Breaking News

ജോണ്‍ വാനിയെ: ആര്‍ദ്രതയുടെ കൂട്ടായ്മയ്ക്കായി ഒരു പുണ്യജന്മം

ജോണ്‍ വാനിയെ:  ആര്‍ദ്രതയുടെ കൂട്ടായ്മയ്ക്കായി ഒരു പുണ്യജന്മം

കാനഡയിലെ ഗവര്‍ണര്‍ ജനറലിന്റെ മകന്‍. ബ്രിട്ടീഷ് റോയല്‍ നേവിയിലും കാനഡ നാവികസേനയിലും ഓഫിസര്‍. ടൊറന്റോ സെന്റ് മൈക്കിള്‍സ് യൂണിവേഴ്‌സിറ്റി കോളജില്‍ തത്ത്വശാസ്ത്ര അധ്യാപകന്‍. ആറടിയിലേറെ ഉയരമുള്ള അതികായന്‍. ഫ്രാന്‍സിന്റെ വടക്കന്‍ മേഖലയിലെ പിക്കര്‍ഡിയില്‍ കോംപിയെഞ്ഞെ വനാതിര്‍ത്തിയിലെ ട്രോള്‍സി ബ്രൂയില്‍ ഗ്രാമത്തില്‍ 55 വര്‍ഷം മുന്‍പ് കരിങ്കല്ലില്‍ പണിതീര്‍ത്ത പഴയൊരു വീടു വാങ്ങി, അടുത്തുള്ള മനോരോഗാശുപത്രിയില്‍ നിന്ന് ബുദ്ധിമാന്ദ്യമുള്ള രണ്ട് അന്തേവാസികളെ കൂട്ടിനു വിളിച്ച് ജോണ്‍ വാനിയെ (Jean Vanier) അവിടെ താമസം തുടങ്ങിയത് യേശു പഠിപ്പിച്ച സ്‌നേഹത്തിന്റെ ആര്‍ദ്രതയില്‍ ജീവിതം എങ്ങനെ രൂപാന്തരപ്പെടുത്താം എന്ന അന്വേഷണത്തിന്റെ ഭാഗമായാണ്.
തകര്‍ന്നുപോയതെന്ന് ഏവരും കരുതുന്ന ജീവിതങ്ങളില്‍ സൗന്ദര്യമുണ്ടെന്ന്, മാനസിക വെല്ലുവിളി നേരിടുന്ന ദുര്‍ബലരില്‍ സൗഖ്യദായക ശക്തിയുണ്ടെന്ന്, നിശബ്ദമായ ആകുലതയുടെ ഇരുളില്‍ സാന്ത്വന വെളിച്ചമുണ്ടെന്ന് നോഹയുടെ പെട്ടകത്തെ അനുസ്മരിപ്പിക്കുന്ന ലര്‍ഷ് (L’Arche) എന്ന ആ സ്‌നേഹകൂടാരത്തിലെ സഹവാസ മാതൃകയിലൂടെ ലോകത്തിനു കാണിച്ചു കൊടുത്ത ജോണ്‍ വാനിയെ അഞ്ചു ഭൂഖണ്ഡങ്ങളില്‍ 35 രാജ്യങ്ങളിലെ 149 സമൂഹഭവനങ്ങളുടെ രാജ്യാന്തര പ്രസ്ഥാനമായി (L’Arche International) അതു വളര്‍ന്നു പന്തലിക്കുന്നതുകണ്ടാണ് കഴിഞ്ഞ ഏഴാം തീയതി, 90-ാം വയസിന്റെ നിറവില്‍ ഭൂമുഖത്തുനിന്നു വിടവാങ്ങിയത്. കോല്‍ക്കത്തിയിലെ വിശുദ്ധ മദര്‍ തെരേസയെ പോലെ സമൂഹത്തിലെ ഏറ്റവും നിസ്വരും തിരസ്‌കൃതരുമായവര്‍ക്കുവേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച മനുഷ്യസ്‌നേഹിയും ദാര്‍ശനികനും ദൈവശാസ്ത്രജ്ഞനുമായ ജോണ്‍ വാനിയെയെ ജീവിക്കുന്ന വിശുദ്ധനായാണ് ലോകം ആദരിച്ചുപോന്നത്. മാനസിക വളര്‍ച്ചയുടെ തോതു നോക്കാതെ വളരാനും പഠിക്കാനുമുള്ള അവസരം ഏവര്‍ക്കും ലഭിക്കണം എന്നതാണ് ലര്‍ഷ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രമാണം. സമൂഹത്തില്‍ നിന്നു പുറന്തള്ളി, മനോരോഗാശുപത്രികളിലെ കല്‍ക്കെട്ടിനുള്ളില്‍ വട്ടംചുറ്റിനടന്ന് ഒടുങ്ങേണ്ടതല്ല ആ ജീവിതങ്ങള്‍. ഭിന്നശേഷിക്കാര്‍ക്കു വേണ്ടത് സഹാനുഭൂതിയല്ല, സ്‌നേഹബന്ധമാണെന്ന തിരിച്ചറിവാണ് ഭവനങ്ങളില്‍ അവരുടെ കൂടെ പാര്‍ക്കാനും അവരുടെ ദൈവികദാനത്തില്‍ പങ്കുകാരാകാനും അനേകം സന്നദ്ധസേവകരെ പ്രേരിപ്പിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ ഈ ഭൂമുഖത്ത് നാട്യങ്ങളില്ലാത്ത യഥാര്‍ഥ സ്‌നേഹത്തിന്റെ ഏറ്റവും നല്ല ഗുരുനാഥന്മാരാണെന്ന് ജോണ്‍ വാനിയെ നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
പിതാവ് ജോര്‍ജ് വാനിയെ കാനഡയുടെ നയതന്ത്ര പ്രതിനിധിയായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ സേവനം ചെയ്യുന്ന കാലത്താണ് അഞ്ചു മക്കളില്‍ നാലാമനായി ജോണിന്റെ ജനനം. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ജോര്‍ജ് വാനിയെ പിന്നീട് ഫ്രാന്‍സില്‍ കാനഡയുടെ സ്ഥാനപതിയായിരുന്നു. ഫ്രാന്‍സിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ മാജിനോ ലൈന്‍ കടന്ന് ജര്‍മന്‍ സൈന്യം പാരീസിലെത്തുന്നതിനു തൊട്ടുമുന്‍പാണ് വാനിയെ കുടുംബം ഒരു ബ്രിട്ടീഷ് ചരക്കുകപ്പലില്‍ കയറി നാടകീയമായി രക്ഷപ്പെട്ടത്. ഇംഗ്ലണ്ടിലെ ബെര്‍ക്ഷയറില്‍ ഓള്‍ഡ് വിന്‍ഡ്‌സോറിലെ സെന്റ് ജോണ്‍സ് ബെവ്‌മോണ്ട് എന്ന ഈശോസഭാ വിദ്യാലയത്തില്‍ പഠിച്ച ജോണ്‍ വാനിയെ 1942ല്‍, 13-ാം വയസില്‍, ഇംഗ്ലണ്ടിലെ ഡാര്‍മൗത്തിലെ ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളജില്‍ ചേര്‍ന്നു. നേവല്‍ കോളജില്‍ ചേരാനുള്ള തന്റെ ആഗ്രഹം അംഗീകരിച്ച പിതാവ് തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക ഘടകമായതെന്ന് ജോണ്‍ വാനിയെ എന്നും അനുസ്മരിക്കാറുണ്ടായിരുന്നു. നേവല്‍ കേഡറ്റായിരിക്കെ ഒരു അവധിക്കാലം മാതാപിതാക്കളോടൊപ്പം ചെലവഴിക്കാന്‍ പാരീസില്‍ എത്തിയപ്പോള്‍ റെഡ്‌ക്രോസ് ഇന്റര്‍നാഷണല്‍ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്ന അമ്മ പൗളിന്‍ ആര്‍ച്ചറോടൊപ്പം ബുഹെന്‍വാള്‍ഡ്, ദാഹോ, റവെന്‍സ്ബ്രുക് എന്നിവിടങ്ങളിലെ നാത്‌സി തടങ്കല്‍പാളയത്തില്‍ നിന്ന് മോചിതരായവരെ വരവേല്‍ക്കാന്‍ പാരീസിലെ ഗാര്‍ദോര്‍സെ റെയില്‍വേ സ്റ്റേഷനില്‍ പോയത് ജോണിന്റെ ജീവിതദര്‍ശനത്തെ അപ്പാടെ മാറ്റിമറിച്ച അനുഭവമായിരുന്നു. യഹൂദരെ കൂട്ടക്കൊല ചെയ്ത ജര്‍മന്‍ തടങ്കല്‍പാളയങ്ങളിലെ നീലയും വെള്ളയും വരകളുള്ള യൂണിഫോമില്‍ തന്നെ ട്രെയിനില്‍ വന്നിറങ്ങിയ എല്ലും തോലുമായ ആ മനുഷ്യരുടെ മുഖത്തെ ഭയവും വ്യാകുലതയും ജോണിനെ മനസില്‍ മായാതെ നിന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് റോയല്‍ നേവിയിലും പിന്നീട് കനേഡിയന്‍ നാവികസേനയിലും സേവനം ചെയ്ത ജോണ്‍ 18 വയസുള്ളപ്പോള്‍, 1947ല്‍, എലിസബത്ത് രാജകുമാരിയും മാര്‍ഗരറ്റ് രാജകുമാരിയും ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് രാജകുടുംബത്തോടൊപ്പം ദക്ഷിണ ആഫ്രിക്കയിലേക്കു പോയ എച്ച്എംഎസ് വാന്‍ഗാര്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. 1950ല്‍ നേവിയില്‍ നിന്നു രാജിവച്ചിറങ്ങിയത് ആധ്യാത്മിക ജീവിതത്തിലേക്കു തിരിയാനുള്ള ആഗ്രഹത്തോടെയായിരുന്നു.
കുടുംബ സുഹൃത്തായ ഡോമിനിക്കന്‍ വൈദികന്‍ തോമസ് ഫിലിപ്പിനോടൊപ്പം പാരീസില്‍ ആധ്യാത്മിക പരിശീലനം തുടങ്ങി. പാരീസിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ അരിസ്റ്റോട്ടിലിന്റെ നീതിശാസ്ത്രത്തില്‍ ആനന്ദത്തിന്റെ സങ്കല്പം എന്നതിനെക്കുറിച്ച് ഡോക്ടറല്‍ പഠനവും തുടര്‍ന്നു. ഫാത്തിമയിലെ ആശ്രമത്തിലും മറ്റും ഏകാന്ത പ്രാര്‍ഥനയില്‍ മുഴുകിയ ജോണ്‍ 1963ല്‍ ടൊറന്റോയില്‍ സെന്റ് മൈക്കിള്‍സ് യൂണിവേഴ്‌സിറ്റി കോളജില്‍ തത്ത്വശാസ്ത്ര അധ്യാപകനായി. ഒരു ക്രിസ്മസ് അവധിക്കാലത്ത് ജോണ്‍ ഫാ. ഫിലിപ് ചാപ്ലെയിനായി സേവനം ചെയ്തിരുന്ന മനോരോഗാശുപത്രി സന്ദര്‍ശിച്ചു. മന്ദബുദ്ധികളെന്നു മുദ്രകുത്തി ഒന്നും ചെയ്യാനില്ലാതെ അവിടെ പൂട്ടിയിട്ടിരിക്കുന്ന രോഗികളുടെ ദൈന്യാവസ്ഥ കരളലിയിക്കുന്നതായിരുന്നു. താമസിയാതെ, ‘തന്റെ ഉള്ളിലെ വടക്കുനോക്കിയന്ത്രം’ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് ജോണ്‍ തിരിയുകയായിരുന്നു. 1964 ഓഗസ്റ്റില്‍ ട്രോസ്‌ലി ബ്രൂയിലെ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത വീടു വാങ്ങി. സന്ത് ഷാന്‍ ലെ ദെഷ്യൂം എന്ന മനോരോഗാശുപത്രിയല്‍ നിന്ന് റാഫേല്‍ സിമി, ഫിലിപ് സെവുക്‌സ് എന്നു പേരായ രണ്ടുപേരെ ഒപ്പം കൂട്ടി. അതായിരുന്നു ലര്‍ഷ് (ദി ആര്‍ക്ക്) സമൂഹത്തിന്റെ തുടക്കം.
