ദൈവലേക്കുള്ള വഴി- ആഗമനകാലം മൂന്നാം ഞായര്‍

ദൈവലേക്കുള്ള വഴി- ആഗമനകാലം മൂന്നാം ഞായര്‍

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

ആഗമനകാലം മൂന്നാം ഞായര്‍

വിചിന്തനം:- ദൈവലേക്കുള്ള വഴി

സന്തോഷത്തിന്റെ ഞായര്‍ എന്നറിയപ്പെടുന്ന ഇന്ന് നാം ആഗമനകാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്നത്തെ ആദ്യ രണ്ടു വായനകളും സന്തോഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതാണ്. രക്ഷകന്റെ ജനനത്തിരുനാളിനൊരുങ്ങുന്ന സഭ അതിന്റെ അടുത്തെത്തുന്നതിന്റെ സന്തോഷം കൂടി ഈ വായനയില്‍ പ്രതിഫലിക്കുന്നുണ്ട്. സുവിശേഷത്തിലേക്ക് വരുമ്പോള്‍ കഴിഞ്ഞയാഴ്ച നാം കണ്ട വിശുദ്ധ സ്‌നാപകയോഹന്നാന്റെ പ്രഭാഷണത്തിന്റെ തുടര്‍ച്ചയാണു.

മാനസാന്തരത്തിനുള്ള അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രഘോഷിച്ചുകൊണ്ട് ജോര്‍ദാന്റെ സമീപപ്രദേശങ്ങളിലേക്ക് വന്ന സ്‌നാപകയോഹന്നാന്റെ സന്ദേശങ്ങള്‍ ജോര്‍ദാന്‍ പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല അതില്‍ ദൈവത്തിന്റെ കൈയൊപ്പുണ്ടായിരുന്നതുകൊണ്ട് അതങ്ങ് കാട്ടുതീപോലെ ഇസ്രായേല്‍ മുഴുവന്‍ വ്യാപിച്ചു. ജീവിതത്തിന്റെ നാനാതുറകളിലുള്ള അനേകം മനുഷ്യര്‍ തങ്ങളുടെ ജീവിതം നേര്‍വഴിയാക്കുവാന്‍ എന്തുചെയ്യണമെന്ന് ചോദിച്ചുകൊണ്ട് സ്‌നാപകന്റെ അടുത്തേക്കു വന്നു. അതില്‍ സാധാരണ ജനങ്ങളുണ്ടായിരുന്നു. ചുങ്കക്കാരുണ്ടായിരുന്നു, പടയാളികളുണ്ടായിരുന്നു. അവരോരോരുത്തരുടെയും ജീവിതാവസ്ഥയ്ക്കാവശ്യമായ നിര്‍ദേശങ്ങളൊക്കെ നല്‍കി ഇസ്രായേല്‍ ജനത്തിന്റെ മുമ്പില്‍ യോഹന്നാന്‍ ഒരു ‘സ്റ്റാറാ’യങ്ങു നില്‍ക്കുകയാണ്.

