പെട്ടിമുടിയിലെ പ്രശ്‌നം മഴക്കാല ദുരന്തങ്ങള്‍ മാത്രമല്ല

പെട്ടിമുടിയിലെ പ്രശ്‌നം മഴക്കാല ദുരന്തങ്ങള്‍ മാത്രമല്ല

ഒരു കവിതയുടെ വരി ഇങ്ങനെയാണ് ‘വാര്‍ത്തകള്‍ സംഗീതം പോലെകേള്‍ക്കപ്പെടുന്ന കാലം വരും’ ദുരന്തങ്ങള്‍ നമുക്ക് വാര്‍ത്തകളാണ്, നമ്മുടെ പ്രിയപ്പെട്ടവര്‍ അതില്‍ ഇരകളാക്കപ്പെടുന്നില്ലായെങ്കില്‍. അതുകൊണ്ടു തന്നെ ഒരു ദുരന്തവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ആ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പൊതുസമൂഹം ചിലവഴിച്ച സമയമാണ് പ്രധാനം. വളരെയധികം ചര്‍ച്ച ചെയ്യുകയും പൊതുബോധത്തിന്റെ ഭാഗമായി ആ ചര്‍ച്ച മാറുകയും പൊതുശ്രദ്ധ നേടുകയും ചെയ്യുകയാണെങ്കില്‍ ചിലപ്പോള്‍ എന്തെങ്കിലും സംഭവിച്ചേക്കാം. അല്ലെങ്കില്‍ അത് ട്രോള്‍ ചെയ്യപ്പെട്ടു പോകുകയേയുള്ളൂ. പെട്ടിമുടിയും ചെല്ലാനവും വിഴിഞ്ഞവുമൊക്കെ അങ്ങനെ ട്രോള്‍ ചെയ്യപ്പെട്ടു പോയ വിഷയങ്ങളാണ്. എന്നിട്ടും അതു സമുദായത്തിന്റെ പ്രശ്‌നമായി തിരിച്ചറിയുകയും സമുദായദിനത്തോടു ചേര്‍ന്ന് വളരെ ഗൗരവമായി അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെആര്‍എല്‍സിസി നേതൃത്വം തീരുമാനമെടുക്കുകയും ചെയ്തതില്‍ ഒരുപാട് സന്തോഷം തോന്നുന്നു. അഭിനന്ദിക്കുന്നു. നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു.

പെട്ടിമുടിയെന്നത് കേരളത്തിലെ ഒരു മഴക്കാല ദുരന്തത്തിന്റെ പേരാണ്. പെട്ടിമുടിയെക്കുറിച്ച് ഞാന്‍ മുന്നിടത്ത് സംസാരിച്ചു. എന്നെ കേട്ട കുറെയധികം പേര്‍ ഈ ചര്‍ച്ചയിലുമുണ്ട്. വീണ്ടും ആ ഒരു വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. മറിച്ച് പെട്ടിമുടിയുടെ പശ്ചാത്തലത്തില്‍ തോട്ടം മേഖലയിലെ ചില പ്രശ്‌നങ്ങള്‍ ചിലതു മാത്രം ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തോട്ടം മേഖലയ്ക്ക് പല പ്രശ്‌നങ്ങളുണ്ട് പക്ഷേ കെആര്‍എല്‍സിസിയുമായി ബന്ധപ്പെട്ട് ഒരു പക്ഷേ ചിലതെങ്കിലുമൊക്കെ കെആര്‍എല്‍സിസിക്ക് ചെയ്യാന്‍ സാധിച്ചേക്കും. അത്തരം ഒന്നു രണ്ടു കാര്യങ്ങള്‍ മാത്രം എടുത്തു പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

