Breaking News

ഡോ. ഗാസ്പര്‍ സന്യാസി

ഡല്‍ഹിയില്‍ കലാപത്തിന് തിരികൊളുത്തിയത് ആര് എന്ന ചോദ്യം ബാക്കിയാകുന്നു. 47 ജീവനുകള്‍ പൊലിഞ്ഞുവെന്ന സത്യത്തിന് നേരെ കണ്ണടയ്ക്കാനാകില്ല. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ വാക്‌പോര് മുറുകുമ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് ജസ്റ്റിസ് മുരളീധരന്‍ ഉയര്‍ത്തിയ ചോദ്യം ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്കുനേരെയുള്ള നീതിയുടെ സ്വരം തന്നെയാണ്. രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു? ഇനിയും ആരുടെ ഉത്തരവിനുവേണ്ടിയാണ് നിങ്ങള്‍ കാത്തുനിന്നത് എന്ന ചോദ്യത്തിന് ഭരണത്തിലുള്ള ആരും ഉത്തരം കൊടുത്തില്ല. കൊളീജിയത്തിന്റെ ശുപാര്‍ശ നേരത്തെയുണ്ടായിരുന്നുവെന്ന സാങ്കേതികത്വത്തില്‍പ്പിടിച്ച് ജസ്റ്റിസ് മുരളീധരനെ സ്ഥലം മാറ്റിയെന്നതു മാത്രമാണ് സംഭവിച്ചത്. രായ്ക്ക്‌രാമാനം സ്ഥലംമാറ്റി വിടാന്‍ മാത്രം, പഞ്ചാബ് ഹൈക്കോടതിയില്‍ എന്ത് അത്യാഹിത സന്ദര്‍ഭമാണ് ഉണ്ടായത് എന്ന ചോദ്യം, ജനാധിപത്യം ഇനിയും അസ്തമിക്കാത്ത നാട്ടില്‍ ചോദിക്കാമെന്നു തോന്നുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ഈ നാട്ടില്‍ ഉണ്ടായിരുന്ന ദിവസങ്ങളിലാണ് കലാപത്തിന്റെ ആദ്യത്തെ കനല്‍ വീണത്. ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് ട്രംപ് പ്രതികരിച്ചത്. രാഷ്ട്രത്തലവന്മാര്‍ പാലിക്കുന്ന നയതന്ത്ര പക്വതയുടെയും മിതത്വത്തിന്റെയും ഉത്തരമെന്നു പ്രകീര്‍ത്തിക്കപ്പെടുമെങ്കിലും ‘നമോ ട്രംപ്’ പരിപാടി ‘ഹൗഡീ മോഡി’ പരിപാടിക്കുള്ള മറുപടി മാത്രമായിക്കാണുന്ന സന്ദര്‍ശനത്തില്‍, ലോകത്തിലെ ശക്തമായ ജനാധിപത്യ രാജ്യത്തിന്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് എന്തെങ്കിലും അധികമായിക്കൂടി പറയാനുണ്ടാകേണ്ടതായിരുന്നു. ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെപ്പറ്റി അമേരിക്കയില്‍ ഉയര്‍ന്ന ഉത്ക്കണ്ഠയെപ്പറ്റി മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ വര്‍ത്തമാനങ്ങളുണ്ടായി എന്ന വാര്‍ത്ത വന്നിരുന്നു. വിശദാംശങ്ങള്‍ പക്ഷേ ലഭ്യമായില്ല. ഡിസംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, ഇന്ത്യന്‍ ഭരണകൂടത്തിന് കൂടുതലായി ഇടപെടാനാകുമെന്ന് ട്രംപ് കരുതുന്നുണ്ടാകുമോ? അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബെര്‍ണി സാന്‍ഡേഴ്‌സ്, ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ പ്രസിഡന്റ് പുലര്‍ത്തിയ കുറ്റകരമായ മൗനത്തെ വിമര്‍ശിച്ചിരുന്നു. നേതൃത്വത്തിന്റെ പരാജയം എന്നാണ് സാന്റേഴ്‌സ് പറഞ്ഞത്. ഇതിനെതിരെ ട്വിറ്ററിലൂടെ മറുപടി പറഞ്ഞ ബിജെപി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ ബി.എല്‍. സന്തോഷ്, സാന്‍ഡേഴ്‌സിനെ നിശിതമായി വിമര്‍ശിക്കുക മാത്രമല്ല, തെരഞ്ഞെടുപ്പില്‍ ഇടപെട്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മാത്രം സ്വാധീനം ചെലുത്താന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശമുയര്‍ന്നപ്പോള്‍ ബി.എല്‍.സന്തോഷ് തന്റെ ട്വീറ്റിലൂടെ പിന്‍വലിക്കുകയും ചെയ്തു. ആഗോളതലത്തില്‍ സ്വാധീനം ചെലുത്താന്‍ രാജ്യാതിര്‍ത്തികള്‍കടന്ന് വലതുപക്ഷ ചിന്താഗതിക്കാര്‍ ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ ട്വിസ്റ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. ബെര്‍ണീ സാന്‍ഡേഴ്‌സ് പലപ്പോഴായി പറഞ്ഞ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയെ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ചിന്താഗതികളിലും സ്വാധീനത്തിലും രൂപപ്പെട്ട ജനാധിപത്യരാഷ്ട്രമായി കാണാനാണ് അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നതെന്ന സാന്റേഴ്‌സിന്റെ പരാമര്‍ശം ചില്ലറ അസ്വസ്ഥതയല്ല ബിജെപി നേതാക്കള്‍ക്ക് നല്‍കിയത്. സബര്‍മതി ആശ്രമം ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റും പ്രഥമ വനിതയും സന്ദര്‍ശക ഡയറിയില്‍ കുറിച്ച വാക്യങ്ങളില്‍ ഗാന്ധിയുണ്ടായിരുന്നില്ലായെന്നതും മോദി മാത്രം നിറഞ്ഞിരുന്നുവെന്നതും യാദൃശ്ചികമല്ല. ഇത് ലോകത്ത് രൂപപ്പെട്ടുവരുന്ന പൊളിറ്റിക്കല്‍ മെറ്റഫര്‍ തന്നെയാണ്. ഗാന്ധിയുടെ ആശ്രമത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളെപ്പറ്റി ഗാന്ധി കുടുംബത്തില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പുകയുന്നതായി