യോഹന്നാന്റെ ചുറ്റിലും ഒരുപാട് ശിഷ്യന്മാര്‍, ഒരുപാട് പേരുടെ ജീവിതരീതികള്‍ യോഹന്നാന്‍ മൂലം മാറി. നാടിനു മൊത്തം മാറ്റം വരുന്നു. നാടു മുഴുവന്‍ യോഹന്നാനെക്കുറിച്ച് മാത്രമാണു സംസാരം. സ്‌നാപകയോഹന്നാന്‍ തരംഗം ഇസ്രായേല്‍ ദേശമാകെ ആഞ്ഞടിക്കുന്ന സമയം യോഹന്നാന്‍ അങ്ങ് വയറലാണ്. ഇസ്രായേല്‍ ജനം തങ്ങളെ വിദേശശക്തികളില്‍ നിന്നു മോചിപ്പിക്കാന്‍ തങ്ങള്‍ക്ക് ആത്മീയരക്ഷ പകരുവാന്‍ ഒരു രക്ഷകനെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന സമയം കൂടിയാണിത്. അപ്പോള്‍ പ്രതിക്ഷയോടെ ഇരുന്ന ജനമെല്ലാം ഇവന്‍ തന്നെയോ ക്രിസ്തുവെന്ന് യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി. യോഹന്നാന്‍ അതിനു കൊടുക്കുന്ന മറുപടി തന്നെക്കാള്‍ ശക്തനായ ഒരാള്‍ തന്റെ പിന്നാലെ വരുന്നുണ്ട്. ഇത്രയും അനുകൂലമായ സാഹചര്യങ്ങള്‍ ചുറ്റിലുമുണ്ടായിട്ടും താനാണ് ക്രിസ്തുവെന്ന് ഒരു വാക്കുപോലും അദ്ദേഹം പറയുന്നില്ല. മറിച്ച് യഥാര്‍ത്ഥ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുവാനുള്ളവന്‍ മാത്രമാണ് താനെന്ന് അദ്ദേഹം പറയുകയാണ്.

ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ കത്തോലിക്കനും യേശുവിനെ പ്രഘോഷിക്കുവാനുള്ള രക്ഷയുടെ സദ്വാര്‍ത്ത അറിയിക്കുവാനുള്ള വലിയ ഉത്തരവാദിത്വമുണ്ട്. അതായത് യേശുവാണ് ഏകരക്ഷകനെന്ന് ലോകത്തിനു മുമ്പില്‍ ചൂണ്ടിക്കാണിക്കുവാനുള്ള വലിയ കടമ. മാനസാന്തരം പ്രസംഗിക്കുവാനുള്ള ദൈവിക വെളിപാട് ലഭിച്ചപ്പോള്‍ തന്നെ സ്‌നാപകയോഹന്നാന്‍ അത് ചെയ്തു തുടങ്ങി. ഫലമോ അനേകരുടെ മാനസാന്തരവും ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എല്ലാവര്‍ക്കുമുള്ള ദൈവിക വിളിയാണ് ഈശോയെ രക്ഷകനും നാഥനുമായി സ്വയം പ്രഖ്യാപിച്ച് ജീവിക്കുകയും മറ്റുള്ളവരിലേക്ക് ആ സന്ദേശം പകരുകയും ചെയ്യുക എന്നത്. രക്ഷകന്റെ ജനനത്തിനൊരുങ്ങുന്ന നാം ചെയ്യേണ്ട സുപ്രധാനമായ കാര്യമാണ് ഞാന്‍ എവിടെയായിരുന്നാലും അവിടെ എന്റെ സുവിശേഷപ്രഘോഷണ ചൈതന്യം വീണ്ടെടുക്കുക എന്നത്. എന്നാലിത് പലരും മറന്ന സ്ഥിതിയാണ്.