വിജയപുരം രൂപതയിലെ ഹൈറേഞ്ചിലെ ദേവാലയങ്ങളില്‍ പകുതിയിലധികവും തോട്ടം മേഖലയിലാണ്. തോട്ടം മേഖലയെന്നത് ഞാനുദ്ദേശിക്കുന്നത് പ്രധാനമായും തേയില വ്യവസായവുമായി ബന്ധപ്പെട്ട ഇടങ്ങളാണ്. ഈ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും തമിഴ് മാതൃഭാഷയാക്കിയ മനുഷ്യരാണ്. അതുകൊണ്ടു തന്നെ തോട്ടം മേഖലയിലെ ദേവാലയങ്ങളില്‍ നമ്മുടെ ഇടവകകളില്‍ പ്രധാനപ്പെട്ട ആളുകളും അവര്‍ തന്നെയാണ്. അതുകൊണ്ടു തന്നെ അവരുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഒന്ന് സ്വത്വംപ്രതിസന്ധികളുള്ള സമൂഹം എന്ന് അവരെ പറയും. പ്രധാനമായും തമിഴ് സംസാരിക്കുന്നവരാണ് ഈ ജനത. കേരളത്തില്‍ ഏകദേശം നാലു തലമുറകളായി ജീവിക്കുന്നു. എന്നിട്ടും അവര്‍ ഇന്നു വായിക്കുന്നത് തമിഴ്പത്രമാണ്. അവരിന്നും വളരെ ശ്രദ്ധയോടുകൂടി വീക്ഷിക്കുന്നതും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതും തമിഴ്‌നാട്ടിലെ കാര്യങ്ങളാണ്. മൂന്നാര്‍ ടൗണിന്റെ കുറച്ചു ഉള്ളില്‍ നിന്നുമുള്ള എസ്റ്റേറ്റില്‍ നിന്നും വികാരിയച്ചന്‍ മൂന്നാറിലേക്ക് വരുമ്പോള്‍ അവിടെയുള്ള ഒരാള്‍ വളരെ സ്‌നേഹത്തോടെ അച്ചന്‍ കേരളാവുക്കു പോവുങ്കളാ-അച്ചന്‍ കേരളത്തിലേക്ക് പോവുകയാണോ എന്ന് നിഷ്‌കളങ്കമായി ചോദിക്കുന്നിടത്തേക്ക് അവര്‍ കേരളത്തിന്റെ ഭാഗമല്ലായെന്നു കരുതുന്നു എന്നുള്ളതാണ് ഖേദകരമായൊരനുഭവം. ചേര്‍ന്നു നില്‍ക്കാന്‍ അവര്‍ക്കോ ചേര്‍ത്തു
പിടിക്കാന്‍ നമുക്കോ കഴിഞ്ഞിട്ടില്ലാ എന്നുള്ളതാണ്. കഴിഞ്ഞ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. പക്ഷെ അത് ആര്‍ക്കും ലഭിച്ചില്ല. കാരണം അത് ലഭിക്കാന്‍ അര്‍ഹതയുള്ളവരെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കരുതിയത് തമിഴ്‌നാട്ടില്‍ ആധാര്‍ രേഖപ്പെടുത്തിയിട്ടുള്ളവരാണ്. അങ്ങനെ ആരുമില്ല. അതുകൊണ്ടു തന്നെ അത് ആര്‍ക്കും ലഭിച്ചില്ല. അതായത് കേരളത്തിലെ ഈ തമിഴ് ജനതയെ തമിഴ്‌നാട് തമിഴ്‌നാടിന്റെ ഭാഗമായിട്ട് കരുതിയിട്ടേയില്ല. കേരളം തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായിട്ട് ഈ ജനതയെ കരുതിയിട്ടേയില്ല. അങ്ങനെ വലിയൊരു സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന ഈ ജനം കേരളസഭയ്ക്ക് എത്രത്തോളം മുതല്‍ക്കൂട്ടാണെന്നെനിക്കറിയില്ല. എന്റെ ഇടവക എന്റെ രൂപത എന്നൊക്കെ അവര്‍ക്ക് കരുതാന്‍ കഴിയുന്നില്ല. അവരുടെ മനസും അവരുടെ വേരുകളും തമിഴ്‌നാട്ടിലാണ്. പക്ഷേ അവിടെ അവര്‍ക്ക് ഒന്നും തന്നെയില്ലായെന്നുള്ളത് ഒരു വസ്തുതയാണ്.

