ഉടയ്ക്കപ്പെട്ടവന്റെ വാഴ്വ്

ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതാ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍
പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് ജീവനാദത്തോട് സംവദിക്കുന്നു:
”ആദ്യമേ പറയട്ടെ, സുല്‍ത്താന്‍പേട്ടിലെ പ്രഥമ മെത്രാന് എന്ന നിലയില്‍ കേരളത്തില്‍ കഴിയാന്‍ എനിക്ക് ഏറെ സന്തോഷമാണ്. പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ എന്ന അധികച്ചുമതല കൂടി പരിശുദ്ധ പിതാവ് ഏല്പിക്കുമ്പോള് ഞാന്‍ ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനത്തോട് പൂര്‍ണ വിധേയത്വവും അനുസരണയും പുലര്‍ത്തി അത് ഏറ്റുവാങ്ങുന്നു. പോണ്ടിച്ചേരിയിലെ അജപാലന ആധ്യാത്മിക പരിപാലന ചുമതല കൂടി ഭരമേല്ക്കുന്നതോടെ സുല്‍ത്താന്‍പേട്ടില്‍ നിന്ന് ഇടയ്ക്കിടെ 500 കിലോമീറ്റര്‍ (ഒരു ഭാഗത്തേക്ക്) യാത്രചെയ്യേണ്ടിവരും, എങ്കിലും ദൈവകൃപയുണ്ടെങ്കില്‍ അതൊന്നും സാരമാക്കേണ്ടതില്ല” – ഇന്ത്യയുടെ തെക്കുകിഴക്കന്‍ തീരത്തെ പഴയ ഫ്രഞ്ച് കോളനിയും കേന്ദ്രഭരണപ്രദേശവുമായിരുന്ന പോണ്ടിച്ചേരിയും തമിഴ്നാടിന്റെ ഭാഗമായ കടലൂരും ഉള്‍പ്പെടുന്ന തന്റെ മാതൃ അതിരൂപതയുടെ നീണ്ട ചരിത്രത്തില്‍ ആദ്യമായി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവിയില്‍ നിയമിതനായ കടലൂര്‍ സ്വദേശി ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പറയുന്നു.
ആര്‍ച്ച്ബിഷപ് അന്തോണി ആനന്ദരായര്‍ 75 വയസു പൂര്ത്തിയായതിനെതുടര്ന്ന് അതിരൂപതാ ഭരണത്തില്‍ നിന്നു വിരമിക്കുന്നതിന് നല്കിയ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ ബിഷപ് പീറ്റര്‍ അബീറിനെ അതിരൂപതയുടെ ഇടക്കാലഭരണത്തിന്റെ ചുമതല ഏല്പിച്ചത്. പുതിയ മെത്രാപ്പോലീത്തയുടെ നിയമനം വരെ അഡ്മിനിസ്ട്രേറ്റര്‍ക്കാണ് അതിരൂപതയുടെ അജപാലനശുശ്രൂഷയുടെയും ഭരണത്തിന്റെയും ചുമതല.
അപ്പസ്തോലിക അഡ്മിനസ്ട്രേറ്റര്‍ എന്ന നിലയില്‍ മുന്‍ഗണന എന്തിനാകും എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു: ”രാജ്യത്ത് സമൂഹത്തിലും, രാഷ്ട്രീയത്തിലും ഭരണത്തിലും വലിയ ധ്രുവീകരണം നടക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സാക്ഷ്യത്തിന്റെ പ്രാധാന്യം നമ്മുടെ വൈദികരെയും ദൈവജനത്തെയും ബോധ്യപ്പെടുത്തുകയാണ് ഏറ്റവും അത്യാവശ്യമെന്ന് ഞാന്‍ കരുതുന്നു.”
അങ്ങ് ആര്‍ച്ച്ബിഷപ് വെണ്മണി എസ്. സെല്വനാഥറുടെ കീഴില്‍ പോണ്ടിച്ചേരി അതിമെത്രാസന കൂരിയായില്‍ ചാന്‍സലറും, പിന്നീട് മൂന്നു വര്‍ഷം തമിഴ്നാട് മേഖലയിലെ മെത്രാന്മാരുടെ സമിതിയില്‍ ഡപ്യൂട്ടി സെക്രട്ടറിയുമായിരുന്നല്ലോ. ഇപ്പോള്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ കൂട്ടായ്മയുടെ ഭാഗമായി ലഭിച്ച അനുഭവസമ്പത്തും കൂടിയാകുമ്പോള്‍ പുതിയ ദൗത്യത്തിന് കൂടുതല്‍ കരുത്ത് ആര്ജിച്ചിട്ടില്ലേ?
