പുനർ നിർമാണത്തിന്റെ സമയത്ത് വിഭാഗീയത ദുഃഖകരം: ഡോ. ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത

പത്തനാപുരം: സഭാ ഐക്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് കേരളത്തില്‍ കൂടുതല്‍ വ്യക്തത കൈവരുന്ന കാലഘട്ടമാണിതെങ്കിലും സമൂഹത്തില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന സാഹചര്യമാണുള്ളതെന്ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാമേലധ്യക്ഷന് ഡോ. ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്സ് വിദ്യാനികേതനില്‍ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 33-ാമത് ജനറല്‍ അസംബ്ലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാപ്രളയം മാനവജാതിയെ പുതിയ അനുഭവത്തിലേക്കു നടത്തി. ധനവാന് വീടുവിട്ടിറങ്ങി ക്യാമ്പില്‍ പോകേണ്ടതായിവന്നു; ദരിദ്രന് വീടു നഷ്ടപ്പെട്ട് ക്യാമ്പില്‍ എത്തിച്ചേരേണ്ടിവന്നു. അവിടെ ജാതിയില്ല, മതമില്ല, നിറമില്ല, യാതൊരു വ്യത്യാസവുമില്ല. ക്യാമ്പില്‍ പാകം ചെയ്ത ഭക്ഷണത്തിനായി എല്ലാവരും കരങ്ങള്‍ നീട്ടി. അത് മാനവികതയുടെ ഐക്യമായിരുന്നു. പുതിയ ദര്‍ശനത്തിലേക്ക് അതു വഴിനടത്തി, ജനങ്ങള്‍ ഉണര്‍ന്നു.
അപരന്റെ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരായി ഓരോരുത്തരും പ്രവര്‍ത്തിച്ചു എന്നതു ശ്രദ്ധേയമാണ്. എന്നാല്‍ അതു കഴിഞ്ഞ് രണ്ടു മാസം തികഞ്ഞില്ല, വെള്ളം വീടുകളില്‍ നിന്നിറങ്ങി ചെളി കഴുകിക്കളഞ്ഞതേയുള്ളൂ, നാം വിഭാഗീയചിന്തയിലേക്കു വീണുപോയി എന്നത് ദുഃഖകരമായ അനുഭവമാണ്.
സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളതല്ല ഈ വിഭാഗീയത. വോട്ടിനായി, അധികാരം പിടിച്ചടക്കാനുള്ള സ്വാര്‍ഥ താല്പര്യമാണ് ഈ വിഭാഗീയതആളിക്കത്തിക്കുന്നത്. പ്രളയാനന്തരം പുനര്‍നിര്‍മാണത്തിന്റെ കാലത്ത് ഇതു സംഭവിക്കുന്നത് സങ്കടകരമായ അനുഭവമാണ്. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ എത്രയോ ആണ്. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്ന ലത്തീന്‍ കത്തോലിക്കാ സഹോദരങ്ങളില്‍ പലര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസമായ പതിനായിരം രൂപ പോലും കിട്ടിയില്ല. അതേസമയം ജില്ലാ കലക്ടര്‍ മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തയുടെ അരമനയില്‍ നേരിട്ടെത്തി പതിനായിരം രൂപ പ്രളയദുരിതാശ്വാസമായി കൈമാറി. വലിയ മെത്രാപ്പോലീത്തയാകട്ടെ തന്റെ കൈയില്‍ നിന്ന് പതിനായിരം രൂപയും കൂടി ചേര്‍ത്തുകൊണ്ട് അത് അപ്പോള്‍തന്നെ തിരിച്ചേല്പ്പിച്ചിട്ട് പറഞ്ഞു, ആവശ്യക്കാര്‍ക്ക് കൊണ്ടുപോയി കൊടുക്കാന്‍.
