വീണ്ടും പിറക്കാനൊരു കാലം

വീണ്ടും പിറക്കാനൊരു കാലം

തിരുപ്പിറവിക്കൊപ്പം പിറന്നവരും പിറക്കാതെ പോയവരുമുണ്ട്. ക്രിസ്തുവിന്റെ പിറവിയോട്ഉള്ള നാലുതരം കാഴ്ചപ്പാടുകള്‍ സുവിശേഷങ്ങളില്‍ കാണാം. കൗതുകക്കാഴ്ചകള്‍ പോലെ ഈ കാഴ്ചപ്പാടുകളെ ഒന്ന് അടുത്തുകാണുക. സത്യത്തോടുള്ള നാല് സമീപനങ്ങള്‍ കൂടിയാണിവ.
1. അന്വേഷണം
2. അസ്വസ്ഥത
3. നിസംഗത
4. നിരുപാധിക സ്നേഹം
1. അന്വേഷണം
ജ്ഞാനികള്‍ നക്ഷത്രം കാട്ടിയ വഴികളിലൂടെ സത്യം തേടി നടന്നു. അവര്‍ പുറപ്പെട്ടത് അവരില്‍ നിന്നു തന്നെയാണ്. ”എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരം കുറയ്ക്കാനാണ് ഞാന്‍ നടക്കുന്നത്. എന്നെ നിന്നില്‍ നിന്നകറ്റുന്ന ഏക തടസം ഞാന്‍ മാത്രമാണ്” എന്നു റൂമി എഴുതി. ”അവനവന്‍ കടമ്പ” കടന്നാണ് ജ്ഞാനികള്‍ ക്രിസ്തുവില്‍ എത്തിച്ചേരുക. ഹെരോഡോട്ടസ് എഴുതുന്നത് ജ്ഞാനികള്‍ പേര്‍ഷ്യയിലെ മേദിയന്‍ വംശജരായ രാജാക്കന്മാര്‍ ആയിരുന്നുവെന്നാണ്. പിന്നീട് രാജാധികാര മോഹം പാടെ വെടിഞ്ഞ് അവര്‍ പുരോഹിതരായി മാറി. ഇസ്രായേല്‍ക്കാര്‍ക്ക് ലേവ്യര്‍ എങ്ങിനെ ആയിരുന്നോ അതു തന്നെയായിരുന്നു പേര്‍ഷ്യക്കാര്‍ക്ക് ഈ രാജകീയ പുരോഹിതഗണം. അന്വേഷികളായ വിശ്വാസികളായിരുന്നു അവര്‍.
ഒരാള്‍ ഒരേ സമയം വിശ്വാസിയും (believer)) അന്വേഷിയും (seeker) ആകണം. അന്വേഷിയല്ലാത്ത വിശ്വാസിയാണ് അന്ധവിശ്വാസി. അയാളുടെ മതാന്ധതയില്‍ നിന്നു മതതീവ്രവാദത്തിലേക്ക് ഒട്ടും ദൂരമില്ല. എന്നാല്‍ അന്വേഷിക്ക് വിശ്വാസത്തിന്റെ പേരിലുള്ള അക്രമം പറ്റില്ല. അയാള്‍ ഒരിടത്തും കെട്ടിക്കിടക്കാതെ, സ്വയം മറന്നും സ്വയം വെടിഞ്ഞും ദൈവവഴിയില്‍ യാത്ര നടത്തും. ആ നടവഴിയിലൂടെ ആകാശത്ത് ദൈവത്തിന്റെ വഴികാട്ടി നക്ഷത്രം തെളിഞ്ഞുനില്‍ക്കും. ജ്ഞാനികള്‍ ക്രിസ്തുവിനെ കണ്ട് മടങ്ങിയപ്പോള്‍ അവരുടെ കൈവിരല്‍ത്തുമ്പില്‍ നക്ഷത്രം കത്തിനിന്നിരുന്നു എന്നൊരു പഴമയുണ്ട്. അതങ്ങനെയല്ലേ വരൂ!

