Breaking News

കൊവിഡ് വാക്‌സിന്‍ സകലര്‍ക്കും സംലഭ്യമാകണം -ഫ്രാന്‍സിസ് പാപ്പ

കൊവിഡ് വാക്‌സിന്‍  സകലര്‍ക്കും  സംലഭ്യമാകണം -ഫ്രാന്‍സിസ് പാപ്പ

ജനനം പ്രതീക്ഷയുടെ ഉറവിടം

ഈ മഹോത്സവത്തില്‍ സഭ ഏശയ്യാ പ്രവാചകന്റെ വാക്കുകളിലൂടെ പ്രഖ്യാപിക്കുന്ന സന്ദേശം എല്ലാവരിലേക്കുമെത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ”നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു പുത്രനെ നല്‍കിയിരിക്കുന്നു” (ഏശയ്യ 9: 5).ഒരു കുട്ടി ജനിച്ചിരിക്കുന്നു: ജനനം എല്ലായ്പ്പോഴും പ്രതീക്ഷയുടെ ഉറവിടമാണ്, അത് വിടരുന്ന ജീവിതമാണ്, ഭാവിയെക്കുറിച്ചുള്ള വാഗ്ദാനമാണ്. ഈ പൈതല്‍, യേശു ‘നമുക്കുവേണ്ടി ജനിച്ചു’: അതിരുകളില്ലാത്തതാണ്, സവിശേഷാനുകൂല്യങ്ങളും ഒഴിവാക്കലുകളും ഇല്ലാത്തതാണ് ഈ ”നമ്മള്‍”. കന്യാമറിയം ബേത്‌ലെഹേമില്‍ ജന്മം നല്‍കിയ ശിശു പിറന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്: ദൈവം അഖിലമാനവരാശിക്ക് നല്‍കിയ ‘പുത്രനാണ്’ ഈ പൈതല്‍.

എല്ലാവരും സഹോദരീ സഹോദരന്മാര്‍

ഈ ശിശു വഴി നമുക്കെല്ലാവര്‍ക്കും ദൈവത്തെ ‘പിതാവ്’, ‘അപ്പന്‍’ എന്ന് വിളിച്ചപേക്ഷിക്കാന്‍ സാധിക്കുന്നു. യേശു ഏകജാതനാണ്; അവിടുന്നല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല. സ്വര്‍ഗ്ഗീയപിതാവിന്റെ വദനം നമുക്ക് വെളിപ്പെടുത്തിത്തരുന്നതിനാണ് അവിടുന്ന് ലോകത്തിലേക്ക് വന്നത്. അതിനാല്‍, സഹോദരന്മാരാണെന്നു പറയാനും യഥാര്‍ത്ഥത്തില്‍ സഹോദരന്മാരായിരിക്കാനും ഈ പൈതല്‍ വഴി നമുക്ക് കഴിയുന്നു: എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരും, ഭിന്ന ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത സംസ്‌കാരമുള്ളവരും തനിമയും വ്യത്യസ്തയും ഉള്ളവരും ആണെങ്കിലും എല്ലാവരും സഹോദരീസഹോദരന്മാരാണ്.

പരോന്മുഖത

കൊറോണ വൈറസ് മൂലമുള്ള മഹാമാരി രൂക്ഷമാക്കിയിരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയും ഗുരുതരമായ സാമ്പത്തിക സാമൂഹിക അസന്തുലിതാവസ്ഥയും മുദ്രിതമായിരിക്കുന്ന ഈ ചരിത്രഘട്ടത്തില്‍ നമുക്ക് സാഹോദര്യം പൂര്‍വ്വോപരി ആവശ്യമായിരിക്കുന്നു. ദൈവം അവിടുത്തെ പുത്രനായ യേശുവിനെ നല്‍കിക്കൊണ്ട് നമുക്ക് അത് പ്രദാനം ചെയ്യുന്നു: മനോഹരമായ വാക്കുകളും, അമൂര്‍ത്ത ആശയങ്ങളും, അവ്യക്ത വികാരങ്ങളും കൊണ്ടു തീര്‍ത്ത ഒരു സാഹോദര്യമല്ല… അതല്ല. യഥാര്‍ത്ഥ സ്നേഹത്തില്‍ അധിഷ്ഠിതമായ ഒരു സാഹോദര്യം, എന്റെ കുടുംബാംഗമല്ലെങ്കിലും, എന്റെ ഗോത്രത്തില്‍പ്പെട്ടവനല്ലെങ്കിലും എന്റെ ദേശക്കാരനല്ലെങ്കിലും, എന്നില്‍ നിന്ന് വ്യത്യസ്തനായവനുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കുന്ന, അവന്റെ സഹനങ്ങളില്‍ പങ്കുചേരാനും അവന്റെ ചാരത്തായിരിക്കാനും പരിപാലിക്കാനും എന്നെ പ്രാപ്തനാക്കുന്ന ഒരു സ്നേഹത്തില്‍ അധിഷ്ഠിതമായ ഒരു സാഹോദര്യം ആണത്; എന്നില്‍ നിന്ന് വ്യത്യസ്തനാണ്, എന്നാല്‍ അവന്‍ എന്റെ സഹോദരനാണ്, അവള്‍ എന്റെ സഹോദരിയാണ്. ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലും ഇത് ശരിയാണ്. എല്ലാവരും സഹോദരങ്ങളാണ്.

