Breaking News

ദൈവഹിതം ജീവിതതത്വമാക്കി മടക്കം

എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ.”
ഈ വചനം അതിന്റെ പൂര്‍ണതയില്‍ ജീവിച്ച് ജീവിതവഴികളിലേക്ക് കടന്നുവന്ന സന്തോഷങ്ങളെയും സങ്കടങ്ങളെയും ശിരസുനമിച്ച് സ്വീകരിച്ച് ദൈവഹിതത്തെ പൂര്‍ണസമര്‍പ്പണത്തോടെ ഏറ്റെടുത്ത് തനിക്കുമുന്നേ നടന്നുനീങ്ങിയ സിസ്റ്റര്‍ ക്രിസ്റ്റബെല്‍ സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ സമചിത്തതയുടെ, ക്ഷമയുടെ മാതൃകയായി.
എറണാകുളം സെന്റ് തെരേസാസ് കോളജ് മുന്‍ പ്രിന്‍സിപ്പലും കേരള സിഎസ്എസ്ടി സന്ന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയറും കേരളത്തിലെ സിഎസ്എസ്ടി സ്ഥാപനങ്ങളുടെ മാനേജരും കെആര്‍എല്‍സിസി അംഗവുമായിരുന്ന സിസ്റ്റര്‍ ക്രിസ്റ്റബെല്‍ 2019 ഡിസംബര്‍ 24ന് കാക്കനാട് ചെമ്പുമുക്ക് അട്ടിപ്പേറ്റി നഗറിലുള്ള സിഎസ്എസ്ടി പ്രൊവിന്‍ഷ്യാല്‍ ഹൗസില്‍വച്ചാണ് അന്ത്യനിദ്രപ്രാപിച്ചത്. 64 വയസായിരുന്നു സിസ്റ്ററിന്.
വരാപ്പുഴ അതിരൂപത വടുതല സെന്റ് ആന്റണിസ് ഇടവകാംഗം ഇല്ലിപ്പറമ്പില്‍ പരേതരായ അഗസ്റ്റിന്റെയും എലിസബത്തിന്റെയും മകളായി 1955 സെപ്റ്റംബര്‍ രണ്ടിന് ക്രിസ്റ്റീന ജനിച്ചു. ദൈവത്തിന്റെ സ്വന്തമാകുവാനുറച്ച് 1975ല്‍ പ്രഥമ വ്രതവാഗ്ദാനവും 1982ല്‍ നിത്യവ്രതവാഗ്ദാനവും സ്വീകരിച്ചു. ഗുജറാത്ത് സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംഫില്‍ പൂര്‍ത്തിയാക്കി 1982ല്‍ സെന്റ് തെരേസാസ് കോളജ് ഗണിതശാസ്ത്ര വിഭാഗത്തില്‍ അധ്യാപികയായി 28 വര്‍ഷം സേവനം ചെയ്തു. ഈ കാലയളവില്‍ സിഎസ്എസ്ടി കേരള പ്രൊവിന്‍സിന്റെ സാമൂഹികശുശ്രൂഷയുടെ ചുമതല ദീര്‍ഘകാലം സിസ്റ്ററില്‍ നിക്ഷിപ്തായിരുന്നു. 2005 മുതല്‍ 2011 വരെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു. 2012 മുതല്‍ 2018 വരെ സിഎസ്എസ്ടി ജനറല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവില്‍ കേരള പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി തിരഞ്ഞെടുക്കപ്പെട്ടു. പ്രൊവിന്‍ഷ്യാല്‍ സ്ഥാനത്തിരുന്ന് എടുത്ത തീരുമാനങ്ങളും ആരംഭിച്ച പ്രവര്‍ത്തനങ്ങളും സമൂഹത്തെ പ്രഭാമയമാക്കി.
വരാപ്പുഴ അതിരൂപതയില്‍ 25 വര്‍ഷക്കാലം മതാധ്യാപികയായും 10 വര്‍ഷക്കാലം മതബോധന പ്രമോട്ടറായും ശുശ്രൂഷ ചെയ്തു. ഭാവിയില്‍ ലത്തീന്‍ സമുദായത്തിന് തിളക്കമാര്‍ന്ന വനിതാ പ്രതിഭകളെ നല്‍കാനുള്ള സാഹചര്യവും സിസ്റ്റര്‍ ഒരുക്കി. കെആര്‍എല്‍സിസിയുമായി ചേര്‍ന്ന് സിവില്‍ സര്‍വീസ് പരിശീലന പദ്ധതിക്ക് സെന്റ് തെരേസാസ് കോളജില്‍ അവസരമൊരുക്കി. 1995 കാലയളവില്‍ ‘തിരുബാലസഖ്യം’ നവോത്ഥാനത്തിനായി അതിരൂപതയുമായി കൈകോര്‍ത്ത് അക്ഷീണം പ്രയത്‌നിച്ചു. ഓള്‍ കേരള പ്രിന്‍സിപ്പല്‍ അസോസിയേഷന്റെ ട്രഷറര്‍, വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ കൗണ്‍സിലിലെ എക്‌സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങളും സിസ്റ്റര്‍ വഹിച്ചിട്ടുണ്ട്.
