മാറേണ്ടത് നമ്മുടെ മനോഘടന

മാറേണ്ടത് നമ്മുടെ മനോഘടന

നമ്മള്‍ ഇന്ന് സമുദായദിനം ആഘോഷിക്കുകയാണ്. ലത്തീന്‍ കത്തോലിക്കര്‍ ഒരു സഭയും സമുദായവുമാണ് എന്നു പറഞ്ഞാണ് നമ്മള്‍ കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) രൂപീകരിച്ചത്. ലത്തീന്‍ കത്തോലിക്കാ ഐഡന്റിറ്റി. അവരുടെ സ്വത്വബോധം ഊതി ഉണര്‍ത്തിയെടുക്കാനും അതിന്റെ മുന കൂര്‍പ്പിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു ദിനമായിട്ടാണ് സമുദായദിനം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ആര്‍ക്കെങ്കിലും ഭീഷണിയായുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പല്ല നമ്മള്‍ ലക്ഷ്യമിടുന്നതെന്ന് ആദ്യം മുതലേ നമ്മള്‍ പറയുന്നതാണ്.

എന്നാല്‍ മറ്റുള്ളവര്‍ ചാര്‍ത്തിത്തരുന്ന നിര്‍വചനങ്ങളും പേരുവിളികളും ഞങ്ങള്‍ക്കു വേണ്ട; ഞങ്ങള്‍ ആരാണ് എന്ന് ഞങ്ങള്‍ തന്നെ പറയാം. കാരണം അനുഭവം ഞങ്ങളുടേതാണ്. അതുകൊണ്ട് ഞങ്ങളുടെ അനുഭവത്തിനും ഞങ്ങളുടെ നിര്‍വചനങ്ങളാണ് ആവശ്യമായിരിക്കുന്നതെന്ന് നമ്മള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിശ്വസിക്കുകയും പറയുകയും ചെയ്യേണ്ടതുണ്ട്. ജാതിശ്രേണികള്‍ ഇന്നുമുണ്ട്; വര്‍ദ്ധിച്ചു വരുന്നുവെന്നു പോലും സംശയിക്കണം. നമ്മള്‍ പിന്നാക്കക്കാര്‍ എന്ന് പൊതുവേ പറയപ്പെടുന്നു. ഒരേ വിശ്വാസം പങ്കിടുന്ന മുന്നാക്ക ക്രിസ്ത്യാനികളുടെ അഭിനന്ദനീയവും അനുകരണീയവുമായ പുരോഗതി എന്തുകൊണ്ട് നമുക്ക് ഉണ്ടായില്ലായെന്ന് നമ്മള്‍ പലവട്ടം ആലോചിച്ചിട്ടുള്ളതാണ്. നമ്മുടെ മനോഘടനയില്‍ ഒരു പ്രശ്‌നമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതു നമുക്ക് മാറ്റിയെടുക്കാവുന്നതുമാണ്. അതു വിദ്യാഭ്യാസം കൊണ്ടും ഒന്നിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനം കൊണ്ടും നടക്കും. നൂറ്റാണ്ടിനു മുന്നേ തന്നെ കേരള ദേശത്ത് എത്താവുന്നിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്തുണ്ടായിരുന്നു; ആലപ്പുഴ ലിയോത്തേര്‍ട്ടീന്ത് ഉണ്ടായിരുന്നു; സാന്താക്രൂസ് കൊച്ചിയിലുണ്ടായിരുന്നു. അതുകൊണ്ട് മറ്റുള്ളവര്‍ പഠിച്ചുകയറി; നമ്മള്‍ അത് ഉപയോഗപ്പെടുത്തിയില്ല. സ്‌പെയ്‌സ് വളരെ കുറവായതിനാല്‍ മനസും മാര്‍ക്കുമുള്ളവര്‍ പഠിച്ച് മുന്നോട്ടുപോയി എന്ന് മിഷണറിമാരോട് നന്ദി പറഞ്ഞുകൊണ്ട് ‘എട്ടാമത്തെ മോതിരം’ എന്ന ആത്മകഥയില്‍ കെ.എം മാത്യു എഴുതുന്നുണ്ട്. സ്‌പെയ്‌സ് വളരെ കുറവ്; മനസും മാര്‍ക്കുമുള്ളവര്‍ പഠിച്ചു മുന്നേറി. മനോഘടനയുടെ കാര്യം ഈ മനസിന്റെ കാര്യമാണ്. നമ്മള്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് നമ്മുടെ മനസിന്റെ തന്നെ പ്രശ്‌നമാണ്. അതെ, മനസാണ് പ്രശ്‌നം.

