Breaking News

നിര്‍മിതബുദ്ധിയുടെ അത്ഭുത വികാസങ്ങള്‍

കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സംഗീതശാസ്ത്രത്തില്‍ ഏറെ പ്രാവീണ്യം നേടിയ പ്രൊഫ. ഡേവിഡ് കോപ്പ്, കമ്പ്യൂട്ടര്‍വല്കരിക്കപ്പെട്ട പ്രോഗ്രാമുകളിലൂടെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയെടുക്കുന്നതില്‍ മികവ് തെളിയിച്ചു. ലോകപ്രശസ്ത ജര്‍മന്‍ സംഗീതജ്ഞനായ ജോഹാന്‍ സെബാസ്റ്റ്യന്‍ ബാഹിന്റെ (1685-1750) ഗാനസൃഷ്ടിയുടെ ശൈലി അദ്ദേഹം ഏറെ വിദഗ്ധമായി ഒരു കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്തു. ആ പ്രോഗ്രാം വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് ഏഴു വര്‍ഷക്കാലം വേണ്ടിവന്നു. കോപ്പ് ചിട്ടപ്പെടുത്തിയ സംഗീത സൃഷ്ടിക്ക് ഇഎംഐ (എക്‌സ്പീരിമെന്റ്‌സ് ഇന്‍ മ്യൂസിക്കല്‍ ഇന്റലിജന്‍സ്) എന്നു പേര് നല്‍കി. സെബാസ്റ്റ്യന്‍ ബാഹിന്റെ അതേ ശൈലിയിലും ഭംഗിയിലും കമ്പ്യൂട്ടര്‍ 5000 സംഘഗാനങ്ങള്‍ സൃഷ്ടിച്ചു. കലിഫോര്‍ണിയായിലെ ഒരു സംഗീതോത്സവത്തില്‍ ഇങ്ങനെ കമ്പ്യൂട്ടര്‍ രൂപപ്പെടുത്തിയെടുത്ത ഗാനങ്ങള്‍ അവതരിപ്പിച്ചു. സദസ്യര്‍ ആവേശത്തില്‍ ആനന്ദഭരിതരായി. എന്നാല്‍ ഈ ഗാനങ്ങള്‍ സെബാസ്റ്റ്യന്‍ ബാഹിന്റെയല്ലെന്നും അവ കമ്പ്യൂട്ടറിന്റെ സ്വയം സൃഷ്ടിയാണെന്നും മനസിലായ സദസ്യര്‍ നിരാശരായി. ഒന്നുകൂടി വിശദമാക്കാം. നമ്മുടെ പ്രിയപ്പെട്ട യേശുദാസിന്റെ ശബ്ദശൈലി ഒരു കമ്പ്യൂട്ടറെ വിദഗ്ധമായി പഠിപ്പിച്ചുവെന്നിരിക്കട്ടെ. യേശുദാസിന്റെ സ്വന്തം സ്വരമാധുര്യത്തില്‍ അഴകാര്‍ന്ന ഗാനങ്ങള്‍ ഇഎംഐ ആലപിച്ചുകൊണ്ടിരുന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷവും യേശുദാസിനെ നമുക്ക് എക്കാലവും ശ്രവിക്കാം. ഞാന്‍ പറയുന്നത് പഴയഗാനങ്ങളല്ല. ദാസേട്ടന്റെ സ്വരത്തില്‍ എല്ലാ സിനിമകളിലും പുതിയ ഗാനങ്ങള്‍. ഇവിടെയാണ് കമ്പ്യൂട്ടറിന്റെ നിര്‍മിതബുദ്ധി വേറിട്ടുനില്ക്കുന്നത്.
2013ലാണ് ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകരായ കാള്‍ബെനഡിക്ട് ഫ്രേയും മൈക്കിള്‍ ഓസ്‌ളോണും, ഇനി വരുന്ന ഇരുപതു വര്‍ഷങ്ങളില്‍ കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങള്‍ തട്ടിയെടുത്തേക്കാവുന്ന പല തൊഴിലുകളുടെയും പേരുകള്‍ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം അമേരിക്കയിലെ 47 ശതമാനം തൊഴിലുകളും കടുത്ത ഭീഷണി നേരിടുന്നു. അമേരിക്കയിലെന്നല്ല ലോകത്തിലെവിടെയും. ഇന്ത്യയിലിപ്പോള്‍ നാമത് കണ്ടുകൊണ്ടിരിക്കുന്നു. മുപ്പതോ നാല്പതോ വര്‍ഷങ്ങള്‍ക്കുശേഷം തൊഴില്‍ സാധ്യതകളും വിപണിയും എങ്ങനെയായിരിക്കുമെന്ന് ഒരെത്തും പിടിയും ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ കുട്ടികളെ എന്തു പഠിപ്പിക്കണമെന്ന് ആര്‍ക്ക് കൃത്യമായി പറയാന്‍ പറ്റും? ഭാവിയില്‍ പ്രയോജനപ്പെടാത്ത ഒരു പഠനം പാഴാകില്ലേ? നമ്മുടെ പരമ്പരാഗത പഠനമാതൃകകള്‍ കാലഹരണപ്പെടും. അങ്ങനെ കാലത്തോടൊപ്പം പിടിച്ചുനില്ക്കണമെങ്കില്‍, മനുഷ്യര്‍ക്ക് ഇനി മടിയന്മാരായി ഇരിക്കാന്‍ സാധിക്കില്ല. എന്നും പുതിയതു പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിയാകണം. തുടര്‍ച്ചയായി സ്വയം മാറ്റിയെഴുത്തുകള്‍ക്ക് വിധേയമാകണം. അല്ലാത്തവര്‍ ഉപയോഗശൂന്യരായിത്തീരുകതന്നെ ചെയ്യും.
ഇനി സൃഷ്ടിക്കപ്പെടുന്നത്, നിങ്ങളുടെ ശരീരത്തിലെ ജനിതകഘടനയെയും അവയുടെ പ്രവര്‍ത്തന മണ്ഡലങ്ങളെയും പറ്റി സൂക്ഷ്മമായി പഠിക്കുന്ന അല്‍ഗോരിതങ്ങളാണ്. ഈ രംഗത്തെ ഗവേഷണം ത്വരിതഗതിയില്‍ നടക്കുകയാണ്. ഇപ്പോഴെന്താണ് നടക്കുന്നത്? ഹാര്‍ട്ടറ്റാക്കോ മസ്തിഷ്‌ക്കാഘാതമോ അര്‍ബുദമോ വന്നശേഷം ചികിത്സയ്ക്കായി നെട്ടോട്ടമോടുന്നു. ഈ ഓട്ടത്തില്‍ ചിലര്‍ രക്ഷപ്പെടുന്നു. പലരും അടിപതറി വീഴുന്നു. കാരണം രക്ഷപ്പെടുത്തുവാനുള്ള സമയപരിധികള്‍ മിക്കപ്പോഴും കഴിഞ്ഞിട്ടുണ്ടാവും. എന്നാല്‍ നിങ്ങളുടെ ശരീരഘടനയെയും രോഗാസക്തമായ ആ ശരീരത്തില്‍ ഉണ്ടാകാന്‍ പോകുന്ന അപകടാവസ്ഥകളെയുംപറ്റി വ്യക്തമായി അറിവുനല്‍കുന്ന ജീനുകളെ തിരിച്ചറിഞ്ഞ് അവയുടെ പ്രവര്‍ത്തനഗതിയെ മനസിലാക്കുന്ന ഒരു അല്‍ഗോരിതം നിങ്ങളോടു പറയുന്നു, നിങ്ങള്‍ക്ക് അടുത്ത 10 മണിക്കൂറിനുള്ളില്‍ ഹാര്‍ട്ടറ്റാക്കുണ്ടാകുവാന്‍ പോകുന്നു, വേണ്ട മുന്‍കരുതലുകള്‍ ഉടന്‍ സ്വീകരിക്കുക. ആ ഉപദേശം സ്വീകരിക്കുന്ന നിങ്ങളെടുക്കുന്ന മുന്‍കരുതലുകള്‍ മാരകമായേക്കാവുന്ന ഒരു ഹാര്‍ട്ടറ്റാക്കില്‍ നിന്ന് നിങ്ങളെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നു. അപ്പോള്‍ അവിടം വരെയെത്തുന്ന നിര്‍മിതബുദ്ധിയുടെ പ്രഭാവം. ഇത് ആരോഗ്യരംഗത്തുണ്ടാക്കുന്ന അനിഷേധ്യമായ ഒരു പുരോഗമനം തന്നെ.


