നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍
ഭാര്യ: അപ്പോ ഏട്ടന് ടേബിള്‍മാനേഴ്സ് ഒക്കെ അറിയാമല്ലേ ?
ഭര്‍ത്താവ്: അതെന്താ നീ അങ്ങനെ ചോദിച്ചത് ?
ഭാര്യ: അല്ല ചേട്ടന് ഇവിടെ വേയ്സ്റ്റ് വയ്ക്കേണ്ടിടത്ത് വയ്ക്കുന്നു.
ഭര്‍ത്താവ്: അതെന്താ വീട്ടില്‍ ഞാന്‍ മാനേഴ്സ് ഇല്ലാതെയാണോ പെരുമാറുന്നത് ?
ഭാര്യ: ഏട്ടാ ഞാന്‍ പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.
ഭര്‍ത്താവ് : എന്റെ വീട്ടില്‍ ഞാന്‍ എനിക്കിഷ്ടമുള്ളത് പോലെ പെരുമാറും.
അന്ന് രാത്രി തന്നോട് പുറത്ത് വച്ച് അപമര്യാദയായി സംസാരിച്ചതിന് അയാള്‍ തന്റെ ഭാര്യയെക്കൊണ്ട് മാപ്പ് പറയിക്കുന്നു.
ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ ‘The Great Indian Kitchen’ (മഹത്തായ ഭാരതീയ അടുക്കള) എന്ന മലയാള സിനിമയിലെ ഒരു രംഗമാണ് മേലുദ്ധരിച്ചിരിക്കുന്നത്. ഈ സിനിമ കണ്ടപ്പോള്‍ തോന്നിയത് മലയാള സിനിമയും പുരോഗതിയുടെ പാത തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ്. ഒരു സ്ത്രീയുടെ ഏറ്റവും സാധാരണമെന്ന് നമ്മള് വിളിക്കുന്ന അവളുടെ വീട്ടുജോലികള്‍ ഈ സിനിമയിലൂടെ പ്രശ്നവല്‍ക്കരിക്കപ്പെട്ടു. വെറുതെ ഒരു ഭാര്യ എന്നൊരു സിനിമ മുമ്പു മലയാളത്തില്‍ റിലീസ് ചെയ്തിരുന്നെങ്കിലും, ഇത്തരത്തില്‍ തീവ്രമായി അത് അവതരിപ്പിച്ചു കണ്ടില്ല. അതിരാവിലെ ഉറക്കമെഴുന്നേറ്റ് വീട്ടുജോലികളില്‍ ഏര്‍പ്പെടുന്ന ഒരുവളുടെ ശമ്പളമില്ലാത്ത, പരിഗണനയില്ലാത്ത ജോലി അവസാനിക്കുന്നത് തന്റെ കിടപ്പറയിലെ യാന്ത്രികമായ ഭാര്യാധര്‍മ്മം കൂടി നിറവേറ്റപ്പെട്ടു കഴിയുമ്പോഴാണ്. ഒരു സൗഹൃദസംഭാഷണത്തിനോ, അവളുടെ ആഗ്രഹങ്ങള്‍ക്കോ യാതൊരു പ്രാധാന്യവുമില്ലാതെ കടന്നുപോകുമ്പോള്‍, ഒരുവീട്ടിനുള്ളില് പല പല കോലാഹലങ്ങള്‍ക്കിടയിലും ഒറ്റപ്പെടല്‍ അസഹ്യമാകുമ്പോള്‍, തനിക്കിനിയാരും ഈ ലോകത്തില്‍ ആശ്രയിക്കാനില്ല എന്ന ചിന്തയില്‍ അവള് തന്റെ യാന്ത്രികജീവിതം മുന്നോട്ടുനയിക്കാനുളള തീരുമാനത്തെ മുറുകെപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ‘ആധുനികലോകം’ എന്നു വിളിക്കുന്നയിടത്തെ ബഹുഭൂരിപക്ഷം സ്ത്രീകളുടെയും അവസ്ഥ. എന്തുകൊണ്ടാണ് സ്ത്രീകള്‍ ഇപ്പോഴുമിങ്ങനെയൊരു യാന്ത്രികജീവിതത്തിന് മുന്‍തൂക്കം നല്കി ജീവിക്കുന്നത് ?.
