അര്‍ണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന് 320

വര്‍ഷം ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നൂതനഭാവമേകി കേരളത്തിലെ ക്രിസ്തീയ ആധ്യാത്മികതയെ പ്രോജ്വലിപ്പിച്ച മലയാള ഗാന കാവ്യങ്ങളാണ് ഉമ്മാടെ ദു:ഖം അഥവാ ദൈവമാതാവിന്റെ വ്യാകുലപ്രലാപം, ദൈവമാതാവിന്റെ വ്യാകുലപ്രബന്ധം, പുത്തന്‍പാന അഥവാ രക്ഷാകരവേദകീര്ത്തനം (കൂദാശപ്പാന), മരണപര്‍വ്വം, വിധിപര്വ്വം, നകര പര്‍വ്വം, മോക്ഷപര്‍വ്വം, ഉമ്മാപര്‍വ്വം, ജനോവപര്‍വ്വം എന്നിവ. ‘ഉമ്മാടെ ദു:ഖം’ പഴയ തലമുറയ്ക്ക് മന:പാഠമാണ്. ശവസംസ്കാരത്തിന്റെ തലേരാത്രിയിലും ദു:ഖവെള്ളിയാഴ്ചകളിലും ക്രൈസ്തവഭവനങ്ങളിലും ദൈവാലയങ്ങളിലും ‘ഉമ്മാടെ ദു:ഖം,’ പുത്തന്‍പാനയിലെ പതിനൊന്നാം പാദം എന്നിവ വായിക്കുന്നത് ഇന്നും പതിവാണ്. ഇവയിലെ ഏതാനും ഈരടികളെങ്കിലും ഹൃദിസ്ഥമാക്കാത്ത ക്രിസ്ത്യാനികള്‍ കേരളത്തിലുണ്ടെന്നു തോന്നുന്നില്ല. ഈ കാവ്യങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുള്ള പലരും ഇവയുടെ രചയിതാവിനെ അറിഞ്ഞിട്ടുണ്ടാവില്ല. ബഹുഭാഷാപണ്ഡിതനും മലയാളം, സംസ്കൃതം ഭാഷകളില്‍ അതിനിപുണനുമായ അര്‍ണോസ്പാതിരി (യൊഹാന്‍ ഏണ്‍സ്റ്റ് ഫോണ്‍ ഹാങ്സ്ലേഡന്‍) യാണ് ഈ കാവ്യങ്ങളുടെ കര്‍ത്താവ്.
1716-ല്‍ നതോന്നത (വഞ്ചിപ്പാട്ട്) വൃത്തത്തില്‍ എഴുതപ്പെട്ട ‘ഉമ്മാടെ ദു:ഖം’ മലയാള ഭാഷയിലെ ആദ്യ വിലാപകാവ്യമാണ്. കുരിശില്‍ തറയ്ക്കപ്പെട്ട് മരണം വരിച്ച ഈശോമിശിഹായുടെ മൃതദേഹം മടിയില്‍ കിടത്തി പരിശുദ്ധ കന്യകാമറിയം നടത്തുന്ന വിലാപമാണ് – മേരി മാതാവിന്റെ ഏഴു വ്യാകുലങ്ങളാണ് – ഈ കാവ്യത്തിന്റെ ഇതിവൃത്തം. 1718 ല്‍ സംസ്കൃത വൃത്തങ്ങളായ ഇന്ദ്രവജ്ര, ഉപേന്ദ്ര വജ്ര എന്നിവ കലര്‍ന്നു വരുന്ന ഉപജാതിയില്‍ രചിച്ച ദൈവമാതാവിന്റെ വ്യാകുലപ്രബന്ധത്തില് യേശുദേവന്റെ പീഡാനുഭവങ്ങളും മരണവും മേരി മാതാവിന്റെ ഹൃദയത്തില്‍ ഉളവാക്കിയ പ്രതികരണങ്ങളാണ് ആവിഷ്ക്കരിക്കുന്നത്. ഇത് മലയാളത്തിലെ രണ്ടാമത്തെ വിലാപ കാവ്യമാണ്. ഗ്രീസിന്റെ സംഭാവനയാണ് എലിജി (ഋഘഋഏഥ) എന്നറിയപ്പെടുന്ന വിലാപകാവ്യരൂപം. അണമുറിയാത്ത കണ്ണീര് പ്രവാഹം വിലാപ കാവ്യങ്ങളുടെ മുഖമുദ്രയായി നിലകൊള്ളുന്നു. ഈ ഗ്രീക്ക് എലിജിയുടെ രചനാരീതി തന്നെയാണ് ഉമ്മാടെ ദു:ഖത്തിലും ദൈവമാതാവിന്റെ വ്യാകുല പ്രബന്ധത്തിലും അര്‍ണോസ് പാതിരി സ്വീകരിച്ചിരിക്കുന്നത്.
1722-ല്‍ അര്‍ണോസ് പാതിരി കൊടുങ്ങല്ലൂര്‍ (ആസ്ഥാനം പുത്തന്‍ചിറ) ആര്‍ച്ച്ബിഷപ്പ് ഡോ. ആന്റണി പിമന്തോളിന്റെ (1721-1752) ആശീര്‍വാദത്തോടെ പൂര്‍ത്തിയാക്കിയ പുത്തന്‍പാന (കൂദാശപ്പാന) 13 പാദങ്ങളായാണ് രചിച്ചിരിക്കുന്നത്. പാന വൃത്തമായ സര്‍പ്പിണി (ദ്രുതകാകളി) വൃത്തത്തിലാണ് പുത്തന്‍പാനയുടെ രചന. 1706 മുതല്‍ പലപ്പോഴായി എറണാകുളത്തെ ചാത്യാത്ത് കര്‍മ്മലനാഥയുടെ ദൈവാലയത്തില്‍ വലിയ നോമ്പുകാലത്ത് ശ്രൂശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ വന്നപ്പോള്‍ അര്‍ണോസ് പാതിരി കേട്ട ‘ദേവാസ്ത വിളി’യും ‘ദേവമാതാവമ്മാനൈ’ എന്ന ചെന്തമിഴ് ക്യതിയുമാണ് ഈ മൂന്നുകാവ്യങ്ങള്ക്കും പ്രേരകശക്തിയായത്. അന്ന് കേരളത്തില്‍ വരമൊഴി അഥവാ ഉച്ചഭാഷയും വായ്മൊഴി അഥവാ നീചഭാഷയും നിലവിലിരുന്നു. വരമൊഴി സംസ് കൃതമയമലയാളവും വായ്മൊഴി തമിഴ്മയമലയാളവും ആയിരുന്നു. തമിഴ്മയമലയാള നീചഭാഷയെ ചെന്തമിഴായി ഭാഷാ പണ്ഡിതര്‍ വേര്‍തിരിക്കുന്നു. തമിഴിന്റെ ദാസ്യത്തില്‍ നിന്നും മലയാളത്തെ മോചിപ്പിച്ച് സംസ്കൃത പ്രധാനമായ മലയാളത്തിന് രൂപം നല്കിയ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ സാഹിത്യഭാഷ (ഉച്ചഭാഷ) തന്നെയാണ് അര്‍ണോസ് പാതിരിയും തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ചത് എന്നതിനാല്‍ ഇന്നത്തെ രൂപത്തിലുള്ള ശ്രേഷ്ഠ മലയാളത്തിന്റെ പ്രാരംഭകന്‍ കൂടിയാണ് അദ്ദേഹം. ഈ പശ്ചാത്തലം ശരിയായി വിലയിരുത്തിയതിനാലാണ് മലയാളത്തിന്റെ സര്‍ഗ്ഗധനനായ ഡോ. സുകുമാര്‍ അഴീക്കോടാണ് അര്‍ണോസ് പാതിരിയെ മലയാളത്തിന്റെ ‘രïാം എഴുത്തച്ഛന്’ എന്ന് വിശേഷിപ്പിച്ചത്.