കേരളത്തില്‍ 2014 ഫെബ്രുവരി മുതല്‍ അജപാലനശുശ്രൂഷ ചെയ്തുവരികയാണ്. പുതിയ അനുഭവങ്ങള്‍, വേറിട്ടൊരു സംസ്കാരം, മറ്റൊരു സാമൂഹികവ്യവസ്ഥ, വ്യത്യസ്തമായ അജപാലനരീതി ഇതൊക്കെ ഇവിടെനിന്നു ലഭിച്ചു. എന്നോടും ഞങ്ങളുടെ രൂപതയോടും കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സിലിലെ എന്റെ സഹോദരമെത്രാന്മാര് കാണിക്കുന്ന പ്രത്യേക കരുതലിനും ശ്രദ്ധയ്ക്കും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഒരു പരിധിയും പരിമിതിയും വേര്‍തിരിവുമില്ലാതെ ഔദാര്യപൂര്‍വം അവര്‍ തങ്ങളുടെ സാഹോദര്യത്തില്‍ എന്നെ ഒപ്പംകൂട്ടി. കേരളത്തിലെ ഓരോ വൈദികമേലധ്യക്ഷനില് നിന്നും കെആര്‍എല്‍സിബിസി, കെആര്‍എല്‍സിസി അംഗങ്ങളില്‍ നിന്നും മാനവികതയുടെയും വിശ്വാസരൂപീകരണത്തിന്റെയും ഒട്ടേറെ കാര്യങ്ങള്‍ എനിക്കു പഠിക്കാനും നേടാനുമായി.
”ഉണ്ടാക്കാനായി ഉടയ്ക്കപ്പെടുക” (Broken to Build: Fractus ut Aedificem)എന്ന അസാധാരണ അജപാലന ആപ്തവാക്യമാണല്ലോ അങ്ങ് എപ്പിസ്കോപ്പല്‍ ശുശ്രൂഷയുടെ അടയാളവാക്യമായി സ്വീകരിച്ചത്. അതിന്റെ ബിബ്ലിക്കല്‍ ധ്വനിയും പൊരുളും എന്താണ്?
പൗരോഹിത്യ ശുശ്രൂഷയില്‍, വിശേഷിച്ച് വൈദികമേലധ്യക്ഷന്റെ ശുശ്രൂഷയില്‍, പ്രത്യേകിച്ച് പുതിയൊരു രൂപത സ്ഥാപിക്കേണ്ട ദൗത്യം കൂടി വഹിക്കുമ്പോള്‍ വലിയ പരിത്യാഗവും കഷ്ടപ്പാടും സഹിക്കേണ്ടതുണ്ട്. ജീവിതത്തില്‍ പല തരത്തിലും നാം ”തകര്പ്പെടേണ്ടതായി” വരും. തകര്‍ക്കപ്പെടുന്നത് നിര്‍മിക്കാനായാണ്. ”ഗോതമ്പുമണി നിലത്തുവീണ് അഴയുന്നില്ലെങ്കില് അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും’ (യോഹ. 12:24) എന്നത് യേശുവിന്റെ ദിവ്യകാരുണ്യ മാതൃകയാണ്. ഈ യൂക്കറിസ്റ്റിക് പൊരുളാണ് എന്റെ ആദര്ശവാക്യത്തിന്റെ ആധാരം. ഓരോ വെല്ലുവിളിയെയും ഞാന്‍ നേരിടുന്നത് ഇത് ഓര്‍ത്തുകൊണ്ടാണ്. മുന്നോട്ടുപോകാന്‍ എനിക്കത് ശക്തി തരുന്നു.
