പുണ്യശ്ലോകനായ ദൈവദാസന്‍ തിയോഫിനച്ചന്‍

പുണ്യശ്ലോകനായ ദൈവദാസന്‍ തിയോഫിനച്ചന്‍

വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച കര്‍മയോഗിയാണ് തിയോഫിനച്ചന്‍. എറണാകുളം വൈറ്റില-പാലാരിവട്ടം റോഡില്‍ പൊന്നുരുന്നിയില്‍ വിശുദ്ധ പത്താം പീയൂസിന്റെ ദൈവാലയത്തിനു സമീപം സ്ഥിതിചെയ്യുന്ന കപ്പൂച്ചിന്‍ ആശ്രമ കപ്പേളയില്‍ തിയോഫിനച്ചന്റെ സമാധിക്കു സമീപം തിങ്കളാഴ്ചതോറും നടന്നു വരുന്ന നൊവേനയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ നേടുവാന്‍ ആയിരങ്ങള്‍ എത്തിച്ചേരുന്നു.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് കൂടല്ലൂര്‍ വീട്ടില്‍ 1913 ജൂലൈ 20ന് അന്ന-ജോര്‍ജ് ദമ്പതികളുടെ ആറാമത്തെ പുത്രനായി തിയോഫിനച്ചന്‍ ജനിച്ചു. മൈക്കിള്‍ എന്നായിരുന്നു ജ്ഞാനസ്‌നാന പേര്.
എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വൈദികനാകാനുള്ള ആഗ്രഹം മിഖായേല്‍കുട്ടി വീട്ടില്‍ വെളിപ്പെടുത്തി. തുടര്‍ന്ന് വരാപ്പുഴ അതിരൂപതയില്‍ ബ്രദര്‍ മൈക്കിളായി. തുടര്‍വിദ്യാഭ്യാസം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സില്‍ പൂര്‍ത്തിയാക്കിയശേഷം കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1933ല്‍ ‘തിയോഫിന്‍’ എന്ന പേരും കപ്പൂച്ചിന്‍ സന്യാസവ്രതവും സ്വീകരിച്ചു. തിയോഫിന്‍ എന്ന പേരിനര്‍ത്ഥം ‘ദൈവത്തിന്റെ വെളിപ്പെടുത്തല്‍’ എന്നാണ്. തുടര്‍ന്ന് ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം ഇവയുടെ പ്രഥമവ്രതവാഗ്ദാനവും നടത്തി. 1941ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
തിയോഫിനച്ചന് കുറച്ചുകാലം മാത്രമെ നമ്മുടെ ഇടയില്‍ ജീവിക്കുവാന്‍ സാധിച്ചുള്ളൂവെങ്കിലും പേരിന്റെ അര്‍ത്ഥം പോലെ തന്നെ തന്റെ ജീവിതം ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുവാന്‍ മാത്രമായി ഉപയോഗിച്ചു. തന്റെ 55 വര്‍ഷത്തെ ജീവിതത്തില്‍ 27 വര്‍ഷവും പൗരോഹിത്യജീവിതത്തിനായി ഉഴിഞ്ഞുവച്ചു. ജീവിതത്തിന്റെ അവസാനത്തെ 10 വര്‍ഷം ചിലവഴിച്ചത് പൊന്നുരുന്നിയിലെ ആശ്രമത്തിലായിരുന്നു. ആശ്രമവും വിശുദ്ധ പത്താംപീയൂസ് ദൈവാലയവും പണിതുയര്‍ത്തിയത് അച്ചന്റെ നേതൃത്വത്തിലായിരുന്നു. അവിടെ വച്ച് അദ്ദേഹം ജനങ്ങളുടെ വല്യച്ചനായി തീര്‍ന്നു. എത്ര അസുഖമായിരുന്നാലും തന്നെ ആവശ്യമുള്ളിടത്തൊക്കെ ഓടിയെത്തി ദൈവത്തിന്റെ കരുണയും സ്‌നേഹവും സാന്ത്വനവുമെ
ല്ലാം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതുകൊണ്ടാവാം അനേകായിരങ്ങള്‍ പൊന്നുരുന്നി ആശ്രമത്തിലെ അച്ചന്റെ സമാധിയില്‍ എത്തിച്ചേര്‍ന്ന് ആ വറ്റാത്ത നീരുറവയില്‍ നിന്നും
ദൈവദാസന്‍ തിയോഫിനച്ചന്‍ കരുണയും സ്‌നേഹവും സാന്ത്വനവുമെല്ലം നേടുന്നത്
തിയോഫിനച്ചന്‍ നന്മകള്‍ ചെയ്ത് നാടുനീളെ ചുറ്റി സഞ്ചരിച്ചു. ഒരിക്കല്‍ പൊന്നുരുന്നി ആശ്രമത്തിലെ കാള വിരണ്ടോടുകയും ആളുകളെ കുത്താന്‍ ഓടിച്ചിടുകയും ചെയ്തു. ഇതു കണ്ട അച്ചന്‍ കാളയെ കൈകൊട്ടി വിളിച്ചു. വിരണ്ടുനിന്നിരുന്ന കാള അനുസരണയോടെ അച്ചന്റെ മുന്നില്‍ വന്ന് തലകുമ്പിട്ടു നിന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധനെന്ന് വളരെ പേര്‍ അച്ചനെ കരുതിപ്പോന്നു. കാന്‍സര്‍ ബാധിച്ച പൈലി എന്നൊരാള്‍ക്ക് അച്ചന്‍ രോഗസൗഖ്യം നല്‍കി. പൈലി 20 വര്‍ഷത്തോളം തുടര്‍ന്ന് ജീവിച്ചിരുന്നു. ഇന്നും അനേകര്‍ തിയോഫിനച്ചന്റെ മധ്യസ്ഥതയാല്‍ രോഗശാന്തിയും അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു.