തന്റെ നെറ്റിയിലെ സിന്ദൂരച്ചാര്ത്തിന് കോട്ടം തട്ടാതെ കുലസ്ത്രീയായി തന്നെ തുടരാന്‍ ആഗ്രഹിക്കുന്നത്? പെണ്‍കുട്ടി ഭാര്യയിലേയ്ക്ക് മാറുമ്പോഴും, അമ്മയായി മാറുമ്പോഴും ഇങ്ങനെയാണ് നാം ജീവിക്കേണ്ടതെന്ന് അവളെ പഠിപ്പിച്ചതാരാണ്? അല്ലെങ്കില്‍ എന്തിനാണ് അവള് അങ്ങനെ മാത്രമേ ആയിരിക്കാവൂ എന്ന് നാം ശഠിക്കുന്നത്? ഉത്തരം ലളിതമാണ്. ഭാര്യയും അമ്മയുമായ സ്ത്രീ ഇല്ലെങ്കില്‍ കുടുംബത്തിനോ, സമൂഹത്തിനോ നിലനില്‍പ്പില്ല എന്നതുതന്നെ. ഇത്രയും സ്ത്രീ കേന്ദ്രീകൃതമായ സമൂഹം, പക്ഷേ, വിളിക്കപ്പെടുന്നത് പുരുഷകേന്ദ്രീകൃതമെന്നാണ്. എന്തൊരു വിരോധാഭാസം !
നവീനശിലായുഗം മുതല്‍ സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്തവകാശ വസ്തുക്കളില്‍ (Private Property List) ഇടം പിടിച്ചു. തന്റേതെന്ന് വിശ്വസിച്ചുറപ്പിക്കാവുന്ന അടുത്ത തലമുറയ്ക്ക് ജന്മം നല്‍കാനും, തന്റെ നാല്ക്കാലി സമ്പത്ത് കൈമാറ്റം ചെയ്ത് മരണശേഷവും തന്റെ മാഹാത്മ്യം നിലനിര്‍ത്താനും പുരുഷന് സ്ത്രീയെ അടിമയാക്കി. സ്ത്രീയുടെ നാശം അവിടെ തുടങ്ങിയെന്ന് ഫ്രെഡറിക് ഏംഗല്‍സ്. ഇത് ചരിത്രം. സ്ത്രീകളുടെ അടിമത്വത്തിന്റെയും, പുരുഷാധിപത്യത്തിന്റെയും പ്രാരംഭം. അടിമത്വത്തിന്റെ ഈ ചരിത്രം ആരംഭിക്കുന്ന സമയത്തും അതിനു മുമ്പും അവള്‍ക്ക് ദേവീപരിവേഷമുണ്ടായിരുന്നു. ശിലയുടെ രൂപത്തില്‍ നിന്നുരുവായ സ്ത്രീകള്‍ എക്കാലത്തുമെന്നപോലെ ഇന്നും ആരാധിക്കപ്പെടുന്നു. ശിലാരൂപങ്ങളില്‍ മാത്രമാണ് അവള്‍ക്ക് ആകര്‍ഷണവും, സ്ഥായിയായ സൗന്ദര്യവും, ദൈവീകതയുമുള്ളത്. പകലന്തിയോളം തന്റെ ഒപ്പമുള്ള സ്ത്രീക്കുള്ളത് വെറുമൊരു തൊഴിലാളി സ്ഥാനവും. ശിലയായാല്‍ മതി ദേവിയേ എന്ന പ്രാര്‍ത്ഥനയാകും ഇത്തരമോരോ ശില്പത്തെ കാണുമ്പോഴും ഓരോ സ്ത്രീ മനസ്സിലും ഉണ്ടായിട്ടുണ്ടാവുക.