പ്രളയദിനങ്ങളില്‍ മറ്റൊരു ദുഃഖ സംഭവമുണ്ടായത് എഴുന്നേറ്റുനടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ചെറുപ്പക്കാരനും വൃദ്ധമാതാപിതാക്കളും വീട്ടില്‍ നിന്നു രക്ഷപ്പെടാനാവാതെ മുങ്ങിമരിച്ചതാണ്. നാട്ടുകാരെ രക്ഷിക്കാനെത്തിയ മത്സ്യത്തൊഴിലാളികള്‍ തൊട്ടടുത്ത വീട്ടുകാരോട് ചോദിച്ചതാണ്, അയല്‍വീട്ടില്‍ ആരെങ്കിലുമുണ്ടോ എന്ന്. എന്നാല്‍ അവര്‍ അയല്‍വീട്ടുകാരുടെ കാര്യത്തെക്കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം രക്ഷ മാത്രമാണ് തേടിയത്. ദൈന്യാവസ്ഥയില്‍ അയല്‍വീട്ടുകാരെ മരണത്തിലേക്കു തള്ളിവിട്ട അവര്‍ക്ക് എങ്ങനെ സമാധാനത്തോടെ കഴിയാനാകും?
പഴയ നിയമത്തില്‍ മിക്കാ പ്രവാചകനോട് ദൈവാത്മാവ് പറയുന്നുണ്ട്: ‘മനുഷ്യാ, നിനക്കു നല്ലത് ഞാന്‍ പറഞ്ഞുതരാം. മൂന്നുകാര്യങ്ങള്‍. നീതി പ്രവര്‍ത്തിക്കുക, ദയാതല്പരനായിരിക്കുക, വിനയത്തോടെ ദൈവസന്നിധിയില്‍ നടക്കുക.’ കര്‍ത്താവിന്റെ വരവിനായി വഴിയൊരുക്കുന്ന പഴയ നിയമത്തിന്റെ സമാപന വാക്കുപോലെയാണിത്. നീതി പലര്‍ക്കും മനസിലാകാത്ത കാര്യമാണ്. സ്വാര്‍ഥതയാണ് ചിലര്‍ക്കു നീതി. താന്‍ പ്രാപിക്കണമെന്ന് ആഗ്രഹിച്ചത് പ്രാപിക്കുമ്പോള്‍ നീതിയാണെന്നും അവര്‍ പറയും. എന്നാല്‍ പ്രാപിച്ചില്ലെങ്കില്‍ അത് അനീതിയാകും. തനിക്ക് അനുകൂലമെങ്കില്‍ അത് നീതി, പ്രതികൂലമെങ്കില്‍ അനീതി എന്ന അവസ്ഥ. പരിശുദ്ധാത്മാവ് ദൈവത്തിന്റെ നീതിയെക്കുറിച്ച് പഠിപ്പിക്കുമെന്നും, ആനുകാലികമായി അതിനെക്കുറിച്ച് അനുസ്മരിപ്പിക്കുമെന്നും കര്‍ത്താവ് ഓര്‍മിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ നീതി മനുഷ്യന്റെ നീതിയല്ല. രാവിലെ മുതല്‍ അധ്വാനിച്ചവനും 11-ാം മണിക്കൂറില്‍ വന്നവനും ഒരേ വേതനം നല്കുന്നു. 11-ാം മണിക്കൂറില്‍ വന്നവന് തനിക്ക് അര്‍ഹമായതു കിട്ടി എന്നു പറയും. രാവിലെ മുതല്‍ അധ്വാനിച്ചവന് അതില്‍ അനീതി കാണും. നീതിബോധമുള്ളവരായി ജീവിക്കുവാന്‍ നാം കടപ്പെട്ടവരാണ്.
