Breaking News

യേശുവിൻറെ പാതയിലൂടെ പ്രയാണം

യേശുവിൻറെ പാതയിലൂടെ പ്രയാണം

? സന്യസ്തര്‍ക്ക് നിരവധി സേവനമേഖലകളുണ്ടല്ലോ. എന്തുകൊണ്ട് വ്യത്യസ്തമായ ഭവനനിര്‍മാണമേഖല തെരഞ്ഞെടുത്തു.
* നമ്മള്‍ ഏറ്റവും ഫോക്കസ് നല്‌കേണ്ട മേഖലയാണ് വീടുകള്‍. കുട്ടികള്‍ക്ക് ആരോഗ്യമുണ്ടാകണമെങ്കില്‍ നല്ല വീടു വേണം. ഏതു മേഖലയാണെങ്കിലും മാനസിക-ആത്മീയ മേഖലകളിലാണ് അടിസ്ഥാനസൗകര്യം ഒരുക്കേണ്ടത്. ആത്മീയസൗഖ്യത്തിനായി പലരും ബൈബിളുകള്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ബൈബിള്‍ സൂക്ഷിക്കാന്‍ നല്ല ഭവനം പലര്‍ക്കുമില്ല. വീടുണ്ടെങ്കില്‍ ആവശ്യത്തിന് സൗകര്യമില്ല. വിശക്കുന്നവന് അപ്പം കൊടുക്കുന്നതുപോലെ പ്രധാനമാണ് ഒരു കുടുംബത്തിന് ഭവനം. കേരളത്തില്‍ ജീവിതനിലവാരം വളരെ ഉയര്‍ന്നതാണ്. അങ്ങനെയുള്ള സ്ഥലത്ത് വീടില്ലാതെ കഴിയുന്നത് ചിന്തിക്കാനാകില്ല. കേരളം ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കാര്യത്തില്‍ സ്വയംപര്യാപ്തത നേടിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ വീടുകള്‍ ഒരുപാട് പേര്‍ക്ക് ഇപ്പോഴും സ്വപ്‌നമാണ്. കുടുംബത്തിന് സ്വന്തമായി വീടില്ലാത്തതിനാല്‍ അരക്ഷിതാവസ്ഥ വ്യാപകമാണ്. പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതെ കഴിയുന്നു. രോഗികളും വൃദ്ധജനങ്ങളും ഏറെ ബുദ്ധിമുട്ടുന്നു. വളരെ വേദനിപ്പിക്കുന്ന കാര്യങ്ങളാണിത്.
? അര്‍ഹരായവരെ കണ്ടെത്തുന്നത് എങ്ങനെയാണ്.
* ഭവനസന്ദര്‍ശനം വഴിയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളിലെ കുട്ടികളുടെ വീടുകള്‍ അധ്യാപകര്‍ സന്ദര്‍ശിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. കുട്ടികളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും മനസിലാക്കാന്‍ ഇതാവശ്യമാണ്. അത്തരം സന്ദര്‍ശനവേളയിലാണ് ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളെക്കുറിച്ച് അറിയുന്നത്. ഞങ്ങള്‍ അപ്രകാരം വീടുകള്‍ പണിതുകൊടുത്ത പലയിടത്തേയും കുട്ടികള്‍ ഇന്ന് തൊഴില്‍നേടി ജീവിതത്തില്‍ ലക്ഷ്യം കണ്ടവരായി മാറിയിരിക്കുന്നു.
? ഏതു മേഖലയിലാണ് കൂടുതല്‍ വീടുകള്‍ വച്ചിട്ടുള്ളത്? പ്രത്യേക കാരണമുണ്ടോ.
* തീരദേശത്താണ് കൂടുതല്‍ വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്-പശ്ചിമകൊച്ചിയില്‍. കൊച്ചി രൂപതയ്ക്കു കീഴിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാഭാവികമായും ഭൂരിപക്ഷം വീടുകളും ഈ പ്രദേശത്തു തന്നെ പണിതു. ഏകദേശം 80 വീടുകളോളം ഇവിടെ തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. തീരദേശമേഖല വളരെ ദരിദ്രര്‍ താമസിക്കുന്ന പ്രദേശമാണ്. പ്രത്യേക ശ്രദ്ധ ആവശ്യമായ ഒരു സ്ഥലമാണിത്.