സ്ത്രീ, പുരുഷന് എന്നിങ്ങനെയുള്ള ജെന്ഡറിങ്ങ് സമൂഹത്തിന്റെ നിര്‍മ്മിതിയാണ്. സ്ത്രീയും, പുരുഷനും, അവര്‍ അങ്ങനെയാണെന്ന് തിരിച്ചറിയുന്നത് തന്നെ ഈ സമൂഹം പറയുമ്പോഴാണ്. രണ്ടു കൂട്ടരും ഒരുപോലെ ഇത്തരം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഐഡന്റിറ്റികള്‍ വഹിക്കുന്നവരാണ്. പഠനങ്ങള്‍ പറയുന്നത് രണ്ടു കൂട്ടരെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ് ഐഡന്റിറ്റി ക്രൈസിസ് (Identity Crisis). ഇവിടെ പുരുഷന് പക്ഷേ തന്റെ ഐഡന്റിറ്റി ക്രൈസിസ് പെട്ടെന്നു പരിഹരിക്കുന്നത് കാണാം. സമൂഹത്തിന്റെ സൃഷ്ടിയായ പിതൃദായക്രമം അതിനുള്ള വഴിയൊരുക്കുന്നു. നാന്‍സി ചൊദോറയുടെ അഭിപ്രായത്തില്‍ തന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ തന്നെ കുടുംബത്തിലെ പിതാവിന്റെ പ്രാധാന്യം തിരിച്ചറിയുന്ന ആണ്‍കുട്ടി അമ്മയെന്ന സ്ത്രീയെപോലെയാകാതിരിക്കാന് തന്റെ സ്വാഭാവികമായ പ്രകൃതത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നു. അങ്ങനെ താന്‍ ഒരു പുരുഷനാകാനുള്ള അവന്റെ ആത്മസംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ പിതൃദായക്രമത്തിന്റെ (Patriarchy) ബലത്തില്‍ സമൂഹത്തിനു മുന്നില്‍ നിവര്‍ന്നു നില്‍ക്കാനുള്ള നട്ടെല്ല് രൂപപ്പെടുന്നു. ഒരിക്കലും സ്വന്തമായി സൃഷ്ടിച്ചെടുത്ത മനോബലമോ,സംതൃപ്താവസ്ഥയോ ഒന്നും തന്നെ പുരുഷനില്ല. എന്നാല്‍ ഈ സാഹചര്യങ്ങളോട് മറുതലിച്ച് നില്‍ക്കാനുള്ള ആഹ്വാനമാണ് സ്ത്രീയുടെ ഉള്ളില്‍ സ്വാഭാവികമായി രൂപമെടുക്കുന്നതെങ്കിലും ഇതേ പിതൃദായക്രമത്തിന്റെ സുരക്ഷിതമെന്ന് തോന്നിക്കുന്ന ചങ്ങലകളില്‍പ്പെട്ട് തന്റെ സ്വത്വത്തെ മാറ്റിപ്പിടിച്ചു ജീവിക്കാനാണ് അവളും നിര്‍ബന്ധിതയാകുന്നത്. ഒരേ സാമൂഹിക സമ്പ്രദായത്തില്‍ നിന്നുളവാകുന്ന വ്യത്യസ്തമായ ഇത്തരം ഫലങ്ങളാണ് ഒരു പുരുഷന്റെയും, സ്ത്രീയുടെയും ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്. ഇവിടെ ഒരാള്‍ക്ക് അധികാരിയുടെയും, മറ്റൊരാള്‍ക്ക് അടിമയുടെയും സ്ഥാനങ്ങള്‍ കൃത്യമായി നിര്‍ണയിക്കപ്പെടുന്നു. ‘സ്ത്രീ കുടുംബത്തിന്റെ വിളക്കാ’ണെന്ന പ്രശംസയില്‍ ആശ്വസിച്ചും, ‘പെണ്ണൊരുമ്പെട്ടാല്‍…’ എന്ന ചൊല്ലില്‍ ഭയന്നും, കുലസ്ത്രീയായി തുടരാന്‍ അവള് തീരുമാനിക്കുന്നു. തന്റെ സ്വത്വത്തെ കണ്ടെത്താനായില്ലെങ്കിലും ലോകത്തിന്റെ അതിക്രമങ്ങളില്‍ നിന്നോടിയൊളിക്കാന്‍ അത് അവള്‍ക്ക് പ്രചോദനമാകുന്നു.
