അസൂയ വേണ്ട സന്തോഷിക്കാം- ആഗമനകാലം നാലാം ഞായർ


റവ. ഫാ. മിഥിൻ കാളിപറമ്പിൽ
ആഗമനകാലം നാലാം ഞായർ
വിചിന്തനം:- “അസൂയ വേണ്ട സന്തോഷിക്കാം” (ലൂക്കാ 1:39 – 45)
ഉണ്ണീശോയുടെ ജനനത്തിനോടനുബന്ധിച്ചുള്ള ഏറ്റവും അടുത്ത ഒരുക്കദിനങ്ങളിലൂടെ നാം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് . അതുകൊണ്ടു തന്നെ ഇന്ന് ആഗമനകാലത്തിലെ നാലാമത്തേതും അവസാനത്തേതുമായ ഞാറയാഴ്ചയില് നാം എത്തിച്ചേര്‍ന്നിരിക്കുന്നു. ഗബ്രിയേല്‍ ദൂതനില്‍ നിന്നും രക്ഷകന്റെ അമ്മയാകാന്‍ താന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട സന്തോഷ വാര്‍ത്തയോടൊപ്പം തന്റെ ചാര്‍ച്ചക്കാരിയായ വാര്‍ദ്ധക്യത്തിലെത്തിയ എലിസബത്ത് ഗര്‍ഭവതിയാണെന്ന വാര്‍ത്തയും കൂടി മറിയം ശ്രവിക്കുന്നു. ഈ ഇരട്ട സന്തോഷവും ഹൃദയത്തില്‍ പേറിക്കൊണ്ട് മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് പുറപ്പെടുന്നതും അവിടെ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്യുന്നതും അവര്‍ തമ്മിലുള്ള സന്തോഷങ്ങളുമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം വായിച്ചു കേള്‍ക്കുന്നത്. ശരിക്കും പറഞ്ഞാല്‍ പരിശുദ്ധ മറിയത്തെ അഭിനന്ദിക്കാതെ വയ്യ. ഈ ഭൂമിയിലെ മറ്റേതൊരു സ്ത്രീക്കും ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഭാഗ്യം തനിക്കു ലഭിക്കുവാന്‍ പോകുന്നു എന്നറിഞ്ഞിട്ടും തന്റെ ചാര്ച്ചക്കാരിക്കുണ്ടായ അപൂര്‍വ്വമായ ഭാഗ്യത്തെക്കുറിച്ചറിഞ്ഞ് അവളെ ശുശ്രൂഷിക്കുവാനും ഇറങ്ങിപ്പുറപ്പെടുകയാണ് മറിയം. സുവിശേഷം പറയുന്നത് ആ ദിവസങ്ങളില്‍ തന്നെ മറിയം തിടുക്കത്തില്‍ പുറപ്പെട്ടു എന്നാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ എന്തെങ്കിലും സന്തോഷം വരുത്തുന്ന സൗഭാഗ്യങ്ങള്‍ വരുമ്പോള്‍ നമ്മള് തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് അവരെ അനുമോദിക്കുവാനും അവരുടെ സന്തോഷത്തില്‍ പങ്കുചേരുവാനും മനസുകാണിക്കുന്നുണ്ടോ എന്ന് ഒന്നു ചിന്തിച്ചു നോക്കുക. അതിന് വലിയ സൗഭാഗ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടണമെന്നില്ല. നമ്മുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ നല്ലൊരു ജോലി കിട്ടുമ്പോഴോ, പരീക്ഷയില്‍ ഉന്നത വിജയം നേടുമ്പോഴോ, നല്ലൊരു വീട് വെക്കുമ്പോഴോ, നല്ലൊരു സ്ഥലത്ത് അഡ്മിഷന് കിട്ടുമ്പോഴോ ഒക്കെ ഇത്തരത്തില്‍ അവരുടെ സന്തോഷത്തില്‍ പങ്കുചേരുവാന്‍ മനസുണ്ടോ. ചിലരാണെങ്കില്‍ ഇത്തരം അവസരങ്ങളില്‍ അസൂയ മൂത്ത് ഒന്നും മിണ്ടില്ല. ചിലപ്പോള്‍ മുഖം പോലും തിരിച്ചു കളയും. തങ്ങള്‍ക്ക് അത് കിട്ടിയില്ലല്ലോ എന്നതാവും അവരുടെ പരിഭവം. ദൈവം അവര്‍ക്ക് നല്കിയ അനുഗ്രഹങ്ങളെ അവര്‍ വിസ്മരിക്കുകയും ചെയ്യും.