2. അസ്വസ്ഥത
തിരുപ്പിറവി അറിഞ്ഞ ഹെറോദോസ് അസ്വസ്ഥനായി. മഹാനെന്ന ചാര്‍ത്തലുള്ള പേരാണ് അയാളുടേത്. എന്നാല്‍ കരുത്തനും പ്രാപ്തനുമായിരുന്ന ഹെരോദിന്റെ കരുത്തുമുഴുവന്‍ കവര്‍ന്നുകളഞ്ഞിരുന്നത് സംശയം എന്ന മഹാരോഗമായിരുന്നു. അധികാരം പോകുമെന്നുള്ള കൊടുംഭയം മൂലം എല്ലാവരെയും അയാള്‍ കടുത്ത സംശയത്തോടെ നോക്കി. ഭാര്യയെ, ഭാര്യാമാതാവിനെ, തന്റെ മൂന്നു ആണ്‍മക്കളെയൊക്കെ കൊന്നൊടുക്കിയ ഹെരോദിനെക്കുറിച്ച് അഗസ്റ്റസ് സീസര്‍ പറഞ്ഞത് ഹെരോദിന്റെ മക്കളാകുന്നതിനെക്കാള്‍ സുരക്ഷിതം അയാളുടെ പന്നികള്‍ ആകുന്നതാണെന്നാണ്.
അന്ത്യനാളുകളില്‍ ജെറീക്കോയില്‍ ചിലവഴിച്ച അയാള്‍ പല പൗരപ്രമുഖരെയും ജയിലിലാക്കുകയും തന്റെ അന്ത്യദിനത്തില്‍ അവരെയെല്ലാം കൊല്ലണമെന്നു കല്‍പിക്കുകയും ചെയ്തു. തന്റെ മരണത്തില്‍ ആരും കരയില്ലെന്ന് ഇയാള്‍ക്കുറപ്പായതിനാല്‍ അന്നേദിനം ഈ നല്ലവരെക്കറിച്ചേര്‍ത്തെങ്കിലും ആരെങ്കിലും കരയട്ടെ എന്നു കരുതി ചെയ്തതാണത്. സത്യത്തെ ഭയക്കുകയും സത്യത്തെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ സമൂഹത്തിന് ദുരന്തങ്ങളാണ്. കണ്‍ഫൗഷ്യസ് എഴുതുന്നതുപോലെ superior നേതാവു നയിച്ചാലേ Superior Society ഉണ്ടാവൂ. Inferior leader  ഒരു inferior സമൂഹത്തെ മാത്രമേ വാര്‍ത്തെടുക്കൂ. ക്രിസ്തു എന്ന നേതാവ് വിശക്കുന്നവന് അപ്പമായിരുന്നു. ഇന്നത്തെ പല നേതാക്കളും അണികളെ തിന്നുതീര്‍ക്കുന്ന കൊടുംവിശപ്പുകള്‍ ആണ്. വിശപ്പു തീരാത്തവന്‍ അപ്പമായ് മാറുന്നതെങ്ങിനെ? അപ്പത്തിന്റെ വീടാക്കി രാഷ്ട്രത്തെ മാറ്റുന്ന നല്ല ഇടയന്മാര്‍ ഇനിയും പിറക്കേണ്ടിയിരിക്കുന്നു.

3. നിസ്സംഗത
ജെറുസലേമിലെ പുരോഹിതര്‍ ഉറക്കത്തിലായിരുന്നു. എല്ലാം കേട്ടിട്ടും അവര്‍ കേട്ടില്ല; എല്ലാം കണ്ടിട്ടും അവര്‍ കണ്ടില്ല. നിസ്സംഗത സ്വാര്‍ത്ഥതയുടെ ജാരസന്താനമാണ്. സ്വാര്‍ത്ഥതയുടെ സ്വസ്ഥതയില്‍ ചത്തിരിക്കുന്നവര്‍ക്ക് തിരുപ്പിറവിയുടെ ആവശ്യമില്ല.
പെരുവഴിയുടെ സ്വസ്ഥപ്രയാണത്തെ വെല്ലുവിളിക്കുന്ന ഒരു പുതുവഴിയിലും അവര്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് കണ്ണും കാതുമടച്ച് അവര്‍ ഉറങ്ങും. അവരുടെ സത്രങ്ങളില്‍ രക്ഷകശിശുവിന് ഇടമുണ്ടാകില്ല, ഒരിക്കലും. അവര്‍ക്കല്ലാതെ അവരുടെ ഹൃദയങ്ങളില്‍ മറ്റാര്‍ക്കും സ്ഥാനമില്ല.
ഒരാള്‍ മൃതപ്രായനായി കിടന്ന ജെറീക്കോ വീഥി ഓര്‍ക്കുക. ജോസഫാസ് ആ വഴിയെ വിശുദ്ധവഴി എന്നാണ് വിളിക്കുക. ആ വഴിയോരത്ത് ജെറുസലേം ദേവാലയത്തിലെ ആയിരക്കണക്കിന് പുരോഹിതര്‍ താമസിക്കുന്നുണ്ട്. മുറിവേറ്റുകിടക്കുന്നവനെ അവരില്‍ എത്രപേര്‍ കണ്ടുകാണും. മൃതദേഹം പോലെ കിടക്കുന്ന അവനെ തൊട്ടാല്‍ ഏഴു ദിവസത്തേക്കിനി ദേവാലയ ശുശ്രൂഷ പറ്റില്ല എന്ന് നിയമം മനഃപാഠമാക്കിയ അവര്‍ക്കറിയാം. അതുകൊണ്ട് മരിച്ചു തുടങ്ങുന്ന മനുഷ്യനെ കവച്ചുവച്ച് അവര്‍ പള്ളിയിലേക്ക് പോകും. നിസ്സംഗതയല്ല, നിസ്വാര്‍ത്ഥതയാണ് ക്രിസ്തുമസ് നല്‍കുന്ന സന്ദേശം. ഓരോ ദിനത്തിലെയും ഓരോ മിനിറ്റിലും നാലു കുഞ്ഞുങ്ങള്‍ വീതം പട്ടിണി മൂലം മരിക്കുന്നു. 150 മില്യണ്‍ ഭവനരഹിതരുള്ള, 200 മില്യണിലധികം തൊഴില്‍രഹിതരുള്ള, ഓരോ വര്‍ഷവും ഏകദേശം 56 മില്യണ്‍ ഭ്രൂണഹത്യ നടത്തപ്പെടുന്ന ഈ ലേകത്ത് ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ മനുഷ്യര്‍ കുറച്ചുകൂടി നിസ്വാര്‍ത്ഥരാകണം. കനിവില്‍ വീണ്ടും പിറക്കുന്നവരാകണം. പാവങ്ങളോടു പക്ഷം ചേരല്‍ എന്നാല്‍ (option for the poor)  പാവപ്പെട്ടവനാകുക (being poor) എന്നുതന്നെയാണെന്ന് പുല്‍ക്കൂട്ടിലെ പാവപ്പെട്ടവന്‍ പഠിപ്പിക്കുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

