ക്രിസ്തുമസ് റീത്തും തിരികളും ഒരുക്കേണ്ടത് എങ്ങനെ..?

ക്രിസ്തുമസ് റീത്തും തിരികളും ഒരുക്കേണ്ടത് എങ്ങനെ..?

ആഗമനകാല റീത്തിന്റെ ഉത്ഭവം

ആഗമനകാല റീത്ത് (Advent wreath) പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ലൂതറന്‍ ക്രിസ്ത്യാനികള്‍ ആരംഭിച്ച ഒരു ക്രൈസ്തവ അനുഷ്ഠാനമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലെ പ്രൊട്ടസ്റ്റന്റ് പാസ്റ്ററായിരുന്ന യൊഹാന്‍ ഹിന്‍ട്രിക് വിക്ഹേന്‍ (Johann Hinrich Wichern 1808-1881) ആണ് ആധുനിക ആഗമനകാല റീത്തിന് പ്രചുരപ്രചാരം നല്‍കിയതായി പറയപ്പെടുന്നത്. അദ്ദേഹം 1839 – ല്‍ ചെമപ്പു നിറത്തില്‍ 24 ചെറിയ തിരികളും വെളുത്ത 4 വലിയ തിരികളും കൊണ്ട് മരത്തിന്റെ ഒരു വലിയ വൃത്തം ഉണ്ടാക്കി. എന്നിട്ട് ആഗമനകാലത്തിലെ ഓരോ ദിവസവും ഓരോ തിരി തെളിച്ചു. ഞായറാഴ്ച്ച ഒരു വലിയ വെളളത്തിരി തെളിച്ചു. ഈ ആചാരം ഇന്നത്തെ രീതിയിലുള്ള അഞ്ചു തിരികളുള്ള ചെറിയ റീത്തിന്റെ രൂപത്തില്‍ ജര്‍മ്മനിയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളില്‍ പെട്ടെന്ന് പടര്‍ന്നു. 1920 – ഓടെ ജര്‍മ്മനിയിലുള്ള റോമന്‍ കത്തോലിക്കാ വിശ്വാസികളും ഇത് ഒരു ആചാരമായി സ്വീകരിച്ചു. ഇതേ രീതിയില്‍ അടുത്ത കാലത്തായി ചില പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ അവരുടെ പാരമ്പര്യത്തിലുള്ള ക്രിസ്തുമസ് ഉപവാസത്തെ സൂചിപ്പിക്കുന്നതിനായി ആറ് തിരികളുള്ള ആഗമനകാല റീത്ത് ഒരുക്കുന്നുണ്ട്.

ആഗമനകാല റീത്തിന്റെ അലങ്കാരക്രമം

ആഗമനകാലാരംഭത്തിന്റെ സായാഹ്നത്തോടെ, ദേവാലയങ്ങളില്‍, അള്‍ത്താരയ്ക്കുമുന്നില്‍ പച്ചയിലകള്‍ കൊണ്ടുള്ള ഒരു പീഠം അലങ്കരിക്കും. സാധാരണ ഇതു വൃത്താകൃതിയില്‍ ആയിരിക്കും. അതിനു നടുവിലായി വയലറ്റ്/പര്‍പ്പിള്‍ നിറമുള്ള മൂന്ന് മെഴുകുതിരികളും ഒരു റോസ് മെഴുകുതിരിയും വൃത്താകൃതിയില്‍ വയ്ക്കും. ഒത്ത നടുവിലായി വലിയൊരു വെള്ളത്തിരിയും. (ഈ തിരികള്‍ ഓരോ ആഴ്ച്ചകളായി ഓരോ തവണയും വയ്ക്കാവുന്നതാണ്).

ആദ്യത്തെ വയലറ്റുതിരി തെളിക്കുന്നതിന്റെ മുന്നോടിയായി വിശുദ്ധ ഗ്രന്ഥപാരായണവും പ്രത്യേക പ്രാര്‍ത്ഥനകളും നടത്താവുന്നതാണ്. വായനകള്‍ പഴയ നിയമത്തിലെ മിശിഹാ ജനന പ്രവചനങ്ങളായാല്‍ നല്ലതാണ്. ഇങ്ങനെ നാല് ആഴ്ച്ചകളായി നാല് തിരിതെളിച്ചു, ക്രിസ്മസിന്റെ തലേന്ന് സായാഹ്ന പ്രാര്‍ത്ഥനക്കു മുന്‍പായി വെള്ളത്തിരിയും തെളിച്ച് തിരുപ്പിറവിക്കായി കാത്തിരിക്കുന്നു.

