Breaking News

ഷൈന്‍ ടോം ചാക്കോയുമായി അഭിമുഖം

ഷൈന്‍ ടോം ചാക്കോയുമായി അഭിമുഖം

സുകുമാരക്കുറുപ്പ്, ചാക്കോ എന്നീ രണ്ടുപേരുകള്‍ മലയാളികളെ മൂന്നു ദശാബ്ദമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോ എന്ന യുവാവിനെ കാറിലിട്ട് ചുട്ടുകൊന്ന് സുകുമാരക്കുറുപ്പ് ഒളിവില്‍ പോയി. കാലമിത്രയും കഴിഞ്ഞിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് സുകുമാരക്കുറുപ്പിന്റെ പൊടിപോലും കണ്ടുകിട്ടിയിട്ടില്ല. കുറുപ്പ് എന്ന പേരില്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുറുപ്പായോ ചാക്കോ ആയോ അല്ല, സംഭവത്തിലെ അധികം അറിയപ്പെടാത്ത മറ്റൊരു കഥാപാത്രമായി.
സുകുമാരക്കുറുപ്പ് മുങ്ങിയെങ്കിലും കുറ്റകൃത്യത്തില്‍ അയാളുടെ പങ്കാളിയായിരുന്ന ഭാര്യാസഹോദരന്‍ ഭാസി പിള്ളയെ (ഭാസ്‌കരപിള്ള) പൊലീസ് പൊക്കിയിരുന്നു. കോടതി ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. മുഴുക്കുടിയനായ ഭാസി പിള്ളയെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നത്. സുകുമാരക്കുറുപ്പായി എത്തുന്നത് ദുല്‍ഖര്‍സല്‍മാനാണ്. ‘നമ്മുടെ ഏറ്റവും മികച്ച നടന്മാരിലൊരാള്‍’ എന്നു ചിത്രീകരണവേളയില്‍ ഷൈനെ പുകഴ്ത്തിയത് ദുല്‍ഖറാണ്. ഷൈന്‍ ഒരു തികഞ്ഞ പ്രൊഫഷനലും ജെന്റില്‍മാനും ആണെന്നും ഷൈന്‍ കഥാപാത്രമായി മാറുന്നതുകണ്ട് മിക്ക ദിവസങ്ങളിലും താന്‍ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
നെഗറ്റീവ് കാരക്ടറാണ് ഭാസി പിള്ളയുടേത്. ആ വേഷം ഞാന്‍ നന്നായി ചെയ്യുന്നുണ്ടെന്നാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. ഭാസി പിള്ള ജീവിച്ചിരിക്കുന്ന ഒരാളാണ്. എനിക്ക് അദ്ദേഹത്തെക്കുറിച്ചുള്ള വിശദവിവരങ്ങളൊന്നും അറിയില്ല. കുറുപ്പ് എന്ന സിനിമയിലെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അപ്പോഴത് യഥാര്‍ഥത്തിലുള്ളയാളില്‍നിന്ന് വേറിട്ടുനില്ക്കും. അഭിനയത്തിന്റെ സാധ്യത ഇവിടെയാണെന്നാണ് ഞാന്‍ കരുതുന്നത്’-ഷൈന്‍ പറയുന്നു.
‘ദുല്‍ഖര്‍ എന്നെക്കുറിച്ച് പറഞ്ഞത് എനിക്ക് എത്രമാത്രം സന്തോഷം പകര്‍ന്നു എന്നു വിശദീകരിക്കാനാകില്ല. സഹതാരങ്ങളുടെ കഴിവിനെ പുകഴ്ത്തുന്നത് സിനിമാലോകത്ത് അത്ര സാധാരണമായ കാര്യമല്ല. ദുല്‍ഖറിന് അതു ചെയ്യാനുള്ള ഹൃദയമുണ്ടായി. ചില സിനിമകള്‍ കാണുമ്പോള്‍ ആ നടന്‍ നന്നായി അഭിനിയിച്ചിട്ടുണ്ടല്ലോ എന്നു എനിക്ക് തോന്നാറുണ്ട്. പക്ഷേ അത് അയാളെ അറിയിക്കാന്‍ ഞാനും ശ്രമിച്ചിട്ടില്ല’.
മണിയറയിലെ അശോകന്‍ എന്ന സിനിമയിലും ദുല്‍ഖറിനോടൊപ്പം ഷൈന്‍ അഭിനയിക്കുന്നുണ്ട്. കൗശലക്കാരനായ ഒരു റിയല്‍എസ്‌റ്റേറ്റ് ഏജന്റിന്റെ വേഷമാണതില്‍. മമ്മൂട്ടിയോടും മകന്‍ ദുല്‍ഖറിനോടൊപ്പവുമുള്ള അനുഭവവും ഷൈന്‍ പങ്കുവയ്ക്കുന്നു: ‘മമ്മൂക്ക നന്നായി സംസാരിക്കുന്നയാളാണ്. ദുല്‍ഖര്‍ നേരെ തിരിച്ചാണ്. തന്റെ ശരിയായ വികാരങ്ങളെ പുറത്തുകാണിക്കുന്ന സത്യസന്ധനായ മനുഷ്യനാണ് മമ്മൂക്ക. മാവോയിസ്റ്റ് പ്രമേയമായ ‘ഉണ്ട’ എന്ന സിനിമയില്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. നാട്യങ്ങളില്ലാത്ത വ്യക്തിയാണ് അദ്ദേഹം. ദുല്‍ഖര്‍ അധികം സംസാരിക്കില്ലെങ്കിലും ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. കോംപിനേഷന്‍ സീനുകളില്‍ ദുല്‍ഖറുമായി ആശയവിനിമയം നടത്താന്‍ പറ്റും. പക്ഷേ മമ്മൂക്കയോട് നമുക്കത് പറ്റുമോ?’
കൊക്കൈന്‍ കേസില്‍ പോലീസ് പിടിയിലായതിനെക്കുറിച്ചും ഷൈന്‍ ടോം ചാക്കോയ്ക്ക് പറയാനുണ്ട്. ‘തന്റെ കൈയില്‍നിന്ന് ഏഴു ഗ്രാം കൊക്കൈന്‍ കണ്ടെടുത്തെന്നാണ് പോലീസ് കേസ്. ആ കേസ് ‘ഇതിഹാസ’ എന്ന ഞാന്‍ നായകനായ സിനിമ ഹിറ്റായ സമയത്താണുണ്ടായത്. വളരെക്കാലം സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചശേഷമാണ് 2011ല്‍ കമല്‍ സാറിന്റെ ‘ഗദ്ദാമ’യിലൂടെ എനിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഈ അടുത്തകാലത്ത്, ‘ചാപ്‌റ്റോഴ്‌സ്’, ‘അന്നയും റസൂലും’ എന്നീ സിനിമകളിലും അഭിനയിച്ചെങ്കിലും ‘ഇതിഹാസ’ ഒരു വഴിത്തിരിവായിരുന്നു. കേസില്‍ രണ്ടു മാസത്തോളം ജയിലില്‍ കിടന്നു. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വളരെ വിഷമിച്ചു. ഒരു സിനിമാതാരം പ്രതിയായ കേസായതുകൊണ്ട് ആ സംഭവത്തിനു കിട്ടിയ നെഗറ്റീവ് പബ്ലിസിറ്റി വളരെ വലുതായിരുന്നു. അതെന്നെ മാനസികമായി തളര്‍ത്തി. പക്ഷേ ജയില്‍ജീവിതത്തില്‍നിന്ന് നല്ല പാഠങ്ങള്‍ പഠിക്കാനും കഴിഞ്ഞിട്ടുണ്ട്. കേസ് ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതെന്നെ അലട്ടുന്നില്ല. അത്രയ്ക്ക് പിന്തുണ വീട്ടുകാരും സുഹൃത്തുക്കളും നല്കിയിട്ടുണ്ട്. രണ്ടാമത്തെ വരവിലാകട്ടെ കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നു. ‘ഇഷ്‌ക്’ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന് ലഭിച്ച പ്രശംസകള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കോമഡി ഉള്‍പ്പെടെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹം.’
അജയ് ദേവലോക സംവിധാനം ചെയ്യുന്ന ‘ആറാംതിരുകല്പന’യില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് ഷൈന്. ‘പട’, ‘പടവെട്ട്’ എന്നീ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളും.
തയ്യാറാക്കിയത്
ജെന്‍സന്‍ സി. ജോസ്‌


