Breaking News

ഇരുണ്ടകാലത്തെ പ്രത്യാശാനക്ഷത്രങ്ങള്‍

ഇരുണ്ടകാലത്തെ പ്രത്യാശാനക്ഷത്രങ്ങള്‍

മഹാവ്യാധിയുടെ കൊടുംദുരിതങ്ങളുടെ ആണ്ടറുതിയില്‍ പ്രത്യാശയുടെ നക്ഷത്രവെളിച്ചം കാത്തിരിക്കുന്നവരുടെ മനം കുളിര്‍പ്പിക്കുകയോ ഉള്ളം തൊടുകയോ ചെയ്യുന്ന ചില വരികളും വാര്‍ത്താശകലങ്ങളും സവിശേഷ മൂല്യമുള്ളവയാണ്. ലോക അത്‌ലറ്റിക് ചാംപ്യനായ ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജിന്റെ ഒരു ട്വീറ്റ് ഇരുള്‍മൂടിയ ഈ ദിനങ്ങളെ പൊടുന്നനെ പ്രകാശപൂരിതമാക്കി. ശാരീരിക പരിമിതികളും അപൂര്‍ണതകളും കൊണ്ടു തളരാതെ ജീവിതത്തില്‍ മുന്നോട്ടുകുതിക്കാനുള്ള പ്രേരണയും പ്രചോദനവും പകരുന്ന ഒരു അസാധാരണ സന്ദേശമാണത്.

ജംപിങ് പിറ്റിലേക്കു കുതിക്കേണ്ട കാലിനു പരുക്കേറ്റ് നിര്‍ജീവാവസ്ഥയിലായിരിക്കെ രണ്ടായിരാമാണ്ടില്‍ സിഡ്‌നിയിലെ മില്ലെനിയം ഒളിംപിക് ഗെയിംസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അഞ്ജു, 2003-ല്‍ പാരിസില്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന ആ രഹസ്യം വെളിപ്പെടുന്നത്: തനിക്ക് ജന്മനാ ഒരു വൃക്കയേയുള്ളൂ! ശരീരത്തെ ആയാസപ്പെടുത്തുന്ന അതികഠിന പരിശീലനമുറകള്‍ പാലിക്കേണ്ട ഒരു അത്‌ലിറ്റിന് ഇതില്‍പ്പരം ആഘാതമുണ്ടാകാനുണ്ടോ?

ലോക ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി യൂറോപ്പില്‍ ആറു മത്സരങ്ങളില്‍ പങ്കെടുത്ത അഞ്ജുവിനെ വിട്ടുമാറാത്ത ക്ഷീണവും സന്ധിവേദനയും നീര്‍ക്കെട്ടുമൊക്കെ അലട്ടിയിരുന്നു. വേദനസംഹാരികളോട് അലര്‍ജിയുള്ളതിനാല്‍ മരുന്നുകള്‍ കഴിക്കാനാവാത്ത അവസ്ഥ. ആറു മാസമെങ്കിലും ട്രാക്കില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ജര്‍മനിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും 20 ദിവസത്തിനകം അഞ്ജു പാരിസില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ അവിസ്മരണീയമായ ആ കുതിപ്പുനടത്തി 6.70 മീറ്റര്‍ മാര്‍ക്കില്‍ വെങ്കല മെഡല്‍ നേടി. ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി ഒരു ഇന്ത്യന്‍ താരം മെഡല്‍ നേടുകയായിരുന്നു. ഇന്നും ലോക അത്‌ലറ്റിക് ചാംപ്യനായ ഏക ഇന്ത്യക്കാരി എന്ന അദ്വിതീയ മഹിമ ഈ മലയാളി താരത്തിനു സ്വന്തം.

