Breaking News

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി ദൈവദാസ പദത്തിലേക്ക്

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി ദൈവദാസ പദത്തിലേക്ക്

 

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി നാമകരണം ചെയ്യുന്നു. ആ പുണ്യസ്മരണാര്‍ഹന്റെ 50-ാം ചരമവാര്‍ഷികമായ ജനുവരി 21ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലാണ് സാര്‍വത്രിക കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണനടപടികളുടെ ആദ്യഘട്ടമായ ദൈവദാസ പ്രഖ്യാപനം.
നാമകരണത്തിനുള്ള കാനോനിക നടപടികള്‍ക്ക് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം അടക്കം ചെയ്തിട്ടുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ 21ന് വൈകുരേം അഞ്ചിന് അര്‍പ്പിക്കുന്ന അനുസ്മരണബലിമധ്യേ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി സുവിശേഷപ്രഘോഷണം നടത്തും. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും.
മലബാര്‍ വികാരിയാത്തിലെ പ്രഥമ വികാരി അപ്പസ്‌തോലിക്കയില്‍ നിന്നു തുടങ്ങുന്ന 275 വര്‍ഷത്തെ വിദേശ കര്‍മലീത്താ മിഷനറി മേലധ്യക്ഷന്മാരുടെ അജപാലന പാരമ്പര്യമുള്ള വരാപ്പുഴയില്‍ ഒരു യുഗപരിവര്‍ത്തനത്തിനു നാന്ദികുറിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് 15 വര്‍ഷം മുന്‍പ്, 1932 നവംബര്‍ 29ന്, പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി നിയമിതനായ ഡോ. അട്ടിപ്പേറ്റി അതിരൂപതയുടെ നൂതനശില്പി എന്ന നിലയില്‍ 37 വര്‍ഷം സമൂഹത്തിന് അര്‍പ്പിച്ച ഉജ്വല സേവനങ്ങള്‍ക്കു നന്ദിയര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ധീരമായ വിശ്വാസസാക്ഷ്യവും ആധ്യാത്മിക സുകൃതങ്ങളും പുണ്യസുരഭിലമായ ജീവിതവിശുദ്ധിയും മുന്‍നിര്‍ത്തിയാണ് നാമകരണ നടപടികള്‍ ആരംഭിക്കുന്നത്.
കാനൊനൈസേഷന്‍ വിദഗ്ധനായ കപ്പുച്ചിന്‍ സഭാഗം ഫാ. ആന്‍ഡ്രൂസ് അലക്‌സാണ്ടര്‍ പോസ്റ്റുലേറ്റര്‍ എന്ന നിലയില്‍ നടത്തിയ വിശദമായ പഠനങ്ങളുടെരേഖകള്‍ വിലയിരുത്തിയാണ് വത്തിക്കാന്‍ സംഘം നാമകരണ നടപടികള്‍ക്ക് നിഹില്‍ ഒബ്‌സ്താത് സ്ഥിരീകരണം നല്‍കിയത്. അതിരൂപതാതലത്തില്‍ നാമകരണ നടപടിയുമായി മുന്നോട്ടുപോകാനുള്ള ട്രൈബ്യൂണല്‍ കാനോനികമായി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ രൂപീകരിക്കും.
വൈപ്പിന്‍കരയിലെ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ അട്ടിപ്പേറ്റി മാത്യുവിന്റെയും റോസയുടെയും രണ്ടാമത്തെ മകനായി 1894 ജൂണ്‍ 25ന് ജുസെ ജനിച്ചു. റോമില്‍ വച്ച് 1926 ഡിസംബര്‍ 18ന് പൗരോഹിത്യം സ്വീകരിച്ചു. വരാപ്പുഴ അതിരൂപതയിലെ അവസാനത്തെ യൂറോപ്യന്‍ കര്‍മലീത്താ മെത്രാപ്പോലീത്ത ഡോ. എയ്ഞ്ചല്‍ മേരി തന്റെ സെക്രട്ടറിയും അതിരൂപതാ ചാന്‍സലറുമായി നിയമിച്ച ഡോ. അട്ടിപ്പേറ്റി 1932 നവംബര്‍ 29ന് കോഅജുത്തോര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായി. കര്‍ത്താവിന്റെ കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും പത്തൊന്‍പതാം ശതാബ്ദി ജൂബിലിയുടെ ഭാഗമായി പതിനൊന്നാം പീയൂസ് പാപ്പാ 1933 ജൂണ്‍ 11ന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അട്ടിപ്പേറ്റിയെ ചൈനക്കാരായ നാലു നിയുക്തമെത്രാന്മാര്‍ക്കൊപ്പം അഭിഷേകം ചെയ്തു. അന്ന് അദ്ദേഹത്തിന് 39 വയസ് – ഇന്ത്യ, ബര്‍മ്മ, സിലോണ്‍ എന്നിവ ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വൈദികമേലധ്യക്ഷനും ഇന്ത്യയിലെയും തെക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെയും ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയുമായിരുന്നു അദ്ദേഹം.
