മനുഷ്യപുത്രന്റെ ആഗമനം: ആഗമനകാലം ഒന്നാം ഞായർ

മനുഷ്യപുത്രന്റെ ആഗമനം: ആഗമനകാലം ഒന്നാം ഞായർ

ആഗമനകാലം ഒന്നാം ഞായർ

വിചിന്തനം:- മനുഷ്യപുത്രന്റെ ആഗമനം (ലൂക്കാ 21: 25-36) 

യേശുവിന്റെ ആഗമനം ഒരു കാൽപ്പനികമായ സ്വപ്നമോ സാങ്കൽപ്പികമായ പ്രതീക്ഷയോ ആശയപ്രേമത്താൽ രൂപീകൃതമായ ഉട്ടോപ്യയോ അല്ല. ഇത് ആഗതമാകുന്ന യാഥാർത്ഥ്യമാണ്. “ഞാൻ വീണ്ടും വരും” എന്നു പറഞ്ഞവൻ എപ്പോൾ വരും എന്നു പറഞ്ഞിട്ടില്ല. മറിച്ച് “മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർത്ഥിച്ചു കൊണ്ടു ജാഗരൂകരായിരിക്കുവിൻ” എന്നു മാത്രമെ പറഞ്ഞുള്ളൂ (v.36). കാരണം, “ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ”

(മര്‍ക്കോ13 : 32). എന്നിട്ടും മനുഷ്യപുത്രന്റെ ആഗമനം എന്ന സങ്കല്പത്തിൽ ഭയം എന്ന വികാരം നമ്മൾ കൂട്ടിച്ചേർത്തു. അതുകൊണ്ടാണെന്നു തോന്നുന്നു അവന്റെ ആഗമനത്തിനെ  ലോകാവസാനം എന്ന ചിന്തയോട് പലരും ചേർത്തു വായിക്കുകയും അത് ചിലരെ സംബന്ധിച്ച് ഒരു മാസ് ഹിസ്റ്റീരിയ ആകുകയും ചെയ്തത്. 

ഈ സുവിശേഷ ഭാഗത്തിൽ അടങ്ങിയിരിക്കുന്നത് ഭയത്തിന്റെ വരികളല്ല. നമ്മെ ഭയപ്പെടുത്തുകയും തളർത്തുകയും ചെയ്യുന്ന സംഘർഷങ്ങളുടെ മുമ്പിൽ ശിരസ്സുർത്തി നിൽക്കാനുള്ള ആഹ്വാനമാണ്. ആന്തരികവും ബാഹ്യവുമായ തലത്തിൽ സംഘർഷങ്ങളുണ്ടാകും, പക്ഷേ അതിനുമപ്പുറം ഒരു യാഥാർത്ഥ്യമുണ്ട്; നമ്മെ മാത്രം തിരക്കിവരുന്ന ദൈവപുത്രൻ. വാഗ്ദാനത്തിന്റെ ഭാഷയിലാണ് സുവിശേഷം നമ്മളോട് സംവദിക്കുന്നത്. നമ്മുടെ ജീവിതത്തെ പോലും തകർത്തുകളയാൻ പ്രാപ്തിയുള്ള ശക്തികൾ നമ്മുടെ ചുറ്റും ഉണ്ടാകാം. എങ്കിലും അങ്ങനെയുള്ള ശക്തികളുടെ മുമ്പിൽ നമ്മൾ നഷ്ടധൈര്യരാകരുത്. ദൈവപുത്രൻ നമ്മോടുകൂടെയുണ്ട്. നമ്മുടെ ചുറ്റിലുമുള്ള എല്ലാം കടന്നു പോകാം, തകർന്ന് തരിപ്പണമാകാം, പക്ഷേ അവനും അവന്റെ വാക്കുകളും കടന്നു പോവുകയില്ല. ഈയൊരു ഉറപ്പാണ് ഈ സുവിശേഷം ശക്തമായ ഭാഷയിലൂടെ നമുക്ക് നൽകുന്ന ആശ്വാസം. 

ആന്തരികതയ്ക്കാണ് സുവിശേഷം പ്രാധാന്യം കൊടുക്കുന്നത്. ജാഗ്രത നഷ്ടപ്പെട്ട നമ്മുടെ ആന്തരികാവസ്ഥ തന്നെയാണ് നമ്മുടെ കെണിയെന്നു യേശു വ്യക്തമാക്കുന്നു. സദാ ജാഗരൂകരായിരിക്കുവിൻ എന്ന യേശുവിന്റെ ആഹ്വാനത്തെ പൗലോസപ്പോസ്തലൻ ഹൃദയങ്ങളുടെ നിഷ്കളങ്കതയായി 1 തെസലോനിക്കാ 3:13 ൽ വ്യാഖ്യാനിക്കുന്നുണ്ട്. സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുന്നവരുടെ ഹൃദയം എപ്പോഴും കരുണാർദ്രമായിരിക്കും. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ അവർ ദുർബലരാകുകയില്ല. അവർക്ക് മനുഷ്യപുത്രന്റെ മുമ്പിൽ ഭയക്കേണ്ട കാര്യവുമില്ല. അവരെ സംബന്ധിച്ച് യേശുവിന്റെ ആഗമനം ഉത്തമഗീതത്തിലെ മണവാട്ടിയുടെ അനുഭവത്തിന് തുല്യമായിരിക്കും; “എന്റെ പ്രിയന്‍ വാതില്‍കൊളുത്തില്‍ പിടിച്ചു. എന്റെ ഹൃദയം ആനന്ദം കൊണ്ടു തുള്ളിച്ചാടി” (ഉത്തമ 5 : 4). 