മൂന്നാമതൊരു കൂട്ടര്‍ക്ക് പുറത്ത് ഭക്തിയും അകത്ത് കത്തിയും എന്ന മനോഭാവമായിരിക്കും അതായത് പുറമെ അവരെ അഭിനന്ദിച്ച് സന്തോഷം പ്രകടിപ്പിക്കും. എന്നാല്‍ ഉള്ളിലോ അവര്‍ അസൂയകൊണ്ട് പുകയുകയാവും. ഇതാണ് ഏറ്റവും കൂടുതല്‍ അപകടകരമായ മനോഭാവം കാരണം അവര്‍ ഭാവിയില്‍ മറ്റുള്ളവര്‍ക്കും തങ്ങള്‍ക്കു തന്നെയും ഉപദ്രവകാരികളായി മാറും. അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു എന്നാണ് സുഭാഷിതങ്ങള്‍ പറയുന്നത്. (സുഭാ: 14:30) അത് എത്രയോ ശരിയാണ്.
ഇസ്രായേല്‍ രാജാവായിരുന്ന സാവൂളിന്റെ കാര്യമെടുക്കുക. ഇസ്രായേല്‍ക്കാര്‍ക്ക് കീറാമുട്ടിയായിരുന്ന ഗോലിയാത്ത് എന്ന മല്ലനെ ദാവീദ് എന്ന ഇടയച്ചെറുക്കന് വധിക്കുന്നു. യുദ്ധം ജയിച്ച് തിരിച്ചുവരുമ്പോള്‍ അവര്‍ പാടുകയാണ് ‘സാവൂള്‍ ആയിരങ്ങളെക്കൊന്നു. ദാവീദ് പതിനായിരങ്ങളെയും’ (1 സാമു 18:7) ഇതു കേള്‍ക്കുന്ന സാവൂളിന്റെ മനസില്‍ ദാവീദിനോടുള്ള അസൂയ മുളപൊട്ടുന്നു. ദൈവം തനിക്കു നല്കിയ കഴിവുകളേയും അധികാരത്തേയും ശക്തിയേയും നന്ദിയോടെ സാവൂള്‍ ഓര്‍ത്തില്ല. ഇസ്രായേല്‍ ജനത്തിനുവേണ്ടിയും രാജാവായ തനിക്കുവേണ്ടിയുമാണ് ദാവീദ് ഗോലിയാത്തിനെ വധിക്കുവാന്‍ ഇടവരുത്തിയതെന്നും അവന്റെ വിജയം തന്റെ വിജയമാണെന്നും സാവൂള്‍ പരിഗണിച്ചില്ല. അങ്ങനെ യുദ്ധ വിജയത്തില്‍ ലഭിച്ച സന്തോഷത്തെ സാവൂളില്‍ മുളപൊട്ടിയ അസൂയ ഞെരുക്കിക്കളഞ്ഞു. പിന്നീടങ്ങോട്ട് തന്റെ സമയത്തിന്റെയും കഴിവിന്റെയും രാജാധികാരത്തിന്റെയും സിംഹഭാഗവും സാവൂള്‍ നീക്കിവച്ചത് ദാവീദിനെ എങ്ങനെ നൈസായിട്ട് തീര്‍ക്കാം എന്നു ചിന്തിച്ചും അതിനുവേണ്ടി കരുക്കള്‍ നീക്കുകയാണ്. ഫലമോ? രാജഭരണം താറുമാറായി. അസൂയ സാവൂളിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കി.
നമ്മളോര്‍ക്കേണ്ട ഒരു കാര്യമെന്നു പുറയുന്നത് ദൈവമറിയാതെ ആര്‍ക്കും ഒരനുഗ്രഹവും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സാധാരണവും അസാധാരണവുമായ സൗഭാഗ്യങ്ങളില്‍ അവര്‍ അകലെയാണെങ്കിലും പരിശുദ്ധ മരിയത്തെപ്പോലെ തിടുക്കത്തില്‍ ഇറങ്ങിപ്പുറപ്പെട്ട് അവരുടെ അടുത്തെത്തി. അവരോടൊപ്പം സന്തോഷിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ നാം ഒരു തരത്തില്‍ ദൈവത്തിനു നന്ദി പറയുകയും സ്തുതിക്കുകയുമാണ്. ഓര്‍ക്കണം സഭയുടെ പഠനമനുസരിച്ച് അന്യരുടെ നന്മയിലുള്ള അസൂയയെന്നു പറയുന്നത് പരിശുദ്ധാത്മാവിനെതിരായ പാപമാണ്.