പൊന്നുരുന്നിയിലെ വിശുദ്ധ പത്താം പീയൂസിന്റെ ദൈവാലയത്തിന്റെ പണി നടക്കുന്നകാലത്ത് പതിനഞ്ചോളം ആളുകള്‍ ചേര്‍ന്ന് പ്രധാന മേല്‍ക്കട്ടി ഉയര്‍ത്തിക്കൊണ്ടിരിക്കെ കയര്‍പൊട്ടി. അവിടെ കൂടിയിരുന്നവര്‍ നിലവിളിയായി. തിയോഫിനച്ചന്‍ കൈ ഉയര്‍ത്തി ‘ദൈവമേ അതവിടെ നില്‍ക്കട്ടെ’ എന്നു പറഞ്ഞു. പതിനഞ്ചോളം പേര്‍ ചേര്‍ന്ന് പണിപ്പെട്ടുയര്‍ത്തിയ മേല്‍ക്കട്ടി ഒറ്റയ്ക്ക് താങ്ങിനിര്‍ത്തി എന്നതാണ് സാക്ഷ്യം. ആ മേല്‍ക്കട്ടി അത്ഭുതത്തിന്റേയോ പ്രതീക്ഷയുടെയെ ഒക്കെ പ്രതീകമായി ഇന്നും ആശ്രമദൈവാലയത്തിലുണ്ട്.
1968 ഏപ്രില്‍ 4ന് ആ കര്‍മയോഗി കര്‍ത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി. 20 വര്‍ഷത്തോളം പ്രമേഹം അച്ചനെ അലട്ടിയിരുന്നു. ഈ രോഗം അദ്ദേഹത്തിന് കാലില്‍ ഒരു മാറാവ്രണവും സമ്മാനിച്ചിരുന്നു. തന്റെ രോഗപീഡകളെ സഹനബലിയായി സ്വീകരിച്ച് അദ്ദേഹം തന്റെ ജീവിതത്തെ വിശുദ്ധീകരിക്കുകയായിരുന്നു. ഒടുവില്‍ നിത്യപിതാവിന്റെ സന്നിധിയിലക്ക് ശാന്തമായി യാത്രയായി. പൊന്നുരുന്നിയേയും പരിസരപ്രദേശങ്ങളെയും തീരാദുഃഖത്തിലാഴ്ത്തിയ വേര്‍പാട്. ഏപ്രില്‍ 5ന് നാലു മണിക്ക് ആ പൂജ്യശരീരം സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്ത്യചുംബനം അര്‍പ്പിക്കാനായി എത്തിയവരുടെ തിരക്കുകാരണം രാത്രി എട്ടു മണിക്കാണ് കബറടക്കം നടന്നത്. 2001 ഏപ്രില്‍ അഞ്ചിന് അച്ചനെ ദൈവദാസനായി വത്തിക്കാന്‍ തിരുസംഘം പ്രഖ്യാപിച്ചു.
തിയോഫിനച്ചന്റെ സഹോദരീസഹോദരന്മാരില്‍ അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത് മൂത്തസഹോദരി ഏലിയാമ്മ ടീച്ചറായിരുന്നു. ഏലിയാമ്മ ടീച്ചര്‍ തന്റെ ജീവിതവും ജോലി ചെയ്തു കിട്ടുന്ന ശമ്പളവുമെല്ലാം ദുഃഖിതരുടെയും ദരിദ്രരുടെയും രോഗബാധിതരുടെയും കണ്ണീരൊപ്പാനായി മാറ്റി വച്ചു. അവിവാഹിതയായി ജീവിച്ച് എല്ലാവരുടെയും അമ്മയായി മാറിയ അച്ചന്റെ വല്യേച്ചി. മറ്റൊരു സഹോദരി ഫിലോമിന എന്ന വെളമക്കുട്ടിയുടെ പുത്രന്‍ ഫാ. റോബിന്‍ ഡാനിയേല്‍ കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലായിരുന്നു. ഇപ്പോള്‍ ആശ്രമ ദൈവാലയത്തിലെ വികാരിയാണ്.
കരയുന്നവര്‍ക്ക് സാന്ത്വനവും രോഗികള്‍ക്ക് സൗഖ്യവും വിശക്കുന്നവന് അപ്പവുമായി മാറിയ ആ കര്‍മയോഗി ചുണ്ടില്‍ മായാത്ത പുഞ്ചിരിയുമായി ആശ്രമ ദൈവാലയ കപ്പേളയില്‍ നമ്മെ കാത്തിരിക്കുന്നു. എല്ലാ വര്‍ഷവും ഏപ്രില്‍ നാലിന് രാവിലെ നടക്കുന്ന ദിവ്യബലിയിലും പ്രാര്‍ത്ഥനയിലും നേര്‍ച്ചസദ്യയിലും പതിനായിരക്കണക്കിനാളുകള്‍ പങ്കുചേരുന്നു.
ആശ്രമത്തില്‍ തിയോഫിനച്ചന്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ അദ്ദേഹത്തിന്റെ കട്ടില്‍, വസ്ത്രങ്ങള്‍, തൊപ്പി, കണ്ണട തുടങ്ങിയവ പൂജ്യമായി സൂക്ഷിച്ചിട്ടുണ്ട്. പുണ്യശ്ലോകനായ ആ ദൈവദാസന്‍ സ്വര്‍ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടതിന്റെ 51-ാം വാര്‍ഷികമാണ് ഏപ്രില്‍ നാലിന്.
(ദൈവദാസന്‍ ഫാ. തിയോഫിനിന്റെ സഹോദരിയുടെ പുത്രിയുടെ പുത്രിയാണ് ലേഖിക.)