മാഞ്ചസ്റ്ററിലെ 2002 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം, ബുസാനിലെ 2002 ഏഷ്യന്‍ ഗെയിംസിലും, മോണ്ടെ കാര്‍ലോയിലെ 2005 ലോക അത്‌ലറ്റിക്‌സ് ഫൈനലിലും (ലോക റാങ്കിങ്ങിലെ ആദ്യത്തെ എട്ടു സ്ഥാനക്കാര്‍ പങ്കെടുക്കുന്ന മത്സരം), ഇന്‍ഛണിലെ 2005 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും, കൊളംബോയിലെ 2006 സാഫ് ഗെയിംസിലും സ്വര്‍ണം, ദോഹയിലെ 2006 ഏഷ്യന്‍ ഗെയിംസിലും അമ്മാനിലെ 2006 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വെള്ളി, ആഥന്‍സില്‍ 2004 ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനത്ത് എത്തിയ 6.83 മീറ്റര്‍ എന്ന ഇന്നും ഭേദിക്കപ്പെടാത്ത ദേശീയ റെക്കോഡ് – അഞ്ജു ഈ നേട്ടമെല്ലാം കൈവരിച്ചത് ഒറ്റവൃക്കയുടെ ശാരീരിക വെല്ലുവിളികളെല്ലാം മറികടന്നാണ്.

റീനല്‍ ആജനെസിസ് എന്നറിയപ്പെടുന്ന ഒറ്റവൃക്കയുമായുള്ള ജീവിതം 5,000 പേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ സംഭവിക്കാറുള്ളതാണെന്ന് നെഫ്രോളജി വിദഗ്ധര്‍ പറയും. ശരീരത്തിന് കഠിന ആയാസവും ക്ലേശവുമൊന്നുമില്ലാതെ ഭക്ഷണക്രമം നിയന്ത്രിച്ച് ജീവിക്കുന്നവര്‍ക്ക് സാധാരണഗതിയില്‍ ഇതുകൊണ്ട് വലിയ പ്രതിസന്ധിയൊന്നുമുണ്ടാകാറില്ല. അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തിയില്ലെങ്കില്‍ ഒരു കിഡ്‌നി കുറവാണ് എന്ന രഹസ്യം അറിയാതെതന്നെ ആയുഷ്‌കാലം പിന്നിടുന്നവര്‍ ഏറെയാണ്. എന്നാല്‍ നിരന്തരം ശാരീരിക വ്യായാമവും കഠിന പരിശീലനമുറകളും കടുത്ത സമ്മര്‍ദങ്ങളും പരിക്കുകളുമൊക്കെ നേരിടുന്ന കായികതാരങ്ങള്‍ക്ക് ഒറ്റവൃക്ക വലിയൊരു റിസ്‌ക് തന്നെയാണ്. നിര്‍ജലീകരണം, രക്തത്തില്‍ യൂറിക് ആസിഡ് വര്‍ധിക്കാനിടയാക്കുന്ന പ്രോട്ടീന്‍ ബയോസിന്തെസിസ് ഉത്പന്നങ്ങളുടെ ദോഷഫലം, പരിക്കുപറ്റിയാലും വേദനസംഹാരികളും മറ്റ് ഔഷധങ്ങളും തൊടാനാവാത്ത വിഷമസന്ധി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉപരി ഒറ്റവൃക്കയെക്കുറിച്ചുള്ള മനക്ലേശവും ആകുലതയും ഏതൊരു അത്‌ലിറ്റിന്റെയും ഫീല്‍ഡ്-ട്രാക്ക് സ്വപ്‌നങ്ങള്‍ തകര്‍ത്തുകളഞ്ഞേക്കും. അഞ്ജുവിന് പലപ്പോഴും നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പൊടുന്നനെ നീരുകെട്ടി ശരീരം ചീര്‍ത്തുവരുകയും അലര്‍ജിക്ക് മരുന്നു കഴിച്ചാല്‍ ബോധക്ഷയമുണ്ടാവുകയുമൊക്കെ ചെയ്യുന്ന സ്ഥിതി. അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ലോക റെക്കോഡ് ജേതാവ് മൈക്ക് പൊവലിനൊപ്പം (8.95 മീറ്റര്‍ ആണ് ഈ ലോക താരത്തിന്റ ലോങ്ജംപ് റെക്കോഡ്) 2003-ല്‍ മെയ്-ജൂണ്‍ മാസങ്ങളില്‍ ട്രെയിനിങ് സെഷനുകള്‍ നടത്തുമ്പോള്‍ കൊടുംചൂടിനെ നേരിടാന്‍ വേണ്ടത്ര വെള്ളം കുടിക്കുന്നതില്‍ പോലും പ്രത്യേക ശ്രദ്ധ പാലിക്കണമായിരുന്നു.