തന്റെ സ്വകാര്യസ്വത്തായ ഭാര്യ തന്നെ വിട്ട് മറ്റൊരുവന്റെ കൂടെ പോകാതിരിക്കാന്‍ വേണ്ടിയാണ് അവളുടെ ലൈംഗികതയ്ക്കു മേല്‍ ഇത്തരം അടിച്ചമര്‍ത്തലുകള്‍ ഉണ്ടായതെന്ന് ശതപതബ്രാഹ്മണത്തില്‍ പറയുന്നു. പുരുഷന് എത്ര ഭാര്യമാര്‍ വേണമെങ്കിലുമാകാമെന്ന സ്വാതന്ത്ര്യം സ്ത്രീക്ക് നിഷേധിക്കാന്‍ ഇതിലും നല്ലൊരു പരിഹാരം ഇല്ല തന്നെ. ഭക്തിവിശ്വാസങ്ങളിലൂടെ ഒരു പെണ്‍കുട്ടിയുടെ ഉള്ളിലേയ്ക്ക് കടത്തിവിടുന്ന ഇത്തരം ചാരിത്ര്യ-പാതിവ്രത്യ ചിന്തകള്‍ അവളുടെ ലൈംഗികതയെ അവള് തന്നെ നിയന്ത്രിച്ച് കുടുംബത്തെയും, സമൂഹത്തെയും, രക്ഷിക്കുന്നവളായി മാറ്റുന്നതങ്ങനെയാണ്. ഇവിടെ പ്രത്യക്ഷമായ യാതൊരു നിയന്ത്രണവും നമുക്ക് കണ്ടെടുക്കാനാവില്ല. എന്നാല്‍ അവള് നിയന്ത്രിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു ഈ അത്യാധുനികതയിലും.
ഋഗ്വേദകാലം മുതല്‍ മതം മനുഷ്യജീവിതത്തില്‍ കൃത്യമായ ഇടം കണ്ടെത്തി. ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിയുടെ പ്രധാന അജണ്ട ഭൂമിയും, അധികാരവും മാത്രമായിരുന്നില്ല. സ്ത്രീയുടെ ലൈംഗിക അവകാശങ്ങള്‍ക്ക് തടയിടുക എന്നൊരു ലക്ഷ്യവും അതിനുണ്ടായിരുന്നു. സ്ത്രീക്ക് യഥാര്‍ത്ഥ പാരമ്പര്യമായി കൈവരുന്നത് ദുസ്സ്വഭാവമാണെന്നും, അതിനാല്‍ അവര്‍ സ്ത്രീധര്‍മ്മം അനുഷ്ഠിച്ച്, സ്വയം ശുദ്ധീകരിക്കപ്പെട്ട് കുടുംബത്തിന്റെയും, സമൂഹത്തിന്റെയും നന്മയ്ക്കായി വര്‍ത്തിക്കണമെന്നും ബ്രാഹ്മണമതം അനുശാസിച്ചി
രുന്നു. ഒരു സ്ത്രീ ഒരു പുരുഷനെ മാത്രം വിചാരിച്ച് (അയാള്‍ക്ക് ജീവനുണ്ടെങ്കിലും, ഇല്ലെങ്കിലും) ജീവിച്ച് തന്റെ സ്ത്രീധര്‍മ്മവും, പാതിവ്രത്യവും നിറവേറ്റണമായിരുന്നു. ചുരുക്കത്തില്‍ ജീവനോടെ സതി അനുഷ്ഠിക്കുക എന്നര്‍ത്ഥം.
സ്ത്രീയുടെ ഗാര്ഹികസേവനങ്ങള്ക്ക് ഒരു വിലയും നല്കപ്പെട്ടിരുന്നില്ല. ഈയടുത്ത കാലത്ത് നിലവില്‍ വന്ന കോടതിവിധി സ്ത്രീയുടെ ഗാര്ഹികസേവനങ്ങള് പുരുഷന്റെ ഔദ്യോഗിക സേവനങ്ങള്‍ക്ക് തുല്യമാണെന്ന് വിലയിരുത്തി. അതുകൊണ്ടൊന്നും സമൂഹത്തിന്റെ അലിഖിത നിയമങ്ങളില്‍ നിന്ന് സ്ത്രീ മുക്തയാകുന്നില്ല. അങ്ങനെയൊരു മാറ്റം സംഭവിക്കണമെങ്കില്‍ സ്ത്രീ ഒരു ലൈംഗിക ഉപാധി മാത്രമാണെന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനു മാറ്റം വരണം. ഒരു സ്ത്രീയെ സമൂഹം അതിന്റെ എല്ലാ അര്‍ത്ഥത്തിലും അവളുടെ തുല്യാധികാരം നിലനില്‍ക്കാനുള്ള എല്ലാവിധ ആഗ്രഹങ്ങളോടും കൂടി അംഗീകരിക്കണം.
