്നാല്‍ ഇതിനും കേന്ദ്രം വിസമ്മതമാണ് അറിയിച്ചിരിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ പ്രളയകാലത്തുണ്ടായ സൗഹൃദം പ്രളയത്തിനു ശേഷം കേരളജനത വെള്ളത്തില്‍ മുക്കിക്കളഞ്ഞു. ദുരിതാശ്വാസക്യാമ്പുകള്‍ പിരിച്ചുവിടുന്നതിനു മുമ്പേ കൊടിയുടെ നിറം മനുഷ്യരുടെ മനം മടുപ്പിച്ചു തുടങ്ങിയിരുന്നു. ദുരിതാശ്വാസസഹായ വിതരണത്തില്‍ വലിയ അപാകതകളാണ് സംഭവിച്ചത്. സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടം പോലെ കൊടുക്കുകയും മറ്റുള്ളവരെ ‘മഴയത്ത് നിര്‍ത്തുകയും’ ചെയ്തുവെന്ന പരാതി വ്യാപകമായിരുന്നു. അരിയും പലചരക്കും കിടക്കകളും വിതരണം ചെയ്യുന്നതു മുതല്‍ ദുരിതാശ്വാസക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും നല്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത പതിനായിരം രൂപയില്‍ വരെ അട്ടിമറി സംഭവിച്ചു. വീടിന്റെ മുറ്റത്തുപോലും വെള്ളം കയറാത്തവര്‍ പതിനായിരത്തിന് അവകാശികളായപ്പോള്‍ സര്‍വവും നശിച്ച അനേകര്‍ക്ക് ഈ സമാശ്വാസ തുക പോലും ഒരു കാരണവുമില്ലാതെ നിഷേധിക്കപ്പെട്ടു. പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് എന്ന നിലയില്‍ ഇപ്പോഴും പാവപ്പെട്ടവന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ അവസാന കണക്കെടുത്തപ്പോള്‍ ആയിരക്കണക്കിന് അനര്‍ഹരാണ് പതിനായിരം രൂപ കൈപ്പറ്റിയതെന്ന് കണ്ടുപിടിച്ചിരുന്നു. കളക്ടര്‍ അനുപമ കയ്യും കാലും പിടിച്ചും ഭീഷണിപ്പെടുത്തിയുമാണ് പലരെക്കൊണ്ടും തുക തിരികെ അടപ്പിച്ചത്.
ഭവന നിര്‍മാണം
പ്രളയത്തില്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ എണ്ണം പതിനെണ്ണായിരമാണ്. ഈ വീടുകള്‍ കുറഞ്ഞ ചിലവില്‍ പുനര്‍നിര്‍മിക്കണമെങ്കില്‍ പോലും രണ്ടായിരം കോടിയിലേറെ രൂപ വേണം. വീടു നഷ്ടപ്പെട്ടവര്‍ക്ക് 95,100 രൂപവീതമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ ഈ തുകകൊണ്ട് താല്‍ക്കാലിക ഭവനം പോലും നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണ്. സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപയാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറുലക്ഷം രൂപയും നല്‍കും. അതേസമയം അര്‍ഹരായവരെ തിരഞ്ഞെടുക്കല്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ‘റീ ബില്‍ഡ് കേരള’ എന്നപേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വീടുകളുടെ വിവരശേഖരണം നടത്തുന്നത്. വിവരശേഖരണത്തിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മേല്‍ക്കൂര തകര്‍ന്നുവീണ വീടുകളെ മാത്രമേ തകര്‍ന്ന വീടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തൂ. എന്നാല്‍ മേല്‍ക്കൂര നിലനില്‍ക്കുന്നു എന്ന കാരണത്തില്‍ ചുമരുകള്‍ തകര്‍ന്ന് ഏതുനിമിഷവും നിലം പൊത്താവുന്ന വിധത്തിലുള്ള ഒട്ടേറെ വീടുകളെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് പരാതി ഉണ്ട്. അപകടഭീഷണിയുള്ള വാസയോഗ്യമല്ലാത്ത വീടുകളെ ഭാഗികകേടുപാടുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അര്‍ഹമായ ആനുകൂല്യം നിഷേധിക്കുകയാണെന്നാണ് ആക്ഷേപം. ചുമരുകള്‍ തകര്‍ന്നാലും മേല്‍ക്കൂര ഭാഗികമായി നില്‍ക്കുന്നുണ്ടെങ്കില്‍ ആ വീട് കേടുപാടുകളുടെ വിഭാഗത്തിലേക്ക് മാറും. ഓട് വീടുകളുടെ മേല്‍ക്കൂര ചിലപ്പോള്‍ ഏതെങ്കിലും തൂണിന്റെയോ ഒറ്റച്ചുമരിന്റെയോ ബലത്തില്‍ നില്‍ക്കുന്നുണ്ടാവും. ഇതുമൂലം സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഭവനനിര്‍മാണത്തിനുള്ള സഹായം ഇവര്‍ക്ക് ലഭിക്കുകയില്ല.
പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടത്തും ഇപ്പോഴും ഗതാഗതസൗകര്യം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വലിയ തുക ഇതിനു വേണ്ടിവരും. 9736 കിലോമീറ്റര്‍ റോഡുകള്‍ അറ്റകുറ്റപ്പണി, റീസര്‍ഫസ്, പൂര്‍ണമായി നശിച്ചവയുടെ പുനര്‍നിര്‍മാണം എന്നിവയുള്‍പ്പെടെ 13,540 കോടി രൂപ വരും. കാര്‍ഷിക മേഖലയ്ക്കും ഏകദേശം ഇത്രയും തുക വേണം.
കുടുംബശ്രീയില്‍ തട്ടി വായ്പകള്‍
സര്‍ക്കാരിന്റെ ഭാവനാപൂര്‍വമായ പദ്ധതികളിലൊന്നായിരുന്നു പ്രളയബാധിതര്‍ക്ക് ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്കാനുള്ള തീരുമാനം. എന്നാല്‍ ഇതിന്റെ ഇടനിലക്കാരായി കുടുംബശ്രീയെ തീരുമാനിച്ചതോടെ പദ്ധതി ബൂമറാങ്ങാകാനുള്ള സാധ്യത ഏറെയാണ്. കുടുംബശ്രീയുടെ പട്ടികയില്‍ നിന്ന് അര്‍ഹര്‍ ഒഴിവാക്കപ്പെടുന്നതായി വ്യാപക പരാതി ഉയര്‍ന്നു കഴിഞ്ഞു. കുടുംബശ്രീ യൂണിറ്റുകളുടെ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും മറ്റ് അംഗങ്ങളുടെയും ഒപ്പും സമ്മതപത്രവും ഉണ്ടെങ്കിലേ ദുരിതബാധിതര്‍ക്ക് വായ്പ ലഭിക്കുകയുള്ളൂ എന്നതാണ് വ്യവസ്ഥ. കുടുംബശ്രീ യൂണിറ്റിന്റെ അക്കൗണ്ടുള്ള സഹകരണ ബാങ്കുകളാണ് വായ്പ അനുവദിക്കുക. കുടുംബശ്രീയുടെ ജാമ്യത്തിലാണ് വായ്പ അനുവദിക്കുന്നത്. കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്വത്തിലാണ് തിരിച്ചടവ്. വായ്പ എടുത്തവര്‍ തിരിച്ചടച്ചില്ലെങ്കില്‍ ഈ അക്കൗണ്ടില്‍ നിന്നാണ് ബാങ്കുകള്‍ വായ്പാത്തുക തിരിച്ചുപിടിക്കുക. ഇതുമൂലം പലയിടത്തും കുടുംബശ്രീയോഗങ്ങളില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും പതിവായിരിക്കുന്നു.
പലിശരഹിത വായ്പയ്ക്ക് അര്‍ഹരായവരോട് ലിങ്കേജ് വായ്പ എടുക്കാന്‍ നിര്‍ദേശിക്കുന്നതായും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന പ്രളയബാധിതര്‍ക്കുള്ള വായ്പക്ക് 9 ശതമാനം പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു സര്‍ക്കാര്‍ പിന്നീട് ഗുണഭോക്താക്കള്‍ക്ക് തിരികെ നല്‍കും. ബാങ്കുകള്‍ വായ്പകള്‍ക്ക് നിശ്ചിതകാലത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വായ്പ എടുത്തതിന്റെ അടുത്തമാസം മുതല്‍ പലിശ അടച്ചുതുടങ്ങണം. ഈ തുക കുടുംബശ്രീ അക്കൗണ്ടുകളില്‍ നിന്നാണ് ഈടാക്കുന്നത്.
ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായതിനാല്‍ ഒരു ഗുണഭോക്താവ് മാത്രമാണുള്ളതെങ്കില്‍ പോലും വായ്പയ്ക്ക് ശുപാര്‍ശ നല്‍കണമെന്ന് അയല്‍ക്കൂട്ടങ്ങള്‍ക്ക് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പക്ക് അര്‍ഹരായവരെ കുടുംബശ്രീയില്‍ അംഗങ്ങളാക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല. അംഗങ്ങളുടെ എതിര്‍പ്പും വ്യക്തിവിരോധവും രാഷ്ട്രീയഇടപെടലുകളും ഇതിനു കാരണമാകുന്നുവെന്നും ആക്ഷേപമുണ്ട്.
ഫലത്തില്‍ അംഗങ്ങളിലാരെങ്കിലും എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തിന് പത്തുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്ന പരമാവധി വായ്പ. നേരത്തെ ഈ അയല്‍ക്കൂട്ടം വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതും ഈ പത്തുലക്ഷത്തില്‍ ഉള്‍പ്പെടും. ഒരേ അയല്‍ക്കൂട്ടത്തില്‍ പത്തിലധികം അപേക്ഷകരുണ്ടെങ്കില്‍ എല്ലാവര്‍ക്കും വായ്പ ലഭിക്കുവാനുള്ള സാധ്യതയും വിരളമാണ്.
ശബരിമലയും സാമ്പത്തികവും
സ്ത്രീപ്രവേശന വിഷയത്തില്‍ മണ്ഡലകാലത്തിനു മുമ്പുതന്നെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ തീവ്രസമരവും അതിനെ ചെറക്കാന്‍ പൊലീസ സ്വീകരിച്ച നടപടികളും ഭക്തര്‍ക്ക് ശബരിമലയ്ക്കു പോകാനുള്ള താല്പര്യം കുറയ്ക്കാന്‍ കാരണമായി. മണ്ഡലകാലം തുടങ്ങി ആദ്യആഴ്ചയില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയിലധികം തീര്‍ഥാടകര്‍ കുറവാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്ക്.
ഓരോ മണ്ഡലകാലത്തും ഏകദേശം 15,000 കോടി രൂപയുടെ ഇടപാടുകളാണ് ശബരിമലയെ കേന്ദ്രീകരിച്ചു നടക്കുന്നത്. നേരിട്ടും അല്ലാതെയുമുള്ള സാമ്പത്തിക ഇടപാടുകളാണിത്. ശബരിമല ക്ഷേത്രം ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 1249 ക്ഷേത്രങ്ങളാണുള്ളത്. 2017ല്‍ ഈ ക്ഷേത്രങ്ങള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 678 കോടി രൂപയാണ് ചിലവഴിച്ചത്. ഇതില്‍ 342 കോടിയും ശബരിമലയുടെ സംഭാവനയായിരുന്നു.
എരുമേലിയില്‍ കടകള്‍ ലേലം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്റെ ശ്രമം പരാജയപ്പെട്ടത് ഇത്തവണ വരുമാനം കുറയ്ക്കാന്‍ കാരണമാകും. തുടര്‍ച്ചയായി ആറ് തവണ ലേലം നടത്തിയിട്ടും മുപ്പതോളം കടകള്‍ ലേലത്തിനെടുക്കാന്‍ കരാറുകാര്‍ വന്നില്ല. തീര്‍ഥാടകര്‍ കുറയുമെന്ന ഭീതിയാണ് കരാറുകാരെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും അതല്ല, സ്ത്രീ പ്രവേശന വിഷയത്തില്‍ കരാറുകാര്‍ നിലപാട് ശക്തമാക്കിയതാണ് കാരണമെന്നും പറയുന്നുണ്ട്. ശബരിമലയിലെ പ്രശ്‌നം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് തിരിച്ചടിയാകുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കാര്യങ്ങളാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ശബരിമലയുടെ സാമ്പത്തിക നില തകര്‍ക്കാന്‍ ആരെങ്കിലും മനപൂര്‍വം ശ്രമിക്കുകയാണോ എന്നതാണ് ഇതില്‍ ആദ്യത്തേത്. ഹുണ്ടികയില്‍ പണമിടാതെ സ്വാമിശരണമെന്ന് കടലാസിലെഴുതിയിടണമെന്ന സംഘ്പരിവാര്‍ ആഹ്വാനം ഒരു പരിധിവരെ ഫലം കണ്ടു എന്നു പറയാം. രണ്ടാമത്തേത് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ്. സുപ്രീം കോടതി വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഫലത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്കു പ്രയോജനമായി. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തു.
നവകേരള പുനര്‍നിര്‍മിതി പാതിവഴിക്കുപേക്ഷിച്ച് ശബരിമല കയറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 1970കള്‍ മുതല്‍ 2010വരെയുള്ള കാലഘട്ടത്തില്‍ ഗള്‍ഫില്‍ മലയാളി സഹോദരങ്ങള്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലമായി ലഭിച്ച തുട്ടുകളുപയോഗിച്ചാണ് കേരളം വന്‍ സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചത്. എന്നിട്ടും 1991വരെ കേരളത്തിന്റെ മൊത്തം കടം 19000 കോടി രൂപയായിരുന്നു. 2017ല്‍ കടം രണ്ടുലക്ഷം കോടി രൂപ കടന്നു. 2019ല്‍ സര്‍ക്കാര്‍ തിരിച്ചടക്കേണ്ട പലിശ മാത്രം 14938 കോടി രൂപ വരും.
കേരളത്തിന്റെ സാമ്പത്തികരംഗത്തെ സമീപനങ്ങള്‍ നാടിന്റെ വികസനത്തില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. സര്‍ക്കാരുകള്‍ മദ്യകച്ചവടത്തിലും, ഊഹ വിപണിയിലും അതിന്റെ ഭാഗമായ റിയല്‍ എസ്‌റ്റേറ്റ്, ലോട്ടറി, ഹൈപ്പര്‍ മാര്‍ക്കറ്റ് സ്വര്‍ണ്ണക്കടകളിലും വികസനത്തെ കണ്ടു തൃപ്തി അടയുന്ന സ്ഥിതിക്ക് പ്രളയത്തിനു ശേഷവും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും ശക്തമായ വിപണിയുള്ള കേരളത്തില്‍ പക്ഷേ സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ പാപ്പരായികൊണ്ടിരിക്കുകയാണ്. പ്രകൃതിവിഭവങ്ങളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പൊതുമേഖലകള്‍ വേണ്ട തരത്തില്‍ കാര്യക്ഷമമല്ല. അതില്‍ രാഷ്രീയനേതാക്കള്‍ക്ക് ഉല്‍കണ്ഠകളില്ല. 200 ഇരട്ടിയിലും അധികവിലക്ക് വിപണിയില്‍ എത്തിക്കുന്ന പ്രകൃതിവിഭവങ്ങളില്‍ നിന്നും സര്‍ക്കാരിനു ലഭിക്കുന്നത് തുച്ഛമായ തുക മാത്രം. തോട്ടങ്ങളുടെ പാട്ടത്തുക ആരെയും നാണിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ വനഭൂമിയില്‍ 1.7 ലക്ഷത്തോളം ഹെക്റ്റര്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. ഭൂവിലയുടെ മൂന്നു ശതമാനമോ കൃഷിയില്‍നിന്നുള്ള വരുമാനത്തിന്റെ 70%മോ ആയിരിക്കണം സര്‍ക്കാരിനു ലഭിക്കേണ്ടത്. കഴിഞ്ഞ 20 വര്‍ഷമായി ഹെക്റ്റര്‍ ഒന്നിനു പ്രതിവര്‍ഷം പരമാവധി സര്‍ക്കാര്‍ പിരിക്കുന്ന തുക 1300 രൂപ മാത്രം. പാട്ടഭൂമിക്കു 20 വര്‍ഷത്തേക്കു സര്‍ക്കാര്‍ വാങ്ങുന്നത് ഹെക്റ്ററിനു 10000രൂപ. നാട്ടില്‍ കുടുംബശ്രീയും മറ്റും ഒരു ഏക്കറിന് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ കൊടുത്ത് കൃഷി നടത്തുമ്പോഴാണു വന്‍കിടക്കാര്‍ ഏക്കറിന് പ്രതിമാസം 50 രൂപ പോലും നല്‍കാതിരിക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം സ്വര്‍ണ്ണവില്‍പ്പന നടത്തുന്ന കേരളത്തില്‍ ഒരു വര്‍ഷം 200 ടണ്‍ ആഭരണങ്ങളുടെ കച്ചവടം നടക്കുന്നു. വാറ്റ് ഉണ്ടായിരുന്ന കാലത്തെ വില്‍പ്പന നികുതി അഞ്ചു ശതമാനം ആയിരുന്നു. കുറഞ്ഞത് 2000 കോടി പിരിച്ചെടുക്കുവാന്‍ കഴിയേണ്ട സമയത്ത് അതിന്റെ പത്തിലൊന്നുപോലും സര്‍ക്കാര്‍ വസൂലാക്കിയില്ല. ഇന്നിപ്പോള്‍ ജി.എസ്.ടി മൂന്നു ശതമാനമാക്കി കുറച്ചു. അതുവഴി 1500 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ എത്തുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ നികുതിവരുമാനം 500 കോടിയില്‍ എത്തിയിട്ടില്ല. നികുതി പിരിവ് കാര്യക്ഷമമാക്കുകയും പൂഴ്ത്തിവയ്പ് പിടിച്ചെടുക്കുകയും ചെയ്താല്‍ തന്നെ വരുമാനം വര്‍ധിക്കും.
എന്തു ചെയ്യണം?
സര്‍ക്കാരിന്റെ ചിലവുകള്‍ വെട്ടിക്കുറക്കുക തന്നെ വേണം. മന്ത്രിമാരുടെയും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെയും എണ്ണം കുറയ്ക്കാവുന്നതാണ്.
എം.എല്‍.എ പെന്‍ഷന്‍, ടി.എ, ഡി.എ മുതലായവയും നിര്‍ത്തലാക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യാത്രകള്‍, സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം മുതലായവ നിയന്ത്രിക്കല്‍ സമയബന്ധിതമായി നടപ്പിലാക്കണം. പാര്‍ട്ടിയിലും സര്‍ക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനുള്ള സ്വാധീനവും ശക്തിയും അളവില്ലാത്തതാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിന്മേല്‍ കുറിമാനം വരയ്ക്കാന്‍ കാനം രാജേന്ദ്രനു പോലും ചങ്കുറപ്പുപോരാ. ഈ ശക്തിയും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കുവാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ പിണറായി വിജയന് ലഭിച്ചിരിക്കുന്നത്. ശക്തനായ മുഖ്യമന്ത്രിയായിരുന്നു പിണറായി വിജയനെന്ന് നാളെ ചരിത്രം രേഖപ്പെടുത്തണമെങ്കില്‍ പിത്തലാട്ടങ്ങള്‍ പോരാ-തീരുമാനങ്ങള്‍ തന്നെ വേണം. അതല്ലെങ്കില്‍ പഴയതിലും അനാരോഗ്യകരമായ ഒരു കേരളത്തെയും പഴഞ്ചാക്കായ ഒരു സിദ്ധാന്തത്തെയും മാത്രമേ നാളത്തെ തലമുറ ദര്‍ശിക്കുകയുള്ളു.


Related Articles

മോൺ. ആന്റണി കുരിശിങ്കല്‍ കോട്ടപ്പുറം രൂപതാ വികാരി ജനറല്‍

കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ വികാരി ജനറലായി റവ ഡോ. ആന്റണി കുരിശിങ്കലിനെ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിയമിച്ചു. വികാരി ജനറലായിരുന്ന മോണ്‍. സെബാസ്റ്റിയന്‍ ജക്കോബി ഒഎസ്‌ജെ,

കൊറോണ പടരുന്നത് അതിവേഗം ഒരാഴ്ചക്കുള്ളില്‍ നാലു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകമാകെ ഭീതിപരത്തി കോവിഡ്-19 അതിദ്രുതം പടരുന്നു. വെറും എട്ടുദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കൊവിഡ്-19 രോഗികളുടെ എണ്ണം എട്ടുലക്ഷം കടന്നു. ഒരാഴ്ചമുമ്പ് ലോകമാകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം നാലു

പ്രസന്നതയുടെ നിത്യസ്മിതം ആന്‍സന്‍ കുറുമ്പന്തുരുത്ത്‌

വായന മരിക്കുന്നുവോ എന്ന സംശയത്തിലാണ് ആന്‍സന്‍ കുറുമ്പന്തുരുത്ത് എന്ന അധ്യാപകന്‍ കഥ പറയാന്‍ തുടങ്ങിയത്. മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രചോദനകരമായിരിക്കണം കഥകളെന്നു മാത്രമേ കരുതിയുള്ളൂ. അതിനു വേണ്ടി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*