പുണ്യപ്രവര്‍ത്തികള്‍ ചെയ്ത്, പശ്ചാത്തപിച്ച് ഹൃദയമൊരുക്കിയുള്ള കാത്തിരിപ്പാണെങ്കിലും ഇവിടെ നിറങ്ങളുടെ ലയനമുണ്ട്, മനോഹാരിതയുണ്ട്. ഈ ആചരണം കുടുംബങ്ങളിലും ദേവാലയങ്ങളിലും സന്ന്യാസഭവനങ്ങളിലും നടത്താവുന്നതാണ്.

ആഗമനകാല റീത്തിന്റെ പൊരുള്‍

വൃത്താകൃതി സൂചിപ്പിക്കുന്നത് ദൈവത്തിന്റെ അനന്തമായ സ്നേഹത്തെയാണ്. ഹരിതനിറം നവജീവനും യേശുവില്‍ ലഭ്യമായ നിത്യതയിലേക്കുള്ള പ്രത്യാശയും അര്‍ത്ഥമാക്കുന്നു. നാലുതിരികള്‍ (3 വയലറ്റും 1 റോസും) പ്രതിനിധീകരിക്കുന്നത് ആഗമനകാലത്തിലെ നാല് ആഴ്ച്ചകളെയും യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ ലോകത്തിലേക്കു വരുന്ന ദൈവത്തിന്റെ പ്രകാശത്തെയുമാണ്.

ഒട്ടുമിക്ക കത്തോലിക്കാ – പ്രൊട്ടസ്റ്റന്റ് സഭകളിലും വൃത്താകൃതിയില്‍ വയ്ക്കുന്ന തിരികളുടെ നിറം ആഗമനകാലത്തെ ഞായറാഴ്ച്ചകളിലെ ആരാധനക്രമത്തിന്റെ തിരുവസ്ത്രങ്ങളുടെ നിറങ്ങളായ വയലറ്റും റോസുമാണ്.

ചില ആംഗ്ലിക്കന്‍ മെത്തോഡിസ്റ്റ് സഭകളില്‍ ആഗമനകാല തിരുവസ്ത്രങ്ങളും തിരികളും നീല നിറത്തിലാണ്. നീലനിറം സൂചിപ്പിക്കുന്നത് പ്രത്യാശയേയും കാത്തിരിപ്പിനേയുമാണ്.

ചില പ്രൊട്ടസ്റ്റന്റ് സഭകളില്‍, പ്രത്യേകിച്ച് ഇംഗ്ലണ്ടിലുള്ളവയില്‍, അവരുടെ പാരമ്പര്യ ക്രിസ്തുമസ് അലങ്കാരങ്ങളില്‍ പ്രതിഫലിക്കുന്ന ചെമപ്പ് നിറത്തെ സൂചിപ്പിക്കാനായി ആഗമനകാല റീത്തില്‍ നാലു ചെമപ്പ് തിരികള്‍ തെളിക്കാറുണ്ട്.

ആഗമനകാല തിരി തെളിക്കുന്ന വിധം

ആഗമനകാല റീത്തിലെ തിരികള്‍ തെളിക്കുവാന്‍ പ്രത്യേക നിര്‍ദ്ദേശ ക്രമങ്ങളൊന്നുമില്ല. ഇടത്തു നിന്നോ വലത്തു നിന്നോ തിരികള്‍ തെളിച്ചു തുടങ്ങാം.