ഒത്തിരിപ്പേര്‍ വിവിധങ്ങളായ സഭാശുശ്രൂഷകള്‍ ചെയ്യുകയും യേശുവിനെ പല രീതികളില്‍ പ്രഘോഷിക്കുകയും ചെയ്യുന്നുണ്ടാവാം. അത് മെത്രാന്മാരായിട്ടാവാം, വൈദികരായിട്ടാവാം, കന്യാസ്ത്രീ ആയിട്ടാവാം, കപ്യാരോ, കൈക്കാരനോ, യൂണിറ്റ് കണ്‍വീനറോ, ക്യാറ്റിക്കിസം ടീച്ചറോ മുഴുസമയ സുവിശേഷപ്രഘോഷകനോ ഒക്കെ ആയിട്ടാവാം. അവര്‍ തങ്ങളുടെ മേഖലകളില്‍ വളരെ കഴിവുറ്റവരും മികച്ചവരും മറ്റുള്ളവരാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നവരുമാകാം. തങ്ങള്‍ ഏതാണ്ടൊക്കെ ആയിത്തീര്‍ന്നുവെന്ന് ആരും കരുതരുത്. ‘ഉള്ളില്‍ മേന്മ ആരും ഭാവിക്കാതിരിക്കട്ടെ’ എന്നാണല്ലോ വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ പറയുന്നത്. കാരണം ഞാന്‍ ക്രിസ്തുവല്ലായെന്ന് വിശുദ്ധ സ്‌നാപകയോഹന്നാനെപ്പോലെ സ്വയമൊരു ഓര്‍മ്മപ്പെടുത്തല്‍ എപ്പോഴും ആവശ്യമാണ്. ഞാന്‍ ക്രിസ്തുവിലേക്കുള്ള വളര്‍ച്ചയിലാണെന്നും ക്രിസ്തുവിനെത്തേടി എന്റെ അടുത്തേക്കുവന്നവരെ ഞാന്‍ എന്റെ മഹത്വവും വലിപ്പവും കാണിച്ചല്ല നിര്‍ത്തേണ്ടതെന്നും ക്രിസ്തുവിലേക്കുള്ള ചൂണ്ടു പലക മാത്രമാണ് ഞാനെന്നുമുള്ള ബോധ്യം എപ്പോഴും ഉണ്ടാവണം. അല്ലെങ്കില്‍ ഞാന്‍ എന്തൊക്കെയോ ആണെന്ന് അറിയാതെ ചിന്തിച്ച് അഹങ്കരിച്ചു നശിച്ചുപോകും. നമുക്കേല്‍പ്പിക്കപ്പെട്ടവരും നശിക്കും.

രണ്ടാമത്തെ മേഖല നാം ആയിരിക്കുന്ന തൊഴിലിടങ്ങളുടേയും ഉത്തരവാദിത്വങ്ങളുടേയും കഴിവുകളുടേതുമാണ്. ഇപ്പോള്‍ നാമായിരിക്കാം എല്ലാക്കാലത്തേക്കാളും മികവുറ്റവരായി കാര്യങ്ങള്‍ ചെയ്യുന്നത്. അതില്‍ നാം അഹങ്കരിക്കേണ്ട. ഞാന്‍ പ്രയോജനരഹിതനായ ദാസനാണ് എന്ന മനോഭാവത്തില്‍ നന്നായി കാര്യങ്ങള്‍ തുടര്‍ന്നാല്‍ മാത്രം മതി. കാരണം നാളെ ദൈവം എന്നേക്കാള്‍ ശക്തനായ ഒരുവനെ എന്റെ പിന്നാലെ അയക്കാം. ഞാന്‍ ദൈവത്തിന്റെ മഹത്വത്തിന്റെയും ശക്തിയുടെയും ചൂണ്ടുപലക മാത്രമാണെന്ന് പലപ്പോഴും ഓര്‍ത്തുകൊള്ളണം. ഞാന്‍ ക്രിസ്തുവുമല്ല. ശക്തനുമല്ല ദൈവത്തിനു മാത്രം എപ്പോഴും സ്തുതിയും മഹത്വവും.

ഒന്നാം വായന
സെഫാനിയാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (3 : 14-18)

(നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും)

സീയോന്‍ പുത്രീ, ആനന്ദഗാനമാലപിക്കുക. ഇസ്രാ യേലേ, ആര്‍പ്പുവിളിക്കുക. ജറുസലെം പുത്രീ, പൂര്‍ണ ഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക. നിനക്കെ തിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു. ഇസ്രായേലിന്റെ രാജാവായ കര്‍ത്താവ് നിങ്ങളുടെ മധ്യേയുണ്ട്; നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേ ണ്ടതില്ല. അന്ന് ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്റെ കരങ്ങള്‍ ദുര്‍ബലമാകാതിരി ക്കട്ടെ. നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍ കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്റെ സ്‌നേ ഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്‌സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(Is. 12: 2-3, 4bcd, 5-6)

കര്‍ത്താവിനു സ്തുതിപാടുവിന്‍; ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.

ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാന്‍ അങ്ങ യില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെ ന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷ യായിരിക്കുന്നു. രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോ ഷത്തോടെ ജലം കോരിയെടുക്കും.
കര്‍ത്താവിനു …..
കര്‍ത്താവിനു നന്ദിപറയുവിന്‍. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവി ടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവി ടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിനു …..
കര്‍ത്താവിനു സ്തുതിപാടുവിന്‍. അവിടുന്ന് മഹത്വ ത്തോടെ പ്രവര്‍ത്തിച്ചു. ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍; സന്തോ ഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രാ യേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങ ളുടെ മധ്യേ ഉണ്ട്.
കര്‍ത്താവിനു …..

 

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (4: 47)

(കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു)

സഹോദരരേ, നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താ വില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കര്‍ത്താവ് അടുത്തെത്തിയി രിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥ നയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തി ന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്ത കളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (Is. 61 : 1) ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (3: 1018)

(ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?)

അക്കാലത്ത്, തങ്ങളെന്താണ് ചെയ്യേണ്ടതെന്ന് ജനങ്ങള്‍ സ്‌നാപകയോഹന്നാനോടു ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടു ക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ. ചുങ്കക്കാരും സ്‌നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം? അവന്‍ പറഞ്ഞു: നിങ്ങളോട് ആജ്ഞാപിച്ചിട്ടു ള്ളതില്‍ കൂടുതല്‍ ഈടാക്കരുത്. പടയാളികളും അവനോടു ചോദിച്ചു: ഞങ്ങള്‍ എന്തു ചെയ്യണം? അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുററാരോപണവും അരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം.
പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവന്‍ തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി. യോഹന്നാന്‍ അവരോടു പറഞ്ഞു: ഞാന്‍ ജലം കൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും. വീശുമുറം അവന്റെ കൈയില്‍ ഉണ്ട്. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കുകയും പതിര് കെടാത്ത തീയില്‍ ദഹിപ്പിക്കുകയും ചെയ്യും. ഇതുപോലെ, മററു പല ഉദ്‌ബോധനങ്ങളിലൂടെയും അവന്‍ ജനത്തെ സദ് വാര്‍ത്ത അറിയിച്ചു.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

പാപിയോട് കുമ്പസാരിച്ച പാപ്പ

റോമാ നഗരത്തിലെ മേരി മജോറ ബസിലിക്കയുടെ അനേകം കല്പടവുകളില്‍ ഒന്നിലാണ് ബൈബിള്‍ പണ്ഡിതനായ സ്‌കോട്ട്ഹാന്‍ എന്ന വൈദികന്‍ അയാളെ കണ്ടത്. മുഷിഞ്ഞു കീറിയ വസ്ത്രങ്ങള്‍ അണിഞ്ഞ, താടിയും

സ്‌ത്രൈണ നിശബ്ദതയിലെ വാചാലതകള്‍

നമ്മുടെയിടയില്‍ അടിച്ചമര്‍ത്തലിന്റെ വേരുകള്‍ ആഴമായി ചൂഴ്ന്നിറങ്ങുന്നുണ്ടോയെന്ന് ആദ്യം തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും സ്ത്രീകളായിരിക്കും എന്നു പറഞ്ഞത് How to Lose a Country എന്ന കൃതി എഴുതിയ ഏസെ

നിത്യജീവൻ അവകാശമാക്കാൻ… ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ

  First Reading: Wisdom 7:7-11 Responsorial Psalm: Ps 90:12-13,14-15,16-17 Second Reading: Hebrews 4:12-13 Gospel Reading: Mark 10:17-30 (or 10:17-27)   ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ വിചിന്തനം:-

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*