സാന്താക്ലോസ്‌

സാന്താക്ലോസ്‌

ക്രിസ്മസിന്റെ ഏറ്റവും മോഹനകാഴ്ചകളിലൊന്നാണ് ചെമന്ന കുപ്പായവും പഞ്ഞിക്കെട്ടുപോലുള്ള താടിയും തോളിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. മഞ്ഞണിഞ്ഞ താഴ്‌വാരത്തിലൂടെ സ്ലെജ് എന്ന ഹിമവണ്ടിയില്‍ പാഞ്ഞുപോകുന്ന ക്രിസ്മസ് അപ്പൂപ്പന്‍ കുട്ടികളുടെ സ്വ്പനങ്ങളില്‍ നിത്യവസന്തം തീര്‍ക്കുന്നു.
ക്രിസ്മസ് അപ്പൂപ്പനെന്ന സാന്താക്ലോസ് ഒരു സാങ്കല്പിക കഥാപാത്രമാണെന്നായിരുന്നു പലരുടെയും വിചാരം. പക്ഷേ ഏഷ്യാമൈനറില്‍ (ഇപ്പോഴത്തെ തുര്‍ക്കി) നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കൊളസ് എന്ന മെത്രാനാണ് സാന്താ ആയതെന്ന് പിന്നീട് നടന്ന അന്വേഷണങ്ങള്‍ നിജപ്പെടുത്തിയിരുന്നു. വളരെ ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചുപോയ നിക്കൊളസ് വലിയ സ്വത്തിന് ഉടമയായിരുന്നു. പത്തൊമ്പത് വയസുള്ളപ്പോള്‍ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് പലസ്തീനിയയിലും ഈജിപ്തിലും നിരവധി തവണ സഞ്ചാരിയായെത്തി. റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ ക്രൈസ്തവരെ ക്രൂരമായ മതപീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്ന സമയമായിരുന്നു അത്. പാവങ്ങള്‍ക്കും യേശുവിനുവേണ്ടി പീഡനങ്ങള്‍ ഏല്‍ക്കുന്നവരിലുമെല്ലാം നിക്കൊളസ് മെത്രാന്‍ യേശുവിന്റെ പ്രതിരൂപം കണ്ടു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ മതപീഡനത്തിന് കുപ്രസിദ്ധനായ ഡയക്ലീഷന്‍സ് ചക്രവര്‍ത്തിയുടെ കാലത്ത് വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലാക്കി. പിന്നീട് റോമിലെ ഭരണാധികാരിയായി വന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി മതപീഡനങ്ങള്‍ അവസാനിപ്പിക്കുകയും ക്രിസ്ത്യാനിയായി തീരുകയും ചെയ്തു. റോമിലെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. തടവിലാക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികളോടൊപ്പം നിക്കോളാസ് മെത്രാനും മോചിപ്പിക്കപ്പെട്ടു. നാട്ടില്‍ തിരിച്ചെത്തിയ നിക്കൊളസ് പത്താറയ്ക്കു സമീപമുള്ള മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു.
ദയാലുവായിരുന്ന അദ്ദേഹം പാവങ്ങളെ സഹായിക്കുവാന്‍ ഏറെ താല്പര്യം കാണിച്ചു. രഹസ്യമായി സമ്മാനങ്ങള്‍ നല്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. അതുകൊണ്ടു തന്നെ സഹായിക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ രക്ഷകനാരെന്ന് കുറേക്കാലത്തേക്ക് മനസിലായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ ഒരു ഐതിഹാസിക പരിവേഷത്തോടെ ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്നു. വിശുദ്ധന്റെ മരണശേഷം സാന്താ ക്ലോസാകാന്‍ പലരും മുന്നോട്ടു വന്നു. അങ്ങിനെ ചിരഞ്ജീവിയായ ഒരു കഥാപാത്രമായി അദ്ദേഹം മാറി.
ക്രിസ്മസ് ഫാദറായും ന്യുഇയര്‍ ഫാദറായും വിശുദ്ധ നിക്കൊളസ് ആദ്യമായി അറിയപ്പെടുന്നത് ജര്‍മനിയിലാണ്. വിശുദ്ധ നിക്കൊളസിന്റെ തിരുന്നാള്‍ ജര്‍മനിയില്‍ പുതുവത്സര ദിനത്തിലാണ് ആഘോഷിക്കുന്നത്. ഡച്ച് കുടിയേറ്റക്കാരാണ് അമേരിക്കയില്‍ അദ്ദേഹത്തിന്റെ തിരുന്നാള്‍ ആഘോഷിച്ചു തുടങ്ങിയത്. ആ തിരുന്നാള്‍ പിന്നീട് അമേരിക്കന്‍ പാരമ്പര്യത്തിന്റെ ഭാഗമായി തീര്‍ന്നു.
സെന്റ് നിക്കൊളസി (Saint Nikolas)- നെ ഡച്ചുകാര്‍ സിന്റര്‍ ക്ലോസ് (Sinterklose)- എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പിന്നെ അത് സാന്റിക്ലോസ് (Santiklose) എന്നും തുടര്‍ന്ന് സാന്താ ക്ലോസ് (Santa Clause)- എന്നുമായി മാറി. വിശുദ്ധ നിക്കൊളസ് റഷ്യയുടേയും ഗ്രീസിന്റേയും പരിത്രാണ പുണ്യവാളനാണ്.
ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരെയും കയ്യും കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം സമ്മാനങ്ങള്‍ കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ദരിദ്രനായ ഒരാള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ടായിരുന്നു. വിവാഹ പ്രായമെത്തിയിട്ടും, സ്ത്രീധനം കൊടുക്കുവാനുള്ള പണം ഇല്ലാത്തതിനാല്‍ അവരെ വിവാഹം ചെയ്യാന്‍ ആരും വന്നില്ല. ഇതറിഞ്ഞ നിക്കോളസ് മെത്രാന്‍ പണം നിറച്ച മൂന്ന് സോക്‌സുകള്‍ അവരുടെ വാതിലിലൂടെ അകത്തേക്കിട്ടു കൊടുത്തുവത്രെ. ഇവരുടെ പിതാവ് ഒളിച്ചുനിന്ന് നിക്കോളസ് പുണ്യവാളനെ കണ്ടുപിടിച്ചു. സാന്താക്ലോസിന്റെ ചിത്രത്തിന്റെ കൂടെ സമ്മാനങ്ങള്‍ നിറച്ച സോക്‌സുകളും കാണാം.
വിശുദ്ധന്റെ മരണാനന്തരം 1087 ല്‍ ഇറ്റാലിയന്‍ നാവികര്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം തുര്‍ക്കിയില്‍ നിന്നു ഇറ്റലിയിലെ ബാരിയിലേക്കു കൊണ്ടുവന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം നേടാന്‍ ഭക്തര്‍ ബാരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. തീര്‍ത്ഥാടന കേന്ദ്രമായ ബാരിയിലെ സെന്റ് നിക്കൊളസ് ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ (തിരുശേഷിപ്പുകള്‍) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
ഡിസംബര്‍ ആറിനാണ് വിശുദ്ധ നിക്കൊളസിന്റെ തിരുന്നാള്‍ കൊണ്ടാടുന്നത്. ഈ തിരുന്നാള്‍ തലേന്ന് രാത്രിയില്‍ സാന്താ ക്ലോസ് ഓരോ വീട്ടിലും എത്തി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം.Related Articles

