കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ
വിചിന്തനം:- ആത്മാവും അഗ്നിയും (ലൂക്കാ 3 : 15-16, 21-22)

“എന്നെക്കാള്‍ ശക്‌തനായ ഒരുവന്‍ വരുന്നു… അവന്‍ പരിശുദ്‌ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും” (v.16). ഇതാണ് സ്നാപകസാക്ഷ്യത്തിന്റെ കാതൽ. ശക്തമായ വാക്കുകളുള്ളവനാണെങ്കിലും എളിമയുടെ മൂർത്തീഭാവമാണവൻ. വരാനിരിക്കുന്നവന്റെ ചെരുപ്പിന്റെ കെട്ടുകൾ അഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ല എന്ന് പറയുന്നതിലൂടെ ഒരു അടിമയെക്കാൾ ചെറിയവനാകുകയാണ് ഈ പ്രവാചകൻ. താൻ ആർക്കാണ് സാക്ഷ്യം നൽകുന്നത് ആ സാക്ഷ്യത്തിനു മുകളിൽ സ്വയം അവൻ പ്രതിഷ്ഠിക്കുന്നില്ല. ശക്തനായവന്റെ മുമ്പിൽ എളിമയോടെ നിൽക്കാൻ കഴിയുന്ന മനസ്സ്; അതാണ് സ്നാപകന്റെ തനിമ. ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവനേക്കാൾ വലിയവരായി സ്വയം പ്രതിഷ്ഠിക്കുന്ന ഈ കാലയളവിൽ സ്നാപകൻ ഒരു മാതൃകയാണ്. നോക്കുക, സ്നാപകനെ പോലെ സാക്ഷ്യവും സാക്ഷിയും തമ്മിലുള്ള പൊരുത്തത്തിൽ നിന്നുമാത്രമേ ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തുകൾ ഭൂമിയിൽ മുളക്കു.

ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവൻ നൽകുന്ന സ്നാനത്തിലേക്ക് സഹജരെ നയിക്കുന്നവരാണ്. ക്രിസ്തു പ്രദാനം ചെയ്യുന്ന സ്നാനത്തിലേക്ക് കേൾവിക്കാരെ നയിക്കാൻ സാധിക്കാത്ത തരത്തിലുള്ള പ്രഘോഷണമാണ് നമ്മൾ നടത്തുന്നതെങ്കിൽ ആ പ്രഘോഷണം സാക്ഷ്യമല്ല, അത് വെറും പ്രഭാഷണം മാത്രമാണ്. നിലനിൽപ്പിന്റെ ധർമ്മസങ്കടത്തിനു മുമ്പിൽ സത്യത്തെ ബലികഴിക്കാത്ത ഒരു മനസ്സും ദൈവിക ചോദനയുടെ മുമ്പിൽ ഒരു അടിമയായി മാറാനുള്ള ഹൃദയ നൈർമ്മല്യവും മാത്രം മതി സ്നാപകനെ പോലെ ഒരു സാക്ഷിയാകാൻ നമുക്കും സാധിക്കും. ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ അവനെ നിങ്ങൾ അനുഗമിക്കു” എന്നു പറയാൻ സാധിക്കുന്നവരാണ് യഥാർത്ഥ ക്രിസ്തുസാക്ഷികൾ (cf. യോഹ 1:36-37). സ്നാനം വേണ്ട, ക്രിസ്തുവിനെ  നിങ്ങൾ വെറുതെ അറിഞ്ഞാൽ മാത്രം മതി എന്ന ചിന്ത സുവിശേഷാത്മകമല്ല. രാഷ്ട്ര നിർമ്മിതിക്കും സാമൂഹിക പുരോഗതിക്കും സാംസ്കാരിക വളർച്ചയ്ക്കും ഉപകരിക്കുന്ന സംഭാവനകൾ നൽകികൊണ്ട് ചില ഉപവിപ്രവർത്തനങ്ങളിൽ മുഴുകുകയെന്നതല്ല ക്രൈസ്തവ സാക്ഷ്യം. പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം നൽകുന്ന യേശുവിനെ ചൂണ്ടിക്കാണിക്കാനുള്ള ആത്മീയ ഉത്തരവാദിത്വം കൂടിയാണത്. ഈ ഉത്തരവാദിത്വത്തെ അവഗണിക്കാനും തമസ്കരിക്കാനും ഉപദേശിക്കുന്നവർ മരുഭൂമിയിലെ പ്രലോഭകനു തുല്യമാണ്. അവർ പിശാചിന്റെ പ്രതിനിധികളാണ്. അങ്ങനെയുള്ളവരെ ദൈവവചനം ഉപയോഗിച്ച് മാറ്റിനിർത്തുകയെന്നത് ക്രിസ്തുവിൽ സ്നാനം സ്വീകരിച്ച നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

സ്നാനത്തിന് മലയാളത്തിൽ ഉപസർഗ്ഗമായി നമ്മൾ ജ്ഞാനമെന്ന പദവും ചേർക്കുന്നുണ്ട്. അങ്ങനെ സ്നാനം ജ്ഞാനസ്നാനമാകുന്നു. അപ്പോഴും ഒരു കാര്യം ഓർക്കണം, ക്രിസ്തുവിനെക്കുറിച്ചുള്ള അറിവു മാത്രല്ല ഈ സ്നാനം. ക്രിസ്തുവെന്ന അനുഭവമാണ്. ആ അനുഭവത്തിലേക്കാണ് സ്നാപകൻ തന്റെ കേൾവിക്കാരെ ക്ഷണിക്കുന്നത്.