എം. കുഞ്ഞാമന്‍ എന്ന ഒരു സാമൂഹിക ചിന്തകനെ നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഒരു പരിചയപ്പെടുത്തല്‍ ആവശ്യമുണ്ട് അദ്ദേഹത്തിന് കെ.ആര്‍ നാരായണനു ശേഷം എം.എ ഇക്കണോമിക്‌സ് ഫസ്റ്റ് റാങ്കോടുകൂടി പാസായ ഒരു ദളിതനാണ് കുഞ്ഞാമന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ മേധാവിയായി അവിടെ പഠിപ്പിച്ച് റിട്ടയര്‍ ചെയ്തു. പിന്നേയും നാലു വര്‍ഷം കൂടി അവര്‍ ആവശ്യപ്പെട്ടതുകൊണ്ട് സേവനം അനുഷ്ഠിച്ചിട്ടുള്ള ഒരാളാണ്. അദ്ദേഹം തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് ആത്മകഥയില്‍ എഴുതുകയാണ്: ”സത്യത്തില്‍ എന്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളായിരുന്നു: ദാരിദ്ര്യം, ഭയം, അപകര്‍ഷതാബോധം, ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ. പിന്നീട് പഠിച്ച് ജോലി കിട്ടി. ദാരിദ്ര്യത്തില്‍ നിന്ന് മുക്തനായി. സാമ്പത്തികമായി സ്വതന്ത്രനായി. ധാരാളം എഴുതുന്നു. എഴുതുന്നത് ആളുകള്‍ സൂക്ഷിക്കുന്നു. എന്നാലും എന്റെ അധഃകൃത സമൂഹം പൈതൃകമായിത്തന്ന ഭയത്തില്‍ നിന്നും അപകര്‍ഷതാബോധത്തില്‍ നിന്നും ധൈര്യമില്ലായ്മയില്‍ നിന്നും ഇന്നും ഞാന്‍ മുക്തനായിട്ടില്ല.” അത്തരം അനുഭവങ്ങളാണ് തന്നെ രൂപപ്പെടുത്തിയതെന്ന് വിശദീകരിക്കുന്ന അദ്ദേഹം ഒരു കടുത്ത വാചകം കൂടി എഴുതുന്നുണ്ട്: ദളിതന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കണമെങ്കില്‍ അയാള്‍ ഒരു മൂട്ടയായി പുനര്‍ജനിക്കേണ്ടിവരും എന്ന്.

ഏറ്റക്കുറച്ചിലോടെ ഒരു സമാന മനോഘടന ദളിതനല്ലാത്ത പിന്നാക്കക്കാര്‍ക്കും ഉണ്ട് എന്നു ഞാന്‍ പറഞ്ഞാല്‍ കോപിക്കരുത്. എന്റെ തോന്നലാണ്. നമ്മുടെ സഹോദര സമുദായം, അവര്‍ ആദ്യം ആദ്യതലമുറ പുരുഷന്മാരുടെ നേതൃത്വത്തില്‍ കുടിയേറി. മലബാറിലേക്കും മലഞ്ചെരുവിലേക്കും രണ്ടും മൂന്നും തലമുറ സ്ത്രീകളാണ് കുടിയേറ്റത്തിനു നേതൃത്വം കൊടുത്തത്. ലോകത്തിന്റെ എല്ലാ അതിര്‍ത്തികളിലേക്കും നാടും ദേശവും വിട്ട്, ”ഞാന്‍ കാണിച്ചിരുന്ന നാട്ടിലേക്ക് പോവുക” എന്നുള്ള സ്വരം അവര്‍ കേട്ടു. സ്വാഭാവികമായുണ്ടായിരുന്ന കൂസലില്ലായ്മ, ആത്മധൈര്യം അവരെ മുന്നോട്ടുകൊണ്ടു പോയി. അവര്‍ക്കിന്ന് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു. നമുക്കാകട്ടെ, ഇത്രയ്ക്ക് മതി; വലിയ ദൂരസഞ്ചാരമൊന്നും നമുക്ക് പറഞ്ഞിട്ടില്ല എന്നു നമ്മള്‍ കരുതി. അന്തിക്ക് മരക്കൊമ്പില്‍ തിരിച്ചെത്തുന്ന കിളിയായി നാം ജീവിക്കുകയാണ്. നമ്മുടെ പരമാവധി ദൂരത്തെ ഞാന്‍ വിളിക്കുക ”അന്നന്നേപ്പ ദൂരം” എന്നാണ്. അതു കിട്ടിക്കഴിഞ്ഞാല്‍ വീണ്ടും വീടണയുക. കടലിനെ കീഴടക്കാനറിയുന്നവരാണ് കരയില്‍ പകച്ചു നില്‍ക്കുന്നത്! എന്തൊരു വിരോധാഭാസമാണ്! അതുകൊണ്ടാണ് പറഞ്ഞത്, മറ്റുള്ളവര്‍ കല്പ്പിച്ചു തരുന്ന നിര്‍വചനങ്ങളും പദാവലികളും നമ്മള്‍ നമ്മുടെ ആത്മാവിന്റെ ഉള്ളിലേക്കെടുക്കരുത്. നമ്മള്‍ പുതിയ സംജ്ഞകള്‍, പേരുകള്‍ രൂപപ്പെടുത്തണം. നമുക്ക് വളരണം. ഞാന്‍ ആരെന്ന് ഞാന്‍ തന്നെ നിശ്ചയിക്കും. അതിന്റെ ബലത്തില്‍ ഞാന്‍ അറിയപ്പെടണം; അംഗീകരിക്കപ്പെടണം. അഭിമാനപൂര്‍വം നമുക്ക് ഇതിനായിട്ട് പരിശ്രമിക്കാം. സമുദായദിനം ഇതിന് നമ്മളെ പ്രാപ്തരാക്കട്ടെ.