പ്രപഞ്ചസംബന്ധിയായ ഒരു ഭാഷയാണ് സുവിശേഷം ഉപയോഗിച്ചിരിക്കുന്നത്. നമുക്കു പുറത്തുള്ള കാര്യങ്ങളല്ല സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും. നമ്മളും ഒരു സൂക്ഷ്മജഗത്താണ്. പുറത്തു മാത്രമല്ല അടയാളങ്ങൾ പ്രത്യക്ഷപ്പെടുക. അവ നമ്മുടെ ഉള്ളിലും സംഭവിക്കും. നമ്മിൽ ഒരു ആത്മീയ ആകാശമുണ്ടെന്നും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കടലും തിരമാലകളുമുണ്ടെന്നും അറിയണം. അവയുടെ ശുദ്ധീകരണത്തിലൂടെ വേണം യേശുവിന്റെ സുനിശ്ചിതമായ ആഗമനത്തിന് മുമ്പിൽ നമ്മൾ തല ഉയർത്തി നിൽക്കാൻ. പുക മൂടിക്കിടക്കുന്ന ആകാശത്തെ തെളിമയുള്ളതാക്കണം. കാർമേഘങ്ങളുടെ മറയിൽ നിന്നും സൂര്യനെ പുറത്തുകൊണ്ടുവരണം. ഊഞ്ഞാലാടി കൊണ്ടിരിക്കുന്ന ഭൂമിയെ നിശ്ചലമാക്കണം. ഇരുൾ ബാധിച്ചു ക്ഷയിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ പൂർണമാക്കണം. നക്ഷത്രങ്ങൾക്ക് വെളിച്ചം പകരണം. തിളച്ചുമറിയുന്ന കടലിനെ ശാന്തമാക്കണം. അപ്പോൾ പുതിയൊരു ലോകം നമ്മിൽ ഉത്ഭവിക്കും. അങ്ങനെ നമ്മുടെ അകവും പുറവും സമ്പന്നമാകും. ഇതാണ് യേശു ആഗ്രഹിക്കുന്ന ജാഗരൂകത. അൻപും അരുളും അനുകമ്പയും ഉണർന്നവരിൽ സംഭവിക്കുന്ന താരുണ്യമാണത്. ഓരോ ക്രൈസ്തവനും സ്വന്തമാക്കേണ്ട സ്വർഗ്ഗീയവിലാസമാണത്. 

 

 

ഒന്നാം വായന
ജറെമിയാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്ന് (33 : 14 -16)

(ദാവീദിന്റെ ഭവനത്തില്‍നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും)

ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ചെയ്ത വാഗ്ദാനം നിറവേറ്റുന്ന ദിവസം ഇതാ, സമീപിച്ചിരിക്കുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആ നാളില്‍ ആ സമയത്ത്, ദാവീദിന്റെ ഭവനത്തില്‍ നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പി ക്കും; അവന്‍ ദേശത്തു നീതിയും ന്യായവും നടത്തും. അപ്പോള്‍ യൂദാ രക്ഷിക്കപ്പെടുകയും ജറുസലെം ഭദ്രമായിരിക്കുകയും ചെയ്യും. നമ്മുടെ നീതി കര്‍ത്താവ് എന്ന് വിളിക്കപ്പെടും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(25: 4bc-5ab, 8-9, 10+14)

കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.

കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മന സ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
കര്‍ത്താവേ, എന്റെ …..
കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവി ടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കര്‍ത്താവേ, എന്റെ …..
കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലി ക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്‌നേ ഹവുമാണ്. കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉട മ്പടി അവരെ അറിയിക്കും.
കര്‍ത്താവേ, എന്റെ …..

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ തെസലോനിക്കാക്കാര്‍ക്ക് എഴുതിയ
ഒന്നാം ലേഖനത്തില്‍നിന്ന് (3: 12-4: 2)
(നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി
വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!)

സഹോദരരേ, ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്‌നേഹം പോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവ രോടും ഉള്ള സ്‌നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ. നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു തന്റെ വിശുദ്ധരോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ! സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ട തും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍ നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കു ന്നതുപോലെ ഇനിയും മുന്നേറുവിന്‍. കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനു ശാസനങ്ങളാണു നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Ps. 85 : 7) കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ; രക്ഷ പ്രദാനം ചെയ്യണമേ അല്ലേലൂയാ!

സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന
(21 : 25-28; 34-36)

(നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു)

അപ്പോള്‍ ഈശോ തന്റെ ശിഷ്യന്മാരോട് അരുളിച്ചെ യ്തു: സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്റെയും തിര മാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമു ളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തു ള്ള ഭയവും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അസ് തപ്രജ്ഞരാകും. ആകാശ ശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന്‍ ശക്തിയോടും വലിയ മഹത്വത്തോടും കൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോ ചനം സമീപിച്ചിരിക്കുന്നു. സുഖലോലുപത, മദ്യാസ ക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണി പോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുക യും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെ ല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥി ച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍

പ്രളയബാധിതര്‍ക്ക് കണ്ണൂര്‍ രൂപതാ വൈദികരുടെ ഒരു മാസത്തെ അലവന്‍സ്

കണ്ണൂര്‍: പ്രളയബാധിതര്‍ക്കുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ രൂപത വൈദികര്‍ ഒരു മാസത്തെ അലവന്‍സ് നല്‍കി. വൈദികരുടെ വാര്‍ഷിക ധ്യാനത്തിന്റെ സമാപന ചടങ്ങില്‍ സംഭാവന തുക ബിഷപ്

കേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളില്ല

*രാജ്യത്ത് ഇന്ന് 73 മരണം; ഏഷ്യയിലെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒന്‍പതുപേര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*