ആത്മാവിലും അഗ്നിയിലും സ്നാനം നൽകുന്നവനാണ് യേശു. ആത്മാവും അഗ്നിയും – വിശുദ്ധിയെ നിർവചിക്കാൻ ഇതിലും മനോഹരമായ പ്രതീകങ്ങൾ വേറെയില്ല. ജലം ശുദ്ധിയുടെ പ്രതീകമാകുമ്പോൾ, അഗ്നി വിശുദ്ധിയുടെതാണ്. ദൈവമെന്ന അഗ്നിയിൽ മുങ്ങി കുളിക്കുക! മറ്റൊരു രീതിയിൽ പറഞ്ഞാൽ അഗ്നിശുദ്ധിയാണ് ജ്ഞാനസ്നാനം. സഹനത്തിന്റെ അർത്ഥതലങ്ങൾ അടങ്ങിയിട്ടുള്ള യാഥാർത്ഥ്യം; ഒരു ഉഷ്ണാനുഭവം. അതുകൊണ്ടാണ് സുവിശേഷത്തിൽ എവിടെയോ കാൽവരി സംഭവത്തെ ഒരു സ്നാനമായി യേശു താരതമ്യം ചെയ്യുന്നത് (cf. മർക്കോ 10:39, ലൂക്കാ 12:50). ആ ഉഷ്ണം സ്നേഹത്തിന്റെ ഊഷ്മളതയാണ്. ക്രിസ്തുസ്നേഹത്തിന്റെ ചൂടാണത്. അതുകൊണ്ടുതന്നെ എന്താണ് ജ്ഞാനസ്നാനം എന്ന് ചോദിച്ചാൽ  ക്രിസ്തുവെന്ന സ്നേഹാഗ്നിയിൽ മുങ്ങിനിവരുന്ന പ്രക്രിയയാണത് എന്നുമാത്രമേ പറയാൻ സാധിക്കു.

തന്നിലൂടെ പിതാവിനെ ലോകത്തിന് കാണിച്ചു നൽകി എന്നതു മാത്രമല്ല യേശു ചെയ്ത പ്രവർത്തികൾ, അതിലൂടെ സഹായകനായ ആത്മാവിനെയും പകർന്നു നൽകി എന്നതാണ്. അമൂർത്തമായ ആ ദൈവിക യാഥാർത്ഥ്യത്തിന് സ്നേഹമെന്ന് മാത്രമേ പര്യായമുള്ളൂ. ആത്മാവിലും സ്നാനം നല്കുന്നവനാണ് ക്രിസ്തുവെന്ന് പറയുമ്പോൾ സ്നേഹം ധാരയായി പകർന്നുനൽകുന്നവനാണ് അവനെന്നും അർത്ഥമുണ്ട്. അതെ, സ്നാനം ആത്യന്തികമായി സംഭവിക്കുന്നത് ആത്മാവിലാണ്. അത് ക്രിസ്തു സ്നേഹത്തിലുള്ള ഒരു മുങ്ങിക്കുളിയാണ്. ആ സ്നേഹത്തിന്റെ ഈറനണിഞ്ഞു കൊണ്ട് സഹജരിൽ കുളിർമയാകുന്നവരെ മാത്രമെ ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ സാധിക്കു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

നോക്കുന്നോ? കാതറീനയ്‌ക്കൊരു കൂട്ടു വേണം

തനിക്കൊരു ആണ്‍തുണവേണമെന്ന് ബോളിവുഡിലെ പ്രമുഖ താരം കാതറീന. ഒറ്റയ്ക്കു താമസിച്ചു മടുത്തെന്നാണ് അവരുടെ വിശദീകരണം. പക്ഷേ വെറും കൂട്ടേ വേണ്ടൂ. വിവാഹത്തിനൊന്നും തല്‍കാലം താല്‍പര്യമില്ല. 2019ല്‍ ഒരു

സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുക : ബിഷപ് അലക്സ് വടക്കുംതല

  കേരളത്തിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. മുന്നോക്ക

ബോണക്കാട് പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാനസെന്ററും ആശിര്‍വദിച്ചു

നെയ്യാറ്റിന്‍കര: ബോണക്കാട് അമലോത്ഭവമാതാ ദൈവാലയത്തിന് സമീപത്തായി പിയാത്ത രൂപവും തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ധ്യാന സെന്ററും, കുരിശിന്റെ വഴി തൂണുകളും ആശിര്‍വദിച്ചു. ബോണക്കാട് കുരിശുമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*