രണ്ടാമത്തേത് ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികള്‍- തേയിലത്തോട്ടവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചൂഷണത്തിന്റെ കഥകള്‍ നമുക്ക് പറയാനുണ്ട്. എങ്കിലും പൊതുവേ ശ്രദ്ധിക്കാത്ത ഒരു കാര്യം മാത്രം ഒന്നു ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എട്ടുമണി മുതല്‍ അഞ്ചു മണിവരെയാണല്ലോ തൊഴില്‍ സമയം. എന്നാല്‍ തൊഴിലാളികള്‍ കാലത്തെ ആറുമണിക്കും ഏഴുമണിക്കുമൊക്കെ തേയില നുള്ളാന്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നു. എട്ടു മണിക്കും അഞ്ചുമണിക്കും ഇടയ്ക്ക് ജോലി ചെയ്യുന്ന സമയത്ത് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ കാലത്ത് ആറിനും എട്ടിനും ഇടയ്ക്കുള്ള സമയത്ത് എന്തെങ്കിലും അപകടം പറ്റിയാല്‍ അവര്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കില്ല. കാരണം ജോലിചെയ്യാന്‍ പാടില്ലാത്ത സമയത്ത് ജോലി ചെയ്യാന്‍ പോയവരാണ്. ഇത്തരത്തിലുള്ള ഒരുപാട് ചൂഷണം എന്നു തന്നെ പറയാവുന്ന ചിലാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മൂന്നാമത്തൊരു വിഷയം അതിഥി തൊഴിലാളികളെന്ന മറക്കപ്പെട്ടവരാണ്. എസ്റ്റേറ്റുകളില്‍ മുമ്പുണ്ടായിരുന്നത് തമിഴ് സംസാരിക്കുന്നവരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിഥി തൊഴിലാളികള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നു വരുന്നുണ്ട്. ഇതില്‍ കത്തോലിക്ക വിശ്വാസികളുണ്ട്. ഇവരുടെ വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ച് നമ്മള്‍ ഇതുവരെയും ആകുലപ്പെട്ടിട്ടില്ലായെന്നുള്ളതാണ് വാസ്തവം. കാരണം ഹിന്ദി അറിയാവുന്ന വൈദികര്‍ കുറവാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള മനുഷ്യരെ തേടിപ്പോകാന്‍ കഴിയുന്നുമില്ല. അവരെ നമ്മള്‍ തിരച്ചറിയാതെ അവഗണിച്ചു കളയുന്നു. അതുകൊണ്ടു തന്നെ ആ അവഗണനയുടെ കുറ്റം നമ്മള്‍ ഏല്‍ക്കേണ്ടതു തന്നെയാണെന്ന് പറയാതെ വയ്യ.