എങ്ങനെയാണ് ദയാതല്പരരായിരിക്കേണ്ടത്? ദൈവത്തെ ആരും കണ്ടിട്ടില്ല. ഏകജാതനിലാണ് സ്രഷ്ടാവ് സ്വയം വെളിപ്പെടുത്തുന്നത്. സ്നേഹനിധിയായ പിതാവായിട്ടാണ് യേശു പിതാവായ ദൈവത്തെ നമുക്കു കാണിച്ചുതരുന്നത്. സ്വഭവനത്തിലെ സ്ഥാനമാനങ്ങളും സന്തോഷങ്ങളുമെല്ലാം ഉപേക്ഷിച്ച് അവകാശങ്ങളെല്ലാം വാങ്ങി അവയെല്ലാം ധൂര്‍ത്തടിച്ച് തിരിച്ചെത്തുന്ന ധൂര്‍ത്തപുത്രനെ നാം വിശുദ്ധഗ്രന്ഥത്തില്‍ കാണുന്നുണ്ട്. പിതാവിന്റെ ഭവനത്തില്‍ പന്നികളെ പരിപാലിക്കാനാണ് അവന് നിയോഗിക്കപ്പെടുന്നത്. പിതാവിന്റെ സ്നേഹത്തിന് ഒഴികെ താന്‍ ഒന്നിനും അര്‍ഹനല്ലെന്ന് അവന് തിരിച്ചറിയുന്നു. പിതാവിനും സ്വര്ഗത്തിനുമെതിരെ താന്‍ പാപം ചെയ്തുപോയി എന്ന് അവന് ഏറ്റുപറയുന്നു. പിതാവാകട്ടെ തിരിച്ചുകിട്ടിയ പുത്രന് അവകാശം നല്‍കുകയും വലിയ സന്തോഷത്തോടെ വിരുന്നും ആഘോഷവും ഒരുക്കുകയും ചെയ്യുന്നു. ദൈവാത്മാവിന്റെ നീതിയെക്കുറിച്ച് അപ്പന്റെ നീതിബോധം അങ്ങനെയാണ്. ദൈവം കരുണ കാണിച്ചു. അതേസമയം, പിതാവിനെ അനുസരിച്ചു കഴിഞ്ഞ മറ്റൊരു മകന് അസൂയാലുവായി മാറിനില്‍ക്കയാണ്. ഇതാണോ സ്നേഹനിധിയായ പിതാവ് എന്ന് അവന് ചോദിച്ചുപോകുന്നത് സ്വാഭാവികമാണ്. പ്രയാസങ്ങളും വിഷമങ്ങളും വരുമ്പോള്‍ ചോദിച്ചുപോകും, ദൈവമേ എന്തുകൊണ്ടിങ്ങനെ?
ക്രൈസ്തവ ജീവിതാനുഭവങ്ങളില്‍ ഇതിന് ഉത്തരം ലഭിക്കും. മാര്‍ത്തോമ്മാ സഭയിലെ വിഖ്യാതനായ ഒരു ഉപദേശി തന്റെ ജീവിതത്തിലെ രണ്ട് അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ആ സുവിശേഷകന്റെ അയല്‍വാസി ഒരുനാള്‍ പമ്പാനദിയുടെ തീരത്ത് തെങ്ങില്‍ കയറി. തെങ്ങിന്റെ മുകളിലെത്തി അയാള്‍ പുറമടലില് പിടിച്ചു. അത് അടര്‍ന്നു വീണു. ഓലയുമായി അയാള്‍ വന്നുവീണത് ഒരു മണല്ക്കൂമ്പാരത്തിലാണ്. തൊട്ടപ്പുറത്തെ കരിങ്കല്കൂമ്പാരത്തിലായിരുന്നെങ്കില് ജീവന് തിരിച്ചുകിട്ടുകയില്ല. നാട്ടുകാര്‍ ഓടിക്കൂടി അയാളെ പമ്പയാറിലെ തെളിഞ്ഞ, തണുത്തവെള്ളത്തില്‍ മുക്കി ദേഹമാകെ തടവിയപ്പോള്‍ ബോധം തിരിച്ചുകിട്ടി. മണല്‍പ്പുറത്ത് കൊണ്ടുപോയി കിടത്തിയ അയാളോട് ഒരാള്‍ പറഞ്ഞു, സഹോദരാ, ദൈവം നിന്നെ തുണച്ചു. മണലേല്‍ വീണതിനാല്‍ ഇത്രയേ പറ്റിയുള്ളൂ, എന്നാല്‍ അല്പം മാറിയിരുന്നെങ്കില്‍ ആ കരിങ്കല്കൂമ്പാരത്തില് വീഴുമായിരുന്നു. ആ അവസ്ഥയിലും അഹങ്കാരിയായ ആ മനുഷ്യന് പ്രതികരിച്ചത് ഇങ്ങനെ: മടലുമായി ഞാന്‍ താഴേക്കു വരുമ്പോള്‍, താഴെ കല്ക്കൂമ്പാരം കണ്ടതും ഞാന്‍ കാലുമടക്കി തെങ്ങില്‍ ഒന്നടിച്ചു. തെറിച്ച് അപ്പുറത്തേക്കു പതിച്ചു!