സൃഷ്ടിയുടെ പുസ്തകത്തിലെ ആദ്യഭാഗമാണ് പുത്തന്‍പാനയുടെ ഒന്നാം പാദത്തിലെ പ്രതിപാദ്യം. രണ്ടാം പാദത്തില്‍ ആദത്തെയും ഹവ്വായേയും പ്രലോഭിപ്പിക്കുന്ന സര്‍പ്പത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യരെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു രക്ഷകന് അവതരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തോടെയാണ് രണ്ടാം പാദം അവസാനിക്കുന്നത്. മൂന്നാം പാദത്തിലേക്ക് കടക്കുമ്പോള്‍ കന്യകാമറിയത്തിന്റെ ജനനവും ബാല്യവും യൗവനവും ഭക്തി ജീവിതവും ആവിഷ്ക്കരിക്കുന്നു. യൗസേപ്പുപിതാവിനേയും ഈ പാദത്തില്‍ അര്‍ണോസ് പാതിരി അവതരിപ്പിക്കുന്നുണ്ട്. നാലാം പാദത്തില്‍ മംഗളവാര്‍ത്തയും മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നതും വിവരിക്കുന്നു. അഞ്ചാം പാദത്തില്‍ ലൂക്കായുടെ സുവിശേഷത്തിലെന്ന പോലെ പേരെഴുത്തിന്റെ ദിനങ്ങളും ദിവ്യരക്ഷകന്റെ ജനനവും പൂജരാജാക്കന്മാരുടെ സമാഗമവും വിശദമാക്കുന്നു. മരുഭൂമിയിലെ പരീക്ഷകളുമായി പിശാച് യേശുനാഥന്റെ അടുത്ത് എത്തുന്ന ഭാഗമാണ് ആറാം പാദത്തിന്റെ ആവിഷ്കാര വിഷയം, ഏഴാം പാദത്തില്‍ ഗിരിപ്രഭാഷണവും എട്ടാം പാദത്തില്‍ മഗ്ദലേന മറിയത്തിന് യേശു നല്കിയ പാപമോചനവും, ഒമ്പതാം പാദത്തില്‍ ലാസറിന്റെ മരണവും, പത്താം പാദത്തില്‍ പെസഹാ ആചരണം, പതിനൊന്നാം പാദത്തില്‍ ഒറ്റുകാരന് യൂദാസ് സ്കറിയോത്തായുടെ ആത്മഹത്യ, യേശുവിന്റെ ബലിദാനം, പന്ത്രണ്ടാം പാദത്തില്‍ യേശുവിന്റെ മൃതദേഹസംസ്കാരം, ഉയിര്‍പ്പ്, പതിമൂന്നാം പാദത്തില്‍ ഉത്ഥിതനായ യേശുവിന്റെ എമ്മാവൂസ് യാത്ര, സ്വര്‍ഗ്ഗാരോഹണം എന്നിവ ഹൃദ്യവും മനോഹരവുമായി ആവിഷ്ക്കരിച്ചിരിക്കുന്നു.
പൂന്താനം എഴുതിയ ജ്ഞാനപ്പാനയുടെ ചുവടുപിടിച്ചാണ് പുത്തന്‍പാനയുടെ രചന. അര്‍ണോസ് പാതിരി ‘കൂദാശപ്പാന’ എന്നാണ് തന്റെ കൃതിക്ക് പേരു നല്‍കിയത്. പിന്നീടത് പുതിയപാന എന്ന അര്‍ത്ഥത്തില്‍ പുത്തന്പാനയായി ഇടയ്ക്ക് എപ്പോഴോ പുത്തന്‍പാന അഥവാ രക്ഷാകരവേദകീര്ത്തനം എന്നുമായി.