സുല്‍ത്താന്‍പേട്ടിലെ മാതാ കോവില്‍ തെരുവില്‍ നിന്ന് പോണ്ടിച്ചേരിയിലെ അമലോത്ഭവനാഥയുടെ കത്തീഡ്രലിലേക്ക് തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യവും ദൈവികപരിപാലനയുടെ സവിശേഷ കൃപയും അനുഭവപ്പെടുന്നുണ്ടാവും…
സുല്‍ത്താന്‍പേട്ടിലെ കത്തീഡ്രല്‍ ദേവാലയം വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ളതാണെങ്കിലും 1762-ല്‍ അതു സ്ഥാപിക്കപ്പെട്ട കാലം മുതല്‍ മാതാ കോവില്‍ (പരിശുദ്ധ മാതാവിന്റെ പള്ളി) എന്നാണ് അറിയപ്പെടുന്നത്. സുല്‍ത്താന്‍പേട്ട് രൂപതയുടെ രണ്ടാമത്തെ മധ്യസ്ഥ ആരോഗ്യമാതാവാണ് (ഔവര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത്, വേളാങ്കണ്ണി ബസിലിക്കയിലെ പരിശുദ്ധ മാതാവിന്റെ നാമം). സുല്ത്താന്പേട്ടിലും പോണ്ടിച്ചേരിയിലും നമ്മുടെ ദൈവമാതാവിന്റെ സംരക്ഷണയും സഹായവും തേടിയാണ് നമ്മുടെ ശുശ്രൂഷാദൗത്യത്തില്‍ മുഴുകുന്നത്.
ഇന്ത്യയിലെ കത്തോലിക്കാസഭയുടെ നിരവധി പ്രവിശ്യകളിലേക്ക് വൈദികമേലധ്യക്ഷന്മാരെ സംഭാവന ചെയ്യുന്ന നീണ്ട പാരമ്പര്യം പോണ്ടിച്ചേരിക്കുണ്ട്. ബാംഗളൂര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ സൈമണ്‍ ലൂര്‍ദ്സ്വാമി തൊട്ട് ഹൈദരാബാദ്, വിജയവാഡ, സേലം, കോയമ്പത്തൂര്‍, വെല്ലൂര്‍, ഊട്ടി, തൂത്തുക്കുടി എന്നുവേണ്ട കേരളത്തിലെ സുല്‍ത്താന്‍പേട്ടില്‍ വരെ പോണ്ടിച്ചേരിയില്‍ നിന്നുള്ള മെത്രാന്മാര് സേവനം ചെയ്തു. ആധുനിക കാലത്ത് പോണ്ടിച്ചേരിയില്‍ നിന്ന് കേരളത്തിലേക്കു നിയോഗിക്കപ്പെടുന്ന പ്രഥമ മെത്രാന് അങ്ങ് ആയിരിക്കും. എന്നാല്‍ മലബാര്‍ മിഷനുമായി ബന്ധപ്പെട്ട ചരിത്രമാണ് പോണ്ടിച്ചേരിക്കുമുള്ളത്. പഴയകാലത്തെ ആ മിഷന് ചരിത്രത്തില്‍ അങ്ങയ്ക്ക് ഏറ്റവും പ്രിയങ്കരരായ മിഷണറിമാര്‍ ആരാണ്?
പോണ്ടിച്ചേരി മിഷന് കര്‍ണാടക, മലബാര്‍ മിഷന് എന്നും പേരുണ്ടായിരുന്നു. 1776ല്‍ ഈശോസഭയ്ക്ക് (ജസ്യുറ്റ് സമൂഹം) വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പോണ്ടിച്ചേരി മിഷന് പാരിസ് ഫോറിന് മിഷന് സൊസൈറ്റിയെ (എംഇപി) ഏല്പിക്കുകയുണ്ടായി. പോണ്ടിച്ചേരിയില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ഫ്രഞ്ചുകാരായ നിരവധി എംഇപി വൈദികരുടെ പ്രേഷിതചൈതന്യത്തിന്റെയും അര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേരിട്ടുള്ള അനുഭവമുണ്ട്. പണ്ട് പാലക്കാട് മിഷന് എന്നറിയപ്പെട്ടിരുന്ന സുല്‍ത്താന്‍പേട്ട് മേഖല എംഇപി പ്രേഷിതവൈദികരുടെ ചുമതലയിലായിരുന്ന കോയമ്പത്തൂര്‍ മിഷന്റെ ഭാഗമായിരുന്നു. അതിനാല്‍ സുല്‍ത്താന്‍പേട്ടില്‍ ശുശ്രൂഷ ചെയ്യാന്‍ എനിക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. സുല്‍ത്താന്‍പേട്ടിലെ കത്തീഡ്രല്‍ ഉള്‍പ്പെടെ പല ദേവാലയങ്ങളും ഇവിടെ നിര്‍മിച്ചത് ഫ്രഞ്ച് എംഇപി വൈദികരാണ്. ഈ മേഖലയില്‍ 19 ഫ്രഞ്ച് മിഷണറി വൈദികര്‍ സേവനം ചെയ്തിരുന്നു. അവരില്‍ മൂന്നുപേരുടെ കബറിടം സുല്ത്താന്പേട്ടിലുണ്ട്.