‘ബുദ്ധിമാന്ദ്യമുള്ളവര്‍, മനോഹരമായ ഹൃദയമാണവര്‍ക്ക്, വലിയ തല അവര്‍ക്കില്ല. അവര്‍ക്ക് വലിയ കാര്യങ്ങള്‍ അറിയണമെന്നില്ല. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്നു മാത്രമാണ് അവര്‍ക്ക് അറിയേണ്ടത്. നാമെല്ലാം അറിയാന്‍ കൊതിക്കുന്നതും അതുതന്നെയല്ലേ? നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടോ. ക്രൈസ്തവ സന്ദേശത്തിന്റെ കാതലും അതല്ലേ – യേശു നമ്മെ സ്‌നേഹിക്കുന്നു, അതിലാണ് നമ്മുടെ ആനന്ദം. ഇതാണ് വൈകല്യവും അവശതയുമുള്ളവര്‍ നമ്മെ പഠിപ്പിക്കുന്നത്. യേശു നമ്മെ സ്‌നേഹിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് പരമ പ്രധാനം. നിനക്ക് അഴകുണ്ട്, നീ അമൂല്യവത്താണ് എന്ന് ഒരാളോടു വെളിപ്പെടുത്തുന്നതാണ് സ്‌നേഹം,’ ജോണ്‍ വാനിയെ പറഞ്ഞു.
ഭിന്നശേഷിക്കാരെ മുഖ്യ അംഗങ്ങളെന്നും അവരോടൊപ്പം സഹവാസത്തിന് സന്നദ്ധരായെത്തുന്നവരെ സഹായികളെന്നും വിളിക്കുന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രമാണം യേശുവിന്റെ ഗിരിപ്രഭാഷണമാണ്. ബുദ്ധിമാന്ദ്യമുള്ളവരെ സഹായിക്കുമ്പോള്‍ അവരുടെ നിഷ്‌കളങ്ക ജീവിതത്തിലെ ആനന്ദം പങ്കുവയ്ക്കുന്നതിലൂടെ, അവരുടെ എല്ലാ ക്രിയാത്മക ദാനങ്ങളിലും പ്രവൃത്തികളിലും സഹായികളായി വര്‍ത്തിക്കുന്നതിലൂടെ സന്നദ്ധസേവകരുടെ ജീവിതവും പരിവര്‍ത്തനത്തിനു വിധേയമാകുന്നു. ഈ അനുഭവം അനേകരെ ലര്‍ഷിലേക്ക് ആകര്‍ഷിച്ചു. 1968 ആയപ്പോഴേക്കും ലര്‍ഷില്‍ വനിതകള്‍ ഉള്‍പ്പെടെ 73 മുഖ്യ അംഗങ്ങളായി; 1972ല്‍ 126 പേരായി. രണ്ടാമത്തെ ലര്‍ഷ് ഭവനം ടൊറന്റോയ്ക്ക് സമീപം റിച്ച്‌മോണ്ട് ഹില്ലിലാണ് തുടങ്ങിയത്. ഔവര്‍ ലേഡീസ് മിഷണറീസിന്റെ നൊവിഷ്യേറ്റ് ഭവനം അവരുടെ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ്‌മേരി ഡൊനോവന്‍ ലര്‍ഷ് സമൂഹത്തിന് വിട്ടുകൊടുത്തു. ദൈവശാസ്ത്രജ്ഞനായ ഹെന്റി നൗവെന്‍ തന്റെ ജീവിതത്തിലെ അവസാനത്തെ 10 വര്‍ഷം ചെലവഴിച്ചത് ആ ലര്‍ഷ് ഡെബ്രെയ്ക് ഭവനത്തിലാണ്. 1971ല്‍ യുകെയിലെ കെന്റില്‍ ആദ്യ ലര്‍ഷ് ഭവനം തുടങ്ങിയത് ജോണിന്റെ മൂത്ത സഹോദരി തെരേസിന്റെ നേതൃത്വത്തിലാണ്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പാലിയറ്റീവ് കെയര്‍ കണ്‍സള്‍ട്ടന്റും ഹോസ്പിസ് പ്രസ്ഥാനത്തിന്റെ നായിക ഡെയിം സിസെലി സൗണ്ടേഴ്‌സിന്റെയും ഉറ്റ സഹപ്രവര്‍ത്തകയുമായിരുന്നു തേരേസ്.