നിസംഗതയ്ക്ക് അടിയറവ് പറയരുത്, വെളിച്ചം സകലര്‍ക്കും ലഭ്യമാകണം

ക്രിസ്തുവിന്റെ വെളിച്ചം ലോകത്തിലേക്കു വരുന്നത് നാം ആഘോഷിക്കുകയാണ്-തിരുപ്പിറവിയില്‍. അവിടുന്ന് ആഗതനാകുന്നത് സകലര്‍ക്കും വേണ്ടിയാണ്, ചിലര്‍ക്കുവേണ്ടിയല്ല. ഇന്ന്, മഹാമാരിമൂലമുള്ള അന്ധകാരത്തിന്റെയും അനിശ്ചിതത്വത്തിന്റെയും വേളയില്‍, പ്രതിരോധ കുത്തിവയ്പ് മരുന്നു കണ്ടുപിടിച്ചതു പോലുള്ള പ്രത്യാശയുടെ വിഭിന്നങ്ങളായ വെളിച്ചം കാണപ്പെടുന്നുണ്ട്. ഇത്തരം ദീപങ്ങള്‍ ലോകം മുഴുവന്‍ വെളിച്ചം പകരുന്നതിനും പ്രത്യാശ കൊണ്ടുവരുന്നതിനും അവ സകലര്‍ക്കും സംലഭ്യമാകണം. നാമായിരിക്കുന്ന യഥാര്‍ത്ഥ മാനവകുടുംബം അപ്രകാരം ജീവിക്കുന്നതിന് വിഘാതം സൃഷ്ടിക്കാന്‍ അടഞ്ഞിരിക്കുന്ന ദേശീയതയെ അനുവദിച്ചുകൂടാ. അതുപോലെ തന്നെ മൗലിക വ്യക്തിമാഹാത്മ്യവാദത്തിന്റെ വൈറസ് നമ്മുടെ മേല്‍ വിജയം വരിക്കുന്നതിനും മറ്റു സഹോദരീസഹോദരന്മാരുടെ സഹനങ്ങളോട് നിസ്സംഗതപുലര്‍ത്തുന്നവരായി നമ്മെ മാറ്റുന്നതിനും അനുവദിക്കാനാകില്ല. കമ്പോളത്തിന്റെയും കണ്ടുപിടുത്താവകാശത്തിന്റെയും നിയമങ്ങളെ സ്നേഹത്തിന്റെയും നരകുലത്തിന്റെ ആരോഗ്യത്തിന്റെയും നിയമങ്ങള്‍ക്കുമേല്‍ പ്രതിഷ്ഠിച്ചുകൊണ്ട് അവനവന് മുന്‍ഗണന നല്കാനാകില്ല. മത്സരമല്ല, സഹകരണം പരിപോഷിപ്പിക്കാന്‍ ഞാന്‍ എല്ലാവരോടും, രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവരോടും വ്യവസായസ്ഥാപനങ്ങളോടും അന്താരാഷ്ട്രസംഘടനകളോടും ആവശ്യപ്പെടുകയാണ്. പ്രതിരോധ കുത്തിവയ്പ്പ് ലോകമെമ്പാടുമുള്ളവര്‍ക്ക് എല്ലാവര്‍ക്കും, വിശിഷ്യ, ഏറ്റം ബലഹീനര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കും ലഭിക്കണം. പ്രഥമതഃ ഏറ്റം ദുര്‍ബലര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കും.

