ജ്ഞാനസ്‌നാനത്തിരുനാള്‍

by admin | January 8, 2022 10:38 am

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

ഈശോയുടെ ജ്ഞാനത്തിരുനാളിന് സ്‌നാപകയോഹന്നാനെ വരാനിരിക്കുന്ന ക്രിസ്തുവായി ജനം തെറ്റിദ്ധരിച്ചു തുടങ്ങുമ്പോള്‍ എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു അവന്റെ ചെരുപ്പിന്റെ കെട്ടഴിക്കാന്‍ ഞാന്‍ യോഗ്യനല്ല. എന്നു പറയുന്നതും ഈശോ വന്ന് സ്‌നാപകയോഹന്നാനില്‍ നിന്ന് സ്‌നാനം സ്വീകരിക്കുമ്പോള്‍ ആത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരുന്നതും സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടാകുന്നതുമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം വായിക്കുന്നത്.

സത്യത്തില്‍ ഈ ജോര്‍ദാന്‍ നദിയില്‍ വന്ന് സ്‌നാപകനില്‍ നിന്ന് സ്‌നാനം സ്വീകരിക്കേണ്ട വല്ല ആവശ്യവും ഈശോയ്ക്ക് ഉണ്ടോ. മാനുഷിക തലത്തില്‍ ചിന്തിച്ചാല്‍ ഇല്ല. ഈശോ ദൈവപുത്രനാണ് ദൈവമാണ്. എല്ലാം ആരിലൂടെ സൃഷ്ടിക്കപ്പെടുന്നുവോ ആ ദൈവം യോഹന്നാന്‍ തന്നെ. ഈശോയെക്കുറിച്ച് സുവിശേഷത്തില്‍ സാക്ഷ്യം നല്‍കുന്നത് അവന്‍ തന്നെക്കാള്‍ ശക്തനാണെന്നും അവന്റെ ചെരുപ്പില്‍ തൊടുവാനുള്ള യോഗ്യത തനിക്കില്ലായെന്നുമാണ്. പോരാത്തതിന് താന്‍ നല്‍കുന്ന ജലം കൊണ്ടുള്ള സ്‌നാനം പോലെയായിരിക്കില്ല അവന്‍ നല്‍കുന്ന സ്‌നാനം. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയിലുമാണ് സ്‌നാനപ്പെടുന്നത്. അങ്ങനെയൊരു സ്‌നാനത്തെക്കുറിച്ച് ഇസ്രായേല്‍ കേട്ടിട്ടുപോലുമുണ്ടാവില്ല. അതായത് താന്‍ വെറും നിഴല്‍ മാത്രമാണെന്നും ക്രിസ്തു ‘ഒറിജിനല്‍’ അവനാണെന്നുമാണ് ഓര്‍ക്കണം. സ്‌നാപകയോഹന്നാന്‍ നല്‍കിയിരുന്നത് പാപമോചനത്തിനുള്ള മാനസാന്തരത്തിനുള്ള ജ്ഞാനസ്‌നാനമാണ്. അത് സ്വീകരിക്കാന്‍ വന്നിരുന്നതോ പാപികളായ ജനക്കൂട്ടവും. അതില്‍ പടയാളികളും ചുങ്കക്കാരുമൊക്കെയുണ്ടായിരുന്നു. ഈശോയ്ക്ക് എന്തു പാപമിരുന്നിട്ടാണ് മാനസാന്തരം വരേണ്ടതും ഒരു മനുഷ്യനില്‍ നിന്ന് സ്‌നാനം സ്വീകരിക്കേണ്ടതും. ഒന്നുമില്ല പിന്നെ എന്തിനാണ് ഈശോ തന്നെത്തന്നെ താഴ്ത്തി സ്‌നാനത്തിനു നിന്നുകൊടുത്തത്. ഈശോയുടെ ദൈവീകമായ എളിമായാകും അതിനു പ്രേരിപ്പിച്ചത്. ഈ എളിമ ജ്ഞാനസ്‌നാനാവസരത്തില്‍ മാത്രമല്ല ഈശോയുടെ ജീവിതത്തിലുടനീളം പ്രകടമാണ്. അന്ത്യാത്താഴവേളയില്‍ സ്‌നേഹത്തിന്റെ കല്‍പ്പന നല്‍കിക്കൊണ്ട് മനുഷ്യരുടെ പാപങ്ങള്‍ കഴുകിത്തുടയ്ക്കുന്ന യേശുവിനെ ഓര്‍ത്തെടുക്കുക. അത് എത്ര ഹൃദ്യമാണ്.
ഇത്തരത്തില്‍ തനിക്കാവശ്യമില്ലാതിരുന്നിട്ടും എളിമയോടെ ജ്ഞാനസ്‌നാനം സ്വീകരിക്കുന്ന യേശുവിനെത്തേടിയെത്തുന്നത് പരിശുദ്ധാത്മാവിന്റെ വ്യക്തമായ പ്രാവിന്റെ രൂപത്തിലുള്ള സാന്നിധ്യവും സ്വര്‍ഗത്തില്‍ നിന്നുള്ള നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നുള്ള അംഗീകാര വചനങ്ങളുമാണ്.