ഉഗാണ്ടയിലും ജപ്പാനിലും ഈജിപ്തിലും പലസ്തീനിലും വാഷിംഗ്ടണ്‍ ഡിസിയിലുമൊക്കെ ലര്‍ഷ് ഭവനങ്ങള്‍ തുറന്നു. കേരളത്തില്‍ കൊയിലാണ്ടിക്കടുത്ത് മൂടാടി നന്ദി ബസാറിലും, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, അസന്‍സോള്‍ എന്നിവിടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ആശാ നികതേന്‍ ഭവനങ്ങള്‍ ലര്‍ഷ് ഇന്റര്‍നാഷണല്‍ ശൃംഖലയുടെ ഭാഗമാണ്. 2002ല്‍ ആശാ നികേതന്‍ രജത ജൂബിലിയില്‍ പങ്കെടുക്കാന്‍ ജോണ്‍ വാനിയെ കൊയിലാണ്ടിയില്‍ എത്തി.
തന്റെ വിശ്വാസത്തില്‍ പാദങ്ങള്‍ ഉറപ്പിച്ചു നില്‍ക്കുമ്പോഴും ഇതര വിശ്വാസപാരമ്പര്യങ്ങളിലുള്ളവരെ ആശ്ലേഷിക്കാന്‍ തന്റെ കരങ്ങള്‍ വിടര്‍ന്നിരിക്കും എന്നു പറഞ്ഞ വാനിയെ വിശാലമായ മാനവസാഹോദര്യത്തിന്റെ കൂട്ടായ്മയാണ് വളര്‍ത്തിയെടുത്തത്. ഫ്രാന്‍സില്‍ ലര്‍ഷിന്റെ ഇപ്പോഴത്തെ മേധാവി സ്‌റ്റെഫാന്‍ പോസ്‌നര്‍ യഹൂദനാണ്. ബംഗ്ലാദേശിലും പലസ്തീനിലും ക്രൈസ്തവരും മുസ്ലിംകളും ഒരുമിച്ചു കഴിയുന്നു. ഇന്ത്യയില്‍ പ്രസ്ഥാനത്തിന്റെ അമരക്കാര്‍ മിക്കവരും ഹിന്ദുക്കളാണ്. മാരി ഹെലെന്‍ മത്ത്യുവിനോപ്പം ചേര്‍ന്ന് വാനിയെ സ്ഥാപിച്ച ഫെയ്ത്ത് ആന്‍ഡ് ലൈറ്റ് എന്ന രാജ്യാന്തര സംഘടന 82 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 1500 ചെറുഗൂപ്പുകളുടെ ശൃംഖലയാണ്.