ഉണ്ണിയേശുവിന്റെ പിറവിത്തിരുനാളിന്റെ ആനന്ദത്തിലേക്ക് കാലെടുത്തുവയ്ക്കുവാന്‍ പോകുന്ന നമുക്ക് പരിശുദ്ധ അമ്മയെപ്പോലെ മറ്റുള്ളവരുടെ സൗഭാഗ്യങ്ങളിലും അവര്‍ക്കു ലഭിക്കുന്ന അനുഗ്രഹങ്ങളിലും അവരോടൊപ്പം സന്തോഷിക്കുവാനുള്ള മനസ് നല്‍കണമേയെന്നു പ്രാര്‍ത്ഥിക്കാം.
ഒന്നാം വായന
മിക്കാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (5 : 2-5a)
(ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍നിന്നു പുറപ്പെടും)
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ബേത്ലെ ഹെം- എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാ ണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനി ക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന് പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്. അതിനാല്‍, ഈറ്റു നോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന് അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോ ദരരില് അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തി ലേക്കു മടങ്ങിവരും. കര്‍ത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ, അവന് വന്ന് തന്റെ ആടുകളെ മേയ്ക്കും. ഭൂമിയു ടെ അതിര്‍ത്തിയോളം അവന് പ്രതാപവാനാകയാല്‍ അവര്‍ സുരക്ഷിതരായി വസിക്കും. അവന് നമ്മുടെ സമാധാനമായിരിക്കും.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
(80: 1ac+2b, 14-15, 17-18)
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ!
അങ്ങയുടെ മുഖം പ്രകാശിക്കുകയും
ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്മേല് വസിക്കുന്നവനേ, പ്രകാശിക്ക ണമേ! ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!
ദൈവമേ, ഞങ്ങളെ …..
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയ ണമേ! സ്വര്‍ഗത്തില്‍നിന്നു നോക്കിക്കാണണമേ! ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ നട്ട ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!
ദൈവമേ, ഞങ്ങളെ …..
അങ്ങയുടെ കരം അങ്ങയുടെ വലത്തുവശത്തു നിര് ത്തിയിരിക്കുന്നവന്റെ മേല്‍- അങ്ങേക്കു ശുശ്രൂഷ ചെയ്യാന്‍ ശക്തനാക്കിയ മനുഷ്യപുത്രന്റെ മേല്‍ – ഉണ്ടായിരിക്കട്ടെ. അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍നിന്ന് ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങള്‍ക്കു ജീവന് നല്കണമേ! ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേ ക്ഷിക്കും.
ദൈവമേ, ഞങ്ങളെ …..
രണ്ടാം വായന
ഹെബ്രയാര്ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് (10 : 510)
(അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു)
സഹോദരരേ, ഈശോമിശിഹാ ലോകത്തിലേക്കു പ്രവേ ശിച്ചപ്പോള് ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവി ടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു; ദഹനബലികളിലും പാപപരിഹാരബലികളിലും അവി ടുന്നു സംപ്രീതനായില്ല. അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ് ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാ നായി ഒന്നാമത്തേത് അവന് നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ ശരീരം എന്നേ ക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശു ദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Lk. 1 : 38) ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (1 : 3945)
(എന്റെ കര്‍ത്താവിന്റെ അമ്മ എന്നെ സന്ദര്‍ശിക്കാന്‍ എനിക്കെങ്ങനെ യോഗ്യതയുണ്ടായി?)
ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേ ശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു. അവള് സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തി ന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള് ഉദ്ഘോ ഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദന സ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദ രത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസി ച്ചവള്‍ ഭാഗ്യവതി.
കര്‍ത്താവിന്റെ സുവിശേഷം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും -മന്ത്രി കെ. രാജു
തിരുവനന്തപുരം: സമുദായ സമ്മേളന വേദിയില്‍ ഉയര്‍ന്ന പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന വനംമന്ത്രി കെ. രാജു വ്യക്തമാക്കി. തീരദേശ ജനത അനുഭവിക്കുന്ന
റവ ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായി
ബംഗളൂരു: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായി. ബംഗളൂരുവില്‍ നടന്ന സിസിബിഐയുടെ നിര്‍വാഹക
ക്ഷേത്രത്തിലെത്തിയ 27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഒറ്റപ്പാലം: ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തൊഴാനെത്തിയ 27 പേര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഒറ്റപ്പാലം വരോട് ചുനങ്ങാട് ചാത്തന്‍കണ്ടാര്‍ക്കാവ് ക്ഷേത്രത്തിലെത്തിയ ഒമ്പതു സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