? ഔവര്‍ ലേഡിയില്‍ വന്നിട്ട് എത്രവര്‍ഷമായി. കൊച്ചിയില്‍ വന്നതിനു ശേഷമാണോ വീടുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്.
* ഔവര്‍ ലേഡി സ്‌കൂളില്‍ അധ്യാപികയായിട്ട് 12 വര്‍ഷമായി. സ്‌കൂളില്‍ പ്രധാനാധ്യാപികയായിട്ട് മൂന്നു വര്‍ഷമായി. നേരത്തെ തിരുവനന്തപുരത്തായിരുന്നു സേവനം ചെയ്തിരുന്നത്. അപ്പോഴും വീടുകള്‍ സന്ദര്‍ശിക്കാന്‍ പോകുമായിരുന്നു. അത്തരം സന്ദര്‍ശനവേളയിലാണ് വീടുകളുടെ ആവശ്യകത മനസിലായത്.
? ഈ പ്രവര്‍ത്തന കാലയളവില്‍ എതിര്‍പ്പുകളോ വിവാദങ്ങളോ ഉണ്ടായിട്ടുണ്ടോ.
* ഏതു പ്രവര്‍ത്തനമേഖലയിലും എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. മനുഷ്യര്‍ പല സ്വഭാവക്കാരാണല്ലോ. ഒരു വ്യക്തിയെയോ അവരുടെ പ്രവര്‍ത്തനങ്ങളെയോ പല രീതിയിലായിരിക്കും പലരും വിലയിരുത്തുക. എനിക്കും അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അതെന്നെ കാര്യമായി വേദനിപ്പിക്കുകയോ മാനസികമായി തളര്‍ത്തുകയോ ചെയ്തിട്ടില്ല. കാരണം, എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും ഒരു ഫോക്കസ് ഉണ്ടായിരുന്നു. അത് യേശുദേവന്‍ പകര്‍ന്നു നല്കിയ പ്രതീക്ഷയില്‍ നിന്നാണ് ഉണ്ടായിവരുന്നത്. അത്തരം ലക്ഷ്യങ്ങള്‍ മനസിലുണ്ടെങ്കില്‍ എതിര്‍പ്പുകളും പ്രതിഷേധങ്ങളും നമ്മെ സ്പര്‍ശിക്കില്ലെന്നാണ് എന്റെ അനുഭവം. ഫോക്കസില്ലെങ്കില്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലും വലുതായി തോന്നും. പിന്നെ രാത്രിയില്‍ തനിച്ചിരുന്ന് പ്രാര്‍ഥിക്കുക. യേശുനാഥന്‍ ചെയ്തിരുന്നതുപോലെ വിശക്കുന്നവന്റെ മുമ്പില്‍ അപ്പമായി പ്രത്യക്ഷപ്പെടാന്‍ നമുക്കും സാധിക്കണേയെന്ന് പ്രാര്‍ഥിക്കാം. ഉയിര്‍പ്പിന്റെ അനുഭവങ്ങളിലൂടെയാണ് നാം കടന്നുപോകേണ്ടത്. മരിച്ചുകിടക്കുന്ന യേശുവിനെക്കാള്‍ ഉത്ഥാനം ചെയ്ത യേശുവിലാണ് ഞാന്‍ പ്രതീക്ഷ കാണുന്നത്. കുരിശുമരണം വരെയേ നമ്മള്‍ എത്തുന്നുള്ളൂ. അതാണ് നമ്മില്‍ ഭയവും ചാഞ്ചാട്ടവും ഉണ്ടാക്കുന്നത്. നേരെ മറിച്ച് ഉത്ഥിതനായ ക്രിസ്തുവിനെയാണ് ഓരോ ദിവ്യബലിയിലും നാം കാണേണ്ടത്. ഓരോ ദിവസവും ദിവ്യബലിക്കുശേഷം നമ്മള്‍ നവീകരിക്കപ്പെടുന്ന അനുഭവമാണ് ഉണ്ടാകുക. ഉത്ഥിതന്‍ നമ്മുടെ കൂടെയുണ്ടെന്ന വിശ്വാസത്തിലൂടെ എല്ലാ വൈഷമ്യങ്ങളെയും മറികടക്കാന്‍ നമുക്കു സാധിക്കും. നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തത് കാണാനും കേള്‍ക്കാനും കഴിയും.
