ഹെലന രാജ്ഞി

യേശുവിനെ വിചാരണയ്ക്കായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നുകൊടുത്തിരുന്നു. 28 പടികളുള്ള ഈ പടിക്കെട്ട് വത്തിക്കാനിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്ക് എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന ഓള്‍ഡ് പേപ്പല്‍ ലാറ്ററന്‍ കൊട്ടാരത്തിന്റെ ഭാഗമായ കെട്ടിടത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ക്രൈസ്തവ മതത്തെ റോമില്‍ ഔദ്യോഗികമായി അംഗീകരിക്കുകയും അതുവഴി ക്രിസ്ത്യാനികള്‍ നേരിട്ടിരുന്ന മതപീഡനത്തിന് അറുതിവരുത്തുകയും ചെയ്ത മഹാനായ കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ മാതാവ് ഹെലന രാജ്ഞിയാണ് ഈ പടിക്കെട്ട് ജറുസലേമില്‍ നിന്നു കണ്ടെടുത്ത് റോമില്‍ എത്തിച്ചതെന്നാണ് പറയപ്പെടുന്നത്.
ഏഷ്യാമൈനറിലെ ബെഥാനിയയില് എഡി 246ലാണ് ഹെലനയുടെ ജനനം. യേശുവില്‍ ആഴത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ഹെലനയുടെ സ്വാധീനം കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ബിഷപ്പും ചരിത്രകാരനുമായിരുന്ന കേസറിയായിലെ എസേബിയൂസാണ് ഹെലന രാജ്ഞിയെക്കുറിച്ചുള്ള വിവരങ്ങള്‍ കാര്യമായി രേഖപ്പെടുത്തിയിട്ടുള്ളത്.
പലസ്തീനിയായിലേക്ക് ഹെലന നടത്തിയ തീര്‍ഥാടനം ക്രൈസ്തവമതത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നു. ക്രൈസ്തവപാരമ്പര്യം സംബന്ധിച്ച ചരിത്രസാമഗ്രികള്‍ ശേഖരിക്കാന്‍ കോണ്സ്റ്റന്റൈന് ചക്രവര്‍ത്തി അമ്മയ്ക്ക് അനുമതി നല്‍കിയിരുന്നു. ബത്ലഹേമിലെ നേറ്റിവിറ്റി പള്ളിയും, ഒലിവ് മലയിലെ എലോണ പള്ളിയും അടക്കം (ആദ്യത്തേത് യേശുവിന്റെ ജനനസ്ഥലത്തും രണ്ടാമത്തേത് യേശു സ്വര്‍ഗാരോഹണം ചെയ്ത സ്ഥലത്തും) നിരവധി ആരാധനാലയങ്ങള്‍ ഹെലന പണികഴിപ്പിച്ചു. ഹെലന വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സമയത്ത് എഡി 70ല്‍ ക്രൈസ്തവവിരുദ്ധനായിരുന്ന ടൈറ്റസ് ചക്രവര്‍ത്തി തകര്‍ത്ത ജറുസലേം പൂര്‍ണമായും പുനരുദ്ധരിക്കപ്പെട്ടിരുന്നില്ല.
യേശുവിനെ സംസ്കരിച്ച കാല്‍വരിയിലെ ഗുഹയുടെ സ്ഥാനത്ത് ഒരു പേഗന്‍ ക്ഷേത്രമാണ് ഉണ്ടായിരുന്നത്. ഹെലന രാജ്ഞി ഈ ക്ഷേത്രം പൊളിച്ച് അതിന്റെ താഴെയായി ഉത്ഖനനത്തിന് ഉത്തരവിട്ടു. അവിടെ നിന്ന് മൂന്നു കുരിശുകള്‍ അവര്‍ കണ്ടെടുത്തു. അതിലൊന്ന് യേശുവിനെ തറച്ച കുരിശാണെന്ന് അവര്‍ക്കു തോന്നി. എന്നാല്‍ അതു തെളിയിക്കാന്‍ മാര്‍ഗമൊന്നും കണ്ടില്ല. അതേസമയത്ത് മരണാസന്നയായ ഒരു സ്ത്രീയെ അവരുടെ ബന്ധുക്കള്‍ അതുവഴി കൊണ്ടുപോകുന്നുണ്ടായിരുന്നു. സ്ത്രീയെ സമീപത്തേക്ക് കൊണ്ടുവരാന്‍ ഹെലന കല്പിച്ചു. സ്ത്രീയുടെ ശരീരം ആദ്യരണ്ടു കുരിശുകളില്‍ തൊടുവിച്ചു. ഒന്നും സംഭവിച്ചില്ല. മൂന്നാമത്തെ കുരിശില്‍ സ്പര്‍ശിച്ചതോടെ അവരുടെ അസുഖം ഭേദമാകുകയും അവര്‍ മരണത്തില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തുവെന്നാണ് പാരമ്പര്യവിശ്വാസം.
