ഒടുങ്ങാത്ത അഗ്നിപരീക്ഷകള്‍

by admin | June 28, 2022 4:39 am

അമേരിക്കയും റഷ്യയും ഇസ്രയേലും ഫ്രാന്‍സും യുകെയും ജര്‍മ്മനിയും ചൈനയുമൊക്കെ നടപ്പാക്കിയിട്ടുള്ള ഹ്രസ്വകാല സൈനികസേവന സമ്പ്രദായം ഇന്ത്യയിലെ കര, നാവിക, വ്യോമസേനകളില്‍ ഓഫിസര്‍ റാങ്കിനു താഴെയുള്ള ഭടന്മാരുടെ നിയമനങ്ങളില്‍ പിന്തുടരാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന യുവജനപ്രക്ഷോഭങ്ങളുടെ തീവ്രതയും ആളിപ്പടര്‍ന്ന അക്രമങ്ങളും ഞെട്ടിക്കുന്നതാണെങ്കിലും അദ്ഭുതപ്പെടുത്തുന്നതല്ല. രാജ്യത്തെ പെരുകിവരുന്ന തൊഴിലില്ലാപ്പടയുടെ മോഹഭംഗവും രോഷാഗ്നിയും അണപൊട്ടിയാല്‍ എന്തും സംഭവിക്കും. കലാപകാരികളെ സൈന്യത്തിലെടുക്കില്ല എന്ന സൈനികമേധാവിമാരുടെ താക്കീതുകൊണ്ട് അണയ്ക്കാവുന്ന തീയല്ല അഗ്നിപഥിനു പിന്നില്‍ ഇളകിമറിയുന്ന രാഷ്ട്രീയ പ്രകമ്പനവിസ്‌ഫോടനങ്ങള്‍.

ഇപ്പോള്‍ അനീതികരമെന്നു തോന്നുമെങ്കിലും രാഷ്ട്രനിര്‍മാണത്തിന് അനിവാര്യമാണെന്ന് പിന്നീട് ബോധ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി മോദി അഗ്നിവീര സേനാരൂപീകരണവുമായി ബന്ധപ്പെട്ടു നല്കുന്ന ന്യായീകരണം. നോട്ടുനിരോധനം മുതല്‍ കാര്‍ഷിക നിയമങ്ങള്‍ വരെ മോദി ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നിട്ടുള്ള ഒട്ടുമിക്ക സുപ്രധാന പരിഷ്‌കാരങ്ങളെയും പോലെ ഓര്‍ക്കാപ്പുറത്ത്, ഏവരെയും അമ്പരപ്പിക്കുന്ന മട്ടിലാണ് അഗ്നിപഥ് പദ്ധതിയുടെ അവതാരണം. രാജ്യരക്ഷയുടെ കാര്യത്തില്‍ പലതും പരസ്യപ്പെടുത്താനാവില്ലെങ്കിലും, രാജ്യസേവനത്തിന്റെ ഏറ്റം ഉദാത്ത മാതൃകയായ ജവാന്റെ വീരപരിവേഷത്തോടൊപ്പം തൊഴില്‍പരമായ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിന്റെ സുസ്ഥിരപാരമ്പര്യംകൂടെ നിലനിര്‍ത്തിവരുന്ന സൈന്യത്തിലേക്കുള്ള നിയമനരീതിയില്‍ മൗലികമാറ്റങ്ങളോടെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുത്തും ദേശീയതലത്തില്‍ ജനാധിപത്യ മര്യാദയും കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ടും വ്യാപകമായ ചര്‍ച്ചയും സംവാദവുമൊക്കെ നടത്തേണ്ടതല്ലേ? ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ തീര്‍ത്തും ആശയക്കുഴപ്പത്തിലാക്കി ഒറ്റയടിക്ക് മൂന്നു സേനാവിഭാഗങ്ങളിലും സമ്പൂര്‍ണതോതില്‍ അടിച്ചേല്പിക്കുന്നതിനു പകരം പൈലറ്റ് പ്രോജക്റ്റ് രൂപത്തില്‍ പരീക്ഷിച്ച് സൂക്ഷ്മമായി നാനാവശങ്ങളും വിലയിരുത്തി ഘട്ടംഘട്ടമായി നടപ്പാക്കേണ്ട അതിസങ്കീര്‍ണമായ ആധുനികവത്കരണ പ്രക്രിയ ഇത്ര ഏകപക്ഷീയമായി നടപ്പാക്കുമെന്നു വാശിപിടിക്കുമ്പോഴാണ് പ്രതിപക്ഷം മാത്രമല്ല ബിജെപിയുടെ ചില കൂട്ടുകക്ഷികളും പരസ്യമായി യുവജനപ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.