നാലാമതൊരു കാര്യം- വിശ്വാസത്തെ പ്രതി വീടും ആനുകൂല്യങ്ങളും നഷ്ടമായ ജനതയാണ്. ഈ പ്രദേശത്തുള്ള ഇടവകാംഗങ്ങളില്‍ തോട്ടം തൊഴിലാളികളില്‍ ദൂരിപക്ഷം പേരും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരാണ്. മതപരിവര്‍ത്തനം ചെയ്തു വന്നവരാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനാല്‍ അതുമായി ബന്ധപ്പെട്ട് ഒരു പക്ഷേ പട്ടികജാതിക്ക് അവകാശപ്പെട്ട യാതൊരു ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുകയില്ല. പഞ്ചായത്തിന്റെ ഭൂരിഭാഗവും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കു വേണ്ടി നീക്കിവയ്ക്കുന്ന ഒരു രീതിയാണ് ഈ പ്രദേശത്ത് കൂടുതലായും ഉള്ളത്. എന്നാല്‍ ഇവര്‍ ക്രൈസ്തവരായതിന്റെ പേരില്‍ ഇവര്‍ക്ക് വീട് ലഭിക്കുന്നില്ല. മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഓര്‍ക്കുക, തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി വീടില്ല. അവര്‍ക്ക് സ്ഥലമില്ല. അവര്‍ക്ക് കിട്ടാനുള്ള ഏകസാധ്യതയെന്നത് സര്‍ക്കാരിന്റെ പട്ടികയിലുള്‍പ്പെടുകയെന്നതാണ്. എന്നാല്‍ അവര്‍ ആ പട്ടികയിലുള്‍പ്പെടാന്‍ വളരെ പ്രയാസമാണ്. കാരണം അവര്‍ ക്രൈസ്തവരാണ്. ഇത് ഇവരുടെ മാത്രം പ്രശ്‌നമല്ല. എന്നു നമുക്കറിയാം. ഇത് ദളിത് ക്രൈസ്തവരുടെ മുഴുവന്‍ പ്രശ്‌നമാണ്. പൊതുവേ ലത്തിന്‍ കത്തോലിക്കന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ടതും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇത് നമ്മള്‍ പലതവണ ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണ്. പക്ഷേ അത് ഗൗരവമായിട്ട് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിക്കും സംഘടിതമായ ഒരു നിലപാടെടുത്തുകൊണ്ട് പട്ടികജാതി അവകാശം നിഷേധിക്കപ്പെട്ട ദളിത് ക്രൈസ്തവര്‍ക്കും ഈ ജനതയ്ക്കും വേണ്ടി കോടതിയിലേക്ക് വരെ നമ്മള്‍ പോ
കേണ്ടതുണ്ട്. അത് വര്‍ഷത്തിലൊരിക്കല്‍ ഒരു നീതിന്യായ ദിനാഘോഷവുമായി ബന്ധപ്പെട്ട് മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. എന്ന് ഏറെ സ്‌നേഹത്തോടെ ഓര്‍മപ്പെടുത്തുന്നു.

അഞ്ചാമത്തെ വിഷയം-ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധിയാണ്. ഇവിടെയുള്ള കുട്ടികള്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ സ്വാഭാവികമായി അവര്‍ പോകുന്നത് തമിഴ്‌നാട്ടിലേക്കാണ്. കേരളത്തിലെ പഠനസാധ്യതകളെക്കുറിച്ച് ഇവര്‍ അജ്ഞരാണ്. ഇവര്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ പെന്തക്കോസ്തക്കാരുടെയും മറ്റു മതക്കാര്‍ നടത്തുന്ന ഹോസ്റ്റലുകളുമാണ്. അവിടെ നിന്നും അവര്‍ക്ക് കുര്‍ബാനയ്ക്ക് പോകാന്‍ കഴിയാത്ത, ജപമാലപോലും ചൊല്ലാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഒട്ടനവധിയുണ്ട്. അതുമൂലം ഉണ്ടാകാനിടയുള്ള വിശ്വാസശോഷണം ഊഹിക്കാമല്ലോ. അതുകൊണ്ടു തന്നെ ഒരു പക്ഷേ വിദ്യാഭ്യാസ ശുശ്രൂഷ- ഒരു എജ്യുക്കേഷണല്‍ ഹെല്‍പ്പ്‌ഡെസ്‌ക്-വളരെ കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്കില്‍ ചിലപ്പോള്‍ ഈ കുട്ടികളെ നമുക്ക് കുറെക്കൂടി ശ്രദ്ധിക്കാനും സഹായിക്കാനും പറ്റിയേക്കും.