ആഗമനകാലം ആദ്യവാരത്തിലെ സായാഹ്ന പ്രാര്‍ത്ഥനയില്‍ തെളിക്കുന്ന വയലറ്റ് തിരി പ്രത്യാശയുടെ തിരിയാണ് (Candle of hope). വയലറ്റ് നിറം പശ്ചാത്താപത്തെയും പരിഹാര പ്രവര്‍ത്തികളെയും സൂചിപ്പിക്കുന്നു. ഏശയ്യാ 63: 16- 17, 64: 1, 3-8 എന്നീ തിരുവചന ഭാഗങ്ങള്‍ തിരിതെളിക്കുന്നതിനു മുമ്പുള്ള വായനക്കും പ്രാര്‍ത്ഥനക്കും ഉചിതമാണ്.

രണ്ടാമത്തെ ആഴ്ച തെളിക്കുന്ന വയലറ്റ് തിരി യേശുവിന്റെ ജനനത്തെ കുറിക്കുന്ന പ്രവചനങ്ങളുടെ തിരിയായ ബെത് ലെഹേം തിരിയാണ് (beth-lehem candle or prophecy candle). ഇത് സമാധാനത്തിന്റെ തിരിയെന്നും അറിയപ്പെടുന്നു (candle of peace). തിരിതെളിക്കുന്നതിനു മുമ്പുള്ള വായനക്കും പ്രാര്‍ത്ഥനക്കും ഉചിതമായ ഭാഗം ഏശയ്യാ 40 : 1-5, 9-11 ആണ്.

മൂന്നാം ആഴ്ചയിലെ ആരാധനാക്രമത്തിന്റെ നിറം റോസാണ്. ഈ ഞായര്‍ ‘സന്തോഷിക്കുക’ എന്നര്‍ത്ഥമുള്ള ഗൗദേത്തെ (Latin Gaud-ete) അഥവാ ആനന്ദ ഞായര്‍ എന്നറിയപ്പെടുന്നു. ‘കര്‍ത്താവില്‍ എല്ലായ്പ്പോഴും ആനന്ദിക്കുക. കര്‍ത്താവ് സമീപസ്ഥനാണ്’ (ഫിലിപ്പി. 4:4) എന്ന പ്രവേശക പ്രഭണിതത്തില്‍ നിന്നാണ് ഈ വാക്ക് എടുത്തിരിക്കുന്നത്. 12-ാം നൂറ്റാണ്ടു മുതലാണ് റോസ് നിറം ആഗമനകാലത്തിലെ മൂന്നാം ഞായറാഴ്ച്ച ഉപയോഗിക്കാന്‍ ആരംഭിച്ചത്. ഈ ദിനത്തിലെ ആരാധനക്രമത്തില്‍ പശ്ചാത്താപത്തിന്റെ ധൂമ്ര വസ്ത്രം (വയലറ്റ്) മാറ്റി സന്തോഷത്തിന്റെ പ്രതീകമായ റോസ് നിറം അണിയുന്നു. അങ്ങനെ ഈ മൂന്നാമത്തെ തിരിയെ യേശുവിന്റെ ജനനം അടുത്തിരിക്കുന്നതിനാല്‍ ആനന്ദത്തിന്റെ തിരിയായും (candl-e ofjoy) ആട്ടിടയന്‍മാരുടെ തിരിയായും (shepherds candle) കണക്കാക്കുന്നു. വായനക്കും പ്രാര്‍ത്ഥനക്കും ഉചിതമായ ഭാഗങ്ങള്‍ ഏശയ്യാ 61:1-2, 10-11 എന്നിവയാണ്.

നാലാം വാരത്തിലെ വയലറ്റ് തിരിയെ മാലാഖമാരുടെ തിരിയായും (angels’ candle) സ്നേഹത്തിന്റെ വിളക്കായും (candle of love) സങ്കല്‍പ്പിക്കുന്നു. വായനക്കും പ്രാര്‍ത്ഥനക്കും ഉചിതമായ ഭാഗങ്ങള്‍ 2 സാമു. 7:1-5, 8-12, 14, 16 എന്നിവയാണ്.

ക്രിസ്തുമസിന്റെ തലേന്ന് സായാഹ്നത്തില്‍ തെളിക്കുന്ന അവസാനത്തെ തിരിയായ വെള്ള തിരി, യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു (Christ’s candle). വായനക്കും പ്രാര്‍ത്ഥനക്കും ഉചിതമായ ഭാഗം ഏശയ്യാ 9: 1-7 ആണ്.