പതിനേഴര മുതല്‍ 21 വരെ പ്രായപരിധിയിലുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും റിക്രൂട്ട് ചെയ്ത് ആറുമാസത്തെ പരിശീലനകാലം ഉള്‍പ്പെടെ നാലുവര്‍ഷത്തേക്ക് സൈനികസേവനത്തിനു നിയോഗിക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ശിപായി, സീമെന്‍, എയര്‍ക്രാഫ്റ്റ്‌സ്മാന്‍ എന്നീ സംജ്ഞകള്‍ക്കു പകരം മൂന്നു സേനാവിഭാഗങ്ങളിലും ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ക്ലാര്‍ക്ക്, സ്റ്റോര്‍കീപ്പര്‍, നഴ്‌സിങ് അസിസ്റ്റന്റ്, ട്രേഡ്‌സ്മാന്‍ തുടങ്ങിയ തസ്തികകളില്‍ അഗ്നിവീര്‍ എന്നാവും ഈ നവസൈനികരുടെ നാമം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരില്‍ 25 ശതമാനം പേര്‍ക്ക് നാലുവര്‍ഷ കാലാവധി കഴിഞ്ഞ് 15 വര്‍ഷത്തേക്ക് സേനയില്‍ തുടരാനാകും; എന്നാല്‍ 75 ശതമാനം പേര്‍ പിരിഞ്ഞുപോകണം. പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, വിമുക്തഭടന്മാര്‍ക്കുള്ള പങ്കാളിത്ത ആരോഗ്യപദ്ധതി (ഇസിഎച്ച്എസ്), കാന്റീന്‍ ആനുകൂല്യങ്ങള്‍, വിമുക്തഭടന്‍ എന്ന പദവി ഇവയൊന്നും ഇവര്‍ പ്രതീക്ഷിക്കരുത്.

ആദ്യവര്‍ഷത്തെ പാക്കേജ് 4.76 ലക്ഷം രൂപയാണ് – മാസം 30,000 രൂപ ശമ്പളം, അതില്‍ നിന്ന് 9,000 രൂപ (30%) അഗ്നിവീര്‍ കോര്‍പസ് ഫണ്ട് എന്ന സേവാനിധിയിലേക്കു പിടിക്കും. നാലാം വര്‍ഷം പാക്കേജ് 6.92 ലക്ഷം രൂപയാകുമ്പോള്‍ മാസം കൈയില്‍ കിട്ടുന്നത് 28,000 രൂപ. നാലു വര്‍ഷം പൂര്‍ത്തിയായി പിരിഞ്ഞുപോകുമ്പോള്‍ 11.71 ലക്ഷം രൂപ സേവാനിധിയില്‍ നിന്നു ലഭിക്കും. സേവനകാലത്ത് 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് ആനുകൂല്യമുണ്ട്. പത്താം ക്ലാസിനുശേഷം സേനയില്‍ ചേരുന്നവര്‍ക്ക് സേവനകാലാവധി കഴിയുമ്പോള്‍ 12-ാം ക്ലാസ് പാസ് സര്‍ട്ടിഫിക്കറ്റും അഗ്നിവീര്‍ നൈപുണ്യവികസന സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പതിനേഴു വര്‍ഷത്തേക്കു പതിവുള്ള സ്ഥിരംനിയമനമില്ലാതെ പെന്‍ഷനും വിമുക്തഭടന്മാരുടെ ആനുകൂല്യവുമൊന്നുമില്ലാത്ത നാലുവര്‍ഷത്തെ കരാര്‍ ജോലിയല്ല, സൈന്യത്തില്‍ ചേരാന്‍ വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കോച്ചിങ് സെന്ററുകളിലും മറ്റും പോയി കാത്തിരുന്ന ചെറുപ്പക്കാര്‍ സ്വപ്‌നം കണ്ടിരുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി മുടങ്ങിയ കരസേനാ റിക്രൂട്ട്‌മെന്റിനുവേണ്ടി തയ്യാറെടുത്തിരുന്നവര്‍ക്ക് 21 എന്ന പ്രായപരിധി തിരിച്ചടിയായി. ബിഹാറില്‍ നിന്നു തുടങ്ങി ഹരിയാനയിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബംഗാളിലും തെലങ്കാനയിലും വരെ പ്രത്യക്ഷത്തില്‍ ഒരു സംഘടനയുടെയും നേതൃത്വമില്ലാതെ യുവജനങ്ങള്‍ അക്രമാസക്തമായ രീതിയില്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോഴാണ് ഇക്കൊല്ലത്തേക്കു മാത്രം പ്രായപരിധി 23 ആക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പുണ്ടായത്. ആദ്യബാച്ചില്‍ 46,000 പേരെ എടുക്കുമെന്നും പ്രഖ്യാപനമുണ്ടായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അടക്കം പ്രക്ഷോഭം ശക്തമാകുന്ന ഘട്ടത്തിലാണ്, നാലാം വര്‍ഷം പിരിഞ്ഞുപോകേണ്ടിവരുന്ന അഗ്നിവീര്‍ സേനാംഗങ്ങള്‍ക്കായി അസം റൈഫിള്‍സിലും കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗങ്ങളിലും നിയമനങ്ങളില്‍ 10% സംവരണം ലഭിക്കുമെന്നും പ്രായപരിധിയില്‍ മൂന്നു വര്‍ഷം ഇളവുണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ട്വിറ്റര്‍ സന്ദേശം വരുന്നത്. ബിജെപി മുഖ്യമന്ത്രിമാര്‍ സംസ്ഥാന പൊലീസ് സേനാ തസ്തികകള്‍ അഗ്നിവീരര്‍ക്കായി വാഗ്ദാനം ചെയ്തുകൊണ്ട് പ്രസ്താവന ഇറക്കി. കോസ്റ്റ് ഗാര്‍ഡ്, പ്രതിരോധ വകുപ്പിലെ സിവിലിയന്‍ നിയമനം, പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള 16 പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ 10% സംവരണവും കേന്ദ്ര തുറമുഖ ഷിപ്പിങ് ജലപാത മന്ത്രാലയത്തിന്റേതായി മര്‍ച്ചന്റ് നേവിയില്‍ ആറു സര്‍വീസ് സാധ്യതകളും തുടര്‍ന്ന് ഇതേമട്ടില്‍ പ്രഖ്യാപിക്കപ്പെട്ടു.