4. നിരുപാധിക സമര്‍പ്പണം
തിരുപ്പിറവി ഒരാളെ നയിക്കുക സ്വന്തം പിറവിക്കാലത്തിലേക്കാണ്. നിരുപാധിക സമര്‍പ്പണത്തില്‍ വീണ്ടും പിറക്കാനൊരു കാലം. ഉണ്ണീശോയെ വണങ്ങാനെത്തിയ ആട്ടിടയന്മാരില്‍ ഒരാളെക്കുറിച്ച് ഒരു യഹൂദ പഴമയുണ്ട്:

ഉണ്ണിയെ കണ്ടതു മുതല്‍ അയാളുടെ മുഖത്തു നിന്നു പുഞ്ചിരി വിട്ടുമാറിയില്ലത്രെ!

നോക്കിലൊരുതാരകം, വാക്കിലൊരു ഹല്ലേലൂയഗീതം,

പദചലനങ്ങള്‍ ഒരു പ്രദക്ഷിണം...

മരിക്കും നേരം വരെ ”ഈശോ” ”ഈശോ”

എന്നൊരു മന്ത്രണം അയാള്‍ ഈശോയായി മാറി.

ക്രിസ്തുമസ് ആഘോഷിക്കുന്നവര്‍ ക്രിസ്തുവായി മാറാത്തിടത്തോളം ക്രിസ്തുമസ് ക്രിസ്തുമസല്ല.
കറുത്ത നക്ഷത്രം തൂങ്ങിയാടുന്ന അപ്പമില്ലാത്ത വീടും, അടഞ്ഞ വാതിലും, ഉണ്ണിയില്ലാത്ത പുല്‍ക്കൂടും കനിവിന്റെ പച്ചപ്പില്ലാത്ത ക്രിസ്തുമസ് ട്രീയും സ്വയം മുറിച്ചേകിയ കുഞ്ഞാടായ ക്രിസ്തുവിനു പകരക്കാരനായി വന്ന കവര്‍ന്നെടുക്കുന്ന കച്ചവടക്കാരനായ തടിയന്‍ സാന്താക്ലോസും… ചങ്ങാതി! ഇതൊന്നുമല്ല ക്രിസ്തുമസ്! ഇത്തവണയെങ്കിലും ക്രിസ്തുവില്‍ വീണ്ടും പിറക്കുക.
ക്രിസ്തുവിലേക്കുള്ള ദൂരം കുറക്കുക!
Happy B’day

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കൊച്ചിയിലെ വെള്ളക്കെട്ട്: ഒന്നാംഘട്ടം മേയ് മധ്യത്തിനുമുമ്പ് തീര്‍ക്കണമെന്ന് കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മേയ് മധ്യത്തിനുമുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാല്‍

ഫ്രാൻസിസ് പാപ്പായ്ക്കു അറേബ്യയുടെ ഉജ്വല വരവേല്പ്

ഫെബ്രുവരി 3ന് യുഎഇയിലെ സമയം രാത്രി 10.15ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പാപ്പായ്ക്കു ലഭിച്ചത് രാജകീയ വരവേല്പായിരുന്നു. പാപ്പായുടെ വിമാനം അറേബ്യന്‍ മണ്ണില്‍ ഇറങ്ങിയതും അബുദാബിയുടെ

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*