അഞ്ജുവും ബോബിയും മൈക്ക് പവലിനൊപ്പം

തന്റെ ഭര്‍ത്താവും പരിശീലകനുമായ ദേശീയ ട്രിപ്പിള്‍ ജംപ് ചാംപ്യന്‍ റോബര്‍ട്ട് ബോബി ജോര്‍ജിന്റെ ”മാന്ത്രികശക്തിയോ പ്രതിഭയോ” ആണ് തന്നെ അത്‌ലറ്റിക്‌സില്‍ ലോക നേട്ടങ്ങളിലേക്കു കുതിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്ന അഞ്ജു, താന്‍ ശാരീരികമായി ”അത്ര പെര്‍ഫെക്റ്റ് അല്ലാത്ത” ഒറ്റവൃക്കയുടെ അപൂര്‍ണതയും പരിമിതിയും അതുമൂലമുണ്ടായ വേദനയും ബുദ്ധിമുട്ടുകളും അനുഭവിച്ച അത്‌ലിറ്റായിരുന്നുവെന്ന രഹസ്യം 17 വര്‍ഷത്തിനുശേഷം ഈ കൊവിഡ് മഹാമാരിക്കാലത്താണ് ലോകത്തോടു വെളിപ്പെടുത്താന്‍ തയാറായത്. ഒറ്റവൃക്ക എന്ന പോരായ്മയെക്കുറിച്ച് മറ്റുള്ളവര്‍ അറിയുന്നത് വലിയൊരു അപമാനമാണെന്ന ധാരണയായിരുന്നു ഇതുവരെ. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ വേണ്ടത്ര പരിശീലന സൗകര്യമില്ലാതെ വലയുന്ന കായികതാരങ്ങള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മറ്റുള്ളവര്‍ക്കും അല്പമെങ്കിലും പ്രചോദനവും ആത്മധൈര്യവും പകരണമെന്ന ആഗ്രഹത്താലാണ് അഞ്ജു തന്റെ അതിജീവന കഥ ട്വീറ്റിലൂടെ പങ്കുവച്ചത്.

കൊറോണവൈറസ് പ്രതിരോധ വാക്‌സിന്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി ലോകമെങ്ങും നീതിപൂര്‍വം വിതരണം ചെയ്യുന്നതിനുള്ള ”പ്രെഡിക്റ്റീവ് അനലിറ്റിക്‌സ്, ഡേറ്റാ മോഡല്‍സ്” രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കുന്ന 15 വയസുള്ള ഇന്ത്യന്‍ വംശജയായ ഗീതാഞ്ജലി റാവു എന്ന ‘സൂപ്പര്‍ കിഡ്’ ശാസ്ത്രജ്ഞയുടെ സാമൂഹിക പ്രതിബദ്ധതയെ ലോകമാധ്യങ്ങള്‍ ഈ ദിനങ്ങളില്‍ വാഴ്ത്തുന്നുണ്ട്. കൊളറാഡോയിലെ ഭാരതി-രാം റാവു ദമ്പതികളുടെ മകളായ ഗീതാഞ്ജലിയെ അമേരിക്കയിലെ പ്രഥമ ‘കിഡ് ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുത്ത് ടൈം മാഗസിന്‍ കവര്‍ചിത്രത്തില്‍ അവതരിപ്പിക്കുകയും ഹോളിവുഡ് താരം ആഞ്ജലീന ജോളി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അവളുമായി അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു.

പത്തുവയസുള്ളപ്പോഴാണ് ഗീതാഞ്ജലി മിഷിഗണിലെ ഫഌന്റ് നദീജലത്തിലെ ഈയം മലിനീകരണം നിമിത്തം 12,000 കുട്ടികള്‍ രോഗബാധിതരായതു സംബന്ധിച്ച വാര്‍ത്ത കണ്ട് കാര്‍ബണ്‍ നാനോട്യൂബ് സെന്‍സര്‍ ടെക്‌നോളജിയില്‍ ഗവേഷണം നടത്താന്‍ അനുമതി തേടിയത്. കുടിവെള്ളത്തിലെ ഈയത്തിന്റെ തോത് കണ്ടെത്തുന്നതിനുള്ള ‘ടെതിസ്’ എന്ന ഉപകരണം കണ്ടുപിടിച്ചത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ബ്ലൂടൂത്ത് മുഖേന സ്മാര്‍ട്‌ഫോണ്‍ ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന, കൈയില്‍ കൊണ്ടുനടക്കാവുന്ന ഡിവൈസാണിത്.


ലഹരിമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യദശയില്‍ തന്നെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ‘എപി
യോണ്‍’, സാമൂഹികമാധ്യമങ്ങളും നവമാധ്യമങ്ങളും ഉപയോഗിച്ചുള്ള സൈബര്‍ ഉപദ്രവകാരികളെ തുടക്കത്തിലേ തടയുന്നതിനുള്ള ‘കൈന്‍ഡ്‌ലി’ എന്നിവ ഗീതാഞ്ജലിയുടെ കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തിലുണ്ട്. ശാസ്ത്രം, ടെക്‌നോളജി, എന്‍ജിനിയറിങ്, ഗണിതശാസ്ത്രം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ‘സ്റ്റെം’ പാഠ്യപദ്ധതിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളിലെ പ്രതിഭകളെ സാങ്കേതിക ഉപജ്ഞാതാക്കളും ശാസ്ത്രജ്ഞരുമായി വളര്‍ത്തിക്കൊണ്ടുവരാനുള്ള ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് എന്‍ജിനിയറിങ്, ഷാങ്ഹായ് ഇന്റര്‍നാഷണല്‍ യൂത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ശില്പശാലകളിലൂടെ 20,000 കുട്ടികളുടെ മെന്റര്‍ ആയിട്ടുള്ള ഗീതാഞ്ജലി ബോളിവുഡ് താരം ഷാരുഖ് ഖാന്‍ അവതരിപ്പിച്ച ‘നയീ ബാത്ത്’ ഉള്‍പ്പെടെ മൂന്നു ‘ടെഡ് ടോക്ക്’ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നാല്പത്തിമൂന്നുകാരിയായ അഞ്ജു ബോബി ജോര്‍ജും പതിനഞ്ചുകാരിയായ ഗീതാഞ്ജലി റാവുവും ഈ ഇരുണ്ടകാലത്തെ മഹാവ്യഥകളെ അതിജീവിക്കാന്‍ വഴി കാണാത ഉഴലുന്നവര്‍ക്ക് പ്രതീക്ഷയുടെയും സ്ഥൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മാര്‍ഗദര്‍ശികളും മാതൃകകളുമാകട്ടെ. കാലുഷ്യത്തിന്റെയും വിദ്വേഷത്തിന്റെയും നൈരാശ്യത്തിന്റെയും വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഇത്തരം പ്രഭാമയ ജീവിതങ്ങള്‍ നമ്മുടെ മനം തുടുപ്പിക്കും, അകതാരില്‍ സൗഖ്യത്തിന്റെ കൃപാസാന്ത്വനം നിറയ്ക്കും.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
a nju bobby georgeanjugeethanjali rao

Related Articles

സ്പ്രിങ്ക്ളെര്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്പനിയായ സ്പ്രിങ്ക്ളെര്‍  ചോര്‍ത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

പിന്നാക്ക ക്ഷേമവകുപ്പ്‌ രൂപീകരിക്കണം -കെആര്‍എല്‍സിസി

എറണാകുളം: ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ പിന്നാക്ക ക്ഷേമവകുപ്പ്‌ രൂപീകരിക്കണമെന്ന്‌ കെആര്‍എല്‍സിസി സംഘടിപ്പിച്ച സംവരണപഠന സെമിനാര്‍ ആവശ്യപ്പെട്ടു. പുതിയതായി രൂപീകരിക്കപ്പെടുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌

യൂത്ത് സെന്‍സസ് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു

എറണാകുളം: കെആര്‍എല്‍സിബിസി യുവജന കമ്മീഷന്റെയും എല്‍സിവൈഎം സംസ്ഥാന സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കെആര്‍എല്‍സിസി ഓഫീസില്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ നിര്‍വഹിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*