Tags assigned to this article:
mollywoodshine tom chacckosukumara kurup

Related Articles

സുരക്ഷാ ഉപകരണങ്ങള്‍ക്ക് കടുത്തക്ഷാമമുണ്ടാകാന്‍ സാധ്യത

ന്യൂഡല്‍ഹി: ഭൂമുഖത്തെ ഏറ്റവും ബൃഹത്തായ ക്വാറന്റൈന്‍ നിയന്ത്രണമാണ് ജനസംഖ്യയില്‍ ലോകത്ത് രണ്ടാംസ്ഥാനമുള്ള ഇന്ത്യ മൂന്നാഴ്ചത്തെ സമ്പൂര്‍ണ അടച്ചിടലിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും അടുത്ത മാസത്തോടെ കൊറോണ വൈറസ് വ്യാപനം രാജ്യത്ത്

കൊഴിഞ്ഞാമ്പാറയില്‍ പതിനായിരങ്ങളുടെ റാലിയും പൊതുയോഗവും

സുല്‍ത്താന്‍പേട്ട്: ആര്‍ബിസി കനാല്‍ സമരസമിതി നേതാവ് ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച രാഷ്ട്രീയനേതൃത്വത്തിനെതിരെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) കൊഴിഞ്ഞാമ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍

കേരളത്തിൻ്റെ നവോത്ഥാന താരോദയം: ഉദയംപേരൂർ സൂനഹദോസ്

കേരളക്രൈസ്തവസഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു1599 ജൂൺ 20 മുതൽ 26 വരെ നടന്ന ഉദയംപേരൂർ സൂനഹദോസ്. കേരള സഭയിൽ നിലനിന്നിരുന്ന നിരവധി അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ദൂരീകരികരിക്കാൻഈ മഹാസംഗമത്തിലൂടെ കഴിഞ്ഞു.അക്കാലത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*