നിന്റെ മഹത്വം എന്നെയും കാണിക്കണമേ: ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ

നിന്റെ മഹത്വം എന്നെയും കാണിക്കണമേ: ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ

റവ. ഫാ. മിഥിൻ കാളിപ്പറമ്പിൽ

 

നിന്റെ മഹത്വം എന്നെയും കാണിക്കണമേ

യേശുവിന്റെ വചനങ്ങള്‍ ശ്രവിക്കുവാന്‍ ജനങ്ങള്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തുകൂടുന്നതും തീരത്തുണ്ടായിരുന്ന ശിമയോന്റെ വള്ളം ഈശോ വചനപ്രഘോഷണത്തിന്റെ വേദിയാക്കി മാറ്റുന്നതും, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്ന ശിമയോനോട് ആഴത്തിലേക്കു നീക്കി വലയിറക്കുവാന്‍ ഈശോ ആവശ്യപ്പെടുന്നതും അവര്‍ക്കു താങ്ങാവുന്നതിലും അധികം മത്സ്യക്കൂട്ടങ്ങളെ ലഭിക്കുന്നതുകണ്ട ശിമയോന്‍ പത്രോസ് യേശുവിന്റെ കാല്‍ക്കല്‍ വീണു താന്‍ പാപിയാണെന്നും തന്നില്‍ നിന്നു അകന്നു പോകണമേ എന്നു പറയുന്നതും തുടര്‍ന്നു വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചശേഷം പത്രോസും കൂട്ടരും യേശുവിനെ അനുഗമിക്കുന്നതുമാണ് ഇന്നത്തെ സുവിശേഷ ഭാഗം.

ഒരു രാത്രി മുഴുവന്‍ പണിയെടുത്തു തനിക്കറിയാവുന്ന ടെക്‌നിക്കുകളെല്ലാം മുക്കുവശ്രേഷ്ഠനായ ശിമയോന്‍ പത്രോസ് ഉപയോഗിച്ചു എന്നിട്ടും ഒരു കുഞ്ഞു മത്സ്യം പോലും പത്രോസിനും കൂട്ടര്‍ക്കും കിട്ടിയില്ല. അങ്ങനെ നിരാശപ്പെട്ട് കരയിലേക്കു മടങ്ങി വന്നപ്പോഴാണ് ഒരാള്‍ തന്റെ വള്ളമുപയോഗിച്ച് സുവിശേഷപ്രഘോഷണം നടത്തുന്നത്. അയാള്‍ പറഞ്ഞതനുസരിച്ച് പട്ടാപകല്‍ വലയിറക്കിയപ്പോഴോ? കിട്ടിയ മത്സ്യത്തിന്റെ ആധിക്യം കണ്ട് പത്രോസിന്റെയും കൂട്ടരുടേയും കണ്ണു തള്ളിപ്പോയി. ഇതൊരു അത്ഭുതമാണെന്നും തന്റെ മുമ്പില്‍ വന്നു നില്‍ക്കുന്നയാള്‍ ദൈവീകനാണെന്നും പത്രോസിനു മനസിലായി. അപ്പോഴേക്കും പത്രോസിന്റെ ഉള്ളിലെ പാപബോധം ഉണര്‍ന്നു. പിന്നെ ഒന്നും നോക്കിയില്ല. ഈശോയുടെ കാല്‍ക്കലേക്കു ഒരൊറ്റ വീഴ്ചയായിരുന്നു. പോരാത്തതിന് കര്‍ത്താവേ ഞാന്‍ പാപിയാണ,് എന്നില്‍ നിന്നകന്നു പോകണമേ എന്നൊരു ഏറ്റുപറച്ചിലും ദൈവീകതയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഏതൊരു സാധാരണക്കാരനും തന്റെ കുറവിനെക്കുറിച്ചും അയോഗ്യതയെക്കുറിച്ചും വളരെപ്പെട്ടെന്നു മനസിലാക്കും പരിതപിക്കും.