വടക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ വെസ്റ്റ് ഫോളനില് ഓസ്നാബ്രൂക്കിനടുത്തുള്ള ഓസ്റ്റര്‍ കപ്പേല്ന് എന്ന സ്ഥലത്ത് കോണ്‍റാഡ് ഫോണ്‍ ഹാങ്സ്ലേഡന്‍ – ബര്‍ത്ത അന്ന ഫോണ്‍ കെറ്റ്ലര്‍ (വിവാഹം 1667 ഏപ്രില്‍ 20) ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയവനായി 1681 -ലാണ് യുവാന്‍ ഏണ്‍സ്റ്റ് ഫോണ്‍ ഹാങ്സ്ലേഡന്റെ (അര്‍ണോസ്) ജനനം. ഇദ്ദേഹത്തിന്റെ സഹോദരന്റെ പേര് ഗ്വീന്തര്‍ ഇഗോണ്‍ ഫോണ്‍ ഹാങ്സ്ലേഡന്‍.
ഏ.ഡി. 780 ല്‍ ഓസ്നാബ്രൂക്ക് രൂപതയ്ക്ക് (വിശുദ്ധ വീഹോ ആദ്യ ബിഷപ്പ്) കാറല്‍മാന്‍ (ചാള്‍സ് ദ് ഗ്രേറ്റ് 1) രാജാവ് രൂപം നല്കിയപ്പോള് കുട്ടികളെ ലത്തിനും ഗ്രീക്കും പഠിപ്പിക്കാന്‍ ഓരോ കത്ത്രീഡ്രല്‍ ദേവാലയത്തിനും സമീപം ഓരോ വിദ്യാലയവും ആരംഭിക്കണമെന്നു നിര്‍ദ്ദേശിച്ചതനുസരിച്ച് സ്ഥാപിച്ച ‘കരോലിനും’എന്ന വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായിരുന്നു ഈ സഹോദരന്മാര്. 1679-82 കാലായളവില്‍ ഗ്വീന്തര്‍ ഇഗോണും 1692 മുതല്‍ 1698 വരെ ഏണ്‍സ്റ്റും അവിടെ പഠിച്ചിരുന്നതായി രേഖയുണ്ട്. ‘പള്ളിയോടൊപ്പം പള്ളിക്കൂടവും’ എന്ന ചൊല്ലിന്റെ തുടക്കം ‘കരോലീനം’ -ല്‍ നിന്നാണെന്ന വാദം റവ. ഡോ. എ. അടപ്പൂര് എസ്.ജെ ഉള്‍പ്പെടെയുള്ള പണ്ഡിതര്‍ ഉന്നയിക്കുന്നത് ഈ സാഹചര്യത്തിലാണ്.
1561 ല്‍ കൊളോണിലെ ജസ്വിറ്റ് വസതി സന്ദര്‍ശിച്ച ഓസ്നാബ്രൂക്ക് ബിഷപ്പ് കരോലിനും കോളേജിന്റെ ചുമതല ഈശോസഭക്കാരെ ഏല്പിക്കാന് തീരുമാനിച്ചു. ആദ്യത്തെ ജര്‍മ്മന്‍ ജസ്വിറ്റ് പീറ്റര്‍ കനീഷ്യസ് ഓസ്നാബ്രൂക്ക് കത്ത്രീഡ്രലില്‍ ഒരു പ്രഭാഷണം നടത്തിയ അവസരത്തില്‍ തന്നെ ബിഷപ്പ് ആ തീരുമാനം നടപ്പിലാക്കി.
1630-ല്‍ എട്ടാം ഊര്‍ബന്‍ പാപ്പ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിക്കുവാനുള്ള അധികാരത്തോടെ ‘അക്കാഡമീയ കരോലിനും’ എന്ന പേരില്‍ കരോലിനുത്തെ സര്‍വ്വകലാശാലയായി ഉയര്‍ത്തി. 1632 -ല്‍ സ്വീഡുകളുടെ ആക്രമണത്തിനു വിധേയമായ ഓസ്നാബ്രൂക്ക് നഗരത്തില്‍ നിന്നും ബിഷപ്പിനും ഈശോ സഭക്കാര്‍ക്കും പലായനം ചെയ്യേണ്ടിവന്നെങ്കിലും യുദ്ധാനന്തരം സമാധാനം പുന:സ്ഥാപിക്കപ്പെട്ടപ്പോള്‍ മടങ്ങിയെത്തിയ ബിഷപ്പ് അക്കാഡമീയായുടെ ചുമതല വീണ്ടും ജസ്വിറ്റ്സിനെ ഏല്പിച്ചു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ കലാശാലയായി അത് ഇന്നും പ്രശോഭിക്കുന്നു.