ആവശ്യത്തിലിരിക്കുന്നവര്‍ക്ക് സമീപസ്ഥരാകുക

മറ്റുള്ളവര്‍ക്ക്, വിശിഷ്യ, ഏറ്റം ദുര്‍ബ്ബലരും രോഗികളും ആയവരുടെയും, മഹാമാരിമൂലം ഇന്ന് തൊഴില്‍ രഹിതരായിരിക്കുകയൊ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുകയൊ ചെയ്യുന്നവരുടെയും അതുപോലെ തന്നെ ബന്ധനത്തിന്റേതായ ഈ മാസങ്ങളില്‍ ഗാര്‍ഹിക പീഢനങ്ങളനുഭവിച്ച സ്ത്രീകളുടെയും കാര്യത്തില്‍ ഔത്സുക്യം പുലര്‍ത്താന്‍ ബേത്‌ലെഹേമിലെ ശിശു നമ്മെ സഹായിക്കട്ടെ.
അതിരുകളില്ലാത്ത ഒരു വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോള്‍, തടസ്സങ്ങള്‍ സൃഷ്ടിക്കരുത്. നാമെല്ലാവരും ഒരേ വള്ളത്തിലാണ്. ഓരോ വ്യക്തിയും എന്റെ സഹോദരനാണ്. ഓരോരുത്തരിലും ദൈവത്തിന്റെ മുഖം പ്രതിഫലിക്കുന്നതായി ഞാന്‍ കാണുന്നു, കര്‍ത്താവ് എന്റെ സഹായം ചോദിക്കുന്നതാണ് കഷ്ടപ്പെടുന്നവരില്‍ ഞാന്‍ കാണുന്നത്. രോഗികള്‍, ദരിദ്രര്‍, തൊഴിലില്ലാത്തവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍ എന്നിവരില്‍ ഞാന്‍ ഇത് ദര്‍ശിക്കുന്നു. എല്ലാവരും സഹോദരങ്ങളാണ്, സഹോദരികളാണ്.

യുദ്ധക്കെടുതിയ്ക്കിരകളായ പൈതങ്ങള്‍

ദൈവവചനം ഒരു ശിശുവായിത്തീരുന്ന ദിവസം, ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച്, യുദ്ധത്തിന്റെ വലിയ വില ഇപ്പോഴും നല്‍കുന്ന സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളിലെ നിരവധി കുട്ടികളെ നമുക്ക് നോക്കാം. അവരുടെ മുഖം, സംഘര്‍ഷങ്ങളുടെ കാരണങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനം വാഴുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും ധീരതയോടെ കര്‍മ്മനിരതരാകേണ്ടതിന് സന്മനസ്സുള്ള മനുഷ്യരുടെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നു. പശ്ചിമേഷ്യയിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്തുമുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള സവിശേഷ സമയമാണിത്.

സിറിയ

ഒരു ദശാബ്ദക്കാലത്തോളമായി യുദ്ധവും, മഹാമാരി ഇപ്പോള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്ന അതിന്റെ അന
ന്തരഫലങ്ങളും കൊണ്ട് തളര്‍ന്നുപോയ, പ്രിയപ്പെട്ട സിറിയന്‍ ജനതയുടെ മുറിവുകള്‍ ഉണ്ണിയേശു സുഖപ്പെടുത്തട്ടെ, ഇറാഖ് ജനതയ്ക്കും അനുരഞ്ജന പാതയില്‍ ചരിക്കുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ച്, കഴിഞ്ഞ വര്‍ഷങ്ങളില്‍ യുദ്ധത്തിന്റെ കനത്ത പ്രഹരമേറ്റ യാസിദികള്‍ക്ക്, ഉണ്ണിയേശു ആശ്വാസം നല്‍കട്ടെ. ലിബിയയ്ക്ക് സമാധാനമേകട്ടെ. ആ രാജ്യത്തെ എല്ലാത്തരം ശത്രുതകള്‍ക്കും അറുതി വരുത്താന്‍ പുതിയവട്ട ചര്‍ച്ചകള്‍ക്ക് സാധിക്കട്ടെ.