ക്രിസ്ത്യന്‍ സമുദായത്തിലാണെങ്കിലും, മുസ്ലീം സമുദായത്തിലാണെങ്കിലും ഇക്കാര്യങ്ങള്‍ക്കൊന്നും വ്യത്യാസമില്ല. ക്രിസ്റ്റ്യാനിറ്റി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നാണ് പുറമെ നിന്നു നോക്കുന്നവരുടെ നിലപാട്. അതിനൊരു കാരണം സ്ത്രീയുടെ ആര്‍ത്തവദിനങ്ങളിലും അവള്‍ക്ക് പള്ളിയില്‍ പോകാന്‍ അനുവാദമുണ്ടെന്നതാണ്. പക്ഷേ അതുകൊണ്ട് മാത്രം സഭയും പാട്രിയാര്‍ക്കി എന്ന വ്യവസ്ഥയില്‍ നിന്ന് മുക്തമല്ല. കത്തോലിക്കസഭയിലും ഒരു സെക്കണ്ടറി പൊസിഷന്‍ തന്നെയാണ് സ്ത്രീക്കുള്ളത്. ഔദ്യോഗികമായി ഏതൊരു ഉയര്‍ന്ന സ്ഥാനം വഹിച്ചാലും, ഒരു നല്ല കുടുംബിനി അല്ലെങ്കില്‍ ഇവിടെയും അവര്‍ തിരസ്കരിക്കപ്പെടുന്നുണ്ട്. ഭര്‍ത്താവ് (എത്ര ദുസ്സ്വഭാവമുള്ള ആളാണെങ്കിലും) ഉണ്ടായിരിക്കുക എന്നതാണ് സഭ നിഷ്കര്‍ഷിക്കുന്ന പ്രധാന യോഗ്യതകളിലൊന്ന്. സ്ത്രീയുടെ അശുദ്ധി എന്ന് വിളക്കപ്പെടുന്ന നാളുകള്‍ അംഗീകരിക്കുന്നു എന്ന ഒരുവാദമുഖത്തില് നിന്നുകൊണ്ട് മാത്രം സഭ പിതൃദായക്രമത്തിന് ഒരപവാദമാണെന്നൊന്നും പറയാന്‍ കഴിയില്ല. സ്ത്രീയുടെ, അവളുടെ പുരുഷനും, കുടുംബത്തിനും വേണ്ടിയുള്ള ത്യാഗമനോഭാവത്തോടെയുള്ള സേവനം തന്നെയാണ് സ്ത്രീയെ നല്ല സ്ത്രീയായി കാണാനുള്ള സഭയുടെ മാനദണ്ഡങ്ങളിലൊന്ന്. ഒരു മുസ്ലീം സ്ത്രീയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവള് അണിയുന്ന പര്ദ്ദയെമാത്രം മനസ്സില്‍ കാണുക. എത്രമാത്രം ഭക്തിയോടെയാണ് അവള് തനിക്കുചുറ്റുമുള്ളവരുടെ നന്മയ്ക്കായി അത് സ്വീകരിക്കുന്നത്. ചങ്ങലകളാല്‍ ബന്ധിതമാണെന്ന് ബോധ്യമുണ്ടെങ്കിലല്ലേ അതില്‍ നിന്ന് മോചനം ആഗ്രഹിക്കൂ. സ്വന്തം താല്പര്യങ്ങളെ മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിച്ച് (എല്ലായ്പ്പോഴും) ജീവിക്കുന്ന സ്ത്രീ മാത്രമാണ് സമൂഹത്തില്‍ പൊതുവായി അംഗീകരിക്കപ്പെടുന്നത്. അങ്ങനെയൊരു മഹനീയപട്ടത്തിന് അര്‍ഹരായിത്തീരാന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ സ്തുത്യര്‍ഹവുമാണ്.