Related Articles

സമാധാനമേകുന്ന ദൈവകൃപ

വരുവാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള ആദ്യപ്രവചനം നടത്തിയ ഏശയ്യ പ്രവാചകന്‍ രക്ഷകനെക്കുറിച്ച് നാലു കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. രക്ഷകന്‍ വിസ്മയനീയനായ ഉപദേഷ്ടാവായിരിക്കും, ശക്തനായ ദൈവമായിരിക്കും, നിത്യനായ പിതാവായിരിക്കും, സമാധാനത്തിന്റെ രാജാവായിരിക്കും (ഏശയ്യ

എതിര്‍ശബ്ദങ്ങളെ ചോരയില്‍ മുക്കുമ്പോള്‍

പ്രത്യയശാസ്ത്രപരമായ ഭിന്നാഭിപ്രായങ്ങളെ മൃഗീയശക്തികൊണ്ട് അടിച്ചൊതുക്കുന്ന കിരാതവാഴ്ചയുടെ ഭയാനക ദൃശ്യങ്ങളാണ് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് അരങ്ങേറിയത്. മുഖംമൂടിയണിഞ്ഞ വലിയൊരു അക്രമിസംഘം ഇരുമ്പുദണ്ഡുകളും കൂടങ്ങളും ഹോക്കിസ്റ്റിക്കും

സൂസൈപാക്യം പിതാവിൻറെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കുക: മീഡിയ കമ്മീഷൻ

തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത അഭിവന്ദ്യ സുസൈപാക്യം പിതാവിൻറെ പേരിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരെ തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷൻ. സംഘപരിവാര്‍ അനുഭാവ പേജുകളിലാണ് വ്യാജ പോസ്റ്ററുകള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*