രണ്ടാമത്തെ അനുഭവം സ്വന്തം ജീവിതത്തില്‍ നിന്നാണ് ഉപദേശി വിവരിക്കുന്നത്. 1932 കാലഘട്ടമാണ്, ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലം. തിരുവിതാംകൂറില്‍ അക്കാലത്ത് മൂന്നുനേരം ഭക്ഷണം കഴിച്ചവര്‍ ആരുമുണ്ടാവില്ല. ഡിപ്രഷന്റെ കാലഘട്ടത്തില്‍ ഭവനത്തില്‍ വലിയ ഞെരുക്കമാണ്. അതിനു പുറമെ എക്സിമ എന്ന ത്വക്രോഗവും ഉപദേശിയെ പിടികൂടി. യാത്ര ചെയ്യാന്‍ പറ്റുന്നില്ല. ഒരുനാള്‍ മനസ് ഭാരപ്പെട്ട് ഉപദേശി വൃക്ഷത്തണലില്‍ ഇരുന്ന് കവുങ്ങിന്‍പാളകൊണ്ട് വീശുകയായിരുന്നു. അപ്പോഴാണ് വഴിയില്‍ തന്റെ കൂട്ടായ്മക്കാരനായ ധനവാന് നടന്നുവരുന്നതു കാണുന്നത്. മനസില്‍ ഒരു കുളുര്മയുണ്ടായി. ഇതാ തന്നോടൊപ്പം ഹലേലൂയ പറയുന്ന പണക്കാരന് വരുന്നു, തന്നെ സഹായിക്കാതിരിക്കില്ല. എന്നാല്‍ ആ ധനവാന് ഉപദേശിയുടെ വീട്ടുപടിക്കലെത്തിയപ്പോള്‍ ഒന്നും കാണാത്ത മട്ടില്‍ കുടകൊണ്ട് സ്വയം മറച്ച് വഴിമാറി നടക്കുന്നു. ഉപദേശിയുടെ ഉള്ളുവിങ്ങി. എന്നാല്‍ ആ വേദനയുടെ മധ്യത്തിലും അയാള്‍ ഉറക്കെ പാടി: ‘ആരും സഹായമില്ലാ പാരില്‍ എന്നാലെനിക്കൊരു സഹായകന് വാനില്‍ ഉണ്ടെന്നതറിഞ്ഞതില് ഉല്ലാസമേ.’ പരിശുദ്ധാത്മാവ് നിങ്ങളെ നീതിബോധത്തിലേക്കു നടത്തും, ആനുകാലികമായി ഓര്‍മിപ്പിച്ചുകൊണ്ട്.
തന്നെ മാര്‍ത്തോമ്മാ സഭയിലെ എപ്പിസ്കോപ്പയായി 45 വര്‍ഷം മുന്‍പ് തെരഞ്ഞെടുത്തപ്പോള്‍, ആ പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ച് മാനസിക സംഘര്‍ഷം അനുഭവിച്ച കാര്യം ഡോ. ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത അനുസ്മരിച്ചു. അന്നത്തെ സഭാമേലധ്യക്ഷന് യൂഹനോന്‍ മാര്‍ തോമാ ചാര്ച്ചയില് മാതൃവഴിയില്‍ ജ്യേഷ്ഠസഹോദരനാണ്. അദ്ദേഹം വിളിച്ചറിയിച്ചു, ഐറേനിയസ് എന്ന പേരാണ് സഭ തനിക്കു നല്‍കുന്നത്. സമാധാനം ഉണ്ടാക്കുന്നവന് എന്നാണ് ആ പേരിന്റെ അര്‍ഥം. സഭാപിതാവിന്റെ പേരാണ്. യൂഹാനോന്‍ മാര്‍ തോമാ തിരുമേനി അതോടൊപ്പം ഇംഗ്ലീഷില്‍ കുറിച്ച ഏതാനും വരികള്‍ താന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കുകയില്ല: ‘ഭ്രാന്തുപിടിപ്പിക്കുന്ന സാഹചര്യത്തിലേക്ക് ഇറങ്ങാന്‍ തയാറായി കൊള്ളുക, കാറ്റിനാലും കോളിനാലും അന്തരീക്ഷം സദാ മുഖരിതമായിരിക്കും. എന്നാല്‍ ഒരിടത്ത് ഉറച്ചുനിന്ന് ദൈവം നല്ലവനെന്ന് രുചിച്ചറിഞ്ഞ് മുന്നോട്ടുപോവുക.’
