ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?- ആഗമനകാലം മൂന്നാം ഞായർ

ആഗമനകാലം മൂന്നാം ഞായർ
വിചിന്തനം:- “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” (ലൂക്കാ 3:10 -18)
ആരാധനക്രമമനുസരിച്ച് ആഗമന കാലത്തിലെ മൂന്നാം ഞായർ അറിയപ്പെടുന്നത് ആനന്ദഞായർ എന്നാണ്. കാത്തിരിപ്പിന്റെ നാളുകളാണിത്. ആ കാത്തിരിപ്പിന് വിഷാദത്തിന്റെ വർണ്ണങ്ങളുണ്ടാകരുത്. നമ്മുടെ ജീവിതത്തിലേക്ക് വരുന്നവൻ രാജാവാണ്, രക്ഷകനാണ് ദൈവമാണെന്നാണ് സെഫാനിയ പ്രവാചകൻ പറയുന്നത്. ഇനി ഉള്ളിൽ നിറയേണ്ടത് ഭയമല്ല; ആനന്ദമാകണം, ആഹ്ലാദമാകണം. കാരണം, സന്തുഷ്ടനായ ഒരു ദൈവമാണ് പ്രത്യക്ഷപ്പെടുന്നത്. അവൻ വരുന്നത് സ്നേഹത്തിൽ നിന്നെ പുനഃപ്രതിഷ്ഠിക്കുന്നതിനു വേണ്ടിയാണ് (Cf. സെഫാ 3 : 14-18).
മനുഷ്യ മക്കളോടൊപ്പമായിരിക്കുന്നതിലാണ് ദൈവം സന്തോഷം കണ്ടെത്തുന്നത്. അതുകൊണ്ടാണല്ലോ അവൻ ഇമ്മാനുവൽ എന്നറിയപ്പെടുന്നത്. നമ്മോടൊപ്പമായിരിക്കുന്ന ദൈവം ഭയം വിതരണം ചെയ്യുന്നവനല്ല. നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി നിറയ്ക്കാനും, ഹൃദയ സ്പന്ദനങ്ങൾക്ക് താളം ഇടാനും, സ്വപ്നങ്ങൾക്ക് നിറങ്ങൾ പകരാനുമാണ് വരുന്നത്. ആക്രോശിക്കുന്ന ഒരു ദൈവത്തെ വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് കാണാൻ സാധിക്കില്ല. തന്റെ ജനതയോട് ആജ്ഞയുടെയോ ഭീഷണിയുടെയോ ഭാഷ ഉപയോഗിക്കുന്നുമില്ല അവൻ. പക്ഷെ, സ്നേഹത്തെപ്രതി വിലപിക്കുന്ന ദൈവത്തിന്റെ ചിത്രം പ്രവാചകന്മാർ വരച്ചു കാണിക്കുന്നുണ്ട്.
ദൈവം സ്നേഹമാണെന്ന് പഠിപ്പിച്ചത് വിശുദ്ധഗ്രന്ഥം മാത്രമാണ്. പ്രവാചകരിലൂടെ ദൈവത്തിന് ലഭിച്ചത് പ്രണയിതാവിന്റെ മുഖമാണ്. അവർ പ്രഘോഷിച്ചത് മുഴുവനും ആ സ്നേഹത്തിൽ ഒട്ടി നിൽക്കാൻ മാത്രമാണ്. സ്നാപക യോഹന്നാനും അതേ ചിന്ത തന്നെയാണ് പകർന്നു നൽകുന്നത്. മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാൻ അവൻ മുന്നിലേക്ക് വയ്ക്കുന്ന നിർദ്ദേശങ്ങൾ സ്നേഹത്തിന്റെ പ്രായോഗികതലങ്ങളാണ്. ചില ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണ് സ്നാപകൻ അവയെ അവതരിപ്പിക്കുന്നത്.
“ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ചോദ്യം ജനക്കൂട്ടത്തിന്റെതാണ്. അടിച്ചമർത്തലിന്റെയും കഷ്ടതയുടെയും ഒരു പ്രതീകമാണ് ഈ ജനക്കൂട്ടം. ഉത്തരം വളരെ ലളിതമാണ്: “രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ” (v.11). ഒട്ടകരോമം കൊണ്ട് നഗ്നത മറയ്ക്കുകയും വെട്ടുക്കിളിയേയും കാട്ടുതേനിനേയും ഭക്ഷണമാക്കിയവനാണ് പറയുന്നത് വസ്ത്രവും ഭക്ഷണവും പങ്കുവയ്ക്കുവാൻ. യോഹന്നാൻ പ്രഘോഷിക്കുന്നത് നൽകലിന്റെ സുവിശേഷമാണ്. ഇതിനേക്കാൾ മനോഹരമായ ഒരു പര്യായം സ്നേഹത്തിന് വേറെയില്ല. സ്നേഹമുണ്ടെങ്കിലെ നൽകാൻ സാധിക്കു, നൽകലുണ്ടെങ്കിലെ സ്നേഹിക്കാനും സാധിക്കു.
“ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ഇപ്പോൾ ചോദിക്കുന്നത് ചുങ്കക്കാരും പടയാളികളുമാണ്. ജനങ്ങളുടെ മേൽ അധികാരമുള്ള ഒരു ചെറു കൂട്ടം. ഇവിടെയും ഉത്തരം ജീവിതഗന്ധിയാണ്. സ്നേഹമെന്നത് സാഹോദര്യമാണ്. സാഹോദര്യത്തിൽ അപഹരണമോ കുറ്റാരോപണമോ ധനത്തോടുള്ള ആർത്തിയോ ഉണ്ടാവുകയില്ല. മാനുഷികതയെ ഹൃദയത്തിൽ ചേർത്തു പിടിക്കാനാണ് സ്നാപകൻ ആഹ്വാനം ചെയ്യുന്നത്. സാഹോദര്യത്തിന്റെ ഒരു ലോകം നെയ്തെയെടുക്കാനും നീതിസൂര്യൻ എന്നും പ്രശോഭിക്കുന്ന ഒരു ദേശം കെട്ടിപ്പടുക്കാനും അധികാരികളിൽ നിറയേണ്ടത് സ്നാപകൻ വിഭാവനം ചെയ്യുന്ന മാനവികതയാണ്.
സഹജഭയമില്ലാത്ത ഒരു ലോകം; അതാണ് സ്നാപകൻ സ്വപ്നം കാണുന്ന ദൈവരാജ്യം. ആരെയും ചതിക്കാതെയും പറ്റിക്കാതെയും പരസ്പരം ബഹുമാനിച്ചു ജീവിക്കാൻ സാധിക്കുന്ന ഒരു ധാർമികത. അത് സ്നേഹമുള്ളിടത്ത് മാത്രം പൂവിടുന്ന നന്മയാണ്. സ്നേഹത്തിനു മാത്രമേ നമ്മുടെ ഉള്ളിൽ നിന്നും ഭയത്തിനെ മായ്ച്ചുകളയാൻ സാധിക്കു. സ്നേഹം എല്ലാം പുനഃപ്രതിഷ്ഠിക്കുമെന്ന് സെഫാനിയ പ്രവാചകൻ പറയുന്നുണ്ട്. സ്നേഹത്തിന്റെ വിപരീതമാണ് ഭയം. അത് എല്ലാം തളർത്തുകയും അപഹരിക്കുകയും ചെയ്യും. ആർത്തിയും അതൃപ്തിയും അപഹരണവുമെല്ലാം അനിർവചനീയമായ ഏതോ ഭയത്തിൽ നിന്നും പുറപ്പെടുന്ന തിന്മകളാണ്. അത് സഹജരെ ശത്രുവായി കാണാൻ പ്രേരിപ്പിക്കും.
ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഇനി ചോദിക്കേണ്ടത് നമ്മളാണ്. “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ഉത്തരം ഒന്നേയുള്ളൂ. സഹജഭയത്തിന്റെ സുവിശേഷം പ്രഘോഷിക്കാതിരിക്കുക. പരസ്പരം സ്നേഹിച്ച് സ്വർഗ്ഗനിശ്വാസം ഭൂമിയിൽ പരത്തുക. കാരണം, നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവൻ സ്നേഹത്തിന്റെ മൂർത്തീഭാവമാണ്.