ഈശോസഭാ വൈദികനായി ഇന്ത്യയില്‍ മിഷന് പ്രവര്‍ത്തനം നടത്തണമെന്ന ആഗ്രഹത്തോടെ 18 വയസ്സുകാരനായ യൊഹാന്‍ ഏണ്‍സ്റ്റ് ഫോണ്‍ ഹാങ്സ്ലേഡന്‍ (അര്‍ണോസ്) തെക്കന്‍ ജര്‍മ്മനിയിലെ ഓഗ്സ് ബുര്‍ഗില്‍ നിന്നും 1699 ഒക്ടോബര്‍ 3 ന് ഗുരുഭൂതനുംനോവീസ് മാസ്റ്ററുമായ ഫാ. വില്ല്യം വേബര്‍, ഫാ. വില്ല്യം മേയര്‍, ഫ്രാന്‍സ് കാസ്പര്‍ ഷില്ലിംഗര്‍ എന്നിവര്‍ക്കൊപ്പം ഇറ്റലിയിലേക്കു പുറപ്പെട്ടു. 1699 നവംബര്‍ 3 ന് ഈ നാലംഗപ്രേഷിത സംഘം മധ്യേ ഇറ്റലിയുടെ പടിഞ്ഞാറേ തീരത്തുള്ള ലിവോര്‍ണോ തുറമുഖത്തു നിന്നു ഇന്ത്യയിലേക്ക് യാത്രയായി. കടലിലൂടെയും കരയിലൂടെയുമുള്ള അപകടപൂര്‍ണ്ണമായ ആ യാത്രയുടെ അവസാന ഘട്ടത്തില്‍ ഗുരുക്കന്മാരായ 37 കാരന് ഫാ. വില്ല്യം വേബര്‍ 1700 നവംബര്‍ 25 നും 39 കാരനായ ഫാ. വില്ല്യം മേയര്‍ 1700 നവംബര്‍ 28-നും മരണപ്പെട്ടു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.
ഒരു വര്‍ഷവും രണ്ടു മാസവും പത്തു ദിവസവും അതായത് 438 ദിനരാത്രങ്ങള്‍ നീണ്ട ദുരിതപൂര്‍ണ്ണമായ യാത്രയ്ക്കൊടുവില്‍ 1700 ഡിസംബര്‍ 13- ന് ഗുജറാത്തിന്റെ പടിഞ്ഞാറെ തീരത്തുള്ള സുററ്റില്‍ കപ്പലിറങ്ങുമ്പോള്‍ നാല്‍വര്‍ സംഘത്തില്‍ ബാക്കിയായത് രണ്ടുപേര്‍, അര്‍ണോസും ഷില്ലിംഗറും മാത്രം. ഇവര്‍ സൂററ്റില്‍ നിന്നും 1701 ജനുവരി ആദ്യം ഗോവാതുറമുഖത്തെത്തി. ഗോവയില്‍ നിന്ന് 1701 നവംബറില്‍ കൊച്ചിയിലും ചാത്യാത്തും എത്തിയ അര്‍ണോസ് നവംബര്‍ അവസാനം തൃശൂരിനടുത്തുള്ള അമ്പഴക്കാട്ട് സെമിനാരിയിലെത്തി. അമ്പഴക്കാട് വൈദീകപഠനം പൂര്‍ത്തിയാക്കിയ അര്‍ണോസ് 1707 ല്‍ ആര്ച്ച്ബിഷപ്പില് നിന്നും വൈദീക പട്ടം സ്വീകരിച്ചു. 1711 വരെ കൊടുങ്ങല്ലൂര്‍ (പുത്തന്‍ചിറ) ആര്‍ച്ച്ബിഷപ്പ് ജോണ്‍ റിമ്പേരോ എസ്. ജെ (ഭരണകാലം 1701 ഡിസംബര്‍ 5 മുതല്‍ 1716 ജനുവരി 4 വരെ) യുടെ സെക്രട്ടറിയായും സെമിനാരി റെക്ടറായും മറ്റം സെന്റ് തോമസ് പള്ളി, കോഴിക്കോട് ദൈവമാതാ കത്തീഡ്രല്‍ എന്നിവടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ശേഷം അര്‍ണോസ് പാതിരി 1711 ല്‍ തൃശൂര്‍ പഴയങ്ങാടിയില്‍ എത്തുകയും അതിനടുത്തുള്ള വേലൂരില്‍ 1712 ഡിസംബര്‍ 3-ശനിയാഴ്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തില്‍ ഒരു ദേവാലയം സ്ഥാപിക്കുകയും ചെയ്തു.