ബേത്‌ലെഹേം
ബേത്‌ലെഹേമിലെ ശിശു, താന്‍ ജനിച്ചതു കാണാന്‍ കഴിഞ്ഞ ആ മണ്ണിന് സാഹോദര്യം പ്രദാനം ചെയ്യട്ടെ. സാഹോദര്യത്തിന്റെ സൗന്ദര്യത്തിന് ലോകത്തില്‍ സാക്ഷ്യം വഹിക്കുന്നതിന് ഇസ്രായേലികളും പലസ്തീനികളും, അക്രമത്തെ അതിജീവിക്കാനും പ്രാദേശികമായ നീരസങ്ങളെ മറികടക്കാനും പ്രാപ്തമായ നീതിപൂര്‍വവും ശാശ്വതവുമായ സമാധാനം നേരിട്ടുള്ള സംഭാഷണത്തിലൂടെ തേടുന്നതിന് പരസ്പര വിശ്വാസം വീണ്ടെടുക്കട്ടെ.

ലബനന്‍

ക്രിസ്മസ് രാവിനെ പ്രകാശിപ്പിച്ച നക്ഷത്രം ലബനന്‍ ജനതയ്ക്ക് ഒരു വഴികാട്ടിയും പ്രോത്സാഹനവുമാകട്ടെ, അങ്ങനെ അവര്‍ നേരിടുന്ന പ്രതിസന്ധികളില്‍, അവര്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ പ്രതീക്ഷ നഷ്ടപ്പെടാതിരിക്കട്ടെ. പ്രത്യേക താല്‍പ്പര്യങ്ങള്‍ മാറ്റിവെക്കാനും ഗൗരവത്തോടും സത്യസന്ധതയോടും സുതാര്യതയോടും പ്രതിബദ്ധത പുലര്‍ത്താനും സമാധാന രാജന്‍ അന്നാടിന്റെ ഉത്തരവാദിത്തം പേറുന്നവരെ സഹായിക്കട്ടെ. അതിലൂടെ ലബനന് പരിഷ്‌കരണ പാതയില്‍ ചരിക്കാനുംസ്വാതന്ത്ര്യത്തിലേക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിലേക്കുമുള്ള വിളിയില്‍ മുന്നേറാനും കഴിയട്ടെ.

നാഗൊര്‍നോ-കറാബാക്ക്

നാഗൊര്‍നോ-കറാബാക്കിലും ഉക്രെയിനിലെ കിഴക്കന്‍ പ്രദേശങ്ങളിലും വെടിനിര്‍ത്തല്‍ തുടരാനും സമാധാനത്തിലേക്കും അനുരഞ്ജനത്തിലേക്കും നയിക്കുന്ന ഏക മാര്‍ഗ്ഗമായ സംഭാഷണം പരിപോഷിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെയും ബന്ധപ്പെട്ട രാജ്യങ്ങളുടെയും പരിശ്രമങ്ങള്‍ക്ക് അത്യുന്നതപുത്രന്‍ പിന്തുണയേകട്ടെ.

തീവ്രവാദവും സംഘര്‍ഷങ്ങളും അലട്ടുന്ന ആഫ്രിക്കന്‍ നാടുകള്‍

ഗുരുതരമായ മാനവിക പ്രതിസന്ധി ബാധിച്ച ബുര്‍ക്കീന ഫാസോ, മാലി, നൈജര്‍ എന്നിവിടങ്ങളിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ദിവ്യശിശു ലഘൂകരിക്കട്ടെ. തീവ്രവാദവും സായുധ സംഘട്ടനങ്ങളും ആണ് ഈ പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍. അതിനു പുറമെ മഹാവ്യാധിയും പ്രകൃതിദുരന്തങ്ങളും ഉണ്ട്; എത്യോപ്യ
യിലെ അക്രമങ്ങള്‍ക്ക് ദിവ്യശിശു അന്ത്യം വരുത്തട്ടെ. അവിടെ ഏറ്റുമുട്ടലുകള്‍ മൂലം നിരവധി ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അന്താരാഷ്ട്ര ഭീകരതയുടെ അക്രമത്തിനിരകളായ വടക്കന്‍ മൊസാംബിക്കിലെ കാബോ ഡെല്‍ഗഡോ പ്രദേശത്തെ നിവാസികള്‍ക്ക് ഉണ്ണിയേശു സമാശ്വാസമേകട്ടെ; സാഹോദര്യത്തിന്റെയും സംഭാഷണത്തിന്റെയും യാത്ര തുടരാന്‍ ദക്ഷിണ സുഡാന്‍, നൈജീരിയ, കാമറൂണ്‍ എന്നീ നാടുകളുടെ ഉത്തരവാദിത്തം പേറുന്നവര്‍ക്ക് അവിടുന്ന് പ്രചോദനം പകരട്ടെ.