സന്യാസത്തിന്റെ അന്തഃസന്ത തന്നെ അതാണല്ലോ. ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ രണ്ടുവിധത്തില്‍ നമ്മള്‍ മറുപടി നല്കും. പ്രതികരിക്കുകയും പ്രത്യുത്തരികരിക്കുകയും ചെയ്യും. ഒരു കത്തോലിക്കനെന്ന നിലയില്‍ പ്രതികരിക്കുക എന്നത് ഉത്പാദനപരമല്ല. അതുകൊണ്ട് ആര്‍ക്കും പ്രയോജനം ലഭിക്കുന്നില്ല. നേരെമറിച്ച് പ്രത്യുത്തരികരിക്കുകയെന്നാല്‍ ഉത്തരവാദിത്വത്തോടെ പ്രതിഭാഷണം നടത്തുകയാണ്. സ്വാര്‍ഥതയില്ലാതെ പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. ഞാനിപ്പോള്‍ പ്രധാനാധ്യാപികയാകാമെന്നു കരുതയില്ലല്ലോ ഈ പാത തിരഞ്ഞെടുത്തത്. യേശുവിനെ പോലെ എല്ലാം ഉപേക്ഷിച്ച് നഷ്ടപ്പെട്ടവരെ തേടി നടക്കാനാണല്ലോ നമ്മള്‍ ഈ സന്യസ്തജീവിതം തെരഞ്ഞെടുത്തത്. യേശു അവന്റെ ജീവിതം എനിക്കുവേണ്ടി നല്കി. അതുപോലെ എന്റെ ജീവിതം അവനു നല്കണം. അവന്‍ ആഗ്രഹിക്കുന്നത് അപ്പമില്ലാത്തവന് അപ്പമേകാനും വസ്ത്രമില്ലാത്തവന് വസ്ത്രം നല്കാനും വീടില്ലാത്തവര്‍ക്ക് വീടു നല്കാനും നമുക്ക് കഴിയണമെന്നാണ്.
? മാതാപിതാക്കളുടെ സ്വാധീനം ഇത്തരത്തില്‍ സേവനം ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ.
* തീര്‍ച്ചയായും. ഞങ്ങള്‍ എട്ടു മക്കളാണ്. എന്റെ മാതാപിതാക്കള്‍ വലിയ ദൈവഭക്തിയുള്ളവരായിരുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ അവരെപ്പോഴും സന്നദ്ധരായിരുന്നു. മക്കളില്‍ തന്നെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതു പരിഹരിച്ചിട്ടേ മറ്റു കാര്യമുള്ളൂ എന്ന നിലപാടായിരുന്നു അവരുടേത്. അതുപോലെ മറ്റുള്ളവര്‍ക്കായി ഇടപെടാനുള്ള അവസരമാണ് കര്‍ത്താവ് എനിക്കു നല്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു. അവന്റെ നാമത്തില്‍ ഞാന്‍ ഒരു പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ അതു ഭംഗിയായി പര്യവസാനിക്കുന്നു.
? എഫ്എംഎം സഭ ഇക്കാര്യത്തില്‍ എത്രമാത്രം സഹായകരമായിരുന്നിട്ടുണ്ട്.
* എന്റെ സഭ ഇക്കാര്യത്തില്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്. മറ്റേതെങ്കിലും കോണ്‍ഗ്രിയേഷനിലായിരുന്നെങ്കില്‍ എന്തുമാത്രം ചെയ്യാന്‍ കഴിയുമായിരുന്നുവെന്ന് എനിക്കറിയില്ല.
? ഒരു സ്ത്രീയെന്ന നിലയില്‍-കന്യാസ്ത്രീയെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നോ.
* ഞാന്‍ ഇത്തരം പ്രവര്‍ത്തനരംഗത്തിറങ്ങുമ്പോള്‍ ഒരു റിലീജിയസ് എന്ന നിലയില്‍ നമ്മുടെയിടയില്‍ തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊക്കെ. പക്ഷേ ഞാനത് കാര്യമായെടുത്തിട്ടില്ല. കാരണം എന്റെ പോക്കറ്റില്‍ നിന്നു പണമെടുത്തല്ല കാര്യങ്ങള്‍ ചെയ്യുന്നത്. മറ്റുള്ളവര്‍ സഹായിക്കാനായി നമ്മെ ഏല്പിക്കുന്ന പണമാണ്. അതു തോന്നിയതുപോലെ ചെലവാക്കാന്‍ പറ്റില്ല. അക്കൗണ്ടബിലറ്റി വേണം. പിന്നെ ഓരോരുത്തരോടും വിശദീകരിക്കാന്‍, നടന്നു പറയാന്‍ എനിക്കു നേരമില്ല. ഒരാള്‍ നമുക്കു തരുന്ന 10 രൂപ ഇരട്ടിമൂല്യമുള്ളതായി മാറുന്നു എന്നവര്‍ മനസിലാക്കുമ്പോഴാണ് സഹായിക്കാന്‍ മനസുള്ളവര്‍ക്ക് തൃപ്തി വരുന്നത്. ഞാനെന്താണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ എനിക്കു നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ മറ്റുള്ളവര്‍ എന്തുപറയുന്നു, വിമര്‍ശിക്കുന്നു എന്നത് ഞാന്‍ കാര്യമാക്കാറില്ല. ഓരോ വീടിന്റെ നിര്‍മാണം കഴിയുമ്പോഴും ധാരാളം പേര്‍ അഭിനന്ദനവുമായി എത്താറുണ്ട്. നമുക്ക് മനസില്‍ എന്തെങ്കിലും വിഷമങ്ങളുണ്ടെങ്കില്‍ അതു പൂര്‍ണമായും അതോടെ മാറിപ്പോകും. അടുത്ത സംരംഭത്തിനുള്ള ഊര്‍ജവും ലഭിക്കും. ഒരു സ്ത്രീയും കന്യാസ്ത്രീയുമെന്ന നിലയ്ക്ക് മറ്റുള്ളവരെക്കാള്‍ കൂടുതലായി ചെയ്യാന്‍ സാധിക്കുന്നു എന്നാണ് എനിക്കു മനസിലായിട്ടുള്ളത്. അപരനെ അറിയുക എന്നതാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. അപ്പോള്‍ മറ്റുള്ളവര്‍ക്കു വേണ്ടി എന്തുചെയ്യാന്‍ സാധിക്കുമെന്നു ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കും.
? ആത്മീയത എത്രത്തോളം സഹായിച്ചിട്ടുണ്ട്.
* ഒരു കുഞ്ഞു വളരുമ്പോള്‍ വിവിധ സ്‌റ്റേജുകളുണ്ട്. ക്രൈസ്തവ ജീവിതത്തിലും അത്തരം പല പടികളുമുണ്ട്. 24 വര്‍ഷമായി ഞാന്‍ സന്യസ്തജീവിതത്തിലെത്തിയിട്ട്. ഇനിയും ഞാന്‍ പ്രസംഗിച്ചു നടന്നിട്ട് കാര്യമില്ല. എന്താണ് നമ്മെക്കൊണ്ട് ചെയ്യാന്‍ സാധിക്കുക, അത് ചെയ്യുകയെന്നതാണ് നമ്മുടെ ദൗത്യം. വീടിന്റെ അകത്തിരുന്നല്ല അതു ചെയ്യേണ്ടത്. വിശക്കുന്നവന് അപ്പമായും ദാഹിക്കുന്നവന് വെള്ളമായും നമ്മള്‍ അവരിലേക്ക് ഇറങ്ങിച്ചെല്ലണം. യേശു അതാണ് ചെയ്തത്. മറ്റുള്ളവര്‍ക്ക് എന്താണ് ആവശ്യമെന്ന് തേടിച്ചെന്നു. അവന്റെ ജീവിതം അതീവശക്തിമത്തായിരുന്നു. രോഗികള്‍ക്ക് സൗഖ്യം നല്കാനും മരിച്ചവരെ ഉയിര്‍പ്പിക്കാനും സാധിച്ചു. അവന്‍ എന്തു ചോദിച്ചാലും ദൈവം നല്കി. അതുപോലെ നമ്മള്‍ സന്യസ്തരും പുരോഹിതരും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലണം. യേശുവിനെപ്പോലെ മറ്റുള്ളവര്‍ക്ക് സന്തോഷം പകരാന്‍ അപ്പോള്‍ നമുക്കും കഴിയും. ദൈവം നമുക്ക് തന്നിരിക്കുന്ന എന്തും മറ്റുള്ളവര്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കണം. ഒന്നുമല്ലാത്ത എനിക്ക് 100 വീടുകള്‍ പണിതുകൊടുക്കാന്‍ സാധിച്ചു എന്നത് യേശുവിന്റെ അത്ഭുതം തന്നെയാണ്. സന്മനസുള്ളവരെ അതിനായി പ്രേരിപ്പിക്കുക എന്നതാണ് നമ്മുടെ ദൗത്യം
? മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തെ എങ്ങനെ കാണുന്നു.
* മാധ്യമങ്ങളില്‍ ആദ്യകാലത്ത് പല നെഗറ്റീവ് വാര്‍ത്തകളും വന്നിരുന്നു. മുള്ളിനെ മുള്ളുകൊണ്ടെടുക്കലാണ് നല്ലതെന്ന് തോന്നി. അതനുസരിച്ച് ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും മാധ്യമങ്ങളെ അറിയിക്കാന്‍ തുടങ്ങി. അവരുടെ സംശയങ്ങള്‍ തീര്‍ത്തുനല്കി. അതോടെ മാധ്യമങ്ങളിലൂടെ നല്ല പ്രചാരണം ലഭിക്കുകയും മറ്റുള്ളവര്‍ക്ക് പ്രചേദനമാകുകയും ചെയ്തു.