വാര്‍ത്തകളുണ്ടല്ലോ. ഗാന്ധിജി എന്ന വലിയ അടയാളത്തെ ഭാരതത്തിലെ സമകാലീന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവരവര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍, നിലവിലെ ഭരണകര്‍ത്താക്കള്‍ക്ക് ഉപദ്രവങ്ങളുണ്ടാകാത്തവിധം വ്യാഖ്യാനിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ എമ്പാടും നടക്കുന്നുണ്ട്. വഴങ്ങാത്ത ഗാന്ധിയെ വ്യാഖ്യാനിച്ച് പരുവപ്പെടുത്തുന്ന കാലത്ത് ഗാന്ധിയെക്കുറിച്ചുള്ള ട്രംപിന്റെ മൗനം അത്ര നിഷ്‌ക്കളങ്കമല്ലായെന്ന് സൂചിപ്പിക്കുന്നതാണ് മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിയും അഹമ്മദാബാദില്‍ നടന്ന റോഡ്‌ഷോയും. ഗാന്ധിയുടെ നാട്ടില്‍ ഗാന്ധിസുക്തങ്ങള്‍ക്കല്ല, മോദിസുക്തങ്ങള്‍ക്കാണ് ഊന്നല്‍കൊടുക്കേണ്ടതെന്ന് ട്രംപ് പറയാതെ പറയുന്നുണ്ട്. ഇന്ത്യയും അമേരിക്കയും ഒപ്പിട്ട ആയുധക്കച്ചവട കരാറില്‍, അല്ലെങ്കില്‍ത്തന്നെ ഗാന്ധിയുടെ രാഷ്ട്രീയ-ധാര്‍മിക സങ്കല്പങ്ങള്‍ക്ക് എന്തുപ്രസക്തി! ആഗോളരാഷ്ട്രീയത്തില്‍ ഗാന്ധിയല്ല, വലതുപക്ഷ നിലപാടുകളാണ് മേല്‍ക്കൈ നേടേണ്ടത് എന്ന കാഴ്ചപ്പാടിനൊപ്പം ഇന്ത്യയും നിലയുറപ്പിക്കുന്നുവെന്ന് ഏറ്റവും കുറഞ്ഞത് ഭരണപക്ഷ പാര്‍ട്ടിയെങ്കിലും ഉച്ചത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞവര്‍ഷം ബ്രിട്ടന്‍, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തോടും ബിജെപിയുടെ വിദേശകാര്യസെല്ലിനോടും ചില പരാതികള്‍ പറഞ്ഞിരുന്നു. പരാതിയുടെ കാമ്പ് ഇതായിരുന്നു: ജമ്മുകാശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഗവണ്‍മെന്റ് നടപടിയെ വിമര്‍ശിച്ച ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിക്ക് ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ അവിടെ താമസിക്കുന്ന ഇന്ത്യക്കാര്‍ വോട്ടു നല്കരുതെന്നായിരുന്നു പാര്‍ട്ടിയുടെ വിപ്പ് നല്കല്‍! രാഷ്ട്രീയ ധാര്‍മികതയുടെ ഈ പോക്കിനെയാണ് ബെര്‍ണീ സാന്‍ഡേഴ്‌സും വിമര്‍ശിക്കുന്നത്. പറഞ്ഞുവന്നത് ഡല്‍ഹിയില്‍ നടന്ന കലാപവും ജീവഹാനിയും ആഗോളതലത്തില്‍ വലിയ ഉത്ക്കണ്ഠകള്‍ക്ക് കാരണമായിട്ടുണ്ട് എന്നതാണ്.
ഡല്‍ഹിയില്‍ നടന്ന കലാപത്തെപ്പറ്റി പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഡല്‍ഹിക്കുപുറത്ത് നടന്ന വലിയ പരിപാടികളില്‍ പരാമര്‍ശങ്ങളേ നടത്തിയില്ല എന്നത് ഖേദകരമാണ്. കൊല്‍ക്കത്തയില്‍ നടന്ന പൊതുയോഗത്തില്‍ ഷായും ഛത്തീസ്ഗഡില്‍ മോദിയും പങ്കെടുത്തിരുന്നു; വന്നെത്തിയ ജനക്കൂട്ടത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഇളക്കിമറിച്ചിരുന്നു. ഇന്ത്യയുടെ മതേതര മനസിന് പരിക്കേല്ക്കുകയും സ്വസ്ഥമായി ജീവിക്കാനാഗ്രഹിക്കുന്ന പൗരസമൂഹത്തെ സാമൂഹ്യവിരുദ്ധര്‍ കടന്നാക്രമിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യ സംവിധാനത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന ക്രിയാത്മകമായ ഇടപെടലും, നിയമപരമായ പരിരക്ഷകളും ഡല്‍ഹിയില്‍ ഉണ്ടായില്ല. ഈ നിഷ്‌ക്രിയതയെക്കുറിച്ച് ഉയര്‍ത്തുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളുമാണ് രാജ്യദ്രോഹമെന്ന് അധിക്ഷേപിക്കപ്പെടുന്നത്. ജനാധിപത്യപരമായ ഉത്കണ്ഠകള്‍ക്ക് സ്ഥലമനുവദിക്കാത്ത പരിസരങ്ങളെയാണ് ഫാസിസമെന്ന് വിശേഷിപ്പിക്കുന്നത്. വിരുദ്ധാഭിപ്രായങ്ങള്‍ പറയുന്നവരെ വെടിവച്ചുകൊല്ലണമെന്നു പറയുന്നവര്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഈ നാട്ടില്‍ ഇപ്പോള്‍ ബാധിക്കുന്നതേയില്ല. കലാപങ്ങള്‍ നടക്കുന്നിടത്ത് തോക്കുകളും ബോംബുകളും കൂടുതലായി പ്രയോഗിക്കപ്പെടുന്നുണ്ട്. ഡല്‍ഹി കലാപത്തിന്റെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍, കൊല്ലപ്പെട്ടവരുടെ മരണകാരണങ്ങളില്‍ കൂടുതലും വെടിയേറ്റുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കിയായിരുന്നല്ലോ പറഞ്ഞത്.
ഡല്‍ഹി കലാപത്തെപ്പറ്റി ചട്ടപ്പടി അന്വേഷണം നടക്കുന്നുണ്ട്. രാഷ്ട്രീയ താല്പര്യങ്ങള്‍ മറനീക്കി പുറത്തെത്തുമ്പോള്‍ കുറ്റക്കാരെ നിയമത്തിനുമുന്നിലെത്തിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും. അല്ലെങ്കില്‍ത്തന്നെ, കുറുന്തോട്ടിക്ക് വാതം പിടിപെടുന്ന കാലത്ത്, നീതിനിഷേധിക്കപ്പെട്ടവര്‍ക്ക് നീതിനടപ്പിലാക്കിക്കിട്ടാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് കാത്തിരുന്നു കാണാം.