എസെക്കിയിലേല്‍ പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായം എടുക്കുക കേബാര്‍ നദീതീരത്തുവച്ചു എസെക്കിയേലിനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി ആദ്യം അദ്ദേഹം കാണുന്നത് സ്വര്‍ഗത്തിലെ വിവിധങ്ങളായ ജീവിതങ്ങളെയും അവിടുത്തെ ചില വസ്തുക്കളുമൊക്കെയാണ്. അപ്പോള്‍ അദ്ദേഹം ശക്തനായിരുന്നു. എന്നാല്‍ ദൈവിക സിംഹാസനവും സിംഹാസനത്തിലുള്ള കര്‍ത്താവിന്റെ രൂപവും ദര്‍ശിച്ച മാത്രയില്‍ അദ്ദേഹം കമിഴ്ന്നു വീണു. പിന്നീട് ഒരു സ്വരമാണ് പ്രവാചകനെ എഴുന്നേല്‍പ്പിക്കുന്നത്.
ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ഇന്നത്തെ ഒന്നാം വായന ശ്രദ്ധിച്ചു നോക്കുക. ഉസിയാ എന്നു പറയുന്ന യുദാ രാജാവ് മരിച്ച വര്‍ഷം ദൈവമായ കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതും ദൈവിക മഹത്വവും പ്രവാചകന്‍ കാണുന്നു. പിന്നെ തന്റെ പാപാവസ്ഥയെപ്പറ്റി പശ്ചാത്തപിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം വിലപിക്കുകയാണ്. എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാല്‍ സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരുന്നു.

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ ഒരിക്കല്‍ അവള്‍ പ്രാര്‍ഥനയിലായിരിക്കുമ്പോള്‍ ദൈവിക സിംഹാസനത്തിനു മുമ്പിലേക്കു എടുക്കപ്പെടുന്നതായി എഴുതിവച്ചിട്ടുണ്ട്. അവള്‍ അവിടെ ഭയന്നു വിറയ്ക്കുകയാണ്. അവളുടെ ഓരോ ചെറിയ അപൂര്‍ണ്ണതകള്‍ പോലും ആ ദൈവിക പ്രകാശനത്തിനു മുമ്പില്‍ വെളിപ്പെട്ടു. കാരണം അശുദ്ധമായതെന്തെങ്കിലുമുണ്ടെങ്കില്‍ അതിന് ദൈവസന്നിധിയില്‍ നിലനില്‍ക്കാനാവില്ല.

തവണ നമ്മുടെ ദേവാലയങ്ങളിലും ചാപ്പലുകളിലുമൊക്കെ പ്രവേശിക്കുമ്പോള്‍ അവിടെയുള്ള ദൈവിക സാന്നിധ്യത്തെ മനസിലാക്കി നാം നമ്മുടെ പാപങ്ങളോര്‍ത്തു ചങ്കിലിടിക്കേണ്ടതല്ലേ. എന്നാലങ്ങനെയാണോ സംഭവിക്കുന്നത്. ഓരോ ദേവാലയത്തിലും നമ്മെ കാത്തിരിക്കുന്ന ഈശോയുണ്ട് എന്ന് ചിന്തിക്കുകപോലും ചെയ്യാതെ എത്ര അശ്രദ്ധമായാണ് ചില അവസരങ്ങളില്‍ നാം നമ്മുടെ ദൈവത്തിന്റെ മുന്‍പില്‍ പെരുമാറുകയും ഒരു ആചാരമെന്ന കണക്കേ അവിടുത്തെ സ്വീകരിച്ചു ഞൊടിയിടയില്‍ സ്ഥലം വിടുകയും ചെയ്യുന്നത്.