സ്ത്രീകള്‍ സയം ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും തുടങ്ങിയപ്പോള്‍ കാലം ഒരു പാട് മാറിപ്പോയി എന്ന് വ്യസനിച്ചവരാണ് അധികവും. അവര്‍ തനിക്ക് സൗകര്യമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയപ്പോള്‍, തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോള്‍, സ്വന്തമായി യാത്രകള്‍ക്ക് പദ്ധതി തയ്യാറാക്കിയപ്പോഴൊക്കെയും, കാലം കലികാലം എന്ന് സ്ത്രീകളുള്‍പ്പെടുന്ന സമൂഹം പരിതപിച്ചു. ഇന്ന് ഒത്തിരി സ്ത്രീകള്‍ ഔദ്യോഗിക പദവികള്‍ അലങ്കരിക്കുകയും, കുടുംബത്തിന്റെയും, രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയില് അവരുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ട് ഭാഗഭാക്കാകുകയും ചെയ്യുന്നുണ്ട്. സ്ത്രീക്കും കൂടി ജോലി ഉള്ളതാണ് നല്ലതെന്ന് അംഗീകരിക്കപ്പെടുമ്പോഴും സ്ത്രീ അറിഞ്ഞോ അറിയാതെയോ വഞ്ചിക്കപ്പെട്ടു എന്നു പറയുന്നതാണുത്തമം. അതിരാവിലെ ഉറക്കമെണീറ്റ് ഭര്‍ത്താവിന്റെയും, കുട്ടികളുടെയും സര്‍വ്വ കാര്യങ്ങളും ഒരുക്കിവച്ച്, ഏതേലുമൊക്കെ ബസിനു പിന്നാലെ ഓടിക്കിതച്ച് ഓഫീസിലെത്തും. അവിടെയും പിടിപ്പതു പണിയുണ്ടാകും അവള്‍ക്ക്. പക്ഷേ ആ ജോലിക്കിടയിലും തിരികെ വീട്ടിലെത്തിയിട്ടു തീര്‍ക്കാനുള്ള ജോലികളാവും അവളെ അലട്ടുക. സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ഉന്നതി കൈവരിച്ച പെണ്ണിന്റെ മനസ്സ് ഇപ്പോഴും ചുറ്റിക്കിടക്കുന്നത് ആ പഴയ പാട്രിയാര്‍ക്കി സിസ്റ്റത്തില്‍ തന്നെയാണ്. രാഷ്ട്രീയത്തിലും മാധ്യമരംഗത്തുമൊക്കെ ഒരുപാട് സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. സ്ക്രീനില്‍ അവരാണ് താരങ്ങളും. പക്ഷേ അവര്‍ക്ക് ചരട് വലിക്കുന്നതാരാണ്? ഒരു മെയില്‍ ഡോമിനേറ്റഡ് സിസ്റ്റത്തില്‍ നിന്ന് അവര്‍ക്ക് മുക്തിനേടാന്‍ ഇനിയും കടമ്പകള്‍ കടക്കാനുണ്ട്. മാധ്യമരംഗത്തും, രാഷ്ട്രീയരംഗത്തുമൊക്കെ കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കളിപ്പാവകളായി മാത്രമാണ് സ്ത്രീകള്‍ നിലകൊള്ളുന്നത്. തൊഴിലിടങ്ങളില്‍ തങ്ങള്‍ക്കു ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും, കുടുംബത്തിലെ മുതിര്‍ന്ന ആള്‍ക്കാര്‍ക്കും, കുട്ടികള്‍ക്കും വേണ്ടി, മനസ്സിന്റെ ബലംകൊണ്ട് മാത്രം പണിയെടുക്കുന്ന ഒരു യന്ത്രപ്പാവയ്ക്ക് സമമാണ് ഭൂരിഭാഗം സ്ത്രീകളും.