രാജ്യത്തെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സ് രണ്ടു വര്‍ഷം മുന്‍പ് രൂപകല്പന ചെയ്ത്, പ്രധാനമന്ത്രിയുടെ കാര്യാലയം പ്രത്യേക താല്പര്യമെടുത്ത് ആവിഷ്‌കരിച്ച, ഇന്ത്യന്‍ സൈന്യത്തിന്റെ ഘടനയും മുഖച്ഛായയും മാറ്റിക്കുറിക്കുന്ന മഹത്തായ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴത്തെ അനുബന്ധ രാഷ്ട്രീയ പ്രസ്താവനകളുടെ ഈ കുത്തൊഴുക്ക് പരിതാപകരമായ പ്രതിരോധമാണ്. ബാങ്ക് വായ്പയും സ്റ്റാര്‍ട്ടപ് സംരംഭകത്വ പ്രോത്സാഹനവും പോരാഞ്ഞ്, രാജ്യത്തെ ബിജെപി പാര്‍ട്ടി കാര്യാലയങ്ങളിലെ സെക്യൂരിറ്റി ജോലിയും മുടിവെട്ട്, അലക്ക്, ഡ്രൈവിങ്, ക്ലീനിങ് പണികള്‍ക്കുള്ള ഭാവി സാധ്യതകളും അഗ്നിവീരര്‍ക്ക് വാഗ്ദാനം ചെയ്യുന്ന കേന്ദ്രമന്ത്രിയും ഭരണകക്ഷിയുടെ ദേശീയ നേതാവും ഇന്ത്യന്‍ സൈനികരെ അപമാനിക്കുകയാണ്.