Tags assigned to this article:
dlhi riots

Related Articles

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍ ഭാര്യ: അപ്പോ ഏട്ടന് ടേബിള്‍മാനേഴ്‌സ് ഒക്കെ അറിയാമല്ലേ ? ഭര്‍ത്താവ്: അതെന്താ നീ അങ്ങനെ ചോദിച്ചത് ? ഭാര്യ: അല്ല ചേട്ടന്‍ ഇവിടെ വേയ്സ്റ്റ്

ഡിസംബർ 6 ലത്തീൻ കത്തോലിക്ക സമുദായദിനം

സഹോദരന്റെ കാവലാളാകുക   സ്വന്തം ഏകാന്തതകൾക്ക് കാവൽക്കാരനാകാനാണ് കോവിഡ് കാലം നമ്മെ നിർബന്ധിച്ചത്. കൊറന്റയിൻ എന്നു പറഞ്ഞാൽ എല്ലാവരിൽ നിന്നും അകന്ന് ഒറ്റക്കാകുക എന്നതാണല്ലോ? ഈ കാലത്തെ

ഓഖി: മൂന്ന് ഭവനങ്ങളുടെ ആശീര്‍വാദം നിര്‍വഹിച്ചു

കോട്ടപ്പുറം: ഓഖിചുഴലിക്കാറ്റില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് കോട്ടപ്പുറം ഇന്റര്‍ഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്)യും കെസിബിസിയും സംയുക്തമായി കാര, എറിയാട്, അഴീക്കോട് എന്നീ സ്ഥലങ്ങളില്‍ മൂന്ന് പുതിയ ഭവനങ്ങള്‍ നിര്‍മിച്ചു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*