ഗോവിന്ദച്ചാമിയെ മനപ്പൂര്‍വ്വം മറവി ഇടങ്ങളില്‍ ഒളിപ്പിച്ച് ഒരു സ്വപ്നസുരേഷിന്റെയും, ഒരു ജോളി കൂടത്തായിയുടെയും പുറകെ പായുകയല്ലേ നാം. സ്ത്രീയെ വളരാനനുവദിക്കണം എന്നെഴുതുന്ന ഫെമിനിസ്റ്റ് ചായ്വുള്ള ഒരുപാട് പുരുഷന്മാരായ എഴുത്തുകാരെ കണ്ടിട്ടുണ്ട്. സ്വന്തം വീട്ടിലെ സ്ത്രീകള്‍ ഇത്തരക്കാര്‍ക്ക് Consuming Product മാത്രമാണ്. പക്ഷേ സമൂഹത്തിലെ മറ്റെല്ലാ സ്ത്രീകള്‍ക്കും ഉയര്‍ച്ച ഉണ്ടാകണമെന്നാണ് ഇത്തരക്കാരുടെ ആഗ്രഹം. ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ പ്രത്യക്ഷത്തില്‍ മറ്റുള്ളവര്‍ക്ക് പ്രശ്നമൊന്നും തോന്നാത്തിടത്തോളം ഫെമിനിസ്റ്റ് ചായ്വുള്ള ഇത്തരം എഴുത്തുകാര്‍ക്ക് യഥാര്‍ത്ഥ ഫെമിനിസ്റ്റുകളെക്കാള്‍ അംഗീകാരവുമുണ്ടാകും. എല്ലാം ഒരു പുകമറ സൃഷ്ടിക്കല്‍ മാത്രമാണ്. യാഥാര്‍ത്ഥ്യബോധങ്ങള്‍ക്കും, പുരോഗതിക്കും അവിടെ സ്ഥാനമില്ല. ഹത്രസിലെ പെണ്‍കുട്ടിയെ ഓര്‍ക്കുക. ജാതീയതയും, വംശീയതയും വര്‍ഗീയതയുമൊക്കെ തുടച്ചുമാറ്റപ്പെടേണ്ടത് പുരുഷന്റെ കൂടി അവശ്യമാണ്. പക്ഷേ അത് ആദ്യം സംഭവിക്കേണ്ടത്. ഇവിടുത്തെ സ്ത്രീകള്‍ക്കു വേണ്ടിയാണ്. പിതൃദായക്രമത്തിന്റെ വാഹകരായി ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്ന കുലസ്ത്രീകള്‍, തങ്ങള്‍ക്ക് മോചനം വേണമെന്നാഗ്രഹിക്കുന്നിടത്താണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം സംഭവിക്കുക.
അനിയന് : ചേച്ചി എപ്പോള്‍ വന്നു ? അമ്മേ ഒരു ഗ്ലാസ് വെള്ളം തരൂ.
അമ്മ : (ഇളയമകളോട്) മോളേ ഒരു ഗ്ലാസ് വെള്ളം എടുത്ത് കൊടുക്ക്.
മൂത്തമകള്‍ : (എഴുന്നേല്ക്കാന് തുടങ്ങിയ ഇളയ സഹോദരിയോട്!) ഇരിക്കെടീ അവിടെ. നിനക്കെന്താടാ ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചാല്‍ !
അവലംബം: The Great Indian Kitchen (മഹത്തായ ഭാരതീയ അടുക്കള)
(മലപ്പുറം തിരൂരിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
Related
Related Articles
ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ പഠനമികവിനായി ടാലന്റ് അക്കാഡമിക്കു തുടക്കം
കൊച്ചി: ദളിത് ക്രൈസ്തവ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനമികവിനും പ്രോത്സാഹനത്തിനുമായി കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെ ടാലന്റ് അക്കാഡമിക്കു തുടക്കം. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന
മെസിയെ മറികടന്ന സുനില്‍ ഛേത്രി
കാല്പന്തിന്റെ ആരാധകരുടെ ദൈവങ്ങളിലൊരാളായ ലയണല്‍ മെസിയെയാണ് സുനില്‍ ഛേത്രിയെന്ന കുറിയ ഇന്ത്യക്കാരന് ഗോള്‍വേട്ടയില്‍ മറികടന്നത്. ലോകഫുട്ബോളിന്റെ പുല്‍മൈതാനത്തിന്റെ സമീപത്തേക്കു പോലും എത്തിനോക്കാന്‍ കഴിയാത്ത ഒരു രാജ്യത്തിന്റെ കപ്പിത്താന്
പാക്കിസ്ഥാനില്‍ 700 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി
ലഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ ക്രൈസ്തവ, ഹൈന്ദവ സമൂഹത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തി നിര്‍ബന്ധിച്ച് വിവാഹബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നതായി