Related Articles

ഡോ. ഗാസ്പര്‍ സന്യാസി ഡല്‍ഹിയില്‍ കലാപത്തിന് തിരികൊളുത്തിയത് ആര് എന്ന ചോദ്യം ബാക്കിയാകുന്നു. 47 ജീവനുകള്‍ പൊലിഞ്ഞുവെന്ന സത്യത്തിന് നേരെ കണ്ണടയ്ക്കാനാകില്ല. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ വാക്‌പോര്

മത്സ്യത്തൊഴിലാളികളെ ആദരിച്ചു

ചെല്ലാനം: മത്സ്യത്തെ പിടിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന ബൈബിള്‍ വാക്യമാണ് ജലപ്രളയത്തില്‍ നിന്നും അനേകരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രചോദനം ഏകിയതെന്ന് കൊച്ചി രൂപത ബിഷപ് ഡോ.ജോസഫ് കരിയില്‍.

പള്ളിപ്പുറത്തിന്റെ റോള്‍ദോന്‍

പോരാട്ട വീരന്മാരുടെ ചരിത്രവും കഥയും പേറുന്ന ‘കടല്‍വച്ചകര’-യുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ വാള്‍തലപ്പുകള്‍ ഉയരുന്ന സ്വരം കടല്‍കാക്കയുടെ ചിറകടിയായ് കാതുകളില്‍ നിറഞ്ഞു… സാമൂതിരിയുടെ ഒത്താശയോടെ, കോഴിക്കോട്ടെ പടയാളികള്‍ കൊടുങ്ങല്ലൂരിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*