വെനിയെ 30 പുസ്തകങ്ങള്‍ എഴുതി – കമ്യൂണിറ്റി ആന്‍ഡ് ഗ്രോത്ത്, ബിക്കമിങ്ഹ്യൂമന്‍, ബിഫ്രന്‍ഡിങ് ദ് സ്‌ട്രേയ്ഞ്ചര്‍, ലൈഫ്‌സ് ഗ്രെയ്റ്റ് ക്വസ്റ്റിന്‍സ് തുടങ്ങിയവ. ‘ജീവിതത്തിന്റെ ആധ്യാത്മിക മാനങ്ങളുടെ സ്ഥിരീകരണത്തിന് നല്‍കിയ അതുല്യ സംഭാവനകള്‍’ മുന്‍നിര്‍ത്തി 2015ല്‍ 11 ലക്ഷം പൗണ്ടിന്റെ ടെംപിള്‍ടണ്‍ പ്രൈസ് അദ്ദേഹത്തിനു സമ്മാനിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1988ല്‍ റോമില്‍ വിളിച്ചുചേര്‍ത്ത അല്മായരുടെ സിനഡിലേക്ക് ജോണ്‍ വാനിയെയും പ്രത്യേകം ക്ഷണിക്കുകയുണ്ടായി.
കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയേണ്ടിവന്ന അവസാന നാളുകളില്‍ അദ്ദേഹം എഴുതി: ശാന്തിയുടെ ദിനങ്ങളിലാണ് ഞാന്‍ ജീവിക്കുന്നത്. ഓരോ നിമിഷവും സ്‌നേഹത്തില്‍ മാത്രം കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുതിയ ദൗര്‍ബല്യങ്ങള്‍, ദാരിദ്ര്യത്തിന്റെ പുതിയ രൂപങ്ങള്‍, പുതിയ നഷ്ടങ്ങള്‍ എന്നെ കാത്തിരിപ്പുണ്ടെന്ന് എനിക്കറിയാം. ഏറ്റവും അടിസ്ഥാനപരമായതിലേക്ക് ഒരിറക്കം, എന്നില്‍ ഏറ്റവുമധികം മറഞ്ഞിരിക്കുന്നതിലേക്ക്, എല്ലാ നേട്ടങ്ങളുടെയും എന്നിലുള്ള നിഴലുകളുടെയും അംശങ്ങളെക്കാള്‍ നിഗൂഢമായതിലേക്ക്. മറ്റെല്ലാം പോയ്മറയുമ്പോള്‍ അവശേഷിക്കുന്നത് അതു മാത്രമാവും, നഗ്നമായ എന്റെ വ്യക്തിത്വം, തന്റെ ദൈവവുമായുള്ള കൂടിക്കാഴ്ച കാത്തിരിക്കുന്ന പ്രാകൃതികമായ ഒരു നിഷ്‌കളങ്കത.’


Related Articles

എല്‍. എം പൈലി ചെയര്‍ തടസങ്ങള്‍ നീങ്ങണം

പ്രാദേശിക വികസനത്തിനും ഇതര കാര്യങ്ങള്‍ക്കുമായി അക്കാദമിക് ഉദ്ദേശത്തോടെ ചെയറുകള്‍ സര്‍വകലാശാലകളില്‍ സ്ഥാപിക്കാറുണ്ട്. എറണാകുളം കളമശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചി സര്‍വ്വകലാശാലയില്‍ വിവിധ അധ്യാപക വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന

ഇടക്കൊച്ചി റോഡ് സഞ്ചാരയോഗ്യമാക്കണം -കെഎല്‍സിഎ

കൊച്ചി: ഇടക്കൊച്ചിയില്‍ ശുദ്ധജല പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച ദേശീയപാത പൂര്‍വസ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ കൊച്ചി രൂപതാ സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇടക്കൊച്ചി പാലത്തിനു സമീപത്തുനിന്നാരംഭിച്ച

എഫേസൂസ് രണ്ടാം സൂനഹദോസ്

നിഖ്യാ കൗണ്‍സില്‍ കാലത്ത് തുടക്കമിട്ട പാഷണ്ഡത ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സഭയെ വിട്ടൊഴിഞ്ഞില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്ന നെസ്‌തോറിയിസത്തെ എഫേസൂസ് സൂനഹദോസില്‍ പാഷണ്ഡതയായി കണക്കാക്കി ശപിച്ചുതള്ളുകയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*