About Jeevanaadam

Back to homepage

മലയാളത്തിലെ മാധ്യമശുശ്രൂഷയുടെ മഹിത പാരമ്പര്യത്തിന്റെ നവീന സാക്ഷാത്കാരമാണ് ജീവനാദം വാരിക. കേരളത്തിലെ വര്‍ത്തമാനപത്രങ്ങളുടെ ചരിത്രത്തില്‍ പ്രഥമ സ്ഥാനീയരായ അഗ്രഗാമികളുടെ പ്രകാശപൂരിതമായ പൈതൃകം കെടാതെ സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ പ്രസിദ്ധീകരണം. കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെയും സമുദായത്തിന്റെയും ഔദ്യോഗിക മുഖപത്രം. മാധ്യമധര്‍മ്മത്തിന്റെയും മുദ്രണകലയുടെയും പ്രസാധനത്തിന്റെയും ഭാഷാസാഹിത്യപരിപോഷണത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും ഉദാത്ത മാതൃക സൃഷ്ടിച്ച ഒരു സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിബിംബം.

 

ജീവല്‍പ്രധാനമായ സത്യത്തിന്റെ ശ്രേഷ്ഠവും അലംഘനീയവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ശബ്ദമില്ലാത്തവന്റെ ശബ്ദമായി, ആനുകാലിക ജീവിതയാഥാര്‍ഥ്യങ്ങളോടു സംവദിക്കുന്ന സഭയുടെ സാമൂഹിക സമ്പര്‍ക്ക മേഖലയിലെ സമാദരണീയ ജിഹ്വയാണ് ഈ ടാബ്ലോയ്ഡ്. കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത സംരംഭമാണിത്. രണ്ടു മെട്രോപ്പൊലിറ്റന്‍ പ്രവിശ്യകളിലായുള്ള 12 ലത്തീന്‍ രൂപതകള്‍ക്കും പ്രാതിനിധ്യമുള്ള കാനോനിക എപ്പിസ്‌കോപ്പല്‍ സമിതിയായ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെയും, സഭയുടെയും സമുദായത്തിന്റെയും ഉന്നത ഏകോപന സമിതിയായ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലുള്ള മാധ്യമശുശ്രൂഷാ സംരംഭങ്ങളില്‍ പ്രഥമഗണനീയമാണ് ജീവനാദം.

 

സാമൂഹിക നീതി, രാഷ്ട്രീയ അവബോധം, സാംസ്‌കാരിക ഉന്നമനം, ആധ്യാത്മിക പരിപോഷണം തുടങ്ങി ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും സമഗ്രമായി സ്വാധീനിക്കുന്ന ഉള്‍ക്കാഴ്ചകളുടെയും ബഹുസ്വരതയുടെയും തുറവിയുടെയും പ്രതീകമായ ക്രൈസ്തവ പ്രസിദ്ധീകരണം എന്ന നിലയില്‍ പൊതുസമൂഹത്തിനും ഏറെ സ്വീകാര്യമായ ജീവനാദം അച്ചടിച്ചു വിതരണം ചെയ്യുന്ന വാരിക എന്നതിന്റെ പരിമിതികള്‍ മറികടന്ന് നവമാധ്യമങ്ങളുടെ ഡിജിറ്റല്‍ സാധ്യതകളുടെ അനന്ത ചക്രവാളത്തില്‍ സ്വന്തം ഇടം കണ്ടെത്തുകയാണിവിടെ. ഓണ്‍ലൈന്‍ എഡിഷനിലൂടെ ലോകത്ത് എവിടെയിരുന്നും ഇനി ജീവനാദം വായിക്കാനാവും. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ വിശാല കൂട്ടായ്മയ്ക്ക് അമ്മ മലയാളത്തിന്റെ മാധുര്യത്തില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ നിറവാര്‍ന്ന വിരുന്നൊരുക്കയാണു ഞങ്ങള്‍.