അഖിലേന്ത്യാതലത്തില്‍ ഒറ്റ ക്ലാസ് ആയാണ് അഗ്നിവീര്‍ സേന രൂപംകൊള്ളുന്നത്. വിവിധ മേഖലകളിലെ പ്രത്യേക റജിമെന്റുകളുടെ വ്യത്യസ്ത രൂപഘടനയെ ബാധിക്കുന്ന മാറ്റമാണിത്. ഇന്ത്യന്‍ സൈന്യത്തില്‍ കൂടുതല്‍ യുവത്വം കൊണ്ടുവരുന്നതാണ് ഈ പരിഷ്‌കാരം എന്നു സര്‍ക്കാര്‍ പറയുന്നു. ഇന്ത്യന്‍ സൈനികന്റെ ശരാശരി പ്രായം 32-ല്‍ നിന്ന് 26 ആകുമത്രേ. എന്നാല്‍ കേവലം ആറുമാസത്തെ പരിശീലനം കൊണ്ട് വ്യോമ, നാവികസേനകളില്‍ അതിനൂതന സാങ്കേതികവിദ്യയില്‍ മികവു നേടാന്‍ അഗ്നിവീരര്‍ക്കു കഴിയുമോ, യുദ്ധമുഖത്തെ അനുഭവസമ്പത്ത് മൂന്നര വര്‍ഷംകൊണ്ട് ആര്‍ജിക്കാനാവുന്നതാണോ തുടങ്ങിയ സംശയങ്ങള്‍ ഉയരുന്നുണ്ട്. പ്രതിരോധ ബജറ്റ് വിഹിതത്തില്‍ പകുതിയിലേറെ വരുന്ന പെന്‍ഷന്‍ ഭാരം ലഘൂകരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ ലക്ഷ്യം എന്നു വ്യക്തമാണ്. ഓരോ വര്‍ഷവും 60,000 ജവാന്മാരും ആയിരം ഓഫിസര്‍മാരും കരസേനയില്‍ നിന്നു മാത്രം പെന്‍ഷന് അര്‍ഹരാകുന്നു. 24.62 ലക്ഷം പേര്‍ – വെറ്ററന്‍സ് 19 ലക്ഷം, സിവിലിയന്‍സ് 5.62 ലക്ഷം – ഡിഫന്‍സ് പെന്‍ഷന്‍ വാങ്ങുന്നുണ്ട്.

സിവില്‍ സമൂഹത്തിന്റെ സൈനികവത്കരണം എന്ന ആര്‍എസ്എസ് സ്വപ്‌നം അഗ്നിപഥിലൂടെ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്ന് ചില രാഷ്ട്രീയ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നാലു വര്‍ഷം കൂടുമ്പോള്‍, സൈനിക പരിശീലനം നേടിയ 30,000 യുവാക്കള്‍ സമൂഹത്തിലേക്കു തിരിച്ചുവരുന്നു. അച്ചടക്കവും സാങ്കേതിക നൈപുണ്യവുമുള്ള ഇവര്‍ സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് ബിജെപി വക്താക്കള്‍ പറയുന്നത്. അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന വാദത്തില്‍ കഴമ്പൊന്നുമില്ല. 2019-20ല്‍ ആര്‍മി 80,000 പേരെ റിക്രൂട്ട് ചെയ്തു, 2018-19ല്‍ 53,000 പേരെയും. ശരാശരി 15 വര്‍ഷത്തേക്കായിരുന്നു ആ നിയമനങ്ങള്‍. പ്രതിവര്‍ഷം 40,000 പേരെ റിക്രൂട്ട് ചെയ്ത് നാലു വര്‍ഷം കഴിഞ്ഞ് 30,000 പേരെ പിരിച്ചുവിടുമ്പോള്‍ ഫലത്തില്‍ 10,000 പേര്‍ക്കാണ് റഗുലര്‍ കേഡര്‍ നിയമനം ലഭിക്കുന്നത്. വലിയൊരു റിട്രെഞ്ച്‌മെന്റ് പദ്ധതിയാണ് ഇന്ത്യന്‍ സൈന്യത്തിലെ ഈ ഹ്രസ്വകാല ടൂര്‍ ഓഫ് ഡ്യൂട്ടി.

റെയില്‍വേയില്‍ 35,000 ക്ലാര്‍ക്ക് തസ്തികകളിലേക്ക് 12 ലക്ഷം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചപ്പോള്‍ അവരുടെ എണ്ണം കുറയ്ക്കാനായി റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അടിസ്ഥാനയോഗ്യതാ മാനദണ്ഡം ഉയര്‍ത്തിയതിന്റെ പേരിലുണ്ടായ പ്രക്ഷോഭം മറക്കും മുന്‍പാണ് സൈനിക റിക്രൂട്ട്‌മെന്റ് പരിഷ്‌കാരത്തിന്റെ പേരില്‍ യുവജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവരുന്നത്. തലമുറകളായി ഇന്ത്യന്‍ സേനയില്‍ സേവനം ചെയ്യുന്ന വീരജവാന്മാരുടെ ഗ്രാമങ്ങളിലേക്ക് പ്രക്ഷോഭകരുടെ പുരയിടങ്ങളിലേക്ക് ബുള്‍ഡോസറുമായി ഭരണകിങ്കരന്മാര്‍ ചെല്ലാതിരിക്കട്ടെ!

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/agnipath-jeevanaadam-malayalam-%e0%b4%92%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%97%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%b0%e0%b5%80/