ഈ കാലയളവില്‍ യുവാന്‍ ഏണ്‍സ്റ്റ് ഫോണ്‍ ഹാങ്ങ്സ്ലേഡന്‍ പാതിരി എന്ന പേര് അര്‍ണോസ് പാതിരി എന്നാവുകയും പോര്‍ച്ചുഗീസ്, ഗ്രീക്ക്, ജര്‍മന്‍, ലത്തീന്‍, ഇറ്റാലിയന്‍, സുറിയാനി എന്നീ ഭാഷകള്‍ക്കു പുറമെ തമിഴിലും മലയാളത്തിലും സംസ്കൃതത്തിലും അഗാധപാണ്ഡിത്യം നേടുകയുമുണ്ടായി. മലയാളവും സംസ്കൃതവും ആഴത്തില്‍ പഠിക്കുവാന്‍ അദ്ദേഹത്തെ സഹായിച്ചത് തൃശൂരിലെ ബ്രഹ്മസ്വം മഠത്തിലെ നമ്പൂതിരിമാരും അങ്കമാലിക്കാരായ കുഞ്ഞന്‍ നമ്പൂതിരിയും കൃഷ്ണന് നമ്പൂതിരിയും ആയിരുന്നു. തുടര്‍ന്ന് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ വാക്കുകളില്‍ വിവരിക്കുക സാദ്ധ്യമല്ല. 1729-ല്‍ വേലൂരില്‍ നിന്നും പഴുവില്‍ സെന്റ് ആന്റണീസ് പള്ളിയിലേക്കു മാറിയ അര്‍ണോസ് പാതിരി അവിടെവച്ച് 1732 മാര്‍ച്ച് 20-വ്യാഴാഴ്ച പള്ളി കിണറിനു സമീപം വച്ച് പാമ്പുകടിയേറ്റ് തന്റെ 51-ാം വയസ്സില്‍ ഇഹലോക വാസം വെടിഞ്ഞു.
അര്‍ണോസ് പാതിരിയുടെ രചനകളെ പൊതുവെ ഭാഷാ ശാസ്ത്രപരം, (വൈജ്ഞാനിക കൃതികള്‍), സാഹിത്യപരം എന്നിങ്ങനെ രണ്ടായി തിരിക്കാം. മലയാളം-പോര്‍ച്ചുഗീസ് വ്യാകരണം, സംസ്കൃത വ്യാകരണമായ ഗ്രമാത്തിക്കാഗ്രന്ഥോണിക്ക, മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടു, മലയാളം-സംസ്കൃത നിഘണ്ടു എന്നിവ ഭാഷാശാസ്ത്ര രചനകളും, ഉമ്മാടെ ദു:ഖം, ദൈവമാതാവിന്റെ വ്യാകുല പ്രബന്ധം, പുത്തന്‍പാന അഥവാ കൂദാശപ്പാന, ആവേ മാരീസ് സ്റ്റെല്ല, ഉമ്മാപര്‍വം, ജനോവ പര്‍വം, ചതുരന്ത്യം (മരണ പര്‍വം, വിധിപര്‍വം, മോക്ഷ പര്‍വം, നരക പര്‍വം) എന്നിവ സാഹിത്യരചനകളും ആണ്. അര്‍ണോസ് പാതിരിയുടെ മൂന്ന് ഭാഷാശാസ്ത്ര രചനകളും നാല് സാഹിത്യ രചനകളും ഇനിയും കണ്ടെത്തേണ്ടതായുണ്ടെന്നാണ് പണ്ഡിത ലോകം നിരീക്ഷിക്കുന്നത്.