റോമില്‍ ജൊവാന്നി ബത്തിസ്ത മൊന്തീനിയുടെ (വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ) സഹപാഠിയായിരുന്ന ഡോ. അട്ടിപ്പേറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലു സെഷനിലും പങ്കെടുത്തു. എഴുപത്തഞ്ചാം വയസില്‍, 1970 ജനുവരി 21ന് ദിവംഗതനായി. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ അടക്കം ചെയ്ത ഭൗതികദേഹം ദേവാലയം പുതുക്കിപ്പണിതപ്പോള്‍ അള്‍ത്താരയ്ക്കു പിന്നിലായി തെക്കുവശത്തുള്ള ക്രിപ്റ്റിലെ സ്മൃതിമണ്ഡപത്തിലേക്കു മാറ്റി.
പുണ്യശ്ലോകന്റെ അന്‍പതാം ചരമവാര്‍ഷികാനുസ്മരണത്തോടൊപ്പം നടക്കുന്ന നാമകരണ സമാരംഭത്തിന് ഒരുക്കമായി ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ രക്ഷാധികാരിയും, അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം എന്നിവര്‍ ചെയര്‍മാന്മാരും, സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ റെക്ടര്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ ജനറല്‍ കണ്‍വീനറും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് ജോയിന്റ് ജനറല്‍ കവീനറുമായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ യഥാക്രമം: റിസപ്ഷന്‍ കമ്മിറ്റി: ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, അഡ്വ. വി.എ. ജെറോം. ലിറ്റര്‍ജി: ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോര്‍ജ് ലിനീഷ് ജോസ് മനക്കില്‍. മൊബിലൈസേഷന്‍: ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, സി.ജെ. പോള്‍. വോളന്റിയര്‍: ഫാ. ജിജു ക്ലീറ്റസ് തിയാടി, അഡ്വ. ആന്റണി ജൂഡി. റിഫ്രഷ്‌മെന്റ്: ഫാ. അനില്‍ ആന്റണി തെരുവില്‍, സിജോ (കത്തീഡ്രല്‍ ബിസിസി സെന്‍ട്രല്‍ കമ്മിറ്റി ലീഡര്‍). മെഡിക്കല്‍: ഫാ. ഷൈജു തോപ്പില്‍, സാബു ജോര്‍ജ്. മീഡിയ: ഫാ. സോജന്‍ മാളിയേക്കല്‍, ജെക്കോബി. ഡോക്യുമെന്റേഷന്‍: അതിരൂപതാ ഹെരിറ്റേജ് കമ്മിഷന്‍.


Related Articles

അരികുവൽക്കരിക്കപ്പെട്ടവരുടെ കൈത്താങ്ങായി ജനപ്രതിനിധികൾ മാറണം ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി: സമൂഹത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരായി തീരേണ്ടവരാണ് ജനപ്രതിനിധികളെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച

സെബീന ടീച്ചറിന്റെ അനുഗ്രഹം – അജിത്കുമാര്‍ ഗോതുരുത്ത്

  2020 ജൂണ്‍ 22ന് സെബീന ടീച്ചര്‍ വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയായി. ടീച്ചറിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ഒരാളാണ് ഞാന്‍. ടീച്ചറിന്റെ തറവാടുമായി ഞങ്ങളുടെ കുടുംബത്തിനു

കൊല്ലരുതേ!

  സഹായരായ ശിശുക്കളെ അമ്മയുടെ ഉദരത്തില്‍ തന്നെ വധിക്കുന്നതിനുള്ള നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള ഭേദഗതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ഗര്‍ഭഛിദ്രം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*