Tags assigned to this article:
house challengeour ladys schoolsr lissy

Related Articles

പുതുജീവതത്തിന് വഴിയൊരുക്കിയ എഴുപുന്നക്കാരൻ.. നല്ല സമരിയാക്കാരൻ

ചെല്ലാനത്ത് കടലാക്രമണത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട കുടുംബത്തിന്…പുതുജീവതത്തിന് വഴിയൊരുക്കിയ എഴുപുന്നക്കാരൻ💓💓 മത്സ്യ ബന്ധനം ഉപജീവനമാക്കിയ ചെല്ലാനം കണ്ടക്കടവ് പൊള്ളയിൽ ആൻറണി ഫ്രാൻസീസിൻ്റെ വീട് രണ്ടാഴ്ച മുൻപ് നടന്ന ശക്തമായ

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ സമ്പൂർണ്ണ ജീവചരിത്ര പുസ്തക പ്രകാശനം നവംബര്‍ 30 തിങ്കളാഴ്ച

  ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് 15-ാം വയസില്‍ സ്വര്‍ഗത്തിലെ കംപ്യൂട്ടര്‍ പ്രതിഭയായി മാറിയ *’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക്’*

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍

ഒരു തുമ്പപ്പൂവുകൊണ്ട് വിരുന്നൊരുക്കാനും ഒരുനല്ല മാങ്കനിക്കായ് കാത്തുനില്ക്കാനും ഒരു കാറ്റിന്‍ കനിവിനായ് പാട്ടുപാടാനും’ മലയാളി കൊതിക്കുന്ന ചിങ്ങമാസത്തിലെ ആദ്യദിനത്തിലാണ് ജേസി ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1938 ആഗസ്റ്റ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*