2009ല്‍ ഫാ. തിയോ മത്തിയാസ് അവാര്‍ഡിന് സിസ്റ്റര്‍ ക്രിസ്റ്റബെല്‍ അര്‍ഹയായി. കേരളത്തിലെ ഏറ്റവും മികച്ച പ്രിന്‍സിപ്പലിനുള്ള എം.വി.പൈലി അവാര്‍ഡ് 2010ല്‍ കരസ്ഥമാക്കി.
കണ്ടുമുട്ടിയവരോടൊക്കെ ഹൃദയത്തെ സ്‌നേഹത്താല്‍ ആലിംഗനം ചെയ്ത് കടന്നുപോയ സിസ്റ്റര്‍ ‘ഞാന്‍ പാവങ്ങളെ സ്‌നേഹിച്ചിരുന്നു’ എന്നറിയപ്പെടാനായിരുന്നു ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ തനിക്കു ലഭിച്ച പ്രശസ്തിപത്രങ്ങളോ പുരസ്‌കാരങ്ങളോ സ്ഥാനമാനങ്ങളോ ഒന്നും തന്റെ മരണശേഷം ട്രിബ്യൂട്ടില്‍ വായിക്കരുതെന്ന് സിസ്റ്റര്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു.
2019 സെപ്തംബര്‍ 16ന് ഗുരുതരമായ രോഗം ബാധിച്ചതായി മനസിലായെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് വിധേയയാകാതെ തന്റെ ഉത്തരവാദിത്വങ്ങളൊന്നും മാറ്റിവയ്ക്കാതെ കര്‍മ മണ്ഡലത്തില്‍ തന്നെ തുടരുകയായിരുന്നു. കാനോനിക സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം കാരയ്ക്കമണ്ഡപം കാര്‍മല്‍ നികേതന്‍ കോണ്‍വെന്റിലെ സന്ദര്‍ശന സമയത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചു. ഒക്‌ടോബര്‍ 25ന് രാജഗിരി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അര്‍ബുദബാധ സ്ഥിരീകരിച്ചു. ഒക്‌ടോബര്‍ 28നും നവംബര്‍ എട്ടിനുമായി രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയയായി. കീമോതെറാപ്പി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
‘എനിക്കു കുറച്ചുകൂടി ഉത്തരവാദിത്വങ്ങള്‍ ബാക്കിയുണ്ടല്ലോ’ എന്നായിരുന്നു കാന്‍സര്‍ ആണെന്നറിഞ്ഞതിനുശേഷമുള്ള സിസ്റ്ററിന്റെ ആദ്യപ്രതികരണം. അനുദിന ജീവിതത്തിലെ സഹനത്തിന്റെ ചെറുപാത്രങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചതിനാലാവണം ദൈവം തനിക്കായി കരുതിവച്ച സഹനത്തിന്റെ ഈ പാനപാത്രത്തെ അല്പംപോലും തൂവിപ്പോകാതെ ആവോളം നുകരുവാന്‍ സിസ്റ്ററിന് സാധിച്ചത്.
ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം സിസ്റ്റര്‍ ക്രിസ്‌ബെല്‍ സിഎസ്എസ്ടി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ക്രിസിന് അയച്ച ഒരു സന്ദേശം ഇങ്ങനെ: ‘സിസ്റ്റര്‍, ഞാന്‍ പ്രൊവിന്‍ഷ്യാല്‍ സ്ഥാനത്തുനിന്നും വിരമിക്കുവാന്‍ ആഗ്രഹിക്കുന്നു. അതിനായുള്ള കത്ത് ഉടന്‍ അയക്കുന്നതാണ്. പ്രൊവിന്‍സിന്റെ ഇനിയുള്ള ആവശ്യങ്ങളിലും ഞാന്‍ സഹായിച്ചുകൊള്ളാം.’ തന്റെ രോഗത്തിന്റെ യഥാര്‍ഥ അവസ്ഥ മനസിലാക്കിയതിനുശേഷമുള്ള ഓരോദിനവും മരണത്തെ മുഖാമുഖം ദര്‍ശിക്കുവാന്‍ സിസ്റ്റര്‍ തയ്യാറെടുത്തുകൊണ്ടിരുന്നു.