എത്രത്തോളം ഉന്നതനാണ് നീയെങ്കിലും അത്രമേല്‍ വിനീതനായി ജീവിക്കണമെന്ന് ഒരു ഗാനം ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ഉന്നതരില്‍ ഉന്നതനായ ഈശോ ഇത്രത്തോളം വിനീതനായെങ്കില്‍ നമ്മളും എത്രത്തോളം വിനീതനാകണം. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ താന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ചെയ്തതോര്‍മിക്കുക. സാധാരണ ആദ്യ പൊതുദര്‍ശനം വത്തിക്കാനിലെ ഒരു ജനല്‍പ്പടികള്‍ക്കടുത്തുനിന്നു കൊടുക്കുമ്പോള്‍ പാപ്പാമാരുടെ ആശിര്‍വാദമാണ് തലകുനിച്ചുനിന്നു ജനങ്ങള്‍ ഏറ്റുവാങ്ങുന്നത്. എന്നാല്‍ ഞാന്‍ നിങ്ങളെ ആശിര്‍വദിക്കുന്നതിനു മുമ്പ് നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കു. എന്നു പറഞ്ഞുകൊണ്ട് പാപ്പാ തലകുമ്പിട്ടുനിന്നു അവിടെ കൂടിയിരുന്നവരുടെ പ്രാര്‍ഥന സ്വീകരിച്ചു. അതിനുശേഷം മാത്രമാണ് പാപ്പാ ആശിര്‍വാദം നല്‍കിയത്.

ഞാന്‍ അച്ചനാണ്, കപ്യാരാണ്, കൈക്കാരനാണ്, വലിയ ജോലിക്കാരനാണ്, വലിയ ബിസിനസുകാരനാണ്. എന്നു പറഞ്ഞു വലിപ്പം ഭാവിച്ചു നില്‍ക്കാതെ എളിമപ്പെടേണ്ടിടത്ത് എളിമപ്പെടണം. പ്രാര്‍ഥന സ്വീകരിക്കുവാന്‍ തലകുമ്പിടേണ്ടിടത്ത് തലകുമ്പിടണം. ഇടവകയിലൊക്കെ ധ്യാനം നടക്കുമ്പോള്‍ അത് പാപികള്‍ക്കുവേണ്ടിയാണെന്നു പറഞ്ഞ് മാറി നില്‍ക്കരുത്. ഈശോ കാണിച്ചു തരുന്ന മാതൃകയില്‍ ഇറങ്ങിച്ചെല്ലണം എന്നാലെ കൃപയൊഴുകു. ത്രിയേക ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിലുമുണ്ടാകു.
ഇന്ന് യേശുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നമുക്കു ജ്ഞാനസ്‌നാനം തന്ന വൈദികനെ അറിയാമെങ്കില്‍ അദ്ദേഹത്തെ ഓര്‍ത്തു പ്രാര്‍ഥിക്കാം. ഒപ്പം നമ്മുടെ ജ്ഞാന മാതാപിതാക്കളെയും.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/baptisam-of-the-lord-homily/