അനുകൂലതകളില് പാളിപ്പോകാതെയും പ്രതികൂലങ്ങളില് തളര്ന്നുപോകാതെയും ദൈവാത്മാവില് ആശ്രയിക്കുക. തന്റെ ചെറുപ്പകാലത്ത് നാട്ടില്‍ വന്നു താമസമാക്കിയ ലത്തീന്‍ സമുദായക്കാരുമായി നല്ല സാഹോദര്യത്തിലാണ് എല്ലാവരും കഴിഞ്ഞുവന്നതെന്ന് മെത്രാപ്പോലീത്ത അനുസ്മരിച്ചു. എല്ലാവരും ഒരേ സഭയില്‍ ചേരണമെന്നില്ല, ഏതു ക്രൈസ്തവ വിഭാഗമാണെങ്കിലും അന്യമതസ്ഥരാണെങ്കിലും സാഹോദര്യത്തില്‍ ജീവിക്കുന്ന സമൂഹമാണ് നമുക്കുവേണ്ടത്. അവിടെ വിഭാഗീയ ചിന്തകള്‍ക്ക് സ്ഥാനമില്ല.
അമേരിക്കയില്‍ കറുത്തവര്‍ഗക്കാരോടുള്ള വര്‍ണവിവേചനം കൊടികുത്തിവാണ ജോര്‍ജിയയില്‍, പള്ളിയില്‍ നിന്ന് കല്പടവുകള് ഇറങ്ങിവരുമ്പോള്‍ ഊന്നുവടി നഷ്ടപ്പെട്ട കറുത്തവര്‍ഗക്കാരിയായ വയോധികയെ സഹായിക്കാന്‍ തുനിഞ്ഞ വെള്ളക്കാരനായ വൈദികവിദ്യാര്‍ഥിയെ യാഥാസ്ഥിതികനായ മറ്റൊരു വെള്ളക്കാരന് വെടിവച്ചുകൊന്ന കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. വെടിവച്ചയാളെ നിര്‍ദോഷിയായി, നമ്മുടെ കുഞ്ഞനന്തനെ പരിപാലിക്കുന്നതു പോലെ, ജോര്‍ജിയ ഗവര്‍ണറായിരുന്ന ജോര്‍ജ് വാലസ് വെറുതെവിട്ടു. എന്നാല്‍ വാള്‍ട്ടര്‍ ക്രോങ്കൈറ്റ് എന്ന സിബിഎസ് ടിവി ചാനലിന്റെ വിഖ്യാത കമന്റേറ്റര്‍ അന്ന് പറഞ്ഞു: ‘ആ വെള്ളക്കാരന് ജോര്‍ജ് വാലസിന്റെ നിയമപ്രകാരം കുറ്റവിമുക്തനായിരിക്കുന്നു. എന്നാല്‍ സ്വന്തംമനഃസാക്ഷിയുടെ മുന്പില് അന്ത്യശ്വാസം വരെ അയാള്‍ തടവുകാരനായിരിക്കും; ഒരുനാളും അയാള്‍ക്ക് ജാമ്യം പോലും കിട്ടുകയില്ല.’