ദയാവധം മൗലികാവകാശമോ?

കാരുണ്യവധം നിയമവിധേയമാക്കിക്കൊണ്ടുള്ള ചരിത്രപ്രധാനമായ സുപ്രീം കോടതിയുടെ വിധി ഏറെ സങ്കീര്‍ണതകളും അതിലേറെ ആശങ്കയുണര്‍ത്തുന്നതുമാണ്‌. ഒരു വ്യക്തിക്ക്‌ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെ തന്നെ മരിക്കാനും അവകാശമുണ്ട്‌ എന്നുപറയുന്നത്‌

ആണ്ടുവട്ടം നാലാം ഞായര്‍: 31 January 2021

First Reading: Dt 18:15-20 Responsorial Psalm: Ps 95:1-2, 6-7, 7-9 Second Reading: 1 Cor 7:32-35 Gospel Reading: Mark 1:21-28   ആണ്ടുവട്ടം നാലാം ഞായര്‍  ആണ്ടുവട്ടത്തിലെ

ഇന്ത്യയില്‍  ജനാധിപത്യം മരിക്കുന്നുവോ?

ഇന്ത്യന്‍ ജനാധിപത്യം മരിക്കുകയാണോ എന്ന ചോദ്യം വളരെ പ്രസക്തമായ കാലമാണിത്. മരണം സംഭവിക്കാതെ രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യമാണ് നാം പരിശോധിക്കേണ്ടത്. അതിനുവേണ്ട അവസരങ്ങള്‍ ഇപ്പോള്‍ കൈവന്നിട്ടുണ്ട്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*