ആശുപത്രിക്കിടക്കയില്‍ തന്നെ സന്ദര്‍ശിക്കുവാന്‍ വന്ന ഏവരേയും സ്‌നേഹത്തോടും സ്വതസിദ്ധമായ പുഞ്ചിരിയോടും സ്വീകരിച്ച സിസ്റ്റര്‍ രോഗത്തെക്കുറിച്ച് ഒരിക്കലും സങ്കടപ്പെട്ടിരുന്നില്ല. എങ്കിലും തന്നെ സന്ദര്‍ശിച്ച സിസ്റ്റേഴ്‌സും ബന്ധുക്കളും മഠത്തിലെ വളര്‍ത്തുമക്കളും പൊട്ടിക്കരഞ്ഞപ്പോള്‍ അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സിസ്റ്റര്‍ വിഷമിച്ചിരുന്നു. തന്നെയോര്‍ത്ത് ആരും ആകുലപ്പെടുന്നതോ വേദനിക്കുന്നതോ സിസ്റ്ററിന് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല.
ദൈവഹിതമാകുന്നതെല്ലാം, കാന്‍സറോ, വൃക്ക തകരാറോ, ജീവനോ, മരണമോ എന്താണെങ്കിലും അത് നല്ലതിനാണെന്ന് സിസ്റ്റര്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. കടുത്ത വേദനയിലും ബോധംമറഞ്ഞുപോകുന്ന വേളയില്‍പ്പോലും തന്റെ പുഞ്ചിരി സിസ്റ്റര്‍ കാത്തുസൂക്ഷിച്ചിരുന്നു. സഭാസ്ഥാപക മദര്‍ തെരേസയുടെ വിശുദ്ധിയുടെ അടുത്ത പദവിയിലേക്ക് എത്തുന്നതിനുള്ള ഒരു വലിയ അത്ഭുതം സിസ്റ്ററിലൂടെ സംഭവിക്കുമെന്ന് പറഞ്ഞിരുന്നവരോടൊക്കെ അതിനൊക്കെയപ്പുറം ദൈവഹിതം മാത്രം നടക്കട്ടെയെന്ന് സിസ്റ്റര്‍ ഏറ്റു പറഞ്ഞിരുന്നു.
അി ല്ീഹ്ശിഴ ീൌഹ, മ യൃമ്‌ല ംമൃൃശീൃ, മ ുെശൃശൗേമഹ ംീാമി, മ ംീാമി ീള ളമശവേ ഇതൊക്കെയാണ് സിസ്റ്ററിനെ ശുശ്രൂഷിച്ച ഡോക്ടര്‍മാര്‍ സിസ്റ്ററിനു നല്‍കിയ പേര്. കാന്‍സറിനെയും മരണത്തെയും ഇത്രയ്ക്ക് ആത്മീയശക്തിയോടെ നേരിട്ട ഒരു വ്യക്തിയെ ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വൃക്ക തകരാറിലായതിനാല്‍ ഡയാലിസിസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ജീവിതം നീട്ടിയെടുക്കുന്നതിനുള്ള വിഫലശ്രമമാണെന്ന് പറഞ്ഞ് നിരസിച്ചെങ്കിലും ആറുപ്രാവശ്യം ഡയാലിസിസിന് വിധേയയായി. പിന്നീട് ഇനി ഡയാലിസിസ് വേണ്ടെന്ന തീരുമാനം കര്‍ശനമായി ഡോക്ടര്‍മാരെ സിസ്റ്റര്‍ അറിയിക്കുകയായിരുന്നു.
തന്റെ സിസ്റ്റേഴ്‌സിനോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കണമെന്ന ആഗ്രഹത്താല്‍ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ഡോക്ടര്‍മാരോട് സിസ്റ്റര്‍ ആവശ്യപ്പെടുകയും അതേ തുടര്‍ന്ന് 16ന് തിങ്കളാഴ്ച പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ തിരിച്ചെത്തുകയും ചെയ്തു.