രോഗികളും വൃദ്ധരുമായവര്‍ക്കു വിശുദ്ധ കുര്‍ബാന കൊടുക്കുവാന്‍ പോകുമ്പോള്‍, ‘കര്‍ത്താവേ ഞാന്‍ പാപിയാണേ’ എന്നു വിശുദ്ധ കുര്‍ബാന കൊടുക്കുവാന്‍ പോകുന്ന വേളയില്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന കുറച്ചു വൃദ്ധരെ കണ്ടിട്ടുണ്ട്. അതൊരു ‘ഷോ’ (Show) ആണെന്നാണ് ആദ്യം തോന്നിയിട്ടുള്ളത്. പിന്നീട് മനസിലായി അവര്‍ ദൈവത്തിന്റെ മഹത്വത്തെയും തങ്ങളുടെ കുറവുകളെയും കൂടുതല്‍ മനസിലാക്കുന്നതുകൊണ്ടാണ് അങ്ങനെ പ്രഘോഷിക്കുന്നതെന്ന.് ദൈവമേ ഞാന്‍ പാപിയാണ്, എന്റെ വലിയ പിഴ എന്നു പറഞ്ഞ് ഓരോ തവണ ദേവാലയത്തില്‍ പ്രവേശിക്കുമ്പോഴും പറയാന്‍ തക്കവിധം ദേവാലയത്തിലെ നിന്റെ മഹത്വം മനസിലാക്കാന്‍ എന്റെ ബുദ്ധിയേയും മഹത്വം കാണുവാന്‍ കണ്ണുകളേയും തുറക്കണമേ.

 

ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (6 : 12b, 38)

(ഇതാ ഞാന്‍! എന്നെ അയച്ചാലും!)

ഉസിയാരാജാവു മരിച്ച വര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു. അവിടുത്തെ ചുറ്റും സെറാ ഫുകള്‍ നിന്നിരുന്നു. അവ പരസ്പരം ഉദ്‌ഘോഷിച്ചു കൊണ്ടിരുന്നു : പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങ ളുടെ കര്‍ത്താവ് പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവി ടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു. അവയുടെ ശബ്ദ ഘോഷത്താല്‍ പൂമുഖത്തിന്റെ അടിസ്ഥാനങ്ങള്‍ ഇള കുകയും ദേവാലയം ധൂമപൂരിതമാവുകയും ചെയ്തു. ഞാന്‍ പറഞ്ഞു: എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കു ന്നവനുമാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താ വായ രാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു. അപ്പോള്‍ സെറാഫുകളിലൊന്ന് ബലിപീഠത്തില്‍നിന്ന് കൊടില്‍ കൊണ്ട് എടുത്ത ഒരു തീക്കനലുമായി എന്റെ യടുത്തേക്കു പറന്നു വന്നു. അവന്‍ എന്റെ അധര ങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു: ഇതു നിന്റെ അധര ങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്ക പ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അതി നുശേഷം കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കു വേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ ! എന്നെ അയച്ചാലും!
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം

(138 : 1-2a, 2bc-3, 4-5, 7c-8)

മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും

കര്‍ത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങേക്കു നന്ദി പറയുന്നു; ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും. ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു;
മാലാഖമാരുടെ ……
അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. ഞാന്‍ വിളിച്ചപേക് ഷിച്ച നാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവി ടുന്ന് എന്റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.
മാലാഖമാരുടെ ……
കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്‍മാരും അങ്ങയെ പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അവര്‍ അങ്ങയുടെ വാക്കുകള്‍ കേട്ടിരിക്കുന്നു. അവര്‍ കര്‍ത്താവിന്റെ മാര്‍ ഗങ്ങളെക്കുറിച്ചു പാടും; എന്തെന്നാല്‍, കര്‍ത്താവിന്റെ മഹത്വം വലുതാണ്.
മാലാഖമാരുടെ ……
അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും. എന്നെ ക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങ യുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
മാലാഖമാരുടെ ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (15 : 1-11)

(ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും)

സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടി സ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്തതുമായ സുവിശേഷം ഞാന്‍ എപ്രകാ രമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം. അതനുസരിച്ചു നിങ്ങള്‍ അചഞ്ച ലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല. എനിക്കു ലഭിച്ചതു സര്‍വപ്രധാന മായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. വിശു ദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌ക രിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാം നാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പാ യ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദ രര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനുംപേര്‍ മരി ച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പസ്‌തോ ലന്‍മാര്‍ക്കും കാണപ്പെട്ടു. ഏറ്റവും ഒടുവില്‍ അകാല ജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യ ക്ഷനായി. ഞാന്‍ അപ്പസ്‌തോലന്‍മാരില്‍ ഏറ്റവും നിസ്സാ രനാണ്. ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതു നിമിത്തം അപ്പസ്‌തോലനെന്ന നാമത്തിനു ഞാന്‍ അയോഗ്യനു മാണ്. ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവ കൃപ യാലാണ്. എന്റെ മേല്‍ ദൈവം ചൊരിഞ്ഞ കൃപ നിഷ് ഫലമായിപ്പോയിട്ടില്ല. നേരേ മറിച്ച് മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നി ലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്. അതുകൊണ്ട്, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും.

കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (ങ.േ 4 : 19) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെ പ്പിടിക്കുന്നവരാക്കും – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (5: 111)

(സകലവും ഉപേക്ഷിച്ച് അവര്‍ യേശുവിനെ അനുഗമിച്ചു)

ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു. രണ്ടു വള്ളങ്ങള്‍ കര യോടടുത്ത് കിടക്കുന്നത് അവന്‍ കണ്ടു. മീന്‍ പിടിത്ത ക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റെതായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തി ലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക. ശിമ യോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനി ച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറ ഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയ പ്പോള്‍ വളരെയേറെ മത്‌സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവ രുടെ വല കീറിത്തുടങ്ങി. അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടാ യിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകു വോളം നിറച്ചു. ശിമയോന്‍പത്രോസ് ഇതു കണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍ നിന്ന് അകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്നു പറഞ്ഞു. എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു. അതുപോലെതന്നെ, അവന്റെ പങ്കു കാരായ സെബദീപുത്രന്മാര്‍ യാക്കോബും യോഹന്നാനും വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെ ടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവ നാകും. വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചതിനു ശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു.
കര്‍ത്താവിന്റെ സുവിശേഷം.

 

Click this link to join Jeevanaadam WhatsApp groupRelated Articles

മോദി-പാപ്പാ കൂടിക്കാഴ്ച നല്‍കുന്ന പ്രതീക്ഷകള്‍

ഫാ. മെട്രോ സേവ്യര്‍ കുറച്ചു വര്‍ഷങ്ങളായി കൃത്യമായി പറഞ്ഞാല്‍ 2014 മുതല്‍ ഭാരത ക്രൈസ്തവര്‍ ആകാംഷപൂര്‍വം ചോദിച്ചിരുന്ന ചോദ്യമായിരുന്നു എപ്പോഴാണ് ഫ്രാന്‍സിസ് പാപ്പാ ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന്. ഇന്ത്യന്‍

*ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്*

ഒരു പക്ഷേ ഇതൊരു നിസാര കാര്യമാകാം, മറ്റൊരാൾക്ക് അത്ര വലിയ അതിശയോക്തി തോന്നണമെന്നുമില്ല , എന്നാൽ ഇതൊരു അനുഭവമാണ് ഞാനുഭവിച്ചറിഞ്ഞ ഒരനുഭവം ,എനിക്ക് മുമ്പ് അനുഭവിച്ചവരും, അനുഭവിച്ച്

കെ.എൽ.സി.എ.കൊച്ചി രൂപത പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു.

ഡയറക്ടർ ഫാ.ആന്റണി കുഴിവേലിലിന്റെയും പൈലി ആലുങ്കലിന്റെയും നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്ന് 7 വനിതകൾ ഉൾപ്പടെ 42 കെ.എൽ.സി.എ. പ്രവർത്തകർ വരാപ്പുഴ പഞ്ചായത്തിലെ വാർസ് നമ്പർ 6

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*