 

അമേരിക്ക

പിതാവിന്റെ നിത്യവചനം അമേരിക്കന്‍ ഭൂഖണ്ഡത്തിന്, പ്രത്യേകിച്ച് കൊറോണ വൈറസിന്റെ ആഘാതമേറ്റിരിക്കുന്നവര്‍ക്ക്, പ്രത്യാശയുടെ സ്രോതസ്സാകട്ടെ. ആ ഭൂഖണ്ഡത്തെ അടിച്ചമര്‍ത്തുന്ന നിരവധിയായ കഷ്ടപ്പാടുകളെ, പലപ്പോഴും അഴിമതിയും മയക്കുമരുന്നും തീവ്രമാക്കുന്ന കഷ്ടപ്പാടുകളെ, കൊറോണ വൈറസ് ഉപരി വര്‍ദ്ധമാനമാക്കുന്നു. ചിലിയില്‍ അടുത്തിടെയുണ്ടായ സാമൂഹിക സംഘര്‍ഷങ്ങളെ അതിജീവിക്കാനും വെനസ്വേലന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാനും ദിവ്യശിശു സഹായിക്കട്ടെ.

തെക്കുകിഴക്കന്‍ ഏഷ്യ

തെക്കുകിഴക്കന്‍ ഏഷ്യയില്‍, പ്രത്യേകിച്ച് ഫിലിപ്പൈന്‍സിലും വിയറ്റ്നാമിലും, പ്രകൃതിദുരന്തങ്ങളുടെ പ്രഹരമേറ്റ ജനങ്ങളെ സ്വര്‍ഗ്ഗീയരാജാവ് സംരക്ഷിക്കട്ടെ. ആ പ്രദേശത്ത് കനത്ത പേമാരിയും കൊടുങ്കാറ്റും വെള്ളപ്പൊക്കത്തിന് കാരണമായി. അത് അന്നാടുകളിലെ കുടുംബങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കി, അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പരിസ്ഥിതി നാശം സംഭവിച്ചു. അങ്ങനെ പ്രാദേശിക സമ്പദ്ഘടനയെ ദോഷകരമായി ബാധിച്ചു.ഏഷ്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് റോഹിംഗ്യന്‍ ജനതയെ മറക്കാന്‍ കഴിയില്ല: ദരിദ്രരുടെ ഇടയില്‍ ദരിദ്രനായി ജനിച്ച യേശു അവരുടെ കഷ്ടപ്പാടുകളില്‍ അവര്‍ക്ക് പ്രത്യാശ പകരട്ടെ.

വേദനയും തിന്മയും അവസാന വാക്കല്ല

പ്രിയ സഹോദരീസഹോദരന്മാരേ, ‘നമുക്കായി ഒരു ശിശു ജനിച്ചു’ (ഏശയ്യാ 9,5). അവിടുന്ന് നമ്മെ രക്ഷിക്കാനാണ് വന്നത്! വേദനയും തിന്മയും അവസാന വാക്കല്ലെന്ന് അവിടുന്ന് നമ്മോട് പറയുന്നു. അക്രമത്തിനും അനീതിക്കും സ്വയം കീഴടങ്ങുകയെന്നാല്‍ ക്രിസ്മസിന്റെ സന്തോഷവും പ്രത്യാശയും നിരസിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. യാതനകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുക പ്രതികൂല സാഹചര്യങ്ങളില്‍ തളര്‍ന്നുപോകാതെ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുകയും ഏകാന്തതയനുഭവിക്കുന്നവര്‍ക്ക് തുണയാകുകയും ചെയ്തുകൊണ്ട് പ്രത്യാശയുടെ സംവാഹകരാകുന്നവരുടെ മുന്നില്‍ ഒരു സവിശേഷ ചിന്തയാണ് ഈ മഹോത്സവദിനത്തില്‍ ഞാന്‍ മുന്നോട്ടു വയ്ക്കുന്നത്.

ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും തൊട്ടിലായ കുടുംബം

യേശു ജനിച്ചത് ഒരു കാലിത്തൊഴുത്തിലാണെങ്കിലും അവിടുന്ന് കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും സ്നേഹത്താല്‍ ആവൃതനായിരുന്നു. ദൈവപുത്രന്‍ കുടുംബസ്നേഹം പവിത്രീകരിച്ചു. ഈ നിമിഷത്തില്‍ എന്റെ ചിന്തകള്‍ കുടുംബങ്ങളിലേക്കാണ് പോകുന്നത്: ഇന്ന് ഒന്നുചേരാന്‍ കഴിയാതിരിക്കുന്ന കുടുംബങ്ങളിലേക്കും അതുപോലെ വീട്ടില്‍ തന്നെ ഇരിക്കാന്‍ നിര്‍ബന്ധിതരായവരിലേക്കുമാണ്. ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും തൊട്ടിലായി കുടുംബത്തെ വീണ്ടും കണ്ടെത്താനുള്ള അവസരമായിരിക്കട്ടെ എല്ലാവര്‍ക്കും ക്രിസ്മസ്; സ്വാഗതം ചെയ്യുന്ന സ്നേഹം, സംഭാഷണം, ക്ഷമിക്കല്‍, സാഹോദര്യ ഐക്യദാര്‍ഢ്യം പങ്കുവയ്ക്കുന്ന സ്നേഹം എന്നിവയുടെ വേദിയും മാനവരാശിയുടെ മുഴുവന്‍ സമാധാനത്തിന്റെ ഉറവിടവും ആണ് കുടുംബം.ഊര്‍ബി ഏത്ത് ഓര്‍ബി ആശീര്‍വാദവും സമാപനവും ഈ സന്ദേശാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുകയും. പ്രാര്‍ത്ഥനാനന്തരം എല്ലാവര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചന ദായകമായ ‘ഊര്‍ബി ഏത്ത് ഓര്‍ബി’ആശീര്‍വാദം നല്കുകയും ചെയ്തു. ആശീര്‍വാദനാനന്തരം പാപ്പാ സമ്പര്‍ക്കമാധ്യമങ്ങളിലൂടെ തന്നെ ശ്രവിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കൂടുതല്‍ നല്ലവരാകാനും സാഹോദര്യം പുലര്‍ത്താനും തിരുപ്പിറവിക്കാലം എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് പാപ്പാ പറഞ്ഞു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 

 


Tags assigned to this article:
jeevanaadam

Related Articles

കൊച്ചി രൂപത 463 വര്‍ഷത്തിന്റെ ചെറുപ്പം കേരളക്രൈസ്തവ സഭയുടെ ഉത്ഭവവും വളര്‍ച്ചയും

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ (മര്‍ക്കോ 16:15) എന്ന ക്രിസ്തുമനസ് ശിരസാവഹിച്ച് ക്രിസ്തുശിഷ്യര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും സന്തോഷത്തോടെ, ഉത്സാഹത്തോടെ യാത്രചെയ്തു. ചില ശിഷ്യര്‍

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണം

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, വര്‍ഗ സംവരണം പത്തു കൊല്ലം കൂടി തുടരുന്നതിനുള്ള ഭരണഘടനയുടെ 126-ാം ഭേദഗതി ബില്‍ ഒരു എതിര്‍പ്പുമില്ലാതെ 352 അംഗങ്ങള്‍ ഏകകണമ്ഠമായി ലോക്‌സഭയില്‍

വൈപ്പിന്‍ വിഷമദ്യദുരന്ത അനുസ്മരണ സമ്മേളനം

എറണാകുളം: വൈപ്പിന്‍ വിഷമദ്യദുരന്തത്തിന്റെ 37-ാമത് അനുസ്മരണ സമ്മേളനം കര്‍ത്തേടം സെന്റ് ജോര്‍ജ് ഇടവക സഹവികാരി ഫാ. ജേക്കബ് പ്രജോഷ് ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*