തന്റെ നാഥന്റെ പക്കലേക്കുള്ള ഒരു മടക്കയാത്രയായി മാത്രമാണ് സിസ്റ്റര്‍ മരണത്തെ പരിഗണിച്ചത്. തന്നെ ശുശ്രൂഷിച്ചവര്‍ക്കൊക്കെ ആശ്വാസവചനങ്ങളും സ്വര്‍ഗത്തില്‍നിന്നുള്ള അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്ത സിസ്റ്റര്‍ 24-ാം തീയതി വൈകുന്നേരം ഉത്തമഗീതത്തെ ആസ്പദമാക്കി വിശുദ്ധ യോഹന്നാന്‍ എഴുതിയ ”ഓ സ്‌നേഹജ്വാലയെ എന്റെ ആത്മാവിനെ മൃദുവായ് മുറിച്ചെടുത്തു നീ” എന്ന ഗാനത്തിന്റെ അകമ്പടിയോടെ, ദൈവത്തോടുള്ള തീക്ഷ്ണമായ സ്‌നേഹത്തോടെ ക്രൂശിതരൂപം ആര്‍ത്തിയോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചുംബിച്ച് അതുവരെ അടഞ്ഞിരുന്ന കണ്ണുകള്‍ തന്റെ നാഥനെ ദര്‍ശിക്കാനെന്നപോലെ തുറന്ന്-കുടുംബാംഗങ്ങളുടെയും സിസ്റ്റേഴ്‌സിന്റെയും സാന്നിധ്യത്തില്‍ ശാന്തമായി ലോകത്തിനു മുന്നില്‍ മിഴികളടഞ്ഞു.
സിഎസ്എസ്ടി സഭയ്ക്ക് നികത്താനാവാത്ത വിടവ് സൃഷ്ടിച്ച് സിസ്റ്റേഴ്‌സിന്റെ ക്രിസ്തുമണി… ബന്ധുക്കളുടെ ക്രിസ്തു… വിദ്യാര്‍ഥികളുടെ കിച്ചു… തന്റെ നാഥന്റെ പക്കലേക്കു കടന്നുപോയി. ഇതുവരെയും ഉറക്കംപോലും മാറ്റിവച്ച് പ്രോവിന്‍സിനായി, വളര്‍ത്തുമക്കള്‍ക്കായി സിസ്റ്റര്‍ അക്ഷീണം യത്‌നിച്ചു.
രണ്ടുമാസമായി ചിറകു തളര്‍ന്നിരുന്ന അമ്മയ്ക്കരികെ മിഴിപൂട്ടാതെ മക്കള്‍ കാവലിരുന്നു. പിന്നീട് അമ്മ ഉറങ്ങിയ വീട്ടില്‍ ആര് ആരെ ആശ്വസിപ്പിക്കണമെന്നറിയാതെ മക്കള്‍ കൂട്ടിരുന്നു. ‘ഇനി ഞങ്ങള്‍ക്കാരുണ്ട്, അമ്മ പോയി… ഞങ്ങള്‍ ഒറ്റക്കായി’ വളര്‍ത്തുമക്കളുടെ കണ്ണീരുകലര്‍ന്ന വാക്കുകള്‍ അവിടമാകെ നിറഞ്ഞുനിന്നു. അപ്പോഴും സിസ്റ്റര്‍ മൗനത്തിലൂടെ ആവര്‍ത്തിച്ചു: ”ദൈവഹിതം ചെയ്യുന്നതെല്ലാം നന്മയ്ക്കായി.”
സിസ്റ്റര്‍ ക്രിസ്റ്റബെല്‍, സംശയമില്ല, പേരിലും ഹൃദയത്തിലും ക്രിസ്തുവിനെ വഹിച്ചവള്‍. സഹോദരന് ഒരു വൃക്ക പകുത്തുനല്കിയ സിസ്റ്റര്‍ ക്രിസ്തുവിന്റെ മുറിയപ്പെടുന്ന സ്‌നേഹത്തിന്റെ മാതൃകയാവുകയായിരുന്നു.
ഏതൊരു ജീവിതത്തിന്റെയും അത്യുന്നതി മരണത്തിന്റെ വക്കിലും ദൈവഹിതത്തിനു കീഴ്‌വഴങ്ങുന്നതിനുള്ള ആത്മശാന്തി ഉണ്ടാവുക എന്നതായിരിക്കെ നിറപുഞ്ചിരിയോടെ മരണത്തെയും തോല്പിച്ചവളായി.
സ്വര്‍ഗത്തില്‍ നമുക്കായി മധ്യസ്ഥ്യംവഹിക്കാന്‍ നമ്മെ പൂര്‍ണമായി അറിയുന്ന ഒരാള്‍കൂടി ചേര്‍ക്കപ്പെട്ടു. ജ്വലിച്ചു ജ്വലിപ്പിച്ചു മൃദുലമായി അമ്മ കടന്നുപോയി. കൂടെയുണ്ടായവരും കൂട്ടായുണ്ടായവരും സഹനത്തിന്റെ പാനപാത്രം കടന്നുപോകട്ടെയെന്ന് പ്രാര്‍ഥിച്ചപ്പോള്‍ ആ പാനപാത്രം ഹൃദയത്തോട് ചേര്‍ത്തുപിടിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ഥിച്ചവള്‍. സ്‌നേഹത്തെ മുന്‍നിര്‍ത്തിയുള്ള വിധിയുടെനാളില്‍ ദൈവത്തിന്റെ വലംഭാഗത്ത് സ്‌നേഹത്തിന്റെ സാക്ഷിയായി സിസ്റ്റര്‍ ക്രിസ്റ്റബെല്‍ നില്ക്കുമെന്നതില്‍ സംശയമില്ല.