ഇങ്ങനെ തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ഒട്ടനവധിയുണ്ട്. ശീതകാല പച്ചക്കറിക്ക് പേരുകേട്ട സ്ഥലമാണ് വട്ടവട. വട്ടവടയുടെ ഭാഗമാണ് മൂന്നാര്‍ ഫൊറോനയിലെ പ്രധാനപ്പെട്ട ഇടവകയായ എല്ലുപ്പെട്ടി. അവിടെ ശീതകാല പച്ചക്കറി കൃഷി നടത്തുന്ന കുറെയേറെ കര്‍ഷകരുണ്ട്. പക്ഷേ ഇടനിലക്കാരുടെ വലിയ ചൂഷണം അവിടെ നടക്കുന്നുണ്ട്. അവര്‍ക്ക് മുന്‍കൂര്‍ പണം നല്‍കി അവരെ കടക്കാരാക്കി അവരുടെ ഉല്പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുന്ന അനുഭവം. മറ്റൊന്ന് നമ്മുടെ ലേദോപദേശപുസ്തകങ്ങള്‍ക്ക് തമിഴ് പരിഭാഷയുണ്ട്. പക്ഷേ നമ്മള്‍ പ്രസിദ്ധീകരിക്കുന്ന മറ്റു പുസ്തകങ്ങള്‍ക്കുമൊന്നും തമിഴ് പരിഭാഷയില്ല. എല്ലാം തമിഴിലേക്ക് പരിഭാഷപ്പെടുത്താന്‍ സാധിക്കുമോ, ഇതെല്ലാം വാങ്ങാനാളുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ ഇല്ല എന്നു തന്നെ ഉത്തരം പറയേണ്ടിവരും. പക്ഷേ ഒരു സഭയുടെ മകന്‍-മകള്‍ എന്ന നിലയില്‍ കാര്യങ്ങള്‍ അറിയാനും വളരാനുമുള്ള അവകാശവും ഇവര്‍ക്കെല്ലാവര്‍ക്കുമുണ്ട്. പക്ഷേ നമുക്ക് അവരുടെ അവകാശങ്ങളെ പരിഗണിക്കാനോ അത് പരിഹരിക്കാനോ പറ്റുന്നില്ല. ഇപ്പോള്‍ ഞാന്‍ പറഞ്ഞതെല്ലാം വലിയ പ്രശനങ്ങളാണോ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും വലിയ പ്രശ്‌നങ്ങളല്ല. ഫ്രത്തേലി തൂത്തിയെന്ന പാപ്പായുടെ ചാക്രിക ലേഖനത്തെക്കുറിച്ച് വളരെ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ നമുക്ക് ഇവരെ അവഗണിച്ചു പോകുവാന്‍ അവകാശമില്ലായെന്നുള്ളതാണ് സത്യം.Related Articles

പുനര്‍ഗേഹത്തിന്റെ ഐശ്വര്യത്തിന്

സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2,14,262 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറുന്നതിന്റെ ആഘോഷപ്രഖ്യാപനം മാന്ദ്യകാലത്തും കേരളത്തിലെ ഇടതുമുന്നണി ഗവണ്‍മെന്റ് സാമൂഹിക വികസനരംഗത്ത് നടത്തുന്ന അഭൂതപൂര്‍വമായ ഇടപെടലിന്റെ

സമാധാനത്തിനായി പുതുചരിത്രംകുറിച്ച് കെസിവൈഎം

കോട്ടയം: മതത്തിന്റെ പേരിലുള്ള അക്രമണങ്ങള്‍ക്കും ഭീകരവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ മതേതരത്വം സംരക്ഷിക്കാനും ലോക സമാധാനത്തിനുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ‘സമാധാന നടത്തം’ സംഘടിപ്പിച്ചു. കേരളത്തിലെ രണ്ടായിരത്തില്‍പരം കെസിവൈഎം

കെസിബിസി നാടകമത്സരം നവംബര്‍ മൂന്നിന്

എറണാകുളം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന 31-ാമത് അഖിലകേരള സാമൂഹികസംഗീത നാടകമത്സരം നവംബര്‍ 3 മുതല്‍ നവംബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ പാലാരിവട്ടം പി.ഒ.സി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*