അതോടെ യേശുവിനെ ക്രൂശിച്ച കുരിശാണിതെന്ന് ഹെലനയ്ക്കു ബോധ്യമായി. ചര്‍ച്ച് ഓഫ് ഹോളി സെപുള്ക്കര് എന്ന പള്ളി ഇവിടെ സ്ഥാപിക്കുകയും ചെയ്തു. കുരിശിലെ ആണികളും, യേശുവിനെ കുരിശില്‍ ബന്ധിക്കുവാന്‍ ഉപയോഗിച്ച കയറും ക്രൂശാരോഹണത്തിനു മുമ്പ് യേശു ധരിച്ചിരുന്ന മേലങ്കിയും ഹെലന കണ്ടെത്തി എന്നാണ് ഐതിഹ്യം. ജര്‍മനിയിലെ ട്രായര്‍ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുള്ള വസ്ത്രം ഹെലന കണ്ടെടുത്ത അങ്കിയാണെന്നാണ് കരുതപ്പെടുന്നത്.
ഏറെക്കാലം പലസ്തീനിയയിലും മറ്റു വിശുദ്ധനഗരങ്ങളിലുമായി ജീവിതം കഴിച്ച ഹെലന എഡി 327ല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ നിരവധി തെളിവുകളുമായി റോമില്‍ തിരിച്ചെത്തി. അവര്‍ക്കപ്പോള്‍ ഏകദേശം 80 വയസായിരുന്നു. അധികം താമസിയാതെ അവര്‍ അന്തരിച്ചു. റോമിന് പുറത്ത് വിയാ ലാബിക്കാന എന്ന സ്ഥലത്ത് മുസോളിയം ഓഫ് ഹെലന എന്ന സ്ഥലത്ത് അവരെ അടക്കം ചെയ്തു.
ക്രൈസ്തവസഭയുടെ വളര്‍ച്ചക്ക് ഏറെ സംഭാവന ചെയ്ത മഹതിയായാണ് ഹെലനയെ കണക്കാക്കുന്നത്. റോമന്‍ കത്തോലിക്കാ സഭ, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഓര്‍ത്തഡോക്സ് സഭകള്‍, ലൂഥറന്‍ സഭകള്‍, ആംഗ്ലിക്കന്‍ സഭകള്‍ എന്നിവയെല്ലാം ഹെലനയെ വിശുദ്ധയായി വാഴ്ത്തുന്നു. ആഗസ്റ്റ് 18നാണ് റോമന്‍ കത്തോലിക്ക സഭ ഹെലനയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.
Related
Related Articles
അമ്മ മനസ് തങ്ക മനസ്:ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്
മാതൃത്വത്തിന്റെ മഹനീയ നാമമാണ് പരിശുദ്ധമറിയം. സകലതും സഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സ്നേഹമാണ്
പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം-മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നം ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഇന്നും വിശദമായ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍, ഹൃസ്വകാല പരിപാടികള്‍ക്ക് പോയവര്‍, സന്ദര്‍ശക വിസയില്‍
അനുതാപത്തിന്റെയും അനുഗ്രഹത്തിന്റെയും സമയം
ഏവര്‍ക്കും തപസുകാലത്തിന്റെ അനുഗ്രഹങ്ങള്‍ നേരുന്നു. പ്രിയമുള്ളവരേ മാനസാന്തരത്തിന്റെ പുണ്യകാലഘട്ടത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഇത് പ്രര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധര്‍മത്തിന്റെയും ദിനങ്ങളാണ്. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകളെയും കുറവുകളെയും ബലഹീനതകളെയും ഓര്‍ത്ത്