യേശുവില്‍ ദൈവത്തിന്റെ മനുഷ്യമുഖം കൂടി കാണാം. ദയാതല്പരനായി വിനയത്തില്‍ ദൈവസന്നിധിയില്‍ നടക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്മ വരിക കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ മുഖമാണ്. കോല്‍ക്കത്തയില്‍ പത്തുവര്‍ഷത്തോളം മദര്‍ തെരേസയുടെ ശുശ്രൂഷാദൗത്യവുമായി സഹകരിക്കാന്‍ പലപ്പോഴും തനിക്ക് അവസരം ലഭിച്ചത് അദ്ദേഹം അനുസ്മരിച്ചു. മദര്‍ പറഞ്ഞ ഒരു അനുഭവകഥ ഇതാണ്. ഒരു അമ്മയും മകനും കല്‍ക്കട്ടയിലെ തെരുവില്‍ കഴിയുകയാണ്. ക്രിസ്മസ് കാലമടുത്തപ്പോള്‍ മകന് വലിയൊരു ആഗ്രഹം – ഒരു ക്രിസ്മസ് കേക്ക് വേണം. അമ്മ അവനെ പിന്തിരിപ്പിക്കാന് പലതും പറഞ്ഞുനോക്കി. അവന് വഴങ്ങുന്നില്ല. ഒടുവില്‍ അമ്മ പറഞ്ഞു, നീ യേശുവിനോടു പ്രാര്‍ഥിക്കൂ, അവന് നിനക്ക് കേക്കു തരും. അവന് ഉത്സാഹത്തോടെ പ്രാര്‍ഥിച്ചു, യേശുവേ എനിക്ക് 24-ാം തീയതി രാത്രി കേക്ക് തരണമേ. 24-ാം തീയതി സന്ധ്യയായി, വിളക്കുകള്‍ തെളിഞ്ഞു. എന്നാല്‍ അവന് കെയ്ക്കു കിട്ടിയില്ല. തെരുവില്‍ ബേക്കറിയുടെ മുന്പില് അവന് മൗനപ്രാര്‍ഥനയില്‍ മുഴുകി നില്‍പ്പായി. അപ്പോഴാണ് മദര്‍ തെരേസ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം അവിടെയെത്തുന്നത്. ഒരു കുട്ടി കടയിലേക്കു നോക്കിനില്ക്കുന്നത് മദര്‍ ശ്രദ്ധിച്ചിരുന്നു. മദര്‍ ബേക്കറിയില്‍ നിന്നിറങ്ങിയപ്പോഴും അവന് അതേനില്പ്പാണ്. കണ്ണടച്ചുപ്രാര്ഥിച്ചുനില്ക്കുന്ന അവന്റെ കൈയില്‍ മദര്‍ ഒരു കെയ്ക്ക് വച്ചുകൊടുത്തു അവന് കണ്ണു തുറന്നു. മദറിന്റെ മുഖത്തേക്ക് നോക്കി അവന് ഉറക്കെ ചോദിച്ചു, ‘അമ്മേ, നീ യേശുവാണോ?’ മൂന്നു പ്രാവശ്യം അവന് ആ ചോദ്യം ആവര്‍ത്തിച്ചു. ആ ചോദ്യം കേട്ട് ഞെട്ടിയ മദര്‍ അവനോട് കാര്യം ചോദിച്ചു മനസിലാക്കി. ആ കുട്ടി യേശുവിന്റെ മുഖം കണ്ടു. അതാണ് ധന്യത. ദയാതല്പരരായിരിക്കുക. നീതി പുലര്‍ത്തുക – മാര്‍ തോമാ മെത്രാപ്പോലീത്ത പറഞ്ഞു.
Related
Related Articles
കെആര്‍എല്‍സിസി 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയപ്രമേയം
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യത്തെയും പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലത്തീന്‍ സമുദായത്തെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും
സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
കൊച്ചി: സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഓരോ വിദ്യാര്‍ത്ഥികളുടെയും പ്രഥമ മുന്‍ഗണന വിദ്യാഭ്യാസമേഖലയിലെ വളര്‍ച്ച ആയിരിക്കണമെന്നും അതുവഴി
ബെര്ണര്ദീന് ബച്ചിനെല്ലി വസ്തുതകളും പ്രസക്തിയും
ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ വിശ്വാസസംരക്ഷകനായി വാഴ്ത്തപ്പെടുന്ന വിശുദ്ധനാണ് മിലാനിലെ ആര്‍ച്ച്ബിഷപ്പായിരുന്ന ചാള്‍സ് ബൊറോമിയോ (1538-1584). സമ്പന്ന പ്രഭുകുടുംബത്തിന്റെ എല്ലാ സുഖങ്ങളും നിരാകരിച്ച് ‘മനുഷ്യരെ പിടിക്കാന്‍’ ഇറങ്ങിപ്പുറപ്പെട്ട ചാള്‍സ് ബൊറോമിയോ