ധര്‍മപുരി, കുംഭകോണം, സേലം, തഞ്ചാവൂര്‍ എന്നീ സാമന്ത രൂപതകള്‍ ഉള്‍പ്പെടുന്ന പോണ്ടിച്ചേരി പ്രവിശ്യയുടെ അജപാലന ദൗത്യം ഇപ്പോള്‍ വഹിക്കുന്ന വൈദികമേലധ്യക്ഷന്‍ എന്ന നിലയില്‍ ആ മേഖലയില്‍ കത്തോലിക്കാ സഭ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളെ അങ്ങ് എങ്ങനെ വിലയിരുത്തുന്നു?
സഭ ആ മേഖലയില്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ ഇവയാണ്: 1. അര്‍പ്പണബോധത്തോടെയുള്ള വിശ്വാസസാക്ഷ്യത്തിന്റെ കുറവ്. 2. പെന്തക്കോസ്ത് വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രദ്ധതിരിക്കലും പതര്‍ച്ചയും. 3. പലതരം രാഷ്ട്രീയ ആഭിമുഖ്യങ്ങള്‍. 4. ജാതിബോധം.
ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയുടെ കീഴിലുള്ള ബൈബിള്‍ കമ്മിഷന് ചെയര്‍മാനും ബൈബിള്‍പഠന മേഖലയിലെ അറിയപ്പെടുന്ന വിദഗ്ധനും എന്ന നിലയില്‍ അങ്ങ് ഇപ്പോള്‍ വഹിക്കുന്ന പ്രത്യേക മിനിസ്ട്രി ചുമതലകളെ പുതിയ നിയമനം ഏതെങ്കിലും തരത്തില്‍ ബാധിക്കാനിടയുണ്ടോ?
ഈ ഇടക്കാല നിയമനം ബൈബിള്ശുശ്രൂഷാരംഗത്തെ എന്റെ പ്രവര്‍ത്തനങ്ങളെ അങ്ങനെ ബാധിക്കുമെന്നു തോന്നുന്നില്ല. സമയക്കുറവ് ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും ദേശീയതലത്തില്‍ സിസിബിഐയിലെയും കേരളത്തില്‍ കെആര്എല്സിബിസിയിലെയും ബൈബിള്‍ അപ്പോസ്തലേറ്റില്‍ തുടര്‍ന്നും എന്റെ സാന്നിധ്യമുണ്ടാകും.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മയ്യനാട്ട് ജോസഫ് എന്ന വിചാരശില്പി
അപൂര്‍ണ്ണതകള്‍ കൊഴിഞ്ഞുപോയ അറിവിന് പുതിയ തളിരുകള്‍ വരും. അറിവും അത് ഉല്പാദിപ്പിക്കുന്ന ചിന്തയും വ്യക്തികളേയും സമൂഹത്തേയും പുതിയ വഴികളില്‍ മുന്നേറാന്‍ പ്രേരിപ്പിക്കും. സമൂഹത്തിന് അറിവ് പകര്‍ന്ന് നവോത്ഥാനമാര്ഗത്തിന്
ജോമ ചരിത്ര സെമിനാർ നാളെ (ഡിസംബർ 12,13,14) ആശീർഭവനിൽ
കൊച്ചി : ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററിയുടെയും കെആര്‍എല്‍സിബിസി ഹെറിട്ടേജ് കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ത്രിദിന പഠനശിബരം സംഘടിപ്പിക്കും. ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും:
ദേവസഹായം വിശുദ്ധഗണത്തിലേക്ക്: നാമകരണവഴി
2012 ജൂണ്‍ 28ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ധന്യനായ ദേവസഹായത്തിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചിരുന്നു. 2012 ഡിസംബര്‍ രണ്ടിന് നാഗര്‍കോവിലില്‍ ദേവസഹായത്തിന്റെ പൂജ്യഭൗതികാവശിഷ്ടങ്ങള് അടക്കംചെയ്തിട്ടുള്ള