ഒരു ചെറിയ നിര്‍ദേശം കൂടി നമ്മുടെ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ ചേര്‍ക്കാനായിട്ട് ഞാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം, തൊഴിലില്ലായ്മ ഇതൊക്കെ നമ്മുടെ വലിയ പ്രശ്‌നങ്ങളാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്നും പുറംപോക്കില്‍ കുടിലുകെട്ടി താമസിക്കുന്ന അവസ്ഥയാണ് നമ്മുടേത്. ഇതൊക്കെ മാറണമെന്നുണ്ടെങ്കില്‍ നമുക്ക് ക്രിയാത്മകമായി ചിന്തിക്കേണ്ടതുണ്ട്. അടുത്ത ദിവസങ്ങളിലായി ധാരാളമായി നമ്മള്‍ കേള്‍ക്കുന്ന ഒരു പേരാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടേത്. 1925ല്‍ വാഗ്ഭടാനന്ദന്റെ ആശയം ഉള്‍ക്കൊണ്ടുകൊണ്ട് പതിനാലു യുവാക്കന്മാര്‍ കൂടി സ്ഥാപിച്ച ഒരു സൊസൈറ്റിയാണിത്. ആ പതിനാലു പേര്‍ 1,415 എന്ന അംഗസംഖ്യയായി വര്‍ദ്ധിച്ചിട്ടുണ്ട്. നാലായിരം പ്രോജക്ടുകള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം അവര്‍ സ്ഥാപിച്ചും നടത്തിയും വരുന്നുണ്ട്. ധാരാളം കോണ്‍ട്രാക്റ്റ് പണികള്‍. കേരളത്തിലെ ഏറ്റവും നല്ല മരപ്പണിക്കാരും കല്പ്പണിക്കാരും ഒക്കെ നമ്മളാണ്. പ്ലംബിംഗും മറ്റു കാര്യങ്ങളുമൊക്കെ നമുക്ക് വശമാണ്. ഇപ്പോള്‍ ഗള്‍ഫില്‍ നിന്നൊക്കെ കുറെപ്പേര്‍ തിരിച്ചുവരുന്നുണ്ട്. നമ്മുടെ കേരള ലേബര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ അത്തരമൊരു സൊസൈറ്റിയെ ആരോപണമുക്തമായൊരു സൊസൈറ്റി നടത്തി മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
bishopkarayilkrlcc

Related Articles

ലൂര്‍ദ് ആശുപത്രിയില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ക്ലബ് ആരംഭിച്ചു

റണാകുളം: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പിസിഓഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ക്ലബ് രൂപികരിച്ചു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ക്രമമല്ലാത്ത ആര്‍ത്തവത്തിനും സ്ത്രീകളിലെ വന്ധ്യതക്കും പ്രധാന കാരണമാകുന്ന പോളിസിസ്റ്റിക്

കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍

കൊച്ചി:കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍ മനുഷ്യ വലയം തീര്‍ത്തു. എറണാകുളം മറൈന്‍ മറൈന്‍ ഡ്രൈവില്‍ കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ്

പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ ആശ്രിതർക്ക് ആഭയം- ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

വല്ലാർപാടം. കാലത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ വല്ലാർപാടത്തമ്മ തന്നിൽ ആശ്രയിക്കുന്നവർക്ക്‌ അഭയമാണെന്ന്‌ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. അതിരൂപതയുടെ നേതൃത്വത്തിലുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*