പുത്തന്പാനയ്ക്കും വ്യാകുലപ്രലാപത്തിനും വ്യാകുലപ്രബന്ധത്തിനും നിരവധി പതിപ്പുകള്‍ 1844-ല്‍ കോട്ടയം സി.എം.എസ് പ്രസില്‍ അച്ചടിച്ചതു മുതല്‍ ഉണ്ടായിട്ടുണ്ട്. 1896- ല്‍ മാന്നാനം സെന്റ് ജോസഫ്സ് പ്രസില്‍ നിന്നും ഈ മൂന്നു കാവ്യങ്ങളും ഉള്‍പ്പെടുത്തി ഇറങ്ങിയ പുത്തന്പാനയ്ക്കാണ് ഏറെ പ്രചാരം സിദ്ധിച്ചത്. ഈ ലേഖകന്റെ അവതാരികയോടെ (2017) അവസാനമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം കാലാകാലങ്ങളിലായി പിഴതീര്‍ത്ത് ഇറക്കുന്നതില്‍ കര്‍മ്മലീത്താ (സി.എം.ഐ) സഭ ബദ്ധശ്രദ്ധരാണ്. കാലപ്പഴക്കം കൊണ്ട് മലിനമാകാതെ കാലം കാത്തുവച്ച ഈ മൂന്ന് കാവ്യങ്ങള്‍ക്കും മൂല കൃതികളുമായി ഒത്തു നോക്കി പരമാവധി തെറ്റുകള്‍ തിരുത്തി മറ്റൊരു പതിപ്പ് ഇപ്പോള്‍ വേലൂര്‍ അര്‍ണോസ് പാതിരി അക്കാദമിയില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാള നാടിനും മലയാള ഭാഷയ്ക്കും സംസ്കൃത ഭാഷയ്ക്കും ഇത്രയേറെ സംഭാവനകള്‍ നല്കി ഭാഷയേയും സംസ്ക്കാരത്തേയും പരിപോഷിപ്പിച്ച, അര്‍ണോസ് പാതിരിയെന്ന ആ മഹാപ്രതിഭ ഭാരത മണ്ണില്‍ കാലു കുത്തിയതിന്റെ 320-ാം വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ പാവന സ്മരണ പുതുക്കുവാന്‍ ഓരോ മലയാളിക്കും കഴിയട്ടെ എന്നാശിക്കുന്നു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ദലിത് ക്രൈസ്തവ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യം
ആര്യന്മാരുടെ കടന്നുവരവിനുശേഷം ഭാരതത്തില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച സാമൂഹ്യവ്യവസ്ഥയാണ് ചാതുര്‍വര്‍ണ്യം. ഇതോടൊപ്പം സമൂഹത്തിലെ കടുത്ത ഉച്ചനീചത്വവും അനീതിയും വിവേചനവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം നിലവില്‍ വന്നു. പില്ക്കാലത്ത്
പ്രളയ ദുരിത ഭവന പദ്ധതി ആദ്യ സംഭാവന സ്വീകരിച്ചു.
KLCA വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതമേഖലകളിലെ രണ്ടാമത് ഭവന നിർമ്മാണ പദ്ധിതിയിലെ ആദ്യ സംഭാവനയായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് അഭിവന്ദ്യ പിതാവ് മോസ്റ്റ് റവ.ഡോ.ജോ
പുനരധിവാസത്തിനായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെഎൽസിഎ
പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റ ദുരന്തനിവാരണവകുപ്പ് 16-8-18 തീയതി പ്രഖ്യാപിച്ച ദുരിതാശ്വാസനടപടികള്‍ക്കുപുറമേ നിലവിലെ കേരള ദുരന്തനിവാരണ നയത്തിനനുസൃതമായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