Related Articles

ശുദ്ധീകരണസ്ഥലത്തുനിന്നു വരുന്ന അതിഥികള്‍

ശീതകാലത്തെ ഒരു സായംസന്ധ്യാനേരത്ത് പാദ്രെ പിയോ തന്റെ മുറിയില്‍ പ്രാര്‍ഥന നിരതനായി കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ആരോ തന്റെയടുത്ത് വന്നിരിക്കുന്നു എന്നദ്ദേഹത്തിന് തോന്നി. കണ്ണുതുറന്നപ്പോള്‍ കണ്ടത്

ഫോര്‍ട്ടുകൊച്ചി-ചെല്ലാനം തീരസംരക്ഷണ ജനകീയരേഖ

കേരള റീജ്യന്‍ ലാറ്റിന്‍  കാത്തലിക് കൗണ്‍സിലിന്റെ  കീഴിലുള്ള കോസ്റ്റല്‍ ഏരിയ  ഡെവലപ്മെന്റ് ഏജന്‍സി  ഫോര്‍ ലിബറേഷന്‍ (കടല്‍)  കൊച്ചി, ആലപ്പുഴ രൂപതകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍  പൊതുചര്‍ച്ചയ്ക്കായിഅവതരിപ്പിച്ചത്

കാലവര്‍ഷക്കെടുതിയില്‍ കൈത്താങ്ങായി കത്തോലിക്കാസഭയും

പുനലൂര്‍ കാരിത്താസ് ഇന്ത്യയുടെയും പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും സംയുക്ത നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു. ആറന്മുള്ള, മല്ലപ്പുഴശേരി, വെണ്‍മണി, കൊഴുവല്ലൂര്‍, ചെറിയനാട്, പുലിമേല്‍, തഴവ എന്നിവിടങ്ങളിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*