ഒന്നാം വായന
സെഫാനിയാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (3 : 1418മ)
(നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും)
സീയോന് പുത്രീ, ആനന്ദഗാനമാലപിക്കുക. ഇസ്രാ യേലേ, ആര്‍പ്പുവിളിക്കുക. ജറുസലെം പുത്രീ, പൂര്‍ണ ഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക. നിനക്കെ തിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു. ഇസ്രായേലിന്റെ രാജാവായ കര്‍ത്താവ് നിങ്ങളുടെ മധ്യേയുണ്ട്; നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേ ണ്ടതില്ല. അന്ന് ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്റെ കരങ്ങള്‍ ദുര്‍ബലമാകാതിരി ക്കട്ടെ. നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല് കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്റെ സ്നേ ഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കു റിച്ച് ആനന്ദഗീതമുതിര്‍ക്കും.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
(Is. 12: 2-3, 4bcd, 5-6)
കര്‍ത്താവിനു സ്തുതിപാടുവിന്‍; ഇസ്രായേലിന്റെ പരിശുദ്ധനായവന് മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാന്‍ അങ്ങ യില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെ ന്നാല്, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷ യായിരിക്കുന്നു. രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോ ഷത്തോടെ ജലം കോരിയെടുക്കും.
കര്‍ത്താവിനു …..
കര്‍ത്താവിനു നന്ദിപറയുവിന്‍. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവി ടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവി ടുത്തെ നാമം ഉന്നതമാണെന്ന് ഉദ്ഘോഷിക്കുവിന്‍.
കര്‍ത്താവിനു …..
കര്‍ത്താവിനു സ്തുതിപാടുവിന്‍. അവിടുന്ന് മഹത്വ ത്തോടെ പ്രവര്‍ത്തിച്ചു. ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍; സന്തോ ഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രാ യേലിന്റെ പരിശുദ്ധനായവന് മഹത്വത്തോടെ നിങ്ങ ളുടെ മധ്യേ ഉണ്ട്.
കര്‍ത്താവിനു …..
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (4: 47)
(കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു)
സഹോദരരേ, നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താ വില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കര്‍ത്താവ് അടുത്തെത്തിയി രിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥ നയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തി ന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്ത കളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Is. 61 : 1) ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. പീഡിതരെ സദ്വാര്ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (3: 1018)
(ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?)
അക്കാലത്ത്, തങ്ങളെന്താണ് ചെയ്യേണ്ടതെന്ന് ജനങ്ങള്‍ സ്നാപകയോഹന്നാനോടു ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടു ക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ. ചുങ്കക്കാരും സ്നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം? അവന് പറഞ്ഞു: നിങ്ങളോട് ആജ്ഞാപിച്ചിട്ടു ള്ളതില്‍ കൂടുതല്‍ ഈടാക്കരുത്. പടയാളികളും അവനോടു ചോദിച്ചു: ഞങ്ങള്‍ എന്തു ചെയ്യണം? അവന് അവരോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുററാരോപണവും അരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം.
പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവന് തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി. യോഹന്നാന് അവരോടു പറഞ്ഞു: ഞാന്‍ ജലം കൊണ്ടു സ്നാനം നല്കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്തനായ ഒരുവന് വരുന്നു. അവന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന് പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്കു സ്നാനം നല്‍കും. വീശുമുറം അവന്റെ കൈയില്‍ ഉണ്ട്. അവന് കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കുകയും പതിര് കെടാത്ത തീയില്‍ ദഹിപ്പിക്കുകയും ചെയ്യും. ഇതുപോലെ, മററു പല ഉദ്ബോധനങ്ങളിലൂടെയും അവന് ജനത്തെ സദ് വാര്‍ത്ത അറിയിച്ചു.
കര്‍ത്താവിന്റെ സുവിശേഷം.
Related
Related Articles
വര്‍ഗീയ ധ്രുവീകരണത്തെ കേരളം പ്രതിരോധിക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കൊച്ചി: കേരളസമൂഹം ഇന്നത്തെ സാഹചര്യത്തില്‍ ഗൗരവമായ പ്രതിസന്ധി നേരിടുകയാണെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) അല്മായ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അലക്സ് വടക്കുംതല
കൊച്ചിയിലെ വെള്ളക്കെട്ട്: ഒന്നാംഘട്ടം മേയ് മധ്യത്തിനുമുമ്പ് തീര്‍ക്കണമെന്ന് കോടതി
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മേയ് മധ്യത്തിനുമുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാല്‍
എഫേസൂസ് രണ്ടാം സൂനഹദോസ്
നിഖ്യാ കൗണ്‍സില്‍ കാലത്ത് തുടക്കമിട്ട പാഷണ്ഡത ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സഭയെ വിട്ടൊഴിഞ്ഞില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്ന നെസ്തോറിയിസത്തെ എഫേസൂസ് സൂനഹദോസില്‍ പാഷണ്ഡതയായി കണക്കാക്കി ശപിച്ചുതള്ളുകയും