വെളുത്ത നിറം പാശ്ചാത്യ സഭയിലെ പരമ്പരാഗതമായ തിരുന്നാള്‍ നിറമാണ്. അതിനാലാണു ഈ വെള്ളത്തിരി വയ്ക്കുന്നത്.അങ്ങനെ യേശുവിലൂടെ ദൈവത്തിന്റെ പ്രകാശം ആഗമിക്കുന്നതിന്റെ കാത്തിരിക്കലാണ് ഈ ആഗമനകാലം.

ആഗമനകാല വായനകള്‍

ആഗമനകാല ഞായറാഴ്ച്ച വായനകളിലെ ഒന്നാം വായന മൂന്നു ചക്രങ്ങളിലും (Cycle A, B, C) ഏശയ്യാ, ബാറൂക്ക്, സെഫാനിയാ, മിക്കാ, സാമുവേല്‍ എന്നീ പ്രവാചക വചനങ്ങളാണ്. പ്രവചനങ്ങള്‍ ക്രിസ്തുവില്‍ പൂര്‍ണ്ണമാകുന്നതാണ് അപ്പസ്തോലന്‍മാരുടെ ലേഖനങ്ങളില്‍ നിന്നുള്ള രണ്ടാം വായന. ഈ കാലയളവിലെ ആദ്യ മൂന്നു ഞായറാഴ്ച്ചകളിലെ സുവിശേഷ ഭാഗങ്ങള്‍ ക്രിസ്തുവിന്റെ രണ്ടാം വരവിനായുള്ള ഒരുക്കവും സ്നാപകന്റെ അനുതാപപ്രസംഗവും യേശുവും സ്നാപകനും തമ്മിലുള്ള ബന്ധത്തെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. നാലാമത്തെ ഞായറാഴ്ച്ച ജോസഫിന്റെ സ്വപ്‌നവും (Cycle A – Mt. 1: 18 – 24 ), മംഗള വാര്‍ത്തയും (Cycle B – Lk. 1: 26 – 38), മറിയത്തിന്റെ സന്ദര്‍ശനം (Cycle C – Lk. 1: 39 47) ധ്യാനവിഷയമാകുന്നു. ഡിസംബര്‍ 17 മുതല്‍ 24 വരെ ക്രിസ്തു ജനനത്തിനു മുമ്പുള്ള സംഭവങ്ങളും വായനകളില്‍ ക്രമീകരിച്ചിരിക്കുന്നു.

ആഗമനകാലത്തിന്റെ ആത്മീയത

ആഗമനകാലം എന്നത് കര്‍ത്താവിന്റെ ജനനത്തിന്റെയും രണ്ടാം വരവിന്റേയും തയ്യാറെടുപ്പിനായുള്ള അനുതാപത്തിന്റെ കാലമാണ്. യേശുവിന്റെ മനുഷ്യാവതാരത്തിന്റെ ആഘോഷ പൂര്‍ണ്ണമായ ഓര്‍മ്മയാചരണമാണത്. യേശുവിന്റെ രക്ഷാകര സംഭവങ്ങള്‍ എല്ലാം ആരാധനാക്രമത്തില്‍ അനുഷ്ഠിക്കുന്നുണ്ട്. പ്രവചനങ്ങളിലൂടെ ഘട്ടം ഘട്ടമായി ചുരുളഴിയുന്നതാണ് ഇത്.

ചരിത്രത്തിലേക്കുള്ള യേശുവിന്റെ ആഗമനവും വാനമേഘങ്ങളിലുള്ള രണ്ടാം വരവും അനുതാപത്തിന്റെ ചൈതന്യത്തോടെ, നന്മ പ്രവൃത്തികള്‍ ചെയ്തു നാം കാത്തിരിക്കുന്നു.

ചരിത്രത്തില്‍ രക്ഷകന്റെ ആഗമനത്തിന്റെ ദൂതവാഹകനാണ് യേശുവിനു മുന്നോടിയായി എത്തുന്ന സ്നാപക യോഹന്നാന്‍. അമലോത്ഭവയായ മറിയത്തിന്റെ ദൈവമാതൃത്വമാണ് മനുഷ്യാവതാരത്തിന്റെ മറ്റൊരു പ്രധാന ലാവണ്യം. ചുരുക്കിപ്പറഞ്ഞാല്‍ ക്രിസ്തുവിന്റെ ആദ്യ വരവായ ക്രിസ്തുമസിന്റെ ഒരുക്കവും രണ്ടാം വരവ് ഓര്‍മ്മിപ്പിക്കുന്ന സമയവുമാണ് ആഗമനകാലം.

ഉപസംഹാരം

ഹൃദയത്തില്‍ പുല്‍ക്കൂട് ഒരുക്കി ഉണ്ണിയേശുവിനെ കാത്തിരിക്കുന്ന, കുഞ്ഞു പുണ്യപ്രവര്‍ത്തികളാല്‍ അര്‍ത്ഥവത്താക്കേണ്ട കാത്തിരിപ്പിന്റെ ദിനങ്ങളാണ് ആഗമനകാലം. അതൊരു സുഖമുള്ള, സന്തോഷദായകമായ കാത്തിരിപ്പാണ്.

സ്വന്തം പുത്രനെ അയക്കാന്‍ തക്കവിധം ലോകത്തെ സ്നേഹിച്ച ദൈവ പിതാവിന്റെ ചരിത്രം കൂടിയാണിത്. ‘ദൈവം സ്നേഹമാകുന്നു’ എന്നതിന്റെ മൂര്‍ത്തീവത്ക്കരണമാണ് യേശു. ഇങ്ങനെ സ്നേഹം അവതാരമെടുത്ത ദൈവപുത്രന്റെ സ്വയം ദാനമാണ് നമ്മെ രക്ഷിക്കുന്നത്. സ്നേഹമെന്നത് വെറും ഒരു വികാരമല്ല; അത് സ്വയം ബലിയാക്കുന്ന ഒരു പ്രവൃത്തിയാണ്.

പുല്‍ക്കൂട്ടിലെ സ്നേഹവും വാനമേഘങ്ങളില്‍ എഴുന്നള്ളുന്ന സ്നേഹവും നമ്മില്‍ പരിവര്‍ത്തനം സൃഷ്ടിക്കട്ടെ. അതിനാല്‍, ആഗമനകാലത്തിന്റെ അര്‍ത്ഥവത്തായ നാളുകളില്‍ ഹൃദയമൊരുക്കി നമുക്ക് രക്ഷകനെ കാത്തിരിക്കാം.

സഹായക ഗ്രന്ഥങ്ങള്‍:

1) റോമന്‍ മിസ്സാള്‍ മൂന്നാം പതിപ്പ്
2) General Instruction of the Roman Missal and General Norms for the Liturgical Year and the Calendar
3) Directory on Popular Piety and the Liturgy Principles and Guidelines no. 98
4) The Dictionary of the Liturgy by Jovian P. Lang
5) The Liturgical Year: Its History & Its Meaning after the Reform of the Liturgy by Adolf Adam
6) ആരാധനാക്രമത്തിന്റെ ആമുഖ പഠനം റവ.ഡോ.
രാജാദാസ് ജ്ഞാനമുത്തന്‍.
(കെആര്‍എല്‍സിബിസി ലിറ്റര്‍ജി കമ്മീഷന്‍ എക്സിക്യൂട്ടീവ് അംഗമാണ് ലേഖിക)


Related Articles

ഇന്ത്യയില്‍ ഇന്ധനം നിറഞ്ഞുകവിയുന്നു

കൊച്ചി: കൊറോണവൈറസ് വ്യാപനം മൂലം രാജ്യത്തെ ഇന്ധനകലവറകള്‍ നിറഞ്ഞു കവിയുന്നു. രാജ്യമെമ്പാടുമുള്ള 66,000 പെട്രോള്‍ പമ്പുകളിലും സ്‌റ്റോക്ക് പരമാവധിയാണ്. ലോകത്തെ മൂന്നാമത്തെ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. 85

രാജ്യത്ത് മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്തണം

-കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌ബെനൗളിമിന്‍, ഗോവ: രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

BCC CONVENTION HIGHLIGHT

Lorem ipsum dolor sit amet, at nullam audire intellegebat vix. Has at iusto lobortis, qui nisl debet delectus scaevola facilisi

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*