തിരുപ്പിറവിയുടെ തിരിച്ചറിവുകള്‍

”ഇതാ, സകലജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു ഇന്ന് ദാവീദിന്റെ നഗരത്തില്‍ ജനിച്ചിരിക്കുന്നു”(ലൂക്കാ 2:10,11). മനുഷ്യകുലത്തിനു ലഭിച്ച ഏറ്റവും സന്തോഷകരമായ വാര്‍ത്തയായിരുന്നു ദൈവംതന്നെ മനുഷ്യനായി അവതരിച്ചുവെന്നത്. ലോകരക്ഷകനായ ഈശോമിശിഹായുടെ മനുഷ്യാവതാര രഹസ്യം ചരിത്രത്തെത്തന്നെ രണ്ടായി പകുത്ത് എ.ഡിയും ബി.സിയുമാക്കിയിട്ട് 2018 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ആശംസാ സന്ദേശങ്ങളും കാരള്‍ ഗാനങ്ങളും ക്രിസ്തുമസ് കേക്കുകളും പുല്‍ക്കൂടുകളും നക്ഷത്രങ്ങളും ഈ സന്തോഷദിനത്തിന്റെ ആരവങ്ങളുമായി നമ്മെ പുല്കുന്ന വേള.
1. മനുഷ്യനാകാന്‍ കഴിയുന്ന ദൈവം
ദൈവത്തെപ്പോലെ ആകാന്‍ മനുഷ്യന് ആഗ്രഹിച്ചത് അവന്റെ പതനത്തിനും മരണത്തിനും ഇടയാക്കിയെന്ന് ഉത്പത്തി പുസ്തകം നമ്മോടു പറയുന്നുണ്ട്. പാപത്തിന്റെ പിടിയിലമര്‍ന്ന മനുഷ്യനെ രക്ഷയിലേക്ക് നയിക്കാന്‍ ദൈവത്തിന്റെ മുമ്പില്‍ ഒരേ ഒരു മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ – മനുഷ്യന്റെ രൂപം സ്വീകരിക്കുക. ”തന്റെ ഏകപുത്രന്‍വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു” (1 യോഹ 4:9). ”അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിന് തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ 3:16) എന്നാണ് യോഹന്നാന് തന്റെ സുവിശേഷത്തിലും പ്രതിപാദിക്കുന്നത്. ഇവിടെ മാത്രമാണ് ദൈവം യേശുവിനെ അയച്ചു എന്നതിനു പകരം ‘നല്കി’ (ഗ്രീക്കില്‍ ‘ദീദോമി’) എന്ന പദം ഉപയോഗിക്കുന്നത്. മനുഷ്യന് ദൈവത്തെ സ്നേഹിച്ചതിന്റെ പേരിലോ, അവന്റെ പ്രവൃത്തികള്‍ക്കനുസൃതമായി ലഭിച്ച അനുഗ്രഹമെന്ന രീതിയിലോ അല്ല നാം മനുഷ്യാവതാരത്തെ സമീപിക്കേണ്ടത്. ശ്ലീഹ നമ്മെ ഓര്മപ്പെടുത്തുന്നപോലെ, ”നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം” (1 യോഹ 4:10). മനുഷ്യാവതാരംചെയ്ത ദൈവപുത്രനായ ഈശോ പാപമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യനായിത്തീര്‍ന്നു എന്നും നാം വിശ്വസിക്കുന്നു. ഈശോ എന്ന വ്യക്തിയില്‍ ദൈവത്വവും മനുഷ്യത്വവും ”വിഭജനമോ കലര്‍പ്പോ കൂടാതെ” ഒന്നുചേര്ന്നിരിക്കുന്നുവെന്ന് എ.ഡി. 451-ലെ കല്‍ക്കദോനിയ സൂനഹദോസും പഠിപ്പിക്കുകയുണ്ടായി. ദൈവത്തെ അന്വേഷിച്ചിറങ്ങിയ മനുഷ്യന് ദൈവം നല്കിയ ഏറ്റവും വലിയ സന്തോഷത്തിന്റെ സദ്വാര്ത്തതന്നെയായിരുന്നു മനുഷ്യാവതാരം.
2. പ്രവാചകപൂര്ത്തീകരണമായ ക്രിസ്തു
ദൈവപുത്രന്റെ മനുഷ്യാവതാരം യാദൃഛികമായ ഒരു സംഭവമായിരുന്നില്ലെന്ന് വിശുദ്ധഗ്രന്ഥത്തില്‍നിന്നു വ്യക്തമാണ്. ആദിമാതാപിതാക്കളുടെ പതനത്തിനുശേഷം ദൈവം മനുഷ്യനുമായി ഏര്‍പ്പെടുന്ന ഉടമ്പടിയില്‍ത്തന്നെ വ്യക്തമായ സൂചനകള്‍ നാം കാണുന്നുണ്ട്. ഉത്പത്തി 3:15-ല്‍ ”നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും; അവന് നിന്റെ തല തകര്‍ക്കും” എന്ന പരാമര്‍ശത്തില്‍ ക്രിസ്തുവിന്റെ ജനനസൂചനകള് ഉണ്ട്.
ഏശയ്യാ 7-ാം അധ്യായത്തിലെ ‘ഇമ്മാനുവേല്‍ പ്രവചനം’ ക്രിസ്തുവിനും ഏഴുനൂറ്റാണ്ടുകള്ക്കു മുമ്പേ എഴുതപ്പെട്ടതായിരുന്നു. ”ബെത്ലേഹം, നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നും പുറപ്പെടും” എന്ന് മിക്കായും (മിക്കാ 5:2) ”യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും അവന് ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും” എന്ന് ഏശയ്യായും (ഏശ 7:14) ഈ ദൈവപുത്രജനനത്തെ പ്രവചിക്കുന്നുണ്ട്. ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ സ്വയം ഏറ്റെടുത്തുകൊണ്ടുള്ള പരിഹാരബലിയും (സങ്കീ 22, ദാനി 9:26) മരണത്തിന്മേല് വിജയം വരിച്ചുകൊണ്ടുള്ള ഉയിര്‍പ്പിനെക്കുറിച്ചുള്ള സൂചനകളും ഈ ജനനത്തിന്റെ ആധികാരികത വ്യക്തമാക്കുന്നുണ്ട്.
”പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാരിലൂടെ വിവിധഘട്ടങ്ങളിലും വിവിധരീതികളിലും ദൈവം നമ്മോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാനനാളുകളില്‍ തന്റെ പുത്രനിലൂടെ ദൈവം നമ്മോടു സംസാരിച്ചു”വെന്ന് (ഹെബ്രാ 1.11:1) ഹെബ്രായലേഖകനും നമ്മോട് പറയുന്നത് ഇതേ അര്‍ത്ഥത്തില്‍തന്നെയാണ്. തിരുവെഴുത്തുകളുടെ പൂര്‍ത്തീകരണം യേശുവില്തന്നെ സംഭവിക്കുകയായിരുന്നുവെന്ന് സുവിശേഷങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുമുണ്ട്.
3. ചെറുതാകലിന്റെ മഹത്ത്വം
ഓരോ ക്രിസ്മസും ചെറുതാകലിന്റെ വലിയ സന്ദേശംതന്നെയാണ് ഈ ലോകത്തിനു നല്‍കുന്നത്. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന (ഫിലിപ്പി 2:7) ദൈവപുത്രനെ പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞ്, പുല്ത്തൊട്ടിയില് (ലൂക്കാ 2:12) കിടത്തേണ്ടിവന്നുവെന്നത് സകലര്‍ക്കുമുള്ള സന്ദേശംതന്നെയാണ്. എന്നാല്‍ ‘മെഗലോമാനിയ’ (ങലഴമഹീാമിശമ) ബാധിച്ച ഈ സമൂഹത്തിന് ചെറുതാകാന്‍ ഇനിയും ഏറെ വളരേണ്ടതുണ്ട്.
ദശകോടികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന ഈ രാജ്യത്ത് വിവാഹധൂര്ത്തെന്നപേരില് ആയിരംകോടിയിലധികം രൂപ ചെലവഴിക്കുന്ന സമ്പന്നര്‍ക്ക് എങ്ങനെയാണ് ചെറുതാകാന്‍ കഴിയുക? ഒരുനേരത്തെ അന്നത്തിനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരെ അവഗണിച്ചുകൊണ്ടാണ് 3000 കോടിയുടെ ജീവനില്ലാത്ത പ്രതിമ നിര്‍മ്മിച്ച് നേതാക്കള്‍ വലിയവരാകാന്‍ ശ്രമിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ദേവാലയങ്ങളും രമ്യഹര്‍മ്മ്യങ്ങളും ഈ മനോഭാവക്കാരുടെ പ്രതിഫലനങ്ങള്‍ തന്നെയാണ്. ജനിക്കാന്‍ ഭവനമില്ലാതിരുന്ന യേശുവിന് വീണ്ടും ജനിക്കാന്‍ ഭവനമൊരുക്കുന്നതാണ് ക്രിസ്മസ്. അന്നമില്ലാതെയും ഭവനമില്ലാതെയും തെരുവില്‍ അലയുന്നവരുടെ മുമ്പില്‍ അപ്പമായും കിടപ്പാടമായും ക്രിസ്തു പുനര്ജനിക്കുന്നതുതന്നെയാണ് യഥാര്‍ത്ഥ ക്രിസ്മസ്.
കിര്സയ്ദാ റൊഡ്രിഗെസ് (ഗ്യൃ്വമ്യറമ ഞീറൃശഴൗല്വ) ഉദരസംബന്ധമായ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് 2018 സെപ്റ്റംബര്‍ 9നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അഞ്ചുലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം അനുയായികള്‍ ഉള്ള അമേരിക്കയിലെ അറിയപ്പെടുന്നóഫാഷന്‍ ബ്ലോഗറായിരുന്ന കിര്സയ്ദാ 40-ാം വയസ്സിലാണ് മരണത്തിനു കീഴടങ്ങിയത്. യേശുവില്‍ðവിശ്വസിച്ചിരുന്നóഅവര്‍ അസാമാന്യ ധീരതയോടെതന്നെയാണ് തന്റെ അന്ത്യദിനങ്ങളെയും നേരിട്ടത്. മരിക്കുന്നതിനുമുമ്പ് തന്റെ ബ്ലോഗില്‍ðഇപ്രകാരമാണ് കുറിച്ചുവച്ചിരുന്നത്: ”എന്റെ വീടിന്റെ ഗാരേജില്‍ðഏറ്റവും പുതിയ ഒരു കാര്‍ പാര്‍ക്കു ചെയ്തുകിടക്കുന്നുണ്ട്. ഏറ്റവും ആകര്‍ഷകമായ രീതിയില്‍ðഡിസൈന്‍ ചെയ്ത വസ്ത്രങ്ങളും ചെരിപ്പുകളും ബാഗുകളും എന്റെ അലമാരികള്‍ നിറഞ്ഞിരിപ്പുണ്ട്. എന്റെ ബാങ്ക് അക്കൗണ്ടില്‍ നല്ല നിക്ഷേപവും എനിക്കുണ്ട്. നന്നായി ഫര്‍ണിഷ് ചെയ്ത ആഡംബര വസതിയും എനിക്കുണ്ട്. പക്ഷേ ഇവയ്ക്കൊന്നിനും ഈ സമയത്ത് എന്നെóസഹായിക്കാന്‍ കഴിയില്ല. ഞാനിപ്പോള്‍ ഈ ആശുപത്രിക്കിടക്കയില്‍ðനിസഹായാവസ്ഥയിലാണ്. വേണമെങ്കില്‍ ഒരു വിമാനം തന്നെóചാര്‍ട്ടര്‍ ചെയ്ത് എനിക്കു പറന്നുപോകാം. പക്ഷേ എങ്ങോട്ട്? അതുകൊണ്ട്, എന്തൊക്കെ ഇല്ലñഎന്നോര്‍ത്ത് വിഷമിക്കാതെ, ഉള്ള സാധ്യതകളെ തിരിച്ചറിഞ്ഞ് ജീവിക്കുക. ജീവിതത്തില്ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് സ്നേഹം മാത്രമാണ്.”’
സമകാലികലോകം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്ന് പണസമ്പാദനത്തിനുവേണ്ടി മനുഷ്യന് നടത്തുന്ന ആര്‍ത്തിപൂണ്ട ഓട്ടങ്ങളാണ്. ശതകോടികള്‍ തട്ടിച്ചും പറ്റിച്ചും കൈക്കലാക്കുന്നവര്‍ പിന്നീട് സ്വന്തം നാട്ടില്‍പോലും കാലുകുത്താന്‍ കഴിയാതെ അന്യദേശങ്ങളില്‍ ചേക്കേറാന്‍ ശ്രമിക്കുന്നതും നാം കാണുന്നുണ്ട്. മാന്യമായ ജോലിയും ശമ്പളവും ഉണ്ടായിട്ടും ബാങ്കിലെ പണയവസ്തുക്കളെടുത്ത് സ്വന്തം സന്തോഷത്തിനുവേണ്ടി തിരിമറിചെയ്യുന്നവരും കൈക്കൂലിവഴിയും അന്യായമാര്ഗങ്ങള്വഴിയും സമ്പാദിക്കാന്‍ വ്യഗ്രതകാട്ടുന്നവര്ക്കും ഈ ചെറുതാകലിന്റെ സന്ദേശം ഉള്‍ക്കൊള്ളാനായാല്‍ അതാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്ദേശം.
4. സുമനസുകള്‍ക്ക് സമാധാനം
തിരുപിറവിയുടെ സമയത്ത് മുഴങ്ങികേട്ട സ്വര്‍ഗീയ സന്ദേശം ‘അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം’ എന്നതായിരുന്നു. ഈ സന്ദേശവുമായി മാലാഖമാര്‍ എത്തിച്ചേര്‍ന്നത് അന്നത്തെ രാജകൊട്ടാരത്തിലോ ധനിക ഭവനങ്ങളിലോ സത്രങ്ങളിലോ ആയിരുന്നില്ല. അത് ആദ്യം കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചത് അന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ട വിഭാഗമായ ആട്ടിടയന്മാര്‍ക്കായിരുന്നു. അവര്‍ക്കാണ് ആദ്യമായി കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിനെ കണ്ടാനന്ദിക്കാന് അവസരം ലഭിച്ചത്. ദൈവസന്നിധിയില്‍ ഏറെ പ്രിയപ്പെട്ടവരായിരുന്നു മനുഷ്യദൃഷ്ടിയില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഈ ഇടയജീവിതങ്ങള്!
2018 ആഗസ്റ്റ് മാസത്തില്‍ കേരളത്തെ മുഴുവന്‍ ദുരന്തത്തിലാഴ്ത്തിയ പ്രളയ ദുരിതം എങ്ങനെ മലയാളിക്ക് മറക്കാനാകും? ആ ദിനങ്ങളില്‍ അപകടത്തിലായവരെ രക്ഷപ്പെടുത്താനും സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കാനും കേരളജനത ഒന്നടങ്കം കൈകോര്‍ക്കുകയായിരുന്നു. എന്നാല്‍ അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവരായിരുന്നു കടല്‍ത്തീരങ്ങളില്‍ കഷ്ടപ്പെട്ടു ജീവിക്കുന്ന നമ്മുടെ സഹോദരങ്ങളായ മത്സ്യത്തൊഴിലാളികള്‍. തങ്ങളുടെ ജീവന് പോലും തൃണവല്‍ഗണിച്ചുകൊണ്ടാണ് ഇവരെല്ലാവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയത്. അവഗണിക്കപ്പെട്ടവര്‍ക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ദൂതുമായെത്തിയ ക്രിസ്മസ് ഇന്നും ഈ സമൂഹത്തില്‍ അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലുന്ന ഒന്നായി മാറണം. സുമനസുകള്ക്കാണ് സമാധാനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷങ്ങളുടേതും സംഘട്ടനങ്ങളുടേതുമായ ഈ ലോകത്ത് സമകാലീന ലോകം ഏറ്റവും കാംക്ഷിക്കുന്നത് സമാധാനംതന്നെയാണ്. സമാധാനത്തിന്റെ ദൂതന്മാരായി ഈ സമൂഹത്തില്‍ നാം വ്യാപരിക്കുമ്പോഴാണ് ക്രിസ്മസ് നമുക്കും സന്തോഷത്തിന്റെ അനുഭവമായി മാറുന്നത്.
സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത – രക്ഷകനായ ക്രിസ്തുവിന്റെ ജനനം (ലൂക്കാ 2:10) ഇന്നും പ്രഘോഷിക്കപ്പെടേണ്ട സദ്വാര്ത്ത തന്നെയാണ്. വചനം മാംസം ധരിച്ചപ്പോള്‍ ക്രിസ്തു ജനിച്ചു. ജീവിതത്തിന്റെ ഇടവഴികളില്‍ മാംസം ധരിക്കാത്ത വചനം അധരവ്യായാമം മാത്രമായിത്തീരുന്നതാണ് ഇന്നിന്റെ ദുഃഖം. ഈ ക്രിസ്മസ് വേറിട്ട ഒരനുഭവമാക്കാം നമുക്ക്. സ്നേഹവും കാരുണ്യവുംനിറഞ്ഞ മിഴികളോടെ അപരനെ ചേര്‍ത്തുപിടിച്ച് നമുക്കും പങ്കുവയ്ക്കാം സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ സദ്വാര്ത്ത. മനുഷ്യജീവനുപോലും തെല്ലും വിലകല്പിക്കാത്ത, മാനുഷികമൂല്യങ്ങളെ തീര്‍ത്തും അവഗണിക്കുന്ന ഈ സമൂഹത്തില്‍ ഒറ്റപ്പെട്ടതാണെങ്കിലും വേറിട്ട ശബ്ദമായി നിലകൊള്ളാന്‍ പുല്‍ക്കൂട്ടിലെ ഉണ്ണി പ്രചോദിപ്പിക്കട്ടെ!
Related
Related Articles
വല്ലാര്‍പാടം മഹാജൂബിലിക്ക് തുടക്കമായി; തിരുനാള്‍ സമാപിച്ചു
വല്ലാര്‍പാടം പള്ളി സ്ഥാപിതമായിട്ട് 2024ല്‍ 500 വര്‍ഷം തികയുന്നു എറണാകുളം: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തി സാന്ദ്രമായ
ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി.
വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ പിതാവും വനവാതുക്കര ലിറ്റിൽ ഫ്ലവർ ഇടവകാഗംവുമായ ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി. മൃതസംസ്കാര കർമ്മം നാളെ (10-3-2021)
അസിയാ ബീബി കാനഡയില്‍ അഭയം തേടി
ഓട്ടാവ, കാനഡ്: മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനില്‍ വധശിക്ഷ കാത്ത് 9 വര്‍ഷം ജയില്‍വാസമനുഷ്ഠിച്ച ക്രൈസ്തവ യുവതി അസിയാ ബീബി കാനഡയില്‍ അഭയം